തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാൻ, 13/05/2020 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാൻ, 13/05/2020  (ANSA)

സ്നേഹം, ക്രിസ്തീയ പ്രാർത്ഥനയുടെ ഉൾക്കാമ്പ്!

ഫ്രാനസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം, പ്രാർത്ഥനയെ അധികരിച്ചുള്ള വിചിന്തനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും (13/05/20) ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയിൽ ജനങ്ങളുടെ പങ്കാളിത്തം ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു. കൊറോണവൈറസിനും കോവിദ് 19 രോഗത്തിനുമെതിരായ പ്രതിരോധനടപടികളുടെ ഭാഗമായി സഞ്ചാരത്തിലും  സാമൂഹ്യജീവിതത്തിലുമുൾപ്പെടെ കർശനമായ നിയന്ത്രണങ്ങൾ  പാലിക്കാൻ ലോകജനത നിർബന്ധിതരായിരിക്കുന്ന ഒരു പശ്ചാത്തലത്തിലാണ് പാപ്പായുടെ പരിപാടികളിലുള്ള ജനങ്ങളുടെ ഭാഗഭാഗിത്വം ഇപ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്നത്.  പതിവുപോലെ പാപ്പാ, പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന്  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു.

സങ്കീർത്തനം

“ഓ, ദൈവമേ, പ്രഭാതം മുതൽ ഞാൻ അങ്ങയെ തേടുന്നു. എൻറെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്ന പോലെ എൻറെ ശരീരം അങ്ങയെ കാണാതെ തളരുന്നു. അങ്ങയുടെ ശക്തിയും മഹത്വവും ദർശിക്കാൻ ഞാൻ വിശുദ്ധ മന്ദിരത്തിൽ വന്നു. അവിടത്തെ സ്നേഹം ജീവനെക്കാൾ കാമ്യമാണ്. എൻറെ അധരങ്ങൾ അങ്ങയെ സ്തുതിക്കും. അങ്ങനെ എൻറെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ പുകഴ്ത്തും. ഞാൻ കരങ്ങളുയർത്തി അങ്ങയുടെ നാമം  വിളിച്ചപേക്ഷിക്കും......  എൻറെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേർന്നിരിക്കുന്നു. അങ്ങയുടെ വലത്തുകരം എന്നെ താങ്ങി നിറുത്തുന്നു”. (സങ്കീർത്തനം 63,1-5,9)

ഈ വായനയെ തുടർന്ന് പാപ്പാ, കഴിഞ്ഞയാഴ്ച താൻ പ്രാർത്ഥനയെ അധികരിച്ച് ആരംഭിച്ച പുതിയ പ്രബോധനരപരമ്പരയുടെ തുടർച്ചയായി  ഇറ്റാലിയൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

കഴിഞ്ഞവാരത്തിൽ ആരംഭിച്ച പ്രബോധനപരമ്പരയിൽ രണ്ടാമത്തെ ഭാഗമാണ് ഇന്ന്.

