ദൈവികവെളിച്ചം ലഭിക്കാതെ സത്യത്തിന്‍റെ വഴി കണ്ടെത്താനാകില്ല
- ഫാദര്‍ വില്യം നെല്ലിക്കല്‍
വ്യാഴാഴ്ച രാവിലെ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ എപ്രകാരം ദൈവകൃപ ആവശ്യമാണെന്ന് വചനഭാഗത്തെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
1. ക്രിസ്തുവിനെ അറിയാന്‍ ദൈവം വിളിക്കണം
രക്ഷകനായ പുത്രനെ, ക്രിസ്തുവിനെക്കുറിച്ചുള്ള വെളിച്ചം ഒരു വ്യക്തിയുടെ മനസ്സില്‍ ഉണര്‍ത്തുന്നത് പിതാവാണെന്ന് ഇന്നത്തെ രണ്ടു വായനകളുടെയും വെളിച്ചത്തില്‍ പാപ്പാ വ്യക്തിമാക്കി. ആദ്യ വായനയില്‍ എത്യോപ്യന്‍ രാജ്ഞിയായ കന്‍ദാക്കെയുടെ ഭണ്ഡാരം വിചാരിപ്പുകാരന്‍ ജരൂസലേമില്‍ ആരാധിക്കാന്‍ വന്നിട്ട് മടങ്ങിപ്പോവുകയായിരുന്നു. രഥത്തില്‍ ഇരുന്ന് അയാള്‍ വായിച്ചത് ഏശയാ പ്രവാചകന്‍റെ ഗ്രന്ഥം ക്രിസ്തുവിനെക്കുറിച്ച് പ്രതിപാദിക്കുന്ന സഹനദാസന്‍റെ ഭാഗമായിരുന്നു. അയാള്‍ക്ക് കാര്യമായിട്ടൊന്നും മനസ്സിലാകാതെ വായനയില്‍ മുഴുകി യാത്രതുടരവെ, ഗാസയിലേയ്ക്കുള്ള പാതയില്‍വച്ച് അരൂപിയാല്‍ പ്രേരിതനായി ഫിലിപ്പോസ് അപ്പസ്തോലന്‍ രഥത്തിന്‍റെ സമീപത്തെത്തുന്നു. വായിക്കുന്ന കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍, ആരെങ്കിലും പറഞ്ഞു തരാതെ തനിക്കിതെങ്ങനെയാണ് മനസ്സിലാവുകയെന്ന് എത്യോപ്യന്‍ തുറന്നു പറഞ്ഞതിനാല്‍ ഫിലിപ്പോസ് രഥത്തില്‍ കയറി, ഏശയാ പ്രവചിച്ച ക്രിസ്തുവിന്‍റെ പീഡകളുടെ രഹസ്യവും രക്ഷാകര സത്യവും വ്യാഖ്യാനിച്ചുകൊടുക്കുകയും ചെയ്തു.
കുറച്ചുദൂരം കഴിഞ്ഞ് ഒരു ജലാശയം കണ്ടപ്പോള്‍ എത്യോപ്യക്കാരന്‍ തന്നെ ജ്ഞാനസ്നാനപ്പെടുത്തണമെന്ന് ഫിലിപ്പോസ് അപ്പസ്തോലനോട് ആവശ്യപ്പെട്ടു. അപ്പസ്തോലന്‍ അപ്രകാരം ചെയ്തു. തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയ അപ്പസ്തോലന്‍ ഉടനെ അപ്രത്യക്ഷനാവുകയും ചെയ്തു, കാരണം ദൈവാത്മാവാണ് അദ്ദേഹത്ത ആനയിച്ചുകൊണ്ടുപോയതെന്ന് പാപ്പാ വിവരിച്ചു (നടപടി 8, 26-40). ഈ സംഭവത്തില്‍നിന്നും പാപ്പാ സ്ഥാപിച്ചത് നാം ആരെയും മതപരിവര്‍ത്തനം ചെയ്യേണ്ടതില്ലെന്നും, ദൈവം വിളിക്കാതെ ഒരാള്‍ക്കും ക്രിസ്തുവില്‍ നവജീവന്‍ പ്രാപിക്കുവാന്‍ സാധിക്കുകയില്ലെന്നുമാണ്.
