തിരയുക

ഫ്രാൻസീസ് പാപ്പാ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ പൊതുദർശന പ്രഭാഷണം നടത്തുന്നു 20/05/20 ഫ്രാൻസീസ് പാപ്പാ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ പൊതുദർശന പ്രഭാഷണം നടത്തുന്നു 20/05/20 

സൃഷ്ടിയുടെ മനോഹാരിതയും നിഗൂഢതയും പ്രാർത്ഥനയ്ക്കുള്ള പ്രചോദനം!

മാനവ പ്രാർത്ഥന വിസ്മയമെന്ന വികാരവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു- ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറ്റലി, കോവിദ് 19 മഹാമാരി പ്രതിരോധ നടപടികളിൽ അയവു വരുത്തുകയും സഞ്ചാരവിലക്ക് ചില ഉപാധികളോടെ നീക്കുകയും കടകളും ദൈവാലായങ്ങളും പൊതുജനാരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്തുവെങ്കിലും ഫ്രാൻസീസ് പാപ്പാ, കൊറോണ വൈറസ് സംക്രമണ അപകടം ഇപ്പോഴും നിലനില്ക്കുന്ന പശ്ചാത്തലത്തിൽ, ഈ ബുധനാഴ്ചയും (20/05/20)  പൊതുദർശന പരിപാടിയിൽ ജനങ്ങളുടെ നേരിട്ടുള്ള ഭാഗഭാഗിത്വം ഒഴിവാക്കി. ഈ പരിപാടിയിൽ ജനപങ്കാളിത്തം, ഇക്കഴിഞ്ഞ ആഴ്ചകളിലെന്നപോലെ,  ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു.  

പതിവുപോലെ പാപ്പാ, പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന്  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു.

സങ്കീർത്തനം

“അങ്ങയുടെ വിരലുകൾ വാർത്തെടുത്ത വാനിടത്തെയും അവിടന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാൻ കാണുന്നു. അവിടത്തെ ചിന്തയ്ക്ക് പാത്രമാകാൻ മർത്ത്യന് എന്തു മേന്മയുണ്ട്? അവിടത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?...... കർത്താവേ, ഞങ്ങളുടെ കർത്താവേ, ഭൂമിയിലെങ്ങും അങ്ങയുടെ നാമം എത്ര മഹനീയം”     (സങ്കീർത്തനം 8,4-5,10)

ഈ വായനയെ തുടർന്ന് പാപ്പാ, താൻ പ്രാർത്ഥനയെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പുതിയ പ്രബോധനരപരമ്പരയുടെ തുടർച്ചയായി  ഇറ്റാലിയൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

സൃഷ്ടിയുടെ രഹസ്യത്തെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് നമുക്ക് പ്രാർത്ഥനയെ അധികരിച്ചുള്ള പരിചിന്തനം തുടരാം. ജീവിതം, നമുക്ക് അസ്തിത്വമുണ്ട് എന്ന ലളിതമായ വസ്തുത മാനവ ഹൃദയത്തെ പ്രാർത്ഥനയിലേക്കു തുറക്കുന്നു.

