തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ വത്തിക്കാനിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്നു നയിച്ച ത്രികാലപ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുന്നു, 17/05/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്നു നയിച്ച ത്രികാലപ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുന്നു, 17/05/2020  (Vatican Media)

യേശുവിനോടുള്ള സ്നേഹവും കല്പനകളുടെ പാലനവും!

തന്നോടുള്ള സ്നേഹത്തെ കല്പനകളുടെ പാലനവുമായി യേശു ബന്ധിപ്പിക്കുന്നു. അവിന്നു പറയുന്നു : “നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എൻറെ കല്പന പാലിക്കും” - ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ലോകരാഷ്ട്രങ്ങൾ  ഏർപ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, സഞ്ചാര സമ്മേളന വിലക്കുകൾ നിലവിലുള്ള അന്തരീക്ഷത്തിലായിരുന്നു, ഈ ഞായറാഴ്ചയും (17/05/20) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ത്രികാലപ്രാർത്ഥന നയിച്ചത്. ആകയാൽ ഈ പ്രാർത്ഥനയിൽ വിശ്വാസികളുടെ ഭാഗഭാഗിത്വം ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു. സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന ചൊല്ലുന്നതിനു മുമ്പ് പാപ്പാ ഒരു സന്ദേശം നല്കി.

ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഈ ഞായറാഴ്ച ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, യേശു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന സംഭവം രേഖപ്പെടുത്തിയിരിക്കുന്ന, യോഹന്നാൻറെ സുവിശേഷം, 14,15-21 വരെയുള്ള വാക്യങ്ങളായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പാപ്പാ തൻറെ പഠനമുറിയിൽ നിന്ന് നല്കിയ ഇറ്റാലിയൻ ഭാഷയിലായിരുന്ന   പ്രഭാഷണം:

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!  

ഈ ഞായറാഴ്ചത്തെ സുവിശേഷം രണ്ടു സന്ദേശങ്ങൾ അവതരിപ്പിക്കുന്നു. കല്പനകളുടെ പാലനം, പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യൽ എന്നിവയാണ് അവ.

സ്നേഹവും കല്പനകളും

തന്നോടുള്ള സ്നേഹത്തെ കല്പനകളുടെ പാലനവുമായി യേശു ബന്ധിപ്പിക്കുന്നു. തൻറെ വിടവാങ്ങൽ പ്രഭാഷണത്തിൽ യേശു ഇക്കാര്യത്തിന് ഊന്നൽ നല്കുന്നുണ്ട്. അവിന്നു പറയുന്നു : “നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എൻറെ കല്പന പാലിക്കും” (യോഹന്നാൻ 14,15). “എൻറെ കല്പനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്”( യോഹന്നാൻ 14,21). തന്നെ സ്നേഹിക്കാൻ യേശു ആവശ്യപ്പെടുകയും ഒപ്പം വിശദീകരണം നല്കുകയും ചെയ്യുന്നു. അതായത്, അവിടത്തക്കുറിച്ചുള്ള ഒരു ആഗ്രഹമോ ഒരു വികാരമോ കൊണ്ട് പൂർത്തിയാകുന്നതല്ല ഈ സ്നേഹം. മറിച്ച്, അവിടത്തെ പാതയിലൂടെ, അതായത്, പിതാവിൻറെ ഹിതാനുസാരം, ചരിക്കാനുള്ള സന്നദ്ധത ആവശ്യമാണ്. ഇത് പരസ്പരസ്നേഹത്തിൻറെ, സാക്ഷാത്ക്കാരത്തിൽ, ആദ്യത്തെതായ, യേശുതന്നെ കാണിച്ചു തന്ന സ്നേഹത്തിൻറെ, കല്പനയിൽ സംഗ്രഹിക്കപ്പെടുന്നു. “ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” (യോഹന്നാൻ 13,34). ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ എന്നെ സ്നേഹിക്കുവിൻ എന്നല്ല, ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ എന്നാണ്  അവിടന്നു പറയുന്നത്. പ്രതിസമ്മാനം നമ്മോടാവശ്യപ്പെടാതെയാണ് അവിടന്നു നമ്മെ സ്നേഹിക്കുന്നത്. യേശുവിൻറെ ഈ സൗജന്യ സ്നേഹം നമ്മുടെ മദ്ധ്യേ ജീവിതത്തിൻറെ മൂർത്തഭാവമായിത്തീരണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നു. ഇതാണ് അവിടത്തെ ഹിതം.

