തിരയുക

ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ ആശീർവ്വാദം നല്കുന്നു, വത്തിക്കാൻ 26/04/2020 ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ ആശീർവ്വാദം നല്കുന്നു, വത്തിക്കാൻ 26/04/2020 

വിപരീത ദിശകളിലേക്കുള്ള വഴികൾ!

ജീവിതനിരാശയിൽ തളരുകയും ദുഃഖിതരായി മുന്നോട്ടു പോകുകയും ചെയ്യുന്നവരുടെ വഴിയും അവനവനെയും സ്വന്തം പ്രശ്നങ്ങളെയുമല്ല, മറിച്ച്, നമ്മെ സന്ദർശിക്കുന്ന യേശുവിനെയും അവിടത്തെ സന്ദർശനം പാർത്തിരിക്കുന്ന, അതായത് നാം പരിചരിക്കേണ്ടവരായ, സഹോദരങ്ങളെയും പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നവരുടെ വഴിയും- ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, തൻറെ സ്വകാര്യ പഠനമുറിയിലിരുന്നാണ് ഈ ഞായറാഴ്ചയും (26/04/20) മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചത്. ജനജീവിതത്തെ മുൾമുനയിൽ നിറുത്തിയിരിക്കുന്ന കൊറോണ വൈറസിനും കോവിദ് 19 രോഗത്തിനുമെതിരായി ലോകമാസകലം ജനങ്ങൾ ശാരീരിക അകലം പാലിച്ചുകൊണ്ട് പോരാട്ടം തുടരുന്ന പശ്ചാത്തലത്തിൽ, വിശ്വാസികളുടെ ശാരീരികമായ അസാന്നിധ്യത്തിലാണ് പാപ്പാ ത്രികാലജപമുൾപ്പടെയുള്ള പരിപാടികൾ നയിക്കുന്നത്.  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥനയ്ക്കു പകരം ഉയിർപ്പുകാലത്തിൽ ചൊല്ലുന്ന “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന ജപത്തിന് ആമുഖമായി പാപ്പാ, ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നവർക്ക്, ഒരു സന്ദേശം നല്കി.

ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഈ ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്, എമ്മാവൂസിലേക്കു പോകുകയായിരുന്ന രണ്ടു ശിഷ്യർക്ക് ഉത്ഥിതൻ പ്രത്യക്ഷനാകുന്നതും അവിടത്തെ തിരിച്ചറിയാതിരുന്ന ആ ശിഷ്യന്മാർക്ക് യാത്രയുടെ അവസാനം അവരുടെ അതിഥിയായി അവരുടെ ഭവനത്തിൽ വച്ച്  അപ്പം വാഴ്ത്തി മുറിച്ചു നൽകവെ അവരുടെ നയനങ്ങൾ തുറക്കപ്പെടുന്നതുമായ സംഭവം, ലൂക്കായുടെ സുവിശേഷം 24,13-35 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാപ്പായുടെ വിചിന്തത്തിനവലംബം. ഇറ്റാലിയൻ ഭാഷയിലായിരുന്ന പാപ്പായുടെ പ്രഭാഷണം ഇപ്രകാരമായിരുന്നു :

എമ്മാവൂസിലേക്ക് മ്ലാനവദരായി നീങ്ങുന്ന ശിഷ്യർ

പ്രിയ സഹോദരീ സഹോദരന്മാരേ ശുഭദിനം

ഉയിർപ്പുദിന പശ്ചാത്തലത്തിലുള്ള ഇന്നത്തെ സുവിശേഷ ഭാഗം രണ്ടു ശിഷ്യന്മാർ എമ്മാവൂസിലേക്കു പോകുന്ന സംഭവം (ലൂക്കാ 24,13-35 ) വിവരിക്കുന്നു. യാത്രയോടെ ആരംഭിക്കുന്നതും അവസാനിക്കുന്നതുമാണ് ആ കഥ. യേശുവിന് സംഭവിച്ചവയിൽ ദുഃഖിതരായി ജറുസലേം വിട്ട്, എമ്മാവൂസിലെ വീട്ടിലേക്കു 11 കിലോമീറ്ററോളം കാൽനടയായി പോകുന്ന ശിഷ്യരുടെ യാത്രയാണത്.  പകലായിരുന്ന ഈ യാത്രയിൽ പാതയുടെ  ഭൂരിഭാഗവും ഇറക്കമായിരുന്നു. മടക്കയാത്രയുമുണ്ട്, വീണ്ടും പതിനൊന്നു കിലോമീറ്റർ. ആയാസകരമായ അത് രാത്രിയോടടുത്തപ്പോഴായിരുന്നു. എമ്മാവുസിലേക്കുള്ള യാത്രയ്ക്ക് ശേഷമാണത്. ഒരു ദിവസം മുഴുവൻ നീണ്ട യാത്ര. രണ്ടു യാത്രകൾ, അവയിൽ ഒന്ന് പകൽ എളുപ്പമുളള യാത്ര, അടുത്തതാകട്ടെ ആയാസകരമായ രാത്രി യാത്ര. എന്നിരുന്നാലും ആദ്യയാത്ര സങ്കടാവസ്ഥയിലായിരുന്നു. എന്നാൽ രണ്ടാമത്തെതാകട്ടെ ആനന്ദത്തിലും. പ്രഥമ യാത്രയിൽ അവരോടൊപ്പം കർത്താവുണ്ട്. എന്നാൽ അവർ അവിടത്തെ തിരിച്ചറിയുന്നില്ല. രണ്ടാമത്തെ യാത്രയിലാകട്ടെ അവർ കർത്താവിനെ കാണുന്നില്ലയെങ്കിലും അവിടത്തെ സാന്നിധ്യം അനുഭവിക്കുന്നു. ആദ്യ യാത്രാവേളയിൽ അവർ അസ്വസ്ഥരും പ്രത്യാശാരഹിതരും ആയിരുന്നു; എന്നാൽ രണ്ടാമത്തെ യാത്രയിൽ അവർ ഉത്ഥിതനായ യേശുവുമായുള്ള കൂടിക്കാഴ്ചയുടെ സദ്വാർത്ത മറ്റുള്ളവരെ അറിയിക്കാൻ ഓടുകയാണ്.