സൃഷ്ടികർമ്മാഖ്യാനം - ഒരു കൃതജ്ഞതാ ഗീതം

ബൈബിളിൻറെ ആദ്യ താൾ ഒരു മഹാ കൃതജഞതാ ഗീതത്തിനു സമാനമാണ്. സൃഷ്ടികർമ്മ വിവരണം, അസ്തിത്വമുള്ള സകലത്തിൻറെയും നന്മയും മനോഹാരിതയും നിരന്തരം ആവർത്തിച്ചു പ്രഖ്യാപിക്കുന്ന പല്ലവികളാൽ താള നിബദ്ധമാക്കപ്പെട്ടരിക്കുന്നു. ദൈവം, അവിടത്തെ വചനത്താൽ, ജീവനിലേക്കു വിളിക്കുകയും സകലത്തിനും അസ്തിത്വം ഉണ്ടാകുകയും ചെയ്യുന്നു. അവിടന്ന് വചനത്താൽ ഇരുളിനെയും വെളിച്ചത്തെയും വേർതിരിക്കുന്നു, ഇരവും പകലും മാറിമാറി വരുന്നതാക്കുന്നു. ഋതുക്കളെയും അപ്രകാരമാക്കിത്തീർക്കുന്നു. വിഭിന്നങ്ങളായ ചെടികളാലും ജീവികളാലും ഒരു വർണ്ണഫലകം അവിടന്നു സൃഷ്ടിക്കുന്നു. കുഴഞ്ഞുമറിഞ്ഞ അവസ്ഥയെ അതിവഗം പരാജയപ്പെടുത്തുന്ന ഈ നിബിഢ വനത്തിൽ  അവസാനം മനുഷ്യൻ പ്രത്യക്ഷപ്പെടുന്നു. ഈ ദൃശ്യപരത അമിതമായ ആനന്ദം ഉളവാക്കുകയും  അത് സംതൃപ്തിയും സന്തോഷവും വർദ്ധമാനമാക്കുകയും ചെയ്യുന്നു: " താൻ സൃഷ്ടിച്ചവയെല്ലാം വളരെ നല്ലതായിരിക്കുന്നുവെന്ന് ദൈവം കണ്ടു." (ഉൽപ്പത്തി, 1:31). നല്ലതും സുന്ദരവുമാണ്. അഖില സൃഷ്ടിയുടെ സൗന്ദര്യം ദൃശ്യമാണ്. 

പ്രാർത്ഥനയ്ക്കുള്ള പ്രചോദനം

സൃഷ്ടിയുടെ മനോഹാരിതയും നിഗൂഢതയും മാനവഹൃദയത്തിൽ പ്രാർത്ഥനയ്ക്കുള്ള പ്രഥമ പ്രചോദനമായി ഭവിക്കുന്നു. എട്ടാം സങ്കീർത്തനം ഇപ്രകാരം പറയുന്നു: “അങ്ങയുടെ വിരലുകൾ വാർത്തെടുത്ത വാനിടത്തെയും അവിടന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാൻ കാണുന്നു. അവിടത്തെ ചിന്തയ്ക്ക് പാത്രമാകാൻ മർത്ത്യന് എന്തു മേന്മയുണ്ട്? അവിടത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്? (സങ്കീർത്തനം 8,4-5). പ്രാർത്ഥിക്കുന്നയാൾ അവനു ചുറ്റുമുള്ള അസ്തിത്വത്തിൻറെ രഹസ്യം ധ്യാനിക്കുന്നു. താരവിന്യസിത ആകാശം അവൻ തനിക്കു മീതെ കാണുന്നു. അതിൻറെ അപാരതയെ പൂർണ്ണമായും ജ്യോതിശാസ്ത്രം നമുക്കു കാണിച്ചു തരുന്നുണ്ട്. ഇത്രയും ശക്തമായൊരു കരവേലയുടെ പിന്നിലുള്ള സ്നേഹപദ്ധതി എന്തെന്ന് അവൻ ചിന്തിക്കുന്നു. സീമാതീതമായ ഈ വിശാലതയ്ക്കു മുന്നീൽ മനുഷ്യൻ എന്താണ്? അവൻ ഒന്നുമല്ലെന്ന് മറ്റൊരു സങ്കീർത്തനം പറയുന്നു. ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ബലഹീന സൃഷ്ടിയാണ് അവൻ. എന്നിരുന്നാലും സൗന്ദര്യത്തിൻറെ ബാഹുല്യത്തെക്കുറിച്ച് അവബോധം പുലർത്തുന്ന ഏക ജീവി പ്രപഞ്ചത്തിൽ മനുഷ്യനാണ്. ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ചെറിയ ജീവി, അത് ഇന്നുണ്ട് നാളെ ഇല്ല. 

