തിരയുക

ഫ്രാൻസീസ് പാപ്പാ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്നുകൊണ്ട്  ഞായറാഴ്ട മദ്ധ്യാഹ്നപ്രാർത്ഥ നയിക്കുന്നു ഫ്രാൻസീസ് പാപ്പാ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്നുകൊണ്ട് ഞായറാഴ്ട മദ്ധ്യാഹ്നപ്രാർത്ഥ നയിക്കുന്നു 

മദ്ധ്യാഹ്ന പ്രാർത്ഥന പതിവു ജാലകത്തിങ്കൽ നിന്ന് വീണ്ടും!

കോവിദ് 19 മഹാമാരിമൂലം നിറുത്തിവച്ചിരുന്ന, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനഭിമുഖമായുള്ള ജനാലയ്ക്കരികിൽ നിന്നു നയിക്കുന്ന, ഞായറാഴ്ചത്തെ ത്രികാലജപം മാർപ്പാപ്പാ പുനരാരംഭിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പാ ഞായറാഴ്ചകളിൽ, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിന് അഭിമുഖമായുള്ള തൻറെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്ന് മദ്ധ്യാഹ്ന പ്രാർത്ഥന നിയിക്കുന്ന പതിവ്,  പന്തക്കൂസ്താതിരുന്നാൾ ദിനത്തിൽ പുനരാരംഭിക്കും.

പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

കോവിദ് 19 രോഗവ്യാപനം ഗണ്യമായി കുറഞ്ഞിരിക്കുന്നതിനാൽ, ഈ രോഗ സംക്രമണം തടയുന്നതിന് സ്വീകരിച്ചിരുന്ന പ്രതിരോധ നടപടികളിൽ,  അയവു വരുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ ആണ് പാപ്പാ ഈ ഞായറാഴ്ച (31/05/20) പതിവു ജാലകത്തിങ്കൽ നിന്ന് ത്രികാലജപം നയിക്കുക.

തദ്ദവസരത്തിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരാകുന്ന വിശ്വാസികൾ ആരോഗ്യപരമായ സുരക്ഷിത-ശാരീരിക അകലം           ഉൾപ്പടെയുള്ള വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് ക്രമസമാധനപാലകർ ചത്വരത്തിൽ ഉണ്ടായിരിക്കും.

ഇറ്റലിയിൽ കൊറോണവൈറസ് വ്യാപനം ശക്തിപ്രാപിച്ചതിനെ തുർന്ന് മാർച്ച് 15 ഞായർ മുതൽ പാപ്പാ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്നായിരുന്നു, വിശ്വാസികളുടെ നേരിട്ടുള്ള ഭാഗഭാഗിത്വമില്ലാതെ, ത്രികാലജപം നയിച്ചിരുന്നത്. വിശ്വാസികൾ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു ഇതിൽ പങ്കുചേർന്നിരുന്നത്.

 

30 May 2020, 12:07