എതിർദിശകളിലേക്കുള്ള പാതകൾ

ആ ആദ്യശിഷ്യരുടെ വിഭിന്നങ്ങളായ രണ്ടു യാത്രകൾ ഇന്നത്തെ യേശുശിഷ്യരായ നമ്മോടു മൊഴിയുന്നത്, പരസ്പരം എതിരായ രണ്ടു ദിശകളിലേക്കുള്ള വഴികൾ നമുക്കു മുന്നിൽ ഉണ്ട് എന്നാണ്. എമ്മാവൂസിലേക്കു പോകുകയായിരുന്ന ആ രണ്ടു ശിഷ്യരെപ്പോലെ ജീവിതനിരാശയിൽ തളരുകയും ദുഃഖിതരായി മുന്നോട്ടു പോകുകയും ചെയ്യുന്നവരുടെ വഴിയാണ് ഒന്ന്. ഇതര വഴിയാകട്ടെ, അവനവനെയും സ്വന്തം പ്രശ്നങ്ങളെയുമല്ല, മറിച്ച്, നമ്മെ സന്ദർശിക്കുന്ന യേശുവിനെയും അവിടത്തെ സന്ദർശനം പാർത്തിരിക്കുന്ന, അതായത് നാം പരിചരിക്കേണ്ടവരായ, സഹോദരങ്ങളെയും പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നവരുടെ പാതയാണ്.

നമുക്കു ചുറ്റുമുള്ള നമ്മുടെ കറക്കം

ഇതാണ് വഴിത്തിരിവ്: അഹത്തിനും ഗതകാല നിരാശകൾക്കും സാക്ഷാത്ക്കരിക്കപ്പെടാത്ത ആദർശങ്ങൾക്കും ജീവിതത്തിൽ സംഭവിച്ച നിരവധിയായ തിന്മകൾക്കും ചുറ്റും കറങ്ങുന്നത് അവസാനിപ്പിക്കുക. ചിലപ്പോഴൊക്കെ നാം അങ്ങനെ കറങ്ങിക്കൊണ്ടിരിക്കും. അതു വിട്ടുകളയുക, എന്നിട്ട്, ജീവിതത്തിൻറെ ഏറ്റം മഹത്തരവും യഥാർത്ഥവുമായ യാഥാർത്ഥ്യത്തെ നോക്കി മുന്നോട്ടു പോകുകയും ചെയ്യുക. ജീവിക്കുന്ന യേശുവാണ് ആ യാഥാർത്ഥ്യം, യേശു എന്നെ സ്നേഹിക്കുന്നു. ഇതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം. എനിക്ക് അപരർക്കായി എന്തെങ്കിലും ചെയ്യാൻ കഴിയണം. ഇത് മനോഹരമായ ഒരു യാഥാർത്ഥ്യമാണ്. അത് ഭാവാത്മകമാണ്, പ്രഭാപൂർണ്ണമാണ്, സുന്ദരമാണ്. എന്നെക്കുറിച്ചു മാത്രമുള്ള ചിന്തകളിൽ നിന്ന് എൻറെ ദൈവം എന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ചിന്തയിലേക്കു കടക്കുക, ഇതാണ് മടക്കയാത്ര.