പ്രാർത്ഥനയും വിസ്മയവും

വിസ്മയമെന്ന വികാരവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു മനുഷ്യൻറെ പ്രാർത്ഥന. പ്രപഞ്ചത്തിൻറെ വലുപ്പവുമായി തട്ടിച്ചു നോക്കുമ്പോൾ മനുഷ്യൻറെ വലുപ്പം വളരെ കുറവാണ്. അവൻറെ ഏറ്റവും വലിയ നേട്ടങ്ങൾ നിസ്സാരങ്ങളായി കാണപ്പെടുന്നു. മനുഷ്യൻ നിസ്സാരനാണ്. പ്രാർത്ഥനയിൽ കാരുണ്യത്തിൻറെ വികാരം പ്രബലപ്പെടുന്നു. ഒന്നും യാദൃശ്ചികമായി അസ്തിത്വത്തിലേക്കു വരുന്നതല്ല. പ്രപഞ്ചത്തിൻറെ രഹസ്യം നമ്മുടെ നയനങ്ങളിലുടെ കടന്നുപോകുന്ന ആരുടെയൊ കരുണാർദ്രമായ നോട്ടത്തിൽ അടങ്ങിയിരിക്കുന്നു. 

സൃഷ്ടിയുടെ മകുടമായ മനുഷ്യൻ

സങ്കീർത്തനം പറയുന്നത്‌  നമ്മെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് അവിടത്തെക്കാൾ അല്പം മാത്രം താഴ്ത്തിയാണെന്നും മഹത്വവും ബഹുമാനവും കൊണ്ട് നമ്മെ അവടിന്നു മകുടമണിയിച്ചിരിക്കുന്നുവെന്നുമാണ്. (സങ്കീർത്തനം 8,6) ദൈവവുമായുള്ള ബന്ധം മനുഷ്യന്റെ മഹത്വമാണ്: അവൻറെ കിരീടധാരണം. പ്രകൃത്യാ നാം  ഒന്നുമല്ല, എന്നാൽ വിളിയിലൂടെ നാം മഹാരാജാവിൻറെ  മക്കളാണ്!

പ്രാർത്ഥനാനുഭവത്തെ ഞെരുക്കുന്ന ജീവിത ഭാരങ്ങൾ

ഇത് നമ്മിൽ പലരുടെയും അനുഭവമാണ്. എന്നാൽ ജീവിതം അതിൻറെ തിക്തതകളോടുകൂടി നമ്മിൽ പ്രാർത്ഥനാദാനത്തെ ശ്വാസം മുട്ടിക്കുന്ന അപകടം ചിലപ്പോൾ ഉണ്ടാകുന്നു. എന്നാൽ നക്ഷത്രങ്ങൾ നിറഞ്ഞ ഒരു ആകാശത്തെക്കുറിച്ച്, ഒരു അസ്തമയത്തെക്കുറിച്ച്, ഒരു പൂവിനെക്കുറിച്ച് ഒന്നു ചിന്തിച്ചാൽ മാത്രം മതി കൃതജ്ഞതയുടെ അഗ്നിസ്ഫുലിംഗം വീണ്ടും ഉണ്ടാകുന്നതിന്. ഈ ആനുഭവമാണ് ഒരു പക്ഷേ, ബൈബിളിൻറെ ആദ്യ താളിൻറെ അടിസ്ഥാനം.

സൃഷ്ടിയുടെ മഹത്തായ വേദപുസ്തകാഖ്യാനം തയ്യാറാക്കപ്പെട്ട  സമയത്ത് ജസ്രായേൽ ജനത സന്തോഷകരമായ ഒരു ഘട്ടത്തിലൂടെയല്ല കടന്നുപോയിക്കൊണ്ടിരുന്നത്. ഒരു ശത്രുശക്തി ഇസായേലിൻറെ മണ്ണിൽ ആധ്യിപത്യമുറപ്പിച്ചിരുന്നു. ആ ജനതയിൽ അനേകർ നാടുകടത്തപ്പെട്ടു. അവർ മെസപ്പൊട്ടാമിയയിൽ അടിമകളാക്കപ്പെട്ടു. അവർക്ക് സ്വദേശമോ ദേവാലയമോ സാമൂഹ്യജീവിതമോ മതജീവിതമോ ഒന്നും ഉണ്ടായിരുന്നില്ല. 

