തിരയുക

2020.04.05 Domenica delle Palme 2020.04.05 Domenica delle Palme 

ഹോസാന ഞായര്‍ : സ്നേഹമാണ് ജീവിതത്തിന്‍റെ മാനദണ്ഡം

വത്തിക്കാന്‍ ഏപ്രില്‍ 5 : പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിച്ച ജനരഹിത ഹോസാന മഹോത്സവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ആമുഖകര്‍മ്മം
പാപ്പാ ഫ്രാന്‍സിസിന്‍റെ തിരുക്കര്‍മ്മങ്ങള്‍ക്ക് വേദിയായത് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയാണ്. രാവിലെ കൃത്യം 11 മണിക്ക്, ഇന്ത്യയിലെ സമയം 2.30-ന് ആരംഭിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക ജനരഹിതമായിരുന്നു.  “ഹോസാന ദാവീദിന്‍ സുതന്…” (Hosana filio Davide…) എന്ന ആമുഖഗീതി ലത്തീന്‍ ഭാഷയില്‍ ഗായകസംഘം ആലപിച്ചപ്പോള്‍, ബസിലിക്കയുടെ സങ്കീര്‍ത്തിയില്‍നിന്നും (പള്ളിച്ചമയ മുറിയില്‍നിന്നും) പരികര്‍മ്മികളുടെ അകമ്പടിയോടെ പാപ്പാ ഫ്രാന്‍സിസ് ജരൂസലേമിലേയ്ക്കുള്ള ക്രിസ്തുവിന്‍റെ രാജകീയ പ്രവേശനം അനുസ്മരിപ്പിക്കുമാറ് ചുവന്ന പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് പ്രദക്ഷിണമായി ബസിലിക്കയുടെ മദ്ധ്യഭാഗത്തേയ്ക്ക് നടന്നു നീങ്ങി. തിരുക്കര്‍മ്മങ്ങളുടെ ലളിതമായ തുടക്കം അവിടെയായിരുന്നു.

പാപ്പാ ആമുഖപ്രഭണിതം ചൊല്ലി. തുടര്‍ന്ന് കുരുത്തോലകള്‍ ആശീര്‍വ്വദിച്ചു. യേശുവിന്‍റെ ജരൂസലേം പ്രവേശനം അനുസ്മരിപ്പിക്കുന്ന ഓശാനമഹോത്സവം അവിടുത്തെ പീഡാനുഭവവും കുരിശുമരണവും ഉള്‍പ്പെടുന്ന വിശുദ്ധവാരത്തിലേയ്ക്കുള്ള പ്രവേശനമാണെന്ന് ആമുഖപ്രാര്‍ത്ഥനയില്‍ പാപ്പാ അനുസ്മരിപ്പിച്ചു. തുടര്‍ന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍നിന്നും, ഒലിവുമലയില്‍നിന്നും യേശുവും ശിഷ്യന്മാരും ജനാവലിയോടൊപ്പം എപ്രകാരം ജരൂസലേമിലേയ്ക്ക് രാജകീയമായി പ്രവേശിച്ചുവെന്ന ഭാഗം ആലപിക്കപ്പെട്ടു (21, 1-11).

2. ആമുഖപ്രാര്‍ത്ഥനയും വചനപ്രഘോഷണവും
തുടര്‍ന്ന് പാപ്പായും പരിചാരകന്മാരും  അള്‍ത്താരവേദിയിലേയ്ക്ക് പ്രദക്ഷിണമായി പ്രവേശിച്ചു. പേപ്പല്‍ അള്‍ത്താര ഒഴിവാക്കി, അപ്പസ്തോലിക ഭദ്രാസനത്തിന്‍റെ രണ്ടാമത്തെ അള്‍ത്താരയിലാണ് ബലിയര്‍പ്പണം നടന്നത്. മേരി മേജര്‍ ബസിലിക്കയില്‍നിന്നും കൊണ്ടുവന്ന കന്യകാനാഥയുടെ വര്‍ണ്ണനാചിത്രവും, റോമിലെ സാന്‍ മര്‍ചേലോയും ദേവാലയത്തിലെ ക്രൂശിതരൂപവും വേദിയില്‍ ഇരുപാര്‍ശ്വങ്ങളിലുമായി പ്രതിഷ്ഠിച്ചിരുന്നു.