“എങ്കിൽ” എന്നതിൽ നിന്ന് “സമ്മതത്തിലേക്ക്”

“എങ്കിൽ” എന്നതിൽ നിന്ന് “സമ്മതത്തിലേക്ക്”, ഉറപ്പിലേക്ക് ഉള്ള കടക്കലാണത്. എന്താണ് ഇവിടെ വിവക്ഷ? ദൈവമാണ് നമ്മെ രക്ഷിച്ചതെങ്കിൽ, ദൈവം എന്നെ ശ്രവിച്ചിരുന്നെങ്കിൽ, ജീവിതം ഞാൻ ആഗ്രഹിക്കുന്നതു പോലെ ആയിരുന്നെങ്കിൽ, എനിക്ക് ഇത് അല്ലെങ്കിൽ അത് ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെയുള്ള പരാതിപോലുള്ള ചിന്തകളാണ്. ഈ “എങ്കിൽ” എന്നത് ഒരിക്കലും സഹായകരമല്ല. അത് ഫലം പുറപ്പെടുവിക്കില്ല, നമ്മെയൊ മറ്റുള്ളവരെയൊ സഹായിക്കില്ല. നമ്മുടെ ഈ “എങ്കിൽ” ആ രണ്ടു ശിഷ്യരുടേതിനു സമാനമാണ്. ആ ശിഷ്യർ “സമ്മത”ത്തിലേക്ക് “ഉറപ്പിലേക്ക്” കടക്കുന്നു. അതെ, കർത്താവ് ജീവിച്ചിരിക്കുന്നു, നമ്മോടൊപ്പം നടക്കുന്നു, ഇതാണ് ആ ഉറപ്പ്. അത് വിളംബരം ചെയ്യുന്നതിനായി നാളെയല്ല, ഇപ്പോൾത്തന്നെ നാം യാത്ര പുറപ്പെടുന്നു. അതെ, ജനങ്ങൾ സന്തോഷിക്കുന്നതിനും, അവർ നല്ലവരാകുന്നതിനും അനേകരെ സഹായിക്കുന്നതിനും എനിക്കിതു ചെയ്യാൻ സാധിക്കും. “എങ്കിൽ” എന്നതിൽ നിന്ന് “സമ്മതം” എന്നതിലേക്ക്, വിലാപത്തിൽ നിന്ന് സന്തോഷത്തിലേക്കും സമാധാനത്തിലേക്കും. എന്തെന്നാൽ നാം വിലപിക്കുമ്പോൾ നാം ആനന്ദത്തിലല്ല. നാം സങ്കടത്തിൻറെതായ ആ മങ്ങിയ അന്തരീക്ഷത്തിലാണ്. ഇതു നമ്മെ സഹായിക്കില്ലെന്നു മാത്രമല്ല നന്നായി വളരാൻ അനുവദിക്കുകയുമില്ല. “എങ്കിൽ” എന്നതിൽ നിന്ന് “ഉറപ്പിലേക്ക്”, സേവനത്തിൻറെതായ സന്തോഷത്തിലേക്ക്.

ഞാൻ എന്നതിൽ നിന്ന് ദൈവത്തിലേക്ക്

ഞാൻ എന്നതിൽ നിന്ന് ദൈവത്തിലേക്ക്, “എങ്കിൽ” എന്നതിൽ നിന്ന് “ഉറപ്പിലേക്ക്” എന്ന ഈ ചുവടുമാറ്റം ശിഷ്യന്മാരിൽ സംഭവിച്ചത് എങ്ങനെയാണ്? യേശുവുമായുള്ള കൂടിക്കാഴ്ചയാണ് അതിനു കാരണം. എമ്മാവൂസിലെ രണ്ടു ശിഷ്യന്മാർ ആദ്യം അവരുടെ ഹൃദയങ്ങൾ തുറക്കുന്നു; തുടർന്ന്, അവർ യേശു തിരുലിഖിതങ്ങൾ വിശദീകരിക്കുന്നത് ശ്രവിക്കുന്നു. അങ്ങനെ അവർ വീട്ടിലേക്ക് അവിടത്തെ ക്ഷണിക്കുന്നു. ഈ ത്രിവിധ കാര്യങ്ങൾ നമുക്കും നമ്മുട വീടുകളിൽ ചെയ്യാവുന്നതാണ്. ആദ്യം യേശുവിന് ഹൃദയം തുറന്നു കൊടുക്കുക, ജീവിതഭാരങ്ങളും കഷ്ടപ്പാടുകളും നിരാശകളും “എങ്കിലുകളു”മെല്ലാം അവിടത്തേക്കു സമർപ്പിക്കുക; രണ്ടാമത്തെ ചുവട് ഇതാണ്: യേശുവിനെ ശ്രവിക്കുക, സുവിശേഷം കൈയ്യിലെടുക്കുക, ഇന്നുതന്നെ ലൂക്കായുടെ സുവിശേഷം ഇരുപത്തിയഞ്ചാം അദ്ധ്യായം വായിക്കുക. മൂന്ന്, ശിഷ്യന്മാർ ഉപയോഗിച്ച അതേ വാക്കുകളാൽ യേശുവിനോടു പ്രാർത്ഥിക്കുക: “നാഥാ, എന്നോടു കൂടെ ആയിരിക്കേണമേ, ഞങ്ങളോടുകൂടി വസിക്കേണമേ, വഴി കണ്ടെത്തുന്നതിന് ഞങ്ങൾക്ക് നിന്നെ ആവശ്യമുണ്ട്”. അങ്ങയുടെ അഭാവത്തിൽ ഇരുൾ മാത്രമായിരിക്കും അനുഭവപ്പെടുക.

