സാഹോദര്യ സ്നേഹം "അസ്താലി കേന്ദ്രത്തിൻറെ" പ്രവർത്തന ശൈലി, പാപ്പാ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധം, പീഢനങ്ങൾ, ഗുരുതരമാായ മാനവിക പ്രതിസന്ധികൾ എന്നിവയിൽ നിന്ന് രക്ഷനേടുന്നതിന് സ്വദേശത്തു നിന്നു പലായനം ചെയ്യുന്നവരെ സ്വീകരിക്കുന്നതിൽ പ്രകടമാകുന്ന ധൈര്യത്തെ മാർപ്പാപ്പാ ശ്ലാഘിക്കുന്നു.
ഇറ്റലിയിൽ, അഭയാർത്ഥികൾക്കായി, ഈശോസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന "ജെ ആർ എസ്" (JRS, JESUIT REFUGEE SERVICE) എന്ന അന്താരാഷ്ട്ര പ്രസ്ഥനാത്തിൻറെ ഇറ്റലിയിലെ ഘടകത്തിൻറെ ആസ്ഥാനമായ അസ്താലി കേന്ദ്രത്തിൻറെ (CENTRO ASTALI) മേധാവി, വൈദികൻ കമില്ലൊ റിപമോന്തിക്ക് (Camillo Ripamonti) അയച്ച ഒരു കുറിപ്പിലാണ് ഫ്രാൻസീസ് പാപ്പാ പ്രസ്തുത കേന്ദ്രത്തിൻറെ പ്രവർത്തനശൈലിയിൽ തൻറെ സന്തുഷ്ടി രേഖപ്പെടുത്തുകയും പ്രചോദനം പകരുകയും ചെയ്യുന്നത്.
ഈ കേന്ദ്രത്തിൻറെ പ്രവർത്തന മാതൃക അപരനെ സ്വീകരിക്കലിൻറെയും ഐക്യദാർഢ്യത്തിൻറെയും അധികൃത സംസ്കൃതിക്കായുള്ള നവീകൃതമായ ഒരു പ്രതിബദ്ധത സമൂഹത്തിൽ ഉളവാക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.
സാഹോദര്യ സ്നേഹമാണ് ഈ കേന്ദ്രത്തിലെ അംഗങ്ങളുടെ പ്രവർത്തത്തിൻറെ സവിശേഷതയെന്ന് പാപ്പാ തൻറെ കുറിപ്പിൽ പറയുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി അഭയാർത്ഥികൾക്കായി സേവനമനുഷ്ഠിക്കുന്ന ഈശോസഭയുടെ "ജെ ആർ എസ്" പ്രസ്ഥാനം 40-ലേറെ നാടുകളിൽ പ്രവർത്തനനിരതമാണ്.