കർത്താവ് ഏറെ സ്നേഹിക്കുന്ന ലോകം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വ്യത്യസ്തമെങ്കിലും കർത്താവ് അത്യധികം ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഭാവി ലോകമെന്ന് മാർപ്പാപ്പാ.
“ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) എന്ന ഹാഷ്ടാഗോടുകൂടി വെള്ളിയാഴ്ച (17/04/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
“ഗർഭിണികളായിരിക്കുകയും എൻറെ കുഞ്ഞ് ഏതു തരം ലോകത്തിലായിരിക്കും വളരുക എന്നു ചോദിക്കുകയും ചെയ്യുന്ന മഹിളകൾക്കായി നമുക്കു പ്രാർത്ഥിക്കാം. കർത്താവ്, അവർക്ക് ധൈര്യവും, വ്യത്യസ്തമെങ്കിലും കർത്താവ് ഏറെ സ്നേഹിക്കുന്ന ഒരു ലോകമായിരിക്കും അത് എന്ന ആത്മവിശ്വാസവും പകരട്ടെ” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
കർത്താവിൻറെ സാന്നിധ്യാനുഭവമാണ് യഥാർത്ഥ ആനന്ദം എന്ന് ഫ്രാൻസീസ് പാപ്പാ വ്യാഴാഴ്‌ച (16/04/20) “ഇന്നത്തെസുവിശേഷം”( #GospelOfTheDay) “സുവിശേഷപ്രഭാഷണംസാന്തമാർത്ത” (#HomilySantaMarta) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു
“എനിക്കു പ്രിയങ്കരമായവയിൽ ഒന്നാണ് ഇന്നത്തെ സുവിശേഷ ഭാഗം (ലൂക്കാ 24,35-38): “സന്തോഷാധിക്യത്താൽ അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല” (വാക്യം 41). ആനന്ദഭരിതരായിരിക്കുക. വെറുതെ സന്തോഷവും ശുഭ പ്രതീക്ഷയും പുലർത്തുന്നതിൽ നിന്ന് വ്യത്യസ്തമാണത്; അത് കർത്താവിൻറെ സാന്ത്വനത്താലും സാന്നിധ്യത്താലും നിറയലാണ്” എന്നാണ് പാപ്പാ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്