യാത്രയിലായിരിക്കുന്ന നമ്മൾ

പ്രിയ സഹോദരീ സഹോദരന്മാരേ, ജീവിതത്തിൽ എന്നും നമ്മൾ യാത്രയിലാണ്. നാം എങ്ങോട്ടു പോകുന്നുവോ അതായത്തീരും. എൻറെതായ വഴിയല്ല, ദൈവത്തിൻറെ വഴിയാണ്, “എങ്കിലിൻറെ” അല്ല, “ഉറപ്പിൻറെ” വഴിയാണ് നാം തിരഞ്ഞെടുക്കേണ്ടത്. അപ്പോൾ നമുക്കു മനസ്സിലാകും,    യേശുവിനോടു ചേർന്ന് നിന്നാൽ നേരിടാൻ കഴിയാത്തതായ അപ്രതീക്ഷിതസംഭവവും കയറ്റവും ഇരുളും ഇല്ലെന്ന്. “വചനത്തെ” സ്വീകരിച്ചുകൊണ്ട് സ്വന്തം ജീവിതം മുഴുവൻ ദൈവത്തോടുള്ള “സമ്മതം” ആക്കി മാറ്റിയ യാത്രയുടെ മാതവായ പരിശുദ്ധ കന്യകാമറിയം നമുക്ക് വഴി കാണിച്ചു തരട്ടെ. 

ഈ വാക്കുകളിൽ തൻറെ വിചിന്തനം ഉപസംഹരിച്ച പാപ്പാ  തുടർന്ന് “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന പ്രാർത്ഥന ചൊല്ലി. പ്രാർത്ഥനാന്തരം പാപ്പാ എല്ലാവർക്കും അപ്പസ്തോലികാശീർവ്വാദം നല്കി.

മലേറിയ രോഗ വിരുദ്ധ ദിനം

ആശീർവ്വാദാനന്തരം പാപ്പാ, ശനിയാഴ്ച (25/04/20) ഐക്യരാഷ്ട്ര സഭ മലേറിയയ്ക്കെതിരായ ദിനം ആചരിച്ചത് അനുസ്മരിച്ചു. 

കൊറോണവൈറസ് മഹാമാരിക്കെതിരായ പോരാട്ടം തുടരുമ്പോഴും മലേറിയ നിവാരണത്തിനും ആ രോഗചികിത്സയ്ക്കുമുള്ള പരിശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും മലേറിയ നിരവധി നാടുകളിൽ കോടിക്കണക്കിനാളുകൾക്ക് ഭീഷണിയാകുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.

മലേറിയ രോഗബാധിതരുടെയും അവരെ പരിചരിക്കുന്നവരുടെയും എല്ലാവർക്കും അടിസ്ഥാന ആരോഗ്യസേവനം ലഭ്യമാക്കാൻ പരിശ്രമിക്കുന്നവരുടെയും ചാരെ താനുണ്ടെന്ന് പാപ്പാ ഉറപ്പുനൽകി.

ജപമാല മാസം

പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ മെയ്മാസം ആരംഭിക്കാൻ പോകുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

കുടുബാംഗങ്ങൾ ഒരുമിച്ചോ, തനിച്ചോ ജപമാല പ്രാർത്ഥന ചൊല്ലുന്നതിനെ അധികരിച്ച് ഒരു കത്ത് വിശ്വാസികൾക്കായി താൻ ശനിയാഴ്ച നല്കിയതും പാപ്പാ അനുസ്മരിച്ചു.

നാം ഇപ്പോൾ കടന്നു പോകുന്ന പരീക്ഷണ വേളയെ വിശ്വാസത്തോടും പ്രത്യാശയോടും കൂടെ നേരിടാൻ നമ്മുടെ മാതാവായ പരിശുദ്ധ കന്യാകാമറിയം നമ്മെ സഹായിക്കുമെന്ന് പാപ്പാ പ്രത്യാശ പകരുകയും ചെയ്തു.

എല്ലാവർക്കും നല്ലൊരു മെയ് മാസവും ശുഭഞായറും ആശംസിക്കുയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന നവീകരിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ തൻറെ വാക്കുകൾ ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 April 2020, 14:34