തൊഴിലിൻറെയും തൊഴിലാളികളുടെയും അന്തസ്സ് ആദരിക്കപ്പെടണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ചൂഷണത്തിനിരകളാകുന്ന തൊഴിലാളികളെ പാപ്പാ അനുസ്മരിക്കുന്നു.
ബുധനാഴ്ച (06/05/2020) വത്തിക്കാനിൽ പൊതുദർശന പ്രഭാഷണവേളയിലാണ് ഫ്രാൻസീസ് പാപ്പാ തൊഴിൽ ലോകത്തെയും തൊഴിൽപരമായ പ്രശ്നങ്ങളെയും കുറിച്ച് പരാമർശിച്ചത്.
മെയ് ദിനത്തോടനുബന്ധിച്ച് തൊഴിൽലോകത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും അധികരിച്ച് പല സന്ദേശങ്ങൾ തനിക്കു ലഭിച്ചുവെന്നു വെളിപ്പെടുത്തിയ പാപ്പാ ഇറ്റലിയിൽ കാർഷിക മേഖലയിൽ ജോലിചെയ്യുന്ന കുടിയേറ്റക്കാരുൾപ്പടെയുള്ള അനേകം തൊഴിലാളികളുടെ സന്ദേശം തന്നെ പ്രത്യേകം സ്പർശിച്ചുവെന്ന് വെളിപ്പെടുത്തി.
ദൗർഭാഗ്യവശാൽ പലപ്പോഴും അവർ കടുത്ത ചൂഷണത്തിനിരകളാകുന്നുണ്ടെന്ന് പാപ്പാ ഖേദം പ്രകടിപ്പിച്ചു.
എല്ലാവരും പ്രതിസന്ധിയിലാണ് എന്ന വസ്തുത അനുസ്മരിച്ച പാപ്പാ വ്യക്തിമാഹാത്മ്യം എന്നും ആദരിക്കപ്പെടണമെന്ന് ഓർമ്മിപ്പിക്കുകയും ഇന്നത്തെ പ്രതിസന്ധിയെ, വ്യക്തിയുടെയും തൊഴിലിൻറെയും ഔന്നത്യം കേന്ദ്രസ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കാനുള്ള അവസരമാക്കി മാറ്റാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.