ധൂപാര്‍ച്ചന നടത്തിക്കൊണ്ട് പാപ്പാ കുരിശിനെയും കന്യകാംബികയുടെ  ചിത്രത്തെയും അള്‍ത്താരയെയും വണങ്ങി. തുടര്‍ന്ന് ദിവ്യബലിയുടെ ആമുഖപ്രാര്‍ത്ഥന ചൊല്ലിയശേഷം  വചനശുശ്രൂഷയിലേയ്ക്ക് പ്രവേശിച്ചു.  ഏശയാ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍നിന്നും സഹനദാസന്‍റെ രൂപം യേശുവില്‍ യാഥാര്‍ത്ഥ്യമായത് പാരായണംചെയ്യപ്പെട്ടു (50, 4-7). പ്രതിവചന സങ്കീര്‍ത്തനം... എന്‍റെ ദൈവമേ, എന്തുകൊണ്ട് അങ്ങെന്നെ പരിത്യജിച്ചു, എന്ന യാചനാഗീതം ആലപിക്കപ്പെട്ടു (228-9). രണ്ടാം വായന പുതിയനിയമത്തില്‍, പൗലോശ്ലീഹ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍നിന്നും, ക്രിസ്തു എപ്രകാരം തന്നെത്തന്നേ ശൂന്യനാക്കി ദാസന്‍റെ രൂപം സ്വീകരിച്ചെന്ന് വെളിപ്പെടുത്തി (2, 6-11). സുവിശേഷപ്രഭണിതം ആലപിക്കപ്പെട്ടു. തുടര്‍ന്ന് മൂന്നു പരിചാരകരായ വൈദികര്‍ ചേര്‍ന്ന് ഈശോയുടെ പീഡാനുഭവം വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍നിന്നും സംഭാഷണ രീതിയില്‍ പ്രഘോഷിച്ചു (മത്തായി 26:14-27:1-66).

3. പാപ്പായുടെ വചനപ്രഭാഷണം
തിരുക്കര്‍മ്മങ്ങള്‍ ജനരഹിതമെങ്കിലും തത്സമയം മാധ്യമ പ്രേഷണം നടത്തിയ ബസിലിക്കയുടെ ചരിത്ര വേദിയില്‍നിന്നും ലോകത്തെ എല്ലാവര്‍ക്കുമായി സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് ഓശാനയുടെ സന്ദേശം നല്കി :

a) ദാസന്‍റെ രൂപമെടുത്ത ദൈവം
യേശു തന്നെത്തന്നെ ശൂന്യവത്ക്കരിച്ച് ദാസന്‍റെ രൂപമെടുത്തു (ഫില. 2, 7).  ആ ശൂന്യവത്ക്കരണത്തിന്‍റെ പ്രത്യാഘാതങ്ങളായിരുന്നു അവിടുന്ന് അനുഭവിച്ച വഞ്ചനയുടെയും പരിത്യക്തതയുടെയും തിക്താനുഭവങ്ങളെന്ന് പാപ്പാ വിശദീകരിച്ചു. തന്നെ പരിത്യജിച്ച ശിഷ്യരും തനിക്കായി ഓശാന പാടിയ ശേഷം, അയാളെ ക്രൂശിക്കുക... എന്ന് ആക്രോശിച്ച ജരൂസലേമിലെ ജനങ്ങളും യേശു അനുഭവിച്ച വഞ്ചനയുടെയും പരിത്യക്തതയുടെയും പിന്നിലുണ്ടായിരുന്നെന്ന് പാപ്പാ ചൂണ്ടിക്കാട്ടി (മത്തായി 27, 22). അങ്ങനെ ചുറ്റുമുണ്ടായിരുന്നവരില്‍നിന്നും യേശു അനുഭവിച്ച വഞ്ചനയും പരിത്യക്തതയും ഇന്നത്തെ വിശ്വാസസമൂഹവും പ്രകടമാക്കുന്നതില്‍ പുറകോട്ടല്ലെന്ന് പ്രസ്താവിച്ചു. അങ്ങനെ ഇന്ന് നമ്മില്‍ ധാരാളം അവിശ്വസ്തതകള്‍ ദൈവത്തിനും സഹോദരങ്ങള്‍ക്കും എതിരായിട്ടുണ്ടെന്നും, ദൈവം നമ്മുടെ ഹൃദയങ്ങളെ അറിയുന്നെന്നും പാപ്പാ വിശദീകരിച്ചു. നമ്മുടെ  മനസ്സും ഹൃദയങ്ങളും മുറിപ്പെട്ടതാണ്. അതിനാല്‍ അനുതാപത്തോടെ കുരിശിലേയ്ക്കു നോക്കാമെന്നും, തുറവോടെ നമ്മുടെ വീഴ്ചകള്‍ ഏറ്റുപറഞ്ഞാല്‍ അവിടുന്നു നമ്മെ ആശ്ലേഷിച്ചു സ്വീകരിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവം നമ്മെ സ്നേഹിക്കുന്നു, രക്ഷിക്കുന്നു!

