തിരയുക

കോവിദ് 19 ദുരന്ത കാലത്ത് ഇൻറർനെറ്റിൻറെ സഹായത്തോടെയുള്ള പാഠ്യ പരിപാടിയിൽ വീട്ടിലിരുന്നു പങ്കുചേരുന്ന ഒരു കുട്ടി കോവിദ് 19 ദുരന്ത കാലത്ത് ഇൻറർനെറ്റിൻറെ സഹായത്തോടെയുള്ള പാഠ്യ പരിപാടിയിൽ വീട്ടിലിരുന്നു പങ്കുചേരുന്ന ഒരു കുട്ടി 

അദ്ധ്യാപകാദ്ധ്യേതാക്കളെ പ്രാർത്ഥനയാൽ തുണയ്ക്കാം!

പാപ്പായുടെ ഏതാനും ട്വിറ്റർ സന്ദേശങ്ങൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രാർത്ഥനാസഹായം നല്കാൻ മാർപ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.

“ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) എന്ന ഹാഷ്ടാഗോടുകൂടി വെള്ളിയാഴ്ച (24/04/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ കോവിദ് 19 വിതച്ചിരിക്കുന്ന ബുദ്ധിമുട്ടുകൾക്കു മദ്ധ്യേ പഠിപ്പിക്കാനും പഠിക്കാനും നന്നേ പ്രയാസപ്പെടുന്നവരെ പ്രാർത്ഥനാപൂർവ്വം അനുസ്മരിക്കുന്നത്. 

“ഇൻറർനെറ്റും ഇതര മാദ്ധ്യമങ്ങളും ഉപയോഗപ്പെടുത്തി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുന്ന അദ്ധ്യാപകർക്കും പരിചിതമല്ലാത്ത ഒരു രീതിയിൽ പരീക്ഷ എഴുതേണ്ടിവരുന്ന വിദ്യാർത്ഥികൾക്കും വേണ്ടി നമുക്ക് ഏകയോഗമായി പ്രാർത്ഥിക്കാം. നമുക്കവരെ പ്രാർത്ഥനയാൽ തുണയ്ക്കാം” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

യേശു നമുക്കുവേണ്ടി ദൈവപിതാവിനോട് മാദ്ധ്യസ്ഥ്യം യാചിക്കുന്നുവെന്ന് ഫ്രാൻസീസ് പാപ്പാ വ്യാഴാഴ്‌ച (23/04/20) “സുവിശേഷവിചിന്തനംസാന്തമാർത്ത” (#HomilySantaMarta) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിൽ അനുസ്മരിച്ചു

“യേശുവിൻറെ പ്രാർത്ഥനയാണ് പത്രോസിൻറെ രഹസ്യായുധം. പത്രോസിൻറെ വിശ്വാസം ക്ഷയിച്ചുപോകാതിരിക്കുന്നതിനായി യേശു പ്രാർത്ഥിക്കുന്നു. പത്രോസിനു വേണ്ടി ചെയ്തതു പോലെ യേശു നമുക്കെല്ലാവർക്കും വേണ്ടി ചെയ്യുന്നു. നമ്മുടെ രക്ഷയ്ക്കു വേണ്ടി നല്കിയ വിലയായ തൻറെ മുറിവുകൾ കാണിച്ചുകൊടുത്തുകൊണ്ട് യേശു പിതാവിൻറെ മുന്നിൽ നമുക്കായി യാചിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

അന്നുതന്നെ പാപ്പാ  ട്വിറ്ററിൽ കണ്ണിചേർത്ത മറ്റൊരു സന്ദേശം ഇപ്രകാരമായിരുന്നു:

“യാതനകളനുഭവിക്കുന്നവർക്കു തമ്മിൽ വിത്യാസങ്ങളോ അതിരുകളോ ഇല്ല എന്ന് മഹാമാരി നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മളെല്ലാവരും ബലഹീനരും തുല്യരും വിലയേറിയവരുമാണ്. ഇപ്പോഴത്തെ സംഭവങ്ങൾ നമ്മെ പിടിച്ചു കലുക്കുന്നു. ഇത് മാനവരാശിയുടെ മുഴുവൻ ആരോഗ്യത്തിൻറെ അടിത്തറയ്ക്ക് തുരങ്കം വയ്ക്കുന്ന അസമത്വങ്ങളെയും അനീതികളെയും ഇല്ലായ്മ ചെയ്യുന്നതിനുള്ള സമയമാണിത്”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 April 2020, 14:59