സഹായകനായ പരിശുദ്ധാരൂപി

ഈ സരണിയിൽ സഞ്ചരിക്കാൻ ശിഷ്യരെ സഹായിക്കുന്നതിന് “മറ്റൊരു സഹയാകനെ”, അതായത്,   സമാശ്വാസകനെ, തൻറെ വാക്കുകൾ കേൾക്കാനുള്ള ബുദ്ധിശക്തിയും അവ പാലിക്കാനുള്ള ധൈര്യവും പ്രദാനം ചെയ്യുന്ന, ഒരു പരിരക്ഷകനെ, അയക്കാൻ പിതാവിനോടു പ്രാർത്ഥിക്കുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. ദൈവത്തിൻറെ സ്നേഹത്തിൻറെ ദാനമായ പരിശുദ്ധാരൂപിയാണ് ഈ സഹായകൻ. ഈ അരൂപി ക്രൈസ്തവൻറെ ഹൃദയത്തിലേക്കിറങ്ങുന്നു. യേശുവിൻറെ മരണോത്ഥാനാനന്തരം അവിടത്തെ സ്നേഹം അവിടന്നിൽ വിശ്വസിക്കുന്നവർക്ക് നല്കപ്പെടുകയും അവർ പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ സ്നാനപ്പെടുകയും ചെയ്തു. അവർ, പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവപ്പെടുമ്പോഴും, ജീവിതത്തിലും സന്തോഷസന്താപങ്ങളിലും യേശുവിൻറെ സരണയിലൂടെതന്നെ മുന്നേറുന്നതിന്, ഈ ആത്മാവ് അവരെ നയിക്കുകയും പ്രബുദ്ധരാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പരിശുദ്ധാരൂപിയോടുള്ള വിധേയത്വത്തിൽ നിലനിന്നാലാണ് ഇത് സാധ്യമാകുക. ഈ അരൂപിക്ക് അതിൻറെ പ്രവർത്തനനിരതമായ സാന്നിധ്യത്താൽ, സമാശ്വസിപ്പിക്കാൻ മാത്രമല്ല ഹൃദയങ്ങളെ രൂപാന്തരപ്പെടുത്താനും സത്യത്തിലേക്കും സ്നേഹത്തിലേക്കും ഹൃദയങ്ങളെ തുറക്കാനും സാധിക്കും.

പരിശുദ്ധാരൂപിയുടെ സഹായം

നാമെല്ലാവരും ചെയ്യുന്ന തെറ്റിൻറെയും പാപത്തിൻറെയും അനുഭവത്തിനു മുന്നിൽ അടിയറവു പറയാതിരിക്കാൻ നമ്മെ പരിശുദ്ധാരൂപി സഹായിക്കുകയും, “നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എൻറെ കല്പന പാലിക്കും” എന്ന യേശുവിൻറ വാക്കുകളുടെ പൊരുൾ പൂർണ്ണാർത്ഥത്തിൽ സ്വീകരിക്കാനും ജീവിക്കാനും നമ്മെ പ്രാപ്തരാക്കുകയും ചെയ്യും. നമ്മുടെ ദുരിതങ്ങളും നമ്മുടെ പൊരുത്തക്കേടുകളും പ്രതിഫലിപ്പിക്കുന്ന ഒരു ദർപ്പണമായിട്ടല്ല കല്പനകൾ നമുക്കു നല്കപ്പെട്ടിട്ടുള്ളത്. അവ അങ്ങനെയുള്ളതല്ല. ഹൃദയത്തെയും ജീവിതത്തെയും രൂപാന്തരപ്പെടുത്തുകയും  നവീകരിക്കുകയും ചെയ്യുന്ന ജീവൻറെ വചനമായിട്ടാണ് ദൈവവചനം നമുക്കു നല്കപ്പെട്ടിരിക്കുന്നത്. അത് ശിക്ഷ വിധിക്കുന്നില്ല, പ്രത്യുത, സൗഖ്യപ്പെടുത്തുന്നു, മാപ്പുനല്കുകയാണ് അതിൻറെ ലക്ഷ്യം. ഇതാണ് ദൈവത്തിൻറെ കാരുണ്യം. നമ്മുടെ പാദങ്ങൾക്ക് വെളിച്ചമാണ് ആ വചനം. ഇതെല്ലാം പരിശുദ്ധാരൂപിയുടെ പ്രവർത്തനമാണ്. ഈ  ആത്മാവ് ദൈവത്തിൻറെ ദാനമാണ്, ദൈവം തന്നെയാണ്. സ്വതന്ത്രരായ വ്യക്തികളായിരിക്കാനും സ്നേഹിക്കാൻ ആഗ്രഹിക്കുന്നവരും സ്നേഹിക്കാൻ അറിയാവുന്നവരുമായ വ്യക്തികളും, തന്നിൽ വിശ്വസിക്കുന്നവരിൽ കർത്താവ് പൂർത്തീകരിക്കുന്ന വിസ്മയങ്ങൾ പ്രഘോഷിക്കുകയെന്ന ദൗത്യമാണ് ജീവിതം എന്ന് ഗ്രഹിച്ച വ്യക്തികളും ആയിരിക്കാനും നമ്മെ സഹായിക്കുന്ന ദൈവം.

