തിരയുക

പാപ്പാ അപ്പോസ്തോലിക ആശിര്‍വ്വാദം നൽകുന്നു... പാപ്പാ അപ്പോസ്തോലിക ആശിര്‍വ്വാദം നൽകുന്നു... 

പാപ്പാ: ദൈവ ശബ്ദം മനസ്സാക്ഷിയോടു മൃദുവായി സംസാരിക്കുന്നു

മേയ് മൂന്നാം തിയതി,ഞായറാഴ്ച്ച "സ്വർലോക രാജ്ഞീ ആനന്ദിച്ചാലും" എന്ന പ്രാർത്ഥനയ്ക്ക് മുമ്പ് പാപ്പാ ആട്ടിൻ കൂട്ടത്തിന്‍റെ ഉപമയെ അടിസ്ഥാനമാക്കി നൽകിയ സന്ദേശത്തിൽ ദൈവത്തിന്‍റെ ശബ്ദം മൃദുവായി നമ്മോടു മനസ്സാക്ഷിയോടു സംസാരിക്കുന്നു എന്ന് പ്രബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഈസ്റ്ററിന്‍റെ നാലാം ഞായറിലെ സുവിശേഷ ഭാഗം നല്ല ഇടയനായ ക്രിസ്തുവിനെ കുറിച്ചാണ് സംസാരിക്കുന്നത്. "ആടുകള്‍ അവന്‍റെ സ്വരം കേള്‍ക്കുന്നു. അവന്‍ തന്‍റെ ആടുകളെ പേരു ചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നു" (യോഹ.10:3). എന്ന തിരുവചനത്തിന് ഊന്നൽ നൽകി കൊണ്ട് “ദൈവം നമ്മെ പേരു ചൊല്ലി വിളിക്കുന്നു കാരണം അവിടുന്ന് നമ്മെ അത്യധികമായി സ്നേഹിക്കുന്നു” ​എന്ന് പാപ്പാ വ്യക്തമാക്കി. എന്നാൽ സുവിശേഷം ദൈവ ശബ്ദമല്ലാത്ത മറ്റ് ശബ്ദങ്ങളെ കുറിച്ചും സംസാരിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ അവയെ നാം അനുഗമിക്കരുതെന്നും അവ “ആടുകൾക്ക് തിന്മ വരാൻ ആഗ്രഹിക്കുന്ന അവരിചിതരുടെയും, കവർച്ചക്കാരുടെയും ശബ്ദമാണെന്നും” ഓര്‍മ്മിപ്പിച്ചു.

നന്മതിന്മകളുടെ ശബ്ദങ്ങൾ

നന്മയുടെയും തിന്മയുടെയും ഈ രണ്ട് ശബ്ദങ്ങൾ നമ്മിൽ പ്രതിധ്വനിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, “നമ്മുടെ മനസ്സാക്ഷിയോടു  ദയാപൂർവ്വം സംസാരിക്കുന്ന ദൈവത്തിന്‍റെ ശബ്ദവും, തിന്മയിലേക്ക് നയിക്കുവാൻ പ്രലോഭിപ്പിക്കുന്ന ശബ്ദവുമുണ്ടെന്നും വഞ്ചനയുടെ പ്രേരണയിൽ നിന്ന് ദൈവത്തിന്‍റെ പ്രചോദനം തിരിച്ചറിയാൻ” കഴിയേണ്ടതിന്‍റെ പ്രാധാന്യത്തെ പാപ്പാ ഊന്നി പറയുകയും ചെയ്തു.

ഒരു വ്യക്തിക്ക് ഈ രണ്ട് വിഭിന്ന ശബ്ദങ്ങളെ തിരിച്ചറിയാൻ കഴിയുമെന്ന് ചൂണ്ടി കാണിച്ച പാപ്പാ അവ രണ്ടും വ്യത്യസ്ഥ ഭാഷകൾ സംസാരികുന്നുവെന്നും, നമ്മുടെ ഹൃദയ വാതിലിൽ മുട്ടുന്നതിന് വിപരീത മാർഗ്ഗങ്ങളാണ് അവയ്ക്കുള്ളതെന്നും വ്യാഖ്യാനിച്ചു.

"ദൈവത്തിന്‍റെ ശബ്ദം ഒരിക്കലും നമ്മെ നിർബന്ധിക്കുന്നില്ല: ദൈവം സ്വയം നിർദ്ദേശിക്കുന്നു. അവിടുന്ന് സ്വയം അടിച്ചേപ്പിക്കുന്നില്ല എന്നാൽ തിന്മയുടെ ശബ്ദം വശീകരികയും, ആക്രമിക്കുകയും, വിസ്മയം ജനിപ്പിക്കുന്ന മിഥ്യാധാരണകളെയും,  പ്രലോഭിപ്പിക്കുന്ന വികാരങ്ങളെ ഉണർത്തുവാൻ നിർബ്ബന്ധിക്കുകയും ചെയ്യുന്നു " എന്ന് പ്രബോധിപ്പിച്ച പാപ്പാ തിന്മയുടെ ഈ ശബ്ദങ്ങൾ ക്ഷണികമാണെന്നും വ്യക്തമാക്കി. ശത്രുവിന്‍റെ ശബ്ദം വർത്തമാനത്തിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കുകയും ഭാവിയെ കുറിച്ചുള്ള ഭയം അല്ലെങ്കിൽ ഭൂതകാലത്തിന്‍റെ ഉൽകണ്ഠകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു.

യഥാർത്ഥ സമാധാനത്തിന്‍റെ ശബ്ദം

"ദൈവത്തിന്‍റെ ശബ്ദം ഒരിക്കലും വില കുറഞ്ഞ സന്തോഷം വാഗ്ദാനം ചെയ്യുന്നില്ല" എന്ന് സന്ദേശത്തിൽ പറഞ്ഞ പാപ്പാ, "യഥാർത്ഥ നന്മയും, സമാധാനവും കണ്ടെത്താൻ നമ്മുടെ അഹംഭാവത്തിനപ്പുറത്തേക്ക് പോകാൻ നമ്മെ ക്ഷണിക്കുന്നു" വെന്നും വിശദ്ധീകരിച്ചു.

തന്‍റെ സന്ദേശത്തിന്‍റെ അന്ത്യത്തിൽ "ദൈവവും പ്രലോഭകനും "വ്യത്യസ്ഥ പരിസരങ്ങളിൽ" നിന്നാണ് ശബ്ദിക്കുന്നതെന്നും ശത്രു അന്ധകാരത്തെയും, അസത്യത്തെയും, അപവാദത്തെയും ഇഷ്ടപ്പെടുന്നുവെന്നും എന്നാൽ  ദൈവം പ്രകാശത്തെയും, സത്യത്തെയും, ആത്മാർത്ഥതയെയും, സുതാര്യതയെയും സ്നേഹിക്കുന്നുവെന്നും പ്രബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2020, 13:18