തിരയുക

ഫ്രാൻസീസ് പാപ്പാ ഓശാന ഞായർ തിരുക്കർമ്മവേളയിൽ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ 05/04/2020 ഫ്രാൻസീസ് പാപ്പാ ഓശാന ഞായർ തിരുക്കർമ്മവേളയിൽ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ 05/04/2020 

പരിത്യക്തതയുടെ തീവ്രതമാനുഭവം യേശു പ്രാർത്ഥനയാക്കുന്നു!

സ്നേഹിക്കുന്നവർക്കായി ഏറ്റം വേദനാജനകങ്ങളായ അവസ്ഥകളിലൂടെ, അതായത്, വഞ്ചനയുടെയും തള്ളിപ്പറയിലിൻറെയും അനുഭവങ്ങളിലൂടെ, കടന്നുപോയിക്കൊണ്ടാണ് കർത്താവ് നമ്മെ സേവിച്ചത്, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊറോണ വൈറസും കോവിദ് 19 രോഗവും ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ, വത്തിക്കാനിൽ, വിശ്വാസികളുടെ ശാരീരികസാന്നിധ്യമില്ലാതിരുന്ന, ആളൊഴിഞ്ഞ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പാ ഓശാനത്തിരുന്നാൾ തിരുക്കർമ്മങ്ങൾ  ഈ ഞായറാഴ്ച (05/04/20) നയിച്ചു. ലോകത്തിൻറെ എല്ലാ കോണുകളിലും നിന്ന് ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ് വിശ്വാസികൾ ഈ തിരുക്കർമ്മത്തിൽ പങ്കുകൊണ്ടത്. 

ഈ ദിവ്യബലിയിൽ വായിക്കപ്പെട്ട ദൈവവചനം വിശകലം ചെയ്ത പാപ്പാ ഇപ്രകാരം പറഞ്ഞു:

സ്വയം ശൂന്യനാക്കിയ "ദാസൻ"

യേശു തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്  ദാസന്‍റെ രൂപം സ്വീകരിച്ചു ( പൗലോസ് ഫിലിപ്പിയർക്കെഴുതിയ ലേഖനം. 2, 7). ദൈവവചനം യേശുവിനെ ദാസനായി, ഒരു പല്ലവി പോലെ, ആവർത്തിച്ച് അവതരിപ്പിക്കുന്ന ഈ വിശുദ്ധ ദിനങ്ങളിലേക്ക് പൗലോസപ്പസ്തോലൻറെ ഈ വാക്കുകൾ നമ്മെ ആനയിക്കട്ടെ.

സേവനത്തിലൂടെ രക്ഷ പ്രദാനം ചെയ്യുന്ന "ദാസൻ"

പെസഹാ വ്യാഴാഴ്ച യേശു, ശിഷ്യരുടെ പാദങ്ങൾ കഴുകുന്ന ദാസനായിട്ടും, ദുഃഖവെള്ളിയാഴ്ച സഹനദാസനും വിജയിയായ ദാസനുമായിട്ടും (ഏശയ്യ 52,13) അവതരിപ്പിക്കപ്പെടുന്നു. അവിടത്തെക്കുറിച്ചുള്ള ഏശയ്യായുടെ പ്രവചനം നാളെത്തന്നെ നാം ശ്രവിക്കും: “ഇതാ ഞാൻ താങ്ങുന്ന എൻറെ ദാസൻ”. (ഏശയ്യ 42,1). ദൈവം സേവിച്ചുകൊണ്ടാണ് നമ്മെ രക്ഷിച്ചത്. നാം പലപ്പോഴും ചിന്തിക്കുന്നത് നമ്മളാണ് ദൈവത്തെ സേവിക്കുന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല. അവിടന്നാണ് നമ്മെ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നതും ശുശ്രൂഷിക്കുന്നതും, കാരണം അവിടന്ന് നമ്മെ ആദ്യം സ്നേഹിച്ചു. നമ്മെ ശുശ്രൂഷിക്കാൻ നാം ദൈവത്തെ അനുവദിക്കാത്ത പക്ഷം സേവനം ചെയ്യുകയെന്നത് കൂടുതൽ ദുഷ്ക്കരമാകും.