ഹൃത്തിൽ നിന്നുതിരുന്ന പ്രാർത്ഥന

പ്രാർത്ഥന എല്ലാവർക്കും സ്വന്തമാണ്. എല്ലാ മത വിഭാഗങ്ങളിലുള്ളവർക്കും, ഒരുപക്ഷേ, ഒരു മതവിശ്വാസവും പുലർത്താത്തവർക്കുമുള്ളതാണ്. നമ്മുടെ തന്നെ നിഗൂഢതയിൽ, ആദ്ധ്യാത്മിക രചയിതാക്കൾ “ഹൃദയം” എന്നു വിശേഷിപ്പിക്കുന്ന ആ ഉള്ളറയിൽ പ്രാർത്ഥന ജന്മംകൊള്ളുന്നു. ആകയാൽ പ്രാർത്ഥിക്കുക എന്നത് നമുക്കു പുറത്തുള്ളതല്ല, നമ്മുടെ അപ്രാധാനവും പ്രാന്തീയവുമായ ഒരു ഭാഗമല്ല, പ്രത്യുത, നമ്മുടെ തന്നെ അഗാധതമ രഹസ്യമാണത്. വികാരങ്ങൾ പ്രാർത്ഥിക്കുന്നു. എന്നാൽ, പ്രാർത്ഥന എന്നത് വികാരം മാത്രമാണ് എന്ന് പറയാനാവില്ല. ധിക്ഷണാശക്തിയും പ്രാർത്ഥിക്കുന്നു. എന്നാൽ പ്രാർത്ഥന ബുദ്ധിപരമായ പ്രവർത്തനം മാത്രമല്ല. ശരീരം പ്രാർത്ഥിക്കുന്നു. ഏറ്റം ഗുരുതരമായ വൈകല്യാവസ്ഥയിലും ദൈവവുമായി സംവദിക്കാൻ അതിനു സാധിക്കും. ആകയാൽ, മനുഷ്യൻറെ “ഹൃദയം” പ്രാർത്ഥിക്കുകയാണെങ്കിൽ അതിനർത്ഥം സമഗ്ര മനുഷ്യൻ പ്രാർത്ഥിക്കുന്നു എന്നാണ്.

ക്രിസ്തീയ പ്രാർത്ഥന വെളിപാടിൽ അധിഷ്ഠിതം

പ്രാർത്ഥന ഒരു കുതിച്ചു ചാട്ടമാണ്, അത് നമ്മെത്തന്നെ മറികടക്കുന്ന ഒരു ആമന്ത്രണമാണ്. നമ്മുടെ ഉള്ളിൻറെ ഉള്ളിൽ നിന്ന് പിറവിയെടുക്കുന്നതും, ബഹിർഗമിക്കുന്നതുമാണത്. കാരണം അതിന് ഒരു സമാഗമത്തിൻറെ ഗൃഹാതുരത്വം അനുഭവപ്പെടുന്നുണ്ട്. പ്രാർത്ഥന എന്നത് ഒരു “നിന്നെ” തേടി പരതിനടക്കുന്ന ഒരു “ഞാൻ” ആകുന്നു.

ക്രൈസ്തവൻറെ പ്രാർത്ഥനായകട്ടെ ഒരു വെളിപാടിൽ നിന്നു ജന്മംകൊളളുന്നതാണ്, അതായത്, “നീ” എന്നത് ദുർജ്ഞേയതയിൽ മറഞ്ഞു കിടക്കുന്നില്ല, മറിച്ച്, നമ്മളുമായുള്ള ബന്ധത്തിലേക്കു കടന്നിരിക്കുന്നു. ദൈവാവിഷ്ക്കാരം, പ്രത്യക്ഷീകരണം നിരന്തരം ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്തുമതം. ആരാധനക്രമവത്സരത്തിലെ ആദ്യ തിരുന്നാളുകളെല്ലാം മറഞ്ഞിരിക്കാത്തവനും നരകുലത്തിന് തൻറെ സൗഹൃദം വാഗ്ദാനം ചെയ്യുന്നവനുമായ  ദൈവത്തിൻറെ ആഘോഷങ്ങളാണ്. ദൈവം സ്വന്തം മഹത്വം, ബത്ലഹേമിലെ ദാരിദ്ര്യത്തിലും പൂജരാജാക്കന്മാരുടെ ധ്യാനാത്മകതയിലും, ജോർദ്ദാനിലെ മാമ്മോദീസായിലും കാനായിലെ കല്ല്യാണ വേളയിലെ അത്ഭുതപ്രവൃത്തിയിലും വെളിപ്പെടുത്തി. മഹത്തായ ആമുഖഗീതി യോഹന്നാൻറെ സുവിശേഷം ഉപസംഹരിക്കുന്നത് ഒരു സംക്ഷിപ്ത പ്രസ്താവനയോടെയാണ്: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല: പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടത്തെ വെളിപ്പെടുത്തിയത്” (യോഹന്നാൻ 1,18).