പ്രാർത്ഥനയാൽ വർദ്ധമാനമാകുന്ന പ്രത്യാശ

എന്നിരുന്നാലും ആരോ, സൃഷ്ടികർമ്മത്തിൻറെ മഹാ വിവരണം തൊട്ടിങ്ങോട്ടു നന്ദി പ്രകാശനത്തിനും അസ്തിത്വമേകിയതിന് ദൈവത്തെ സ്തുതിക്കുന്നതിനുമുള്ള കാരണം കണ്ടെത്തി. പ്രത്യാശയുടെ പ്രഥമ ശക്തി പ്രാർത്ഥനയാണ്. നീ പ്രാർത്ഥിക്കുമ്പോൾ പ്രത്യാശ വർദ്ധമാനമാകുന്നു. പ്രാർത്ഥന പ്രത്യാശയുടെ വാതിൽ തുറക്കുന്നുവെന്ന് ഞാൻ പറയും. കാരണം പ്രാർത്ഥനയുടെ മനുഷ്യർ അടിസ്ഥാന സത്യങ്ങൾ കാത്തുസൂക്ഷിക്കുന്നു. അവനവനോടും മറ്റുള്ളവരോടും ആവർത്തിക്കുന്നവയാണത്. അതായത്, കഷ്ടപ്പാടുകളും പരീക്ഷണങ്ങളും, ദുരിതപൂർണ്ണദിനങ്ങളുമുണ്ടെങ്കിലും ജീവിതം വിസ്മയം കൊള്ളേണ്ട കൃപയാൽ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ എന്നും കാത്തുപരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടാതാണ് ജീവിതം.

നിരാശയെക്കാൾ ശക്തമായ പ്രത്യാശ

പ്രാർത്ഥിക്കുന്ന സ്ത്രീപുരുഷന്മാർക്കറിയാം നിരാശയെക്കാൾ ശക്തമാണ് പ്രത്യാശ എന്ന്. മരണത്തെക്കാൾ ശക്തം സ്നേഹമാണെന്ന് അവർ വിശ്വസിക്കുന്നു. സമയമൊ രീതിയൊ നമുക്കറിയില്ലെങ്കിലും അത് ഒരു നാൾ വിജയക്കൊടി നാടുമെന്ന് അവർക്കുറപ്പുണ്ട്. പ്രാർത്ഥനയുടെ മനുഷ്യരുടെ വദനങ്ങൾ പ്രഭാപൂരിതങ്ങളായിരിക്കും. കൂടുതൽ ഇരുണ്ട ദിനങ്ങളിലും സൂര്യൻ അവരെ പ്രകാശിപ്പിക്കുന്നു. പ്രാർത്ഥന വെളിച്ചം പകരുന്നു, നിൻറെ ആത്മാവിനെ പ്രബുദ്ധമാക്കുന്നു, നൻറെ  ഹൃദയത്തെ പ്രകാശിപ്പിക്കുന്നു. ഇരുൾ നിറഞ്ഞ കാലത്തിലും വേദനയുടെ കാലത്തിലും നിൻറെ മുഖം പ്രശോഭിതമാക്കുന്നു.  

നന്ദി-മനോഹര പ്രാർത്ഥന

നാമെല്ലാവരും സന്തോഷസംവാഹകരാണ്. ഇതെക്കുറിച്ച്  നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സന്തോഷസംവാഹകനാകാനാണോ അതോ ദുഃഖദായക വാർത്ത പേറാനാണോ നീ ആഗ്രഹിക്കുന്നത്? നാം നിലനില്ക്കുന്നു എന്നതിനാൽത്തന്നെ നമുക്ക് ദൈവത്തെ സ്തുതിക്കാം. നമുക്ക് പ്രപഞ്ചത്തെ നോക്കാം, മനോഹാരിത ദർശിക്കാം. നാം സ്രഷ്ടാവായ മഹാ രാജാവിൻറെ മക്കളാണ്. നാം ഇന്നു പരിപാലിക്കാത്തതായ സൃഷ്ടിയിലുള്ള അവിടത്തെ കൈയ്യൊപ്പ് വായിക്കാനറിയാവുന്നു മക്കൾ.    സ്നേഹത്താൽ സകലവും നിർമ്മിച്ച ദൈവത്തിൻറെ കൈയ്യൊപ്പ് സൃഷ്ടിയിലുണ്ട്. ഇതു കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും മനോഹര പ്രാർത്ഥനയാകുന്ന നന്ദി പറയാനും കർത്താവ് നമ്മെ പ്രാപ്തരാക്കട്ടെ. 

സമാപനം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2020, 14:23