b) സ്വജനത്തിന്‍റെ ആത്മവഞ്ചന
സ്വന്തം ശിഷ്യന്മാരാലും പരിത്യക്തനായ ക്രിസ്തു അനുഭവിച്ച മനോവ്യഥ അപാരമായിരുന്നു. അതിനാലാണ് അവിടുന്നു കുരിശില്‍ക്കിടന്നു വിലപിച്ചത്,  "എന്‍റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ കൈവെടിഞ്ഞു" (സങ്കീ. 22, 2). സങ്കീര്‍ത്തകന്‍റെ പ്രാര്‍ത്ഥനയാണ് അവിടുന്ന്  വേദനയോടെ ഉരുവിട്ടതെന്ന് പാപ്പാ വ്യക്തമാക്കി. എന്നാല്‍ കുരിശ്ശിലെ നിസ്സഹായതയിലും ക്രിസ്തു പിതാവായ ദൈവത്തെ വിളിച്ചപേക്ഷിച്ചത് നമുക്കു മാതൃകയും പ്രത്യാശയുമാണെന്ന് വിവരിച്ചു. വേദനകളിലും ജീവിതവ്യഥകളിലും നിസ്സഹായരാകരുത്, നാം ഒറ്റയ്ക്കല്ല. യേശുവിനെപ്പോലെ ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കാരണം “ഭയപ്പെടരുത് ദൈവം നമ്മോടുകൂടെയുണ്ട്,” എന്ന വചനം പാപ്പാ ഉദ്ധരിച്ചു (ഏശയ 41, 10).

c) ജീവിതത്തിന്‍റെ അളവുകോലാകുന്ന സ്നേഹം
ഇന്ന് മഹാമാരിയുടെ പിടിയില്‍ മാനവകുലം ഭീതിയോടെയാണ് ജീവിക്കുന്നത്. എല്ലാ രക്ഷാമാര്‍ഗ്ഗങ്ങളും തകരുകയും,  പ്രത്യാശയും വാഗ്ദാനങ്ങളും തകര്‍ന്ന് അടിയുകയും ചെയ്യുമ്പോള്‍, യേശു പകരുന്ന ആത്മധൈര്യം ദൈവസ്നേഹത്തിലേയ്ക്ക് ഹൃദയം തുറക്കുവാനാണ്. അസ്തിത്വം നല്കിയ ദൈവം മാനവകുലത്തെ പരിപാലിക്കും എന്ന പ്രത്യാശയാണ്. പരിത്യക്തതയും വഞ്ചനയും ആവോളം സഹിച്ച ദാസനായ ദൈവത്തെ, ക്രിസ്തുവിനെ ഇനിയും ഇപ്പോഴും വഞ്ചിക്കുകയും പരിത്യജിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നിരുന്നാലും ഈ ഭൂമിയിലെ അസ്തിത്വം ദൈവത്തെയും സഹോദരങ്ങളെയും കേന്ദ്രീകരിച്ചാകേണ്ടതുണ്ടെന്നും, ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ചു ജീവിക്കണമെന്നും ക്രിസ്തു പഠിപ്പിക്കുന്നത് പാപ്പാ അനുസ്മരിപ്പിച്ചു. മനുഷ്യജീവതത്തിന്‍റെ നേട്ടങ്ങളും സമ്പാദ്യവും വിജയവുമെല്ലാം കടന്നുപോകും, എന്നാല്‍ സ്നേഹമുള്ള ജീവിതം നേട്ടമായി നിലനില്ക്കും. ആകയാല്‍ ജീവിതത്തിന്‍റെ അളവുകോല്‍ സ്നേഹമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

