തിരയുക

പാപ്പാ പെസഹാ ജാഗരണ ദിവ്യബലിയില്... പാപ്പാ പെസഹാ ജാഗരണ ദിവ്യബലിയില്... 

വിശുദ്ധിയുടെ വേലിക്കെട്ടിൽ പ്രത്യാശയെ തളച്ചിടരുത്

പാപ്പായുടെ പെസഹാ ജാഗരണ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുവിന്‍റെ മരണത്തിൽ പെട്ടെന്നുണ്ടായ ദുരന്തത്തിന്‍റെ വേദനയും ഭയവും നിലനിൽക്കെ തന്നെ ശനിയാഴ്ച്ച രാത്രിയിൽ മരവിച്ചു പോകാത്ത മനസ്സുമായി, സ്നേഹത്തെ നിഷേധിക്കാതെ, യേശുവിന്‍റെ ശരീരത്തിൽ പൂശാൻ സുഗന്ധക്കൂട്ട് തയാറാക്കുന്ന അസാധാരണ കാര്യം ചെയ്ത  സ്ത്രീകളേയും അതേ സമയം പ്രത്യാശയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന പരിശുദ്ധ അമ്മയേയും, ഭൂമിയിൽ പുതുജീവൻ മുളപ്പിക്കാൻ ഒരു വിത്തിനെ പോലെ കാത്തിരുന്ന യേശുവിനെയും കുറിച്ച് പറഞ്ഞു കൊണ്ടാണ് പാപ്പാ തന്‍റെ വചന വിചിന്തനം ആരംഭിച്ചത്.

പ്രാർത്ഥനയും സ്നേഹവും കൊണ്ട് പ്രത്യാശയുടെ തോട് പൊട്ടിക്കാൻ സഹായിച്ച സ്ത്രീകളെപ്പോലെ ഇന്നത്തെ  മഹാവ്യാധിയുടെ ദുരന്തത്തിൽ എത്രയെത്ര പേർ സ്നേഹപ്രവർത്തികളിലൂടെയും, പ്രാർത്ഥനയിലൂടെയും പ്രത്യാശയുടെ വിത്തുകൾ വിതയ്ക്കുന്നു എന്ന് പാപ്പാ നിരീക്ഷിച്ചു.

പുലരിയിൽ കുഴിമാടത്തിലെത്തിയ സ്ത്രീകളോടു  ഭയപ്പെടേണ്ട എന്ന് പറയുന്ന ദൈവദൂതനും അത് ഉറപ്പിക്കുന്ന ഉത്ഥിതനും നൽകുന്നത് ഉയിർപ്പിന്‍റെ പ്രത്യാശയുടെ പ്രഘോഷണമാണ് എന്നും അത് തന്നെയാണ് ഇന്ന് നമുക്കുമുള്ള സന്ദേശമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഈ രാത്രിയിൽ ആർക്കും നമ്മില്‍ നിന്നും തട്ടിയെടുക്കാനാവാത്ത ഒരവകാശമാണ് നാം നേടിയെടുത്തത് അത് പ്രത്യാശയ്ക്കുള്ള അവകാശമാണെന്ന് പാപ്പാ  അറിയിച്ചു. ദൈവത്തിൽ നിന്നു വരുന്ന ജീവസ്സുറ്റ പ്രത്യാശ സ്വർഗ്ഗത്തിൽ നിന്നുള്ള ദാനമാണ്. ഈ ദിനങ്ങളിൽ എല്