പരിശുദ്ധ അമ്മയുടെ സഹായം

ഹൃദയങ്ങൾക്ക് താപം പകരുകുയും നമ്മുടെ പാദങ്ങൾക്ക് വെളിച്ചമേകുകയും ചെയ്യുന്ന ദൈവാഗ്നിയായ പരിശുദ്ധാരൂപിയാൽ താങ്ങിനിറുത്തപ്പെട്ടവരാണെന്ന അവബോധത്തോടുകൂടി, സുവിശേഷം സന്തോഷപൂർവ്വം ജീവിക്കുന്നതിന്, സഭയുടെ മാതൃകയും ദൈവവചനം ശ്രവിക്കാനും പരിശുദ്ധാത്മാവിൻറെ ദാനം സ്വീകരിക്കാനും അറിയാവുന്നവളുമായ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളിൽ തൻറെ വിചിന്തനം ഉപസംഹരിച്ച പാപ്പാ സ്വർല്ലോക രാജഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന നയിക്കുകയും എല്ലാവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തരം ഫ്രാൻസീസ് പാപ്പാ, പോളണ്ടിലെ വോദൊവിച്ചിൽ ജനിച്ച വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ ഒന്നാം ജന്മശതാബ്ദി മെയ് 18-ന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു. 

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ

ഒത്തിരെയേറെ സ്നേഹത്തോടും കൃതജ്ഞതയോടും കൂടിയാണ് നാം വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായെ ഓർക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

ജന്മശതാബ്ദി ദിനമായ പതിനെട്ടാം തീയതി തിങ്കളാഴ്ച (18/05/20) രാവിലെ പ്രാദേശിക സമയം 7 മണിക്ക് വത്തിക്കാനിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരിക്കുന്നിടത്തുള്ള ബലിപീഠത്തിൽ താൻ ദിവ്യപൂജ അർപ്പിക്കുമെന്നും അത് ലോകം മുഴുവൻ തത്സമയം സംപ്രേഷണം ചെയ്യപ്പെടുമെന്നും പാപ്പാ വെളിപ്പെടുത്തി.

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ സ്വർഗ്ഗത്തിലിരുന്നു ദൈവജനത്തിനും വിശ്വശാന്തിക്കും വേണ്ടി നിരന്തരം മാദ്ധ്യസ്ഥ്യം വഹിക്കുന്നുണ്ടെന്നു പാപ്പാ പറഞ്ഞു.

നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കുക

കോവിദ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, ദേവാലയങ്ങളിൽ  നിറുത്തിവച്ചിരുന്ന വിശ്വാസികളുടെ പങ്കാളിത്വത്തോടെയുള്ള ആരാധാനാകർമ്മങ്ങൾ ചിലനാടുകളിൽ പുനരാരംഭിച്ചതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഇറ്റലിയിൽ മെയ് 18-നാണ് ഇതു തുടങ്ങുന്നതെന്ന് അനുസ്മരിച്ചു. 