 “ആബാ”  എന്ന് ധൈര്യത്തോടെ വിളിക്കുന്ന പ്രാർത്ഥന

മനുഷ്യരിൽ ഭയം ജനിപ്പിക്കാത്തവനായ, ആർദ്രവദനത്തോടുകൂടിയ ദൈവവുമായുള്ള ബന്ധത്തിലേക്കു ക്രൈസ്തവൻറെ പ്രാർത്ഥന കടക്കുന്നു. ഇതാണ് ക്രിസ്തീയ പ്രാർത്ഥനയുടെ പ്രഥമ സവിശേഷത. മനുഷ്യർ ആദ്യം മുതല്ക്കേ ദൈവത്തെ സമീപിച്ചിരുന്നത് അൽപ്പം ഭയത്തോടെ, ഈ ആകർഷകമായ മഹാരഹസ്യത്തെക്കുറിച്ചുള്ള ഒരു പേടിയോടെ ആയിരുന്നെങ്കിൽ, തൻറെ യജമാനഭക്തിയിൽ കുറവു സംഭവിക്കരുതെന്നു കരുതുന്ന ഒരു പ്രജയുടേതിനു സമാനമായ ദാസ്യമനോഭാവത്തടുകൂടി ആയിരുന്നെങ്കിൽ, ക്രൈസ്തവരാകട്ടെ ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടി അവിടത്തെ “ആബാ”, പിതാവേ, എന്നു വിളിക്കുന്നു.

ദാസരല്ല സ്നേഹിതർ- ക്രിസ്തീയ പ്രാർത്ഥനയുടെ ഭാവം

ദൈവവുമായി, നാടുവാഴി വ്യവസ്ഥാധിഷ്ഠിതമായ വിധത്തിലുള്ള ബന്ധങ്ങളെ, ക്രിസ്തുമതം ഇല്ലായ്മ ചെയ്തു. അധീനപ്പെടുത്തലിൻറെയും അടിമത്തത്തിൻറെയും അല്ലെങ്കിൽ, ആശ്രിതത്വത്തിൻറെയും ഭാവങ്ങൾ ക്രിസ്തീയ വിശ്വാസപൈതൃകത്തിൽ ഇല്ല. മറിച്ച്, അതിൽ കാണപ്പെടുന്നത് “ഉടമ്പടി”, “സൗഹൃദം”, “കൂട്ടായ്മ” തുടങ്ങിയ പദങ്ങളാണ്. ശിഷ്യന്മാരോടു വിടപറയുന്ന വേളയിലെ പ്രഭാഷണത്തിൽ യേശു ഇപ്രകാരം പറയുന്നു: “ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാൽ, എൻറെ പിതാവിൽ നിന്നു കേട്ടതെല്ലാം ഞാൻ നിങ്ങളെ അറിയിച്ചു. നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങൾ എൻറെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടന്നു നിങ്ങൾക്കു നല്കും” (യോഹന്നാൻ 15,15-16). ഇതു തുറന്ന ഒരു ചെക്കാണ്. 