ആത്മദാനമായിത്തീരുന്ന സ്നേഹം

എന്നാൽ ഒരു ചോദ്യം മാത്രം. കർത്താവ് നമ്മെ സേവിച്ചത് എപ്രകാരമാണ്? നമുക്കായി സ്വജീവൻ നല്കിക്കൊണ്ടാണ്. നമുക്കായി വളരെ വലിയ വിലയാണ് അവിടന്നേകിയത്. “എൻറെ സ്നേഹം ഒരു ഒരു കളിതമാശയല്ല” എന്ന് യേശു പറയുന്നതായി താൻ കേട്ടതായി ഫൊളീഞ്ഞൊയിലെ വിശുദ്ധ ആഞ്ചെല ഒരിക്കൽ പറയുകയുണ്ടായി. യേശുവിന് നമ്മോടുള്ള സ്നേഹം സ്വയം യാഗമായിത്തീരാനും നമ്മുടെ പാപങ്ങൾ ഏറ്റെടുക്കാനും അവിടത്തെ പ്രേരിപ്പിച്ചു. ഇതു നമ്മെ അത്ഭുതപ്പെടുത്തുന്നു: നമ്മുടെ പാപങ്ങൾക്കുള്ള എല്ലാ ശിക്ഷകളും സ്വയം ഏറ്റുവാങ്ങിക്കൊണ്ട് ദൈവം നമ്മെ രക്ഷിച്ചു. പരാതി പറഞ്ഞില്ല, മറിച്ച്, ഒരു ദാസൻറെ വിനയത്തോടും ക്ഷമയോടും അനുസരണയോടും കൂടി, സ്നേഹത്തിൻറെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് അപ്രകാരം ചെയ്തത്. ദൈവ പിതാവാകട്ടെ യേശുവിൻറെ ശുശ്രൂഷയിൽ അവിടത്തേക്കു താങ്ങായി നിന്നു. അവിടത്തെ തകർത്ത തിന്മയെ പിതാവ് നീക്കുകയല്ല മറിച്ച് അവിടത്തെ സഹനത്തിൽ അവിടത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അത് തിന്മയെ നന്മകൊണ്ട്, സ്നേഹം, അവസാനം വരെയുള്ള സ്നേഹം കൊണ്ട് ജയിക്കുന്നതിനു വേണ്ടിയാണ്. 

വഞ്ചനയുടെയും പരിത്യക്തതയുടെയും അനുഭവം 

സ്നേഹിക്കുന്നവർക്കായി ഏറ്റം വേദനാജനകങ്ങളായ അവസ്ഥകളിലൂടെ, അതായത്, വഞ്ചനയുടെയും തള്ളിപ്പറയിലിൻറെയും അനുഭവങ്ങളിലൂടെ കടന്നുപോയിക്കൊണ്ടാണ് കർത്താവ് നമ്മെ സേവിച്ചത്.

ഒരു ശിഷ്യൻ യേശുവിനെ വഞ്ചിച്ചു, മറ്റൊരു ശിഷ്യൻ അവിടത്തെ തള്ളിപ്പറഞ്ഞു. യേശുവിന് ഒശാന പാടിയ ജനം, പിന്നീട്, “അവനെ ക്രൂശിക്കുക” എന്ന് ആക്രോശിച്ചപ്പോൾ അവിടന്ന് വഞ്ചിതനായി. യേശുവിനെ അന്യായമായി വിധിച്ച  മതവ്യസ്ഥാപനവും കൈ കഴുകിയ രാഷ്ട്രീയ വ്യവസ്ഥാപനവും അവിടെത്ത വഞ്ചിച്ചു. നമ്മുടെ ജീവിതത്തിൽ നാം അനുഭവിച്ച ചെറുതും വലുതുമായ വഞ്ചനകളെക്കുറിച്ചൊന്നു ചിന്തിക്കുക. ഭയാനകമാണ് നാം അർപ്പിച്ച വിശ്വാസം കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നത്. അപ്പോൾ, ജീവിതത്തിന് ഒരു  അർത്ഥവുമില്ല എന്ന പ്രതീതിയുളവാക്കും വിധമുള്ള ഒരു നിരാശ ഹൃദയത്തിൻറെ അഗാധതയിൽ ജന്മം കൊള്ളുന്നു. ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം നാം ജനച്ചിരിക്കുന്നത് സ്നേഹിക്കപ്പെടാനും സ്നേഹിക്കാനുമാകയാലാണ്. നമ്മോടു വിശ്വസ്തകാട്ടുകയും നമ്മുടെ ചാരെയായിരിക്കുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തവനാൽ വഞ്ചിക്കപ്പെടുന്നത് ഏറ്റവുമധികം വേദനിപ്പിക്കുന്നു. അങ്ങനെയങ്കിൽ സ്നേഹം തന്നെയായ ദൈവത്തിന് അത് എത്രമാത്രം വേദനയുള്ളവാക്കിയിരിക്കുമെന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല.

