ലോക ഓട്ടിസം ദിനം
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ക്ഷണിക്കുന്നു.
വ്യാഴാഴ്‌ച (02/04/20) “ഒറ്റക്കെട്ടായി പ്രാർത്ഥിക്കാം” (#PrayTogehter) “ഓട്ടിസം” (#autism) എന്ന ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.
“ഓട്ടിസമുള്ള കുട്ടികളും അംഗവൈകല്യമുള്ളവരും മൂലം ഈ ദിനങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്കായി നമുക്ക് ഒരുമയോടെ പ്രാർത്ഥിക്കാം” എന്നാണ് ലോക ഓട്ടിസം ദിനം ആചരിക്കപ്പെട്ട വ്യാഴാഴ്‌ച (02/04/20) പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
ഓട്ടിസം ഒരു രോഗമായിട്ടല്ല മറിച്ച് കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട ഒരുതരം മാനസികാവസ്ഥാവിശേഷമോ വ്യതിയാനമോ ആയിട്ടാണ് മനശാസ്ത്രജ്ഞന്മാർ കാണുന്നത് ലിയോ കാനർ എന്ന മാനസിക രോഗവിദഗ്ദ്ധനാണ് ഓട്ടിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത്. മറ്റുള്ളവരോട് ചേർന്നിരിക്കാൻ താൽപര്യപ്പെടാതെ തന്നിലേക്ക് തന്നെ ചുരുങ്ങാനും, തനിച്ചിരിക്കാനുമുള്ള പ്രേരണയാണ് ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം. ഇത് കുട്ടികളുടെ ആശയവിനിമയം നടത്താനുള്ള ശേഷിയെയും പരസ്പര സഹവർത്തിത്വ സ്വഭാവത്തെയുമാണ് കാര്യമായി ബാധിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളിലെ സവിശേഷമായ ചില പ്രത്യേക കഴിവുകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു.
പാപ്പാ വ്യാഴാഴ്‌ച (02/04/20) “സുവിശേഷപ്രഭാഷണംസാന്തമാർത്ത” (#HomilySantaMarta) എന്ന ഹാഷ്ടാഗോടുകൂടി ഒരു സന്ദേശവും ട്വിറ്ററിൽ കുറിച്ചു.
“തിരഞ്ഞടുക്കപ്പെട്ടവൻ എന്ന അവബോധം പുലർത്തുകയും വാഗ്ദാനോന്മുഖമായി സന്തോഷത്തോടെ നീങ്ങുകയും ഉടമ്പടി വിശ്വസത്തയോടെ നിറവേറ്റുകയും ചെയ്ത പിതാവായ അബ്രഹാത്തിൻറേതു പോലെ ആയിരിക്കട്ടെ നമ്മുടെയും ക്രൈസ്തവാസ്തിത്വം” എന്നാണ് പാപ്പാ കണ്ണിചേർത്തത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.