സുഹൃത്തായി മാറുന്ന ദൈവം

ദൈവം സുഹൃത്താണ്, കൂട്ടുകക്ഷിയാണ്, മണവാളനാണ്. പ്രാർത്ഥനയിലൂടെ അവിടന്നുമായി ഉറ്റബന്ധം സ്ഥാപിക്കാനാകും. യാചനകളുടെ ഒരു പട്ടിക തന്നെ അവിടത്തെ മുന്നിൽ വയ്ക്കാൻ യേശു “സ്വർഗ്ഗസ്ഥനായ പിതാവ”" എന്ന പ്രാർത്ഥനയിൽ നമ്മെ പഠിപ്പിച്ചു. ദൈവത്തോട് നമുക്ക് എന്തും ചോദിക്കാം, എല്ലാം വിശദീകരിക്കാം, എല്ലാം പറയാം. ദൈവവുമായുള്ള ബന്ധത്തിലുള്ള പോരായ്മ ഇതിനു ബാധകമല്ല, നമ്മൾ ദൈവത്തിൻറെ നല്ല സുഹൃത്തുക്കളല്ലായിരിക്കാം, നന്ദിയുള്ള മക്കളല്ലായിരിക്കാം, വിശ്വസ്ത പങ്കാളികളല്ലായിരിക്കാം. എന്നിരുന്നാലും അവിടന്നു നമ്മുടെ നന്മ നിരന്തരം കാംക്ഷിക്കുന്നു. അതാണ് യേശു അന്ത്യഅത്താഴ വേളയിൽ കാണിച്ചു തരുന്നത്. അവിടന്നു പറയുന്നു: “ഇത് നിങ്ങൾക്കുവേണ്ടി ചിന്താനിരിക്കുന്ന എൻറെ ഉടമ്പടിയുടെ രക്തമാകുന്നു” (ലൂക്കാ 22,20). ആ പ്രവൃത്തിയിലൂടെ യേശു ഊട്ടുമുറിയിൽ കുരിശിൻറെ രഹസ്യം മുൻകൂട്ടി അവതരിപ്പിക്കുകയായിരുന്നു. ദൈവം വിശ്വസ്തനായ കൂട്ടുകക്ഷിയാണ്. മനുഷ്യൻ സ്നേഹത്തിൽ നിന്നു പിന്മാറുമ്പോഴും അവിടന്ന്, സ്നേഹം തന്നെ കാൽവരിയിലേക്കാണ് നയിക്കുന്നതെങ്കിലും,  നിരന്തരം നന്മ കാംക്ഷിക്കുന്നു. ദൈവത്തിനു നമ്മോടുള്ള ക്ഷമ ഒരു പിതാവിൻറേതാണ്, നമ്മെ അത്യധികം സ്നേഹിക്കുന്ന പിതാവിൻറേതാണ്. അവിടന്നു നമ്മുടെ ഹൃദയത്തോടു ചേർന്നു നില്ക്കുന്നു. മൃദുലമായും ഏറെ സ്നേഹത്തോടും കൂടെയാണ് അവിടന്നു നമ്മുടെ ഹൃദയത്തിൽ മുട്ടുന്നത്.

സ്നേഹം മാത്രം അറിയുന്ന ദൈവം

ഉടമ്പടിയുടെ രഹസ്യത്തിലേക്കു കടന്നുകൊണ്ട് നമുക്കു പ്രാർത്ഥിക്കാൻ ശ്രമിക്കാം. പ്രാർത്ഥന വഴി നമുക്കു ദൈവത്തിൻറെ കരുണാർദ്രമായ കരവലയത്തിലാകുന്നതിനും ത്രിത്വത്തിൻറെ ജീവിതമാകുന്ന ആനന്ദത്തിൻറെ രഹസ്യത്തിനുള്ളിൽ ആകുന്നതിനും അയോഗ്യരായ ക്ഷണിക്കപ്പെടവരാണെന്ന അവോബോധം പുലർത്തുന്നതിനും ശ്രമിക്കാം. പ്രാർത്ഥനയുടെ വിസ്മയത്തിലായിരുന്നുകൊണ്ട് ദൈവത്തോടു നമുക്കാവർത്തിക്കാം: നിനക്ക് സ്നേഹം മാത്രമെ അറിയുകയുള്ളു എന്നത് സാധ്യമാണോ? അവിടത്തേക്ക് വിദ്വേഷം അറിയില്ല. എന്നാൽ അവിടന്ന് വെറുക്കപ്പെട്ടു, പക്ഷേ അവിടന്ന് വിദ്വേഷം പുലർത്തുന്നില്ല. സ്നേഹം മാത്രമാണ് അവിടത്തേക്കറിയാവുന്നത്. ഇതാണ് നാം പ്രാർത്ഥിക്കുന്ന ദൈവം. ഇതാണ് ക്രിസ്തീയ പ്രാർത്ഥനയുടെ അകക്കാമ്പ്. സ്നേഹത്തിൻറെ ദൈവം, നമ്മുടെ പിതാവ് നമ്മെ കാത്തിരിക്കുന്നു, നമ്മെ തുണയ്ക്കുന്നു.നന്ദി.   

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ എല്ലാവർക്കും ആശീർവ്വാദം നല്കി.

 

13 May 2020, 14:45