നമ്മുടെ ആത്മാർത്ഥത?

നമുക്ക് ആത്മശോധന ചെയ്യാം. നാം നമ്മോടുതന്നെ ആത്മാർത്ഥത ഉള്ളവരാണെങ്കിൽ നാം നമ്മുടെ അവിശ്വസ്തത തിരിച്ചറിയും. കള്ളത്തരവും കാപട്യവും ഇരട്ടത്താപ്പും എത്രമാത്രമാണ്! പാലിക്കാത്ത വാഗ്ദാനങ്ങൾ എത്രമാത്രം! കാറ്റിൽ പറത്തിയ പ്രതിജ്ഞകൾ എത്രയേറെയാണ്! കർത്താവ് നമ്മുടെ ഹൃദയം നമ്മെക്കാൾ നല്ലവണ്ണം അറിയുന്നു. നാം എത്ര മാത്രം ബലഹീനരും അസ്ഥിരരും ആണെന്ന് അവിടത്തേക്കറിയാം. നാം എത്ര തവണ വീഴുന്നുവെന്നും, വീണ്ടും എഴുന്നേൽക്കാൻ എത്രമാത്രും ക്ലേശിക്കുന്നുവെന്നും ചില മുറിവുകൾ സൗഖ്യമാക്കുക എത്ര പ്രയാസമേറിയതാണെന്നും അവിടന്നറിയുന്നു. ആകയാൽ നമുക്കുവേണ്ടി, നമ്മെ സേവിക്കുന്നതിനു വേണ്ടി അവിടന്നു ചെയ്തത് എന്താണ്? ഹോസിയ പ്രവാചകനിലൂടെ അവിടന്ന് പറഞ്ഞതിങ്ങനെയാണ്: “ഞാൻ അവരുടെ അവിശ്വസ്തതയുടെ മുറിവുണക്കും. ഞാൻ അവരുടെ മേൽ സ്നേഹം ചൊരിയും” (ഹോസിയ 14,4)  

എൻറെ ദൈവമേ,എന്നെ കൈവെടിഞ്ഞതെന്തേ?

കുരിശിൽ കിടക്കുന്ന യേശു പറയുന്ന ഒരു വാക്യം ഇന്നത്തെ സുവിശേഷത്തിൽ ഉണ്ട്: “ എൻറെ ദൈവമേ, എൻറെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു? (മത്തായി 27,46) അതിശക്തമാണ് ഈ വാക്യം. ശിഷ്യന്മാർ തന്നെ ഉപേക്ഷിച്ച് ഓടി ഒളിച്ചതിൻറെ വേദന യേശു അനുഭവിച്ചു. ഇനി പിതാവു മാത്രമെ തനിക്കുള്ളു. ഇപ്പോൾ, ഏകാന്തതയുടെ അഗാധഗർത്തത്തിൽ നിന്ന് ആദ്യമായി അവിടന്ന് പൊതുവായ ഒരു നാമത്താൽ ദൈവത്തെ വിളിക്കുന്നു. വാസ്തവത്തിൽ ഇത് ഒരു സങ്കീർത്തനവാക്യമാണ് "എന്‍റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ കൈവെടിഞ്ഞു" (സങ്കീ. 22, 2). നിരാനന്ദതയുടെ ഏറ്റം തീവ്രവമായ അനുഭവവും യേശു പ്രാർത്ഥനയാക്കുകയാണ്.