d) വീടുകളിലിരുന്നും  ക്രൂശിതനെ അനുഗമിക്കാം
ഈ പുണ്യദിനങ്ങളില്‍ വീടുകളില്‍ കുടുങ്ങിയിരിക്കുമ്പോഴും ക്രൂശിതനായ ക്രിസ്തുവിനെ അടുത്തു വീക്ഷിക്കാം. സഹോദരങ്ങളെ സ്നേഹിച്ചും പരിചരിച്ചും ജീവിക്കുന്നതിനുള്ള കൃപയ്ക്കായ് പ്രാര്‍ത്ഥിക്കാം. വിശിഷ്യാ വേദനിക്കുകയും ആവശ്യത്തിലായിരിക്കുകയും ചെയ്യുന്ന സഹോദരങ്ങളെക്കുറിച്ച് അവബോധമുള്ളവരായിരിക്കാം. നമ്മുടെ ഇല്ലായ്മയെക്കുറിച്ചു മാത്രം ചിന്തിച്ച് ആകുലപ്പെടാതെ മറ്റുള്ളവര്‍ക്കായ് എന്തുചെയ്യാമെന്നും നാം ചിന്തിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.
ക്രിസ്തുവിന്‍റെ പരിത്യക്തതയിലും പിന്‍താങ്ങിയ പിതാവായ ദൈവം മാനുഷികയാതനയുടെ മദ്ധ്യത്തില്‍ നമ്മുടെയും പിതാവും ദൈവവുമാണെന്നും, അവിടുന്നു നമ്മെ പരിരക്ഷിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. സഹോദരങ്ങളെ സ്നേഹിക്കുവാനും അവര്‍ക്കൊപ്പം ജീവിക്കുവാനും വേണ്ടുവോളം തുറവും സന്നദ്ധതയുമുള്ള ഹൃദയങ്ങളെ ദൈവം തുണയ്ക്കും. കുടുംബങ്ങളിലും സമൂഹത്തിലും സ്നേഹം, പ്രാര്‍ത്ഥന, പര്സപരം കാണിക്കേണ്ട ക്ഷമ, ഇവ എളുപ്പമല്ലെങ്കിലും ഈ കുരിശിന്‍റെവഴിയിലൂടെ ചരിക്കുവാനാണ് ക്രിസ്തു സകലരെയും ഇന്ന് ക്ഷണിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. ക്രുരിശിന്‍റെവഴിയിലൂടെയാണ് ക്രിസ്തു ഉത്ഥാനത്തിന്‍റെ വിജയംവരിച്ചത്.