2. പിതാവിന്‍റെ വിളിയും പുത്രസാമീപ്യവും
ജീവിതങ്ങള്‍കൊണ്ട് നമുക്ക് വിശ്വാസസാക്ഷ്യം നല്കുവാനാകും. എന്നാല്‍ ആ വിശ്വാസസാക്ഷ്യത്തിലൂടെ ഒരു വ്യക്തിയെ ക്രിസ്തുവിലേയ്ക്ക് ആനയിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് പാപ്പാ വിശദീകരിച്ചു. അതിനാല്‍ വ്യക്തികളെ ക്രിസ്തുവിലേയ്ക്ക് ആനയിക്കുന്നതിന് അവരുടെ മനസ്സുകള്‍ തുറക്കണമേയെന്നു പ്രാര്‍ത്ഥിക്കുമ്പോഴാണ് അവിടുന്ന് അവരുടെ മനസ്സില്‍ മാറ്റത്തിന് വഴിയൊരുക്കുന്നത്. എത്യോപ്യക്കാരന്‍ ഷണ്ഡന്‍റെ മാനസാന്തരത്തിനായി എപ്രകാരം ദൈവാരൂപി അപ്പസ്തോലന്‍ ഫിലിപ്പിനെ നയിച്ചുവെന്ന് നടപടിപ്പുസ്തകത്തിലെ സംഭവത്തെ ആധാരമാക്കി പാപ്പാ വിശദീകരിച്ചു.
വിശ്വാസസാക്ഷ്യത്തിലൂടെ വ്യക്തികളുടെ മനസ്സു തുറക്കുന്നത് പിതാവാണ്. അതിനാല്‍ വ്യക്തികളുടെ മനസ്സുകള്‍ നമ്മുടെ എളിയസാക്ഷ്യത്തിലൂടെ തുറക്കേണ്ടതിന് നാം പ്രാര്‍ത്ഥിക്കേണ്ടതാണ്. ക്രിസ്തവ വിളിക്ക് ദൈവപിതാവിന്‍റെ തിരുവിഷ്ടവും, പ്രാര്‍ത്ഥനയും അനിവാര്യമാണെന്ന് പാപ്പാ വ്യക്തമാക്കി. ഇത് പ്രേഷിത മേഖലയിലുള്ളവര്‍ക്കു മാത്രമല്ല, അനുദിന ജീവിത സാഹചര്യങ്ങളില്‍ നമ്മുടെ വ്യക്തിപരമായ ജീവിതസാക്ഷ്യത്തിലൂടെ മറ്റുള്ളവര്‍ ക്രിസ്തുവിനെ അറിയുകയും സ്നേഹിക്കുകയും വേണമെങ്കില്‍ പിതാവായ ദൈവം ഇടപെട്ട് അപരന്‍റെ മനസ്സു തുറക്കണമേയെന്ന് പ്രാര്‍ത്ഥിക്കേണ്ടതാണ്.
3. മിഷന്‍ പ്രവര്‍ത്തനം മതപരിവര്‍ത്തനമല്ല
പിതാവ് ആകര്‍ഷിച്ചാലല്ലാതെ ആര്‍ക്കും പുത്രന്‍റെ പക്കല്‍ എത്തിപ്പെടാന്‍ സാധ്യമല്ലെന്ന് പാപ്പാ സുവിശേഷഭാഗം ഉദ്ധരിച്ചു (യോഹ. 6, 44). അതുപോലെ മിഷന്‍പ്രവര്‍ത്തനം മതപരിവര്‍ത്തനമായി ഇന്നു ചിലര്‍ കാണുന്നുണ്ട്. മിഷന്‍ ജീവിതസാക്ഷ്യമാണ്. അവിടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും പ്രഘോഷിക്കപ്പെടണം. സ്നേഹസമര്‍പ്പണത്തിലൂടെ ക്രൈസ്തവ ജീവിതത്തിന്‍റെ മാറ്റ് മറ്റുള്ളവര്‍ കാണുവാനും അനുഭവിക്കുവാനും ഇടയാകണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. ദൈവം അപ്പോള്‍ ആത്മാക്കളുടെ ഹൃദയങ്ങളില്‍ തട്ടി ഉണര്‍ത്തുമെന്ന് പാപ്പാ വിശദീകരിച്ചു.
അതിനാല്‍ ജീവിതസാക്ഷ്യവും പ്രാര്‍ത്ഥനയുംവഴി ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും ലോകത്തെ അറിയിക്കാന്‍ ഇടയാക്കണമേയെന്ന് പ്രാര്‍ത്ഥിക്കുകയും, ക്രൈസ്തവമക്കള്‍ തങ്ങളുടെ ജീവിതസാക്ഷ്യംകൊണ്ട് അതിന് പ്രചോദനമാകണമെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത് (യോഹ. 6, 44-51).