നാം ഒറ്റയ്ക്കല്ല

ഇതൊക്കെ സംഭവിച്ചത് എന്തുകൊണ്ട്? നമ്മെപ്രതിയാണ്, നമ്മെ സേവിക്കുന്നതിനാണ് ഇതൊക്കെ നിറവേറ്റപ്പെട്ടത്. വഴിമുട്ടി നില്ക്കുമ്പോൾ, രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവുമില്ലാത്ത, അന്ധകാരപൂരിതമായ അവസ്ഥയിൽ, ദൈവം നമുക്കുത്തരമരുളുന്നില്ല എന്ന് പ്രതീതമാകുമ്പോൾ, എല്ലാം നാം ഓർക്കണം നാം ഒറ്റയ്ക്കല്ല എന്ന്. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത പരിത്യക്തത യേശു അനുഭവിച്ചത് സകലത്തിലും നമ്മോട് ഒന്നായിത്തീരുന്നതിനാണ്. അവിടന്ന് അതു ചെയ്തത് എനിക്കുവേണ്ടിയാണ്, നിനക്കു വേണ്ടിയാണ്, നമുക്കെല്ലാവർക്കും വേണ്ടിയാണ്. നീ ഭയപ്പെടേണ്ട എന്ന് നമ്മോടു പറയുന്നതിനുവേണ്ടിയാണ് അവിടന്ന് ഇതു ചെയ്തത്.... യേശു നമ്മോടൊരോരുത്തരോടും പറയുന്നു: ധൈര്യമായിരിക്കൂ, നിൻറെ ഹൃദയം എൻറെ സ്നേഹത്തിന് തുറന്നിടൂ. നിന്നെ താങ്ങി നിറുത്തുന്ന ദൈവത്തിൻറെ സാന്ത്വനം നീ അനുഭവിക്കും”

പരസേവനോന്മുഖ ജീവിതം

നാം ഇപ്പോൾ അനുഭവിക്കുന്ന ദുരന്തം നമ്മെ ഓർമ്മിപ്പിക്കുന്നത് ഗൗരവമുള്ളവയെ അപ്രകാരം കാണണമെന്നും അപ്രധാനമായവയിൽ കുടുങ്ങിക്കിടരുതെന്നുമാണ്. പരസേവനത്തിനായി വിനിയോഗിക്കാത്ത പക്ഷം ജീവിതം കൊണ്ട് യാതൊരുപകരാവുമില്ലെന്ന് വീണ്ടും കണ്ടെത്താനാണ്. കാരണം ജീവിതത്തിൻറെ അളവുകോൽ സ്നേഹമാണ്. നമുക്കില്ലാത്തവയെക്കുറിച്ച് ആകുലപ്പെടാതെ എന്തു നന്മ അപരന് ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ചു ചിന്തിക്കുക........

ദൈവത്തിനും മറ്റുള്ളവർക്കുമായി ജീവിതം ഉഴിഞ്ഞു വയ്ക്കാൻ ഭയപ്പെടേണ്ടതില്ല. എന്തെന്നാൽ നാം നമ്മെത്തന്നെ ദാനമായി നല്കുമ്പോൾ ലഭിക്കുന്നതാണ് ജീവൻ. യേശു നമ്മോടു ചെയ്തതു പോലെ സ്നേഹത്തോടു നിരുപാധികം സമ്മതമരുളുമ്പോഴാണ് ഏറ്റം അഗാധമായ ആനന്ദം നമുക്കുണ്ടാകുക.

ഈ വാക്കുകളിലാണ് പാപ്പാ തൻറെ വിചിന്തനം ഉപസംഹരിച്ചത്.

യുവജനദിനക്കുരിശു കൈമാറ്റം നവമ്പർ 22-ന്

ദിവ്യബലിയുടെ സമാപനാശീർവാദത്തിനു മുമ്പായി പാപ്പാ ത്രികാല പ്രാർത്ഥന നയിച്ചു. ഈ പ്രാർത്ഥനയ്ക്ക് മുമ്പ് പാപ്പാ ഓശാനത്തിരുന്നാൾക്കുർബ്ബാനയിൽ ദൃശ്യശാവ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുചേർന്നവരെ അഭിവാദ്യം ചെയ്യുകയും അനുവർഷം ഓശാന ഞായറാഴ്ച രൂപതാതലത്തിൽ യുവജന ദിനം ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയും ചെയ്തു. 