e) ത്യാഗപൂര്‍ണ്ണമായ സ്വയാര്‍പ്പണമാണ് ജീവിതവിജയം
ഈ മഹാമാരിയുടെ ദുരന്തത്തില്‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി നിശ്ശബ്ദ സേവനം ചെയ്ത ഡോക്ടര്‍മാര്‍  നഴ്സുമാര്‍  പരിചാരകര്‍ സന്നദ്ധസേവകര്‍ എന്നിവരെ  നാം പ്രത്യേകമായി അനുസ്മരിക്കുന്നു.  സഹോദരങ്ങളുടെ  ജീവന്‍ രക്ഷിക്കുവാന്‍വേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിച്ചവരാണവര്‍. അവരാണ് ഈ ദുരന്തത്തിലെ വിജയികളെന്ന് പാപ്പാ വിശേഷിപ്പിച്ചു. അതിനാല്‍ ദൈവസ്നേഹത്താല്‍ പ്രചോദിതരായി സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കാന്‍ മടിക്കരുതെന്നും, ജീവന്‍ ദാനമാകുന്നത് അത് ജീവിതപരിസരങ്ങളില്‍ അപരനുവേണ്ടി സമര്‍പ്പിക്കുമ്പോഴാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. വ്യവസ്ഥകളില്ലാതെയും ശങ്കകൂടാതെയും സ്നേഹത്തോടെ സഹോദരങ്ങള്‍ക്കായി പ്രത്യുത്തരിക്കുന്നതാണ് യഥാര്‍ത്ഥ സ്നേഹം, അതിലാണ് നാം യഥാര്‍ത്ഥ നേട്ടവും വിജയവും കണ്ടെത്തേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഇതാണ് ക്രിസ്തു നമുക്കായ്, ലോകത്തിനായി ചെയ്ത ജീവാര്‍പ്പണം! ഇങ്ങനെയാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.

4. ദിവ്യബലിയുടെ തുടര്‍ച്ചയും ത്രികാലപ്രാര്‍ത്ഥനയും
വിശ്വാസപ്രമാണം, വിശ്വാസികളുടെ പ്രാര്‍ത്ഥന, കാഴ്ചവയ്പ്, സ്ത്രോത്രയാഗകര്‍മ്മം, ദിവ്യകാരുണ്യസ്വീകരണകര്‍മ്മം എന്നിവയിലൂടെ ദിവ്യബലി മുന്നോട്ടു നീങ്ങി. ദിവ്യകാരുണ്യ നിശ്ശബ്ദതയ്ക്കുശേഷം പാപ്പാ ഫ്രാന്‍സിസ് , ദിവ്യകാരുണ്യപ്രാര്‍ത്ഥനചൊല്ലി.

5. സന്ദേശവും ആശീര്‍വ്വാദവും
തുടര്‍ന്ന് അള്‍ത്താരവേദിയില്‍നിന്നുകൊണ്ട് ഞായറാഴ്ചകളില്‍ പതിവുള്ള ത്രികാലപ്രാര്‍ത്ഥന സന്ദേശം നല്കി. യൂറോപ്പില്‍ പൊതുവെ ഇന്നേദിനം ആചരിക്കുന്ന 35-Ɔമത് ആഗോള യുവജന ദിനത്തെക്കുറിച്ചും ഏപ്രില്‍ 6-ന് യുഎന്‍ ആചരിക്കുന്ന സമാധാനത്തിനും വികസനത്തിനുംവേണ്ടിയുള്ള ആഗോള കായികദിനത്തെക്കുറിച്ചും സന്ദേശത്തില്‍ പാപ്പാ പരാമര്‍ശിച്ചു. വീടുകളില്‍ ഇരുന്നുകൊണ്ടാണെങ്കിലും വിശ്വാസത്തോടെ ഈ വിശുദ്ധവാരകര്‍മ്മങ്ങളിലൂടെ ആത്മീയമായി ക്രിസ്തുവിനോടൊപ്പം നടന്നു നീങ്ങണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

എന്നിട്ട് ത്രികാലപ്രാര്‍ത്ഥനചൊല്ലിയശേഷം അപ്പസ്തോലീകാശീര്‍വ്വാദം നല്കിക്കൊണ്ടാണ്  ഹോസാനയുടെ ലളിതമായ തിരുക്കര്‍മ്മങ്ങള്‍ പാപ്പാ  ഫ്രാന്‍സിസ് ഉപസംഹരിച്ചത്. ഗായകസംഘം സമാപനഗാനം ആലപിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 April 2020, 13:10