തിരയുക

"ലൗദാത്തൊ സീ" "ലൗദാത്തൊ സീ"  

"ലൗദാത്തൊ സീ" വർഷം-!

2020 മെയ് 24 മുതൽ 2021 മെയ് 24 വരെ "ലൗദാത്തൊ സീ" എന്ന ചാക്രിക ലേഖനത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ഒരു പ്രത്യേക വത്സരം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

"ലൗദാത്തൊ സീ" അഥവാ "അങ്ങേയക്കു സ്തുതി"  എന്ന ചാക്രികലേഖനത്തിൻറെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക വത്സരത്തിനു തുടക്കം കുറിച്ചിരിക്കുന്നു.

ഈ ചാക്രികലേഖനം മനനം ചെയ്യുന്നതിനുള്ള ഈ വർഷം ഇക്കൊല്ലം (2020) മെയ് 24 മുതൽ 2021 മെയ് 24 വരെ നീളും.

ഞായറാഴ്ച (24/05/20) വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ മാദ്ധ്യമങ്ങളിലൂടെ പങ്കുചേർന്ന എല്ലാവരെയും ഈ പ്രാർത്ഥനയുടെ അവസാനം, അഭിവാദ്യം ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പാ ഇതു വെളിപ്പെടുത്തിയത്.

താൻ 2015 മെയ് 24-ന് പുറപ്പെടുവിച്ച ഈ ചാക്രികലേഖനം ഭൂമിയുടെയും ദരിദ്രരുടെയും രോദനത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ശ്രമിക്കുന്നതാണെന്ന് പാപ്പാ പറഞ്ഞു.

ചാക്രികലേഖനത്തിൻറെ അഞ്ചാം വാർഷികം പ്രമാണിച്ച് റോമൻ കൂരിയായിലെ സമഗ്രമാനവവികസന വിഭാഗം മെയ് 16-24 വരെ "ലൗദാത്തൊ സീ" വാരം സംഘടിപ്പിച്ചതും പാപ്പാ അനുസ്മരിച്ചു.    

നമ്മുടെ പൊതുഭവനത്തിൻറെയും ഏറ്റ ദുർബലരായ നമ്മുടെ സഹോദരങ്ങളുടെയും പരിപാലനത്തിനായുള്ള യത്നത്തിൽ പങ്കുചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

"ലൗദാത്തൊ സീ" സവിശേഷ വത്സരത്തിനായി ഒരു പ്രാർത്ഥനയും തയ്യാറാക്കിയിട്ടുണ്ട്.

പ്രസ്തുത പ്രാർത്ഥന ഇപ്രകാരമാണ്:

സ്നേഹസ്വരൂപനായ ദൈവമേ,

ഭൂസ്വർഗ്ഗങ്ങളുടെയും അവയിലുള്ള സകലത്തിൻറെയും സ്രഷ്ടാവേ, 

ഞങ്ങൾ, അങ്ങയുടെ ദാനമായ സൃഷ്ടിയുടെ ഭാഗമായി ഭവിക്കുന്നതിന്, ഞങ്ങളുടെ മനസ്സുകളെ തുറക്കുകയും ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്യണമേ.

ക്ലേശകരങ്ങളായ ഈ വേളകളിൽ ആവശ്യത്തിലിരിക്കുന്നവരുടെ, വിശിഷ്യ, ഏറ്റം ദരിദ്രരും വേധ്യരുമായവരുടെ ചാരെ അങ്ങ് ഉണ്ടായിരിക്കേണമേ.

 ആഗോള മഹാമാരിയുടെ അനന്തരഫലങ്ങളെ  നേരിടുന്നതിൽ രചനാത്മക ഐക്യം പ്രകടിപ്പിക്കാൻ ഞങ്ങളെ സഹായിക്കേണമേ.

പൊതുനന്മയ്ക്കായുള്ള അന്വേഷണത്തിനുകുന്ന മാറ്റങ്ങളെ ആശ്ലേഷിക്കാൻ ഞങ്ങളെ ധൈര്യമുള്ളവരാക്കണമേ.

പരസ്പരബന്ധവും പരസ്പരാശ്രയവുമുള്ളവരാണ് എന്ന അവബോധം എന്നത്തെക്കാളുമുപരി ഇന്ന് പുലർത്താൻ ഞങ്ങൾക്കു സാധിക്കട്ടെ.

ഭൂമിയുടെയും പാവപ്പെട്ടവരുടെയും രോദനം ശ്രവിക്കാനും അതിനോടു പ്രതികരിക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ.

ഇന്നിൻറെ സഹനങ്ങൾ, ഉപരിസാഹോദര്യം വാഴുന്നതും സുസ്ഥിരവുമായ ഒരു ലോകത്തിനായുള്ള ഈറ്റുനോവായി ഭവിക്കട്ടെ.

ക്രൈസ്തവരുടെ സഹായമായ മറിയത്തിൻറെ സ്നേഹദർശനത്തിൻ കീഴിലിരുന്നു ഞങ്ങളുടെ കർത്താവായ ക്രിസ്തു വഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ആമ്മേൻ.        

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 May 2020, 11:33