എന്നാൽ, വ്യക്തിയുടെയും ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നല്കപ്പെട്ടിട്ടുള്ള നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് പാപ്പാ അഭ്യർത്ഥിക്കുകയും ചെയ്തു.

മെയ് മാസ ആദ്യ കുർബ്ബാന സ്വീകരണം

മെയ് മാസത്തിൽ നിരവധി ഇടവകകളിൽ ആദ്യകുർബ്ബാന സ്വീകരണം നടത്താറള്ളതിനെപ്പറ്റിയും പാപ്പാ പരാമർശിച്ചു. എന്നാൽ, വിശ്വാസത്തിൻറെയും ആഘോഷത്തിൻറെയുമായ ഈ സുന്ദരമുഹൂർത്തം   ഇക്കൊല്ലം കോവിദ് 19 മഹാമാരിയുടെ ഫലമായി മറ്റൊരവസരത്തിലേക്കു മാറ്റിയിരിക്കയാണെന്ന് പറഞ്ഞ പാപ്പാ ആദ്യകുർബ്ബാന കൈക്കൊള്ളേണ്ടിയിരുന്ന ബാലികാബാലന്മാരെ എല്ലാവരെയും പ്രത്യേകം അനുസ്മരിച്ചു.

പ്രാർത്ഥിക്കുകയും, യേശുവിനെ ആഴത്തിൽ അറിയുന്നതിന് മതബോധന ഗ്രന്ഥം വായിക്കുകയും നന്മയിലും പരസേവനത്തിലും വളരുകയും ചെയ്തുകൊണ്ട് ഉപരിമെച്ചപ്പെട്ടവിധം ഒരുങ്ങുന്നതിനുള്ള ഒരു അവസരമായി കാത്തിരിപ്പിൻറെ ഈ വേളയെ മാറ്റാൻ പാപ്പാ കുട്ടികളെ ക്ഷണിച്ചു.

"ലൗദാത്തോ സീ" വാരം -പൊതുഭവന പരിപാലനം

“അങ്ങേയ്ക്കു സ്തുതി” (ലൗദാത്തോ സീ) എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചതിൻറെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, അടുത്ത ഞായറാഴ്ചവരെ (24/05/20) നീളുന്ന “അങ്ങേയ്ക്കു സ്തുതി” (ലൗദാത്തോ സീ) വാരം ഈ ഞായാറാഴ്ച ആരംഭിച്ചതും പാപ്പാ അനുസ്മരിച്ചു. 

നമ്മുടെ പൊതുഭവനത്തെ പരിപാലിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് നാം കൂടുതൽ അവബോധമുള്ളവരായിത്തീർന്നിരിക്കുന്ന ഈ മഹാമാരിക്കാലത്ത് പൊതുവായ എല്ലാ ചിന്തകളും പ്രവർത്തനങ്ങളും സൃഷ്ടിയുടെ പരിപാലനത്തെ സംബന്ധിച്ച രചനാത്മക മനോഭാവങ്ങൾ ഉളവാക്കുന്നതിനും അവയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

സമാപനാഭിവാദ്യം

ഈ വാക്കുകളെ തുടർന്ന് എല്ലാവർക്കും നല്ലൊരു ഞായറാഴ്ച ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവർക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം എന്നു ഇറ്റാലിയൻ ഭാഷയിൽ പറയുകയും ചെയതുകൊണ്ട് തൻറെ വാക്കുകൾ ഉപസംഹരിച്ചു.  തുടർന്ന്, പാപ്പാ ഞായാറാഴ്ചകളിൽ താൻ പതിവായി മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കാറുള്ള ജാലകത്തിങ്കൽ പ്രത്യക്ഷനാകുകയും ശൂന്യമായ വിശുദ്ധ പത്രോസിൻറെ ബസിലിക്കാങ്കണം ഒരുനിമിഷം  നോക്കി നില്ക്കുകയും ആശീർവ്വദിക്കുകയും ചെയ്തു. അങ്കണത്തിനു പുറത്ത് ഏതാനും പേർ നില്പുണ്ടായിരുന്നു.

 

17 May 2020, 20:17