തിരയുക

Vatican News
യേശുവിൻറെ സ്വർഗ്ഗാരോഹണം യേശുവിൻറെ സ്വർഗ്ഗാരോഹണം 

സ്വർഗ്ഗാരോഹണത്തിരുന്നാൾ ഏകുന്ന സന്ദേശം!

സുവിശേഷം അറിയിക്കുക, ജീവിതസാക്ഷ്യം നല്കുക: പാപ്പായുടെ പൊതുദർശന പ്രഭാഷണസമാപനാഭിവാദ്യം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തുവിൻറെ രക്ഷാകര വചനം ലോകമെങ്ങും അറിയിക്കുകയെന്നത് നമ്മുടെ ആദർശവും പ്രതിബദ്ധതയുമായിരിക്കട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു.

ഇരുപതാം തീയതി ബുധനാഴ്ച (20/05/20) വത്തിക്കാനിൽ, പൊതുദർശന പ്രഭാഷണത്തിൻറെ അവസാനം ഇറ്റാലിയൻ ഭാഷാക്കാരെ സംബോധന ചെയ്യവെ, യുവജനത്തെയും വയോധികരെയും  രോഗികളയെും നവദമ്പതികളെയും അഭിവാദ്യം ചെയ്തവേളയിലാണ്  ഫ്രാൻസീസ് പാപ്പാ യേശു ക്രിസ്തുവിൻറെ സ്വർഗ്ഗാരോഹണത്തിരുന്നാൾ ആസന്നമായിരിക്കുന്നത് അനുസ്മരിക്കുകയും ഈ ആശംസയർപ്പിക്കുകയും ചെയ്തത്.

ഉയിർപ്പുതിരുന്നാൾ കഴിഞ്ഞു വരുന്ന നാല്പതാം ദിവസമാണ് അനുവർഷം സ്വർഗ്ഗാരോഹണത്തിരുന്നാൾ ആചരിക്കുന്നത്. ഇതനുസരിച്ച് ഇക്കൊല്ലം ഈ തിരുന്നാൾ മെയ് 21-നാണ്.

സ്വർഗ്ഗാരോഹണം ചെയ്യുന്ന യേശു സഭയ്ക്ക് മുഴുവനുമായി ഒരു സന്ദേശവും ഒരു കർമ്മ പരിപാടിയും നല്കുന്നുണ്ടെന്നു പറഞ്ഞ പാപ്പാ, “നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ...... ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ  പഠിപ്പിക്കുവിൻ” (മത്തായി 28, 19-20) എന്ന ഉത്ഥിതൻറെ ആഹ്വാനം അനുസ്മരിച്ചു.

ക്രിസ്തുവിൻറെ രക്ഷാവചനം എല്ലാവരെയും അറിയിക്കുകയും അതിന് അനുദിന ജീവിതത്തിലൂടെ സാക്ഷ്യമേകുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ആദർശവും ദൗത്യവും എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

 

 

21 May 2020, 07:43