ലോകയുവജന ദിന കുരിശ് ഈ ഓശാന ഞായറാഴ്ച, കഴിഞ്ഞ ആഗോളയുവജന ദിനാചരണത്തിൻറെ വേദിയായിരുന്ന പാനമയിലെ യുവജനം അടുത്ത ആഗോളയുവജന സംഗമത്തിൻറെ വേദിയായ ലിസ്ബണിലെ യുവജനത്തിന് കൈമാറേണ്ടിയിരുന്നതാണെന്ന് അനുസ്മരിച്ച പാപ്പാ കൊറോണ വൈറസുമൂലം ഇന്ന് ലോകത്തിൽ സംജാതമായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രസ്തുത കുരിശുകൈമാറ്റ ചടങ്ങ് ക്രിസ്തു രാജൻറെ തിരുന്നാൾ ദിനമായ നവമ്പർ 22-ലേക്കു മാറ്റയിരിക്കയാണെന്ന് അറിയിച്ചു.

ആ ഒരു വേളയ്ക്കായുള്ള കാത്തിരിപ്പിൻറെ അവസരത്തിൽ പ്രത്യാശയും ഉദാരതയും ഐക്യദാർഢ്യവും ഊട്ടി വളർത്താനും അവയക്ക് സാക്ഷ്യമേകാനും പാപ്പാ യുവതയ്ക്ക് പ്രചോദനം പകർന്നു.

കഷ്ടപ്പാടിൻറെതായ ഈ കാലഘട്ടത്തിൽ പ്രത്യാശയും ഉദാരതയും ഐക്യദാർഢ്യവും നമുക്ക് ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.

യു എൻ സമാധാന ദിനം, ഏപ്രിൽ 6

ഏപ്രില്‍ 6-ന് ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ആഭിമുഖ്യത്തിൽ ആചരിക്കുന്ന സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ആഗോള കായികദിനത്തെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു. 

ഈ കാലയളവിൽ പല പരിപാടികളും മാറ്റി വച്ചിരിക്കയാണെന്നും എന്നാൽ കായികവിനോദത്തിൻറെ കൂടുതൽ നല്ല ഫലങ്ങൾ, അതായത്, ആത്മസംയമനം, കൂട്ടായ്മയുടെയും സാഹോദര്യത്തിൻറെയും അവനവനിലുള്ള ഏറ്റവും മെച്ചമായത് നല്കലിൻറെയും ചൈതന്യം, ഉണ്ടാകുമെന്നും പാപ്പാ പറഞ്ഞു. 

വിശുദ്ധവാരാചരണത്തിൽ ആത്മീയമായി പങ്കുചേരുക

യേശുവിൻറെ പീഢാസഹനമരണോത്ഥാനങ്ങളുടെതായ വിശുദ്ധവാരത്തിൽ വിശ്വാസത്തോടുകൂടി ചരിക്കാൻ പാപ്പാ വിശ്വാസികളെ ക്ഷണിക്കുകയും വീടുകളില്‍ ഇരുന്നുകൊണ്ട് സാങ്കേതികവിദ്യകളുടെ സഹായത്താൽ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളിൽ പങ്കു ചേരാൻ പ്രചോദനം പകരുകയും ചെയ്തു. 

രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടും ത്യാഗപൂർവ്വം രോഗീപരിചരണത്തിലേർപ്പെട്ടിരിക്കുന്നവരോടും ആത്മീയമായി ഒന്നുചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ഉത്ഥാന മഹത്വത്തിലേക്കു നയിക്കുന്ന കുരിശിൻറെ വഴിയിൽ യേശുവിനെ പിൻചെല്ലുന്നതിനാവശ്യമായ ആന്തരിക മൗനവും ഹൃദയത്തിൻറെ കാഴ്ചയും സ്നേഹഭരിതമായ വിശ്വാസവും പരിശുദ്ധ കന്യകാ മറിയത്തിൽ നിന്നു പഠിക്കാൻ വിശ്വാസികളേവരെയും ഉപദേശിച്ച പാപ്പാ മറിയം നമ്മോടൊപ്പം സഞ്ചരിക്കുകയും നമ്മുടെ പ്രത്യാശയെ താങ്ങി നിറുത്തുകയും ചെയ്യുമെന്ന് ഉദ്ബോധിപ്പിച്ചു.

 

06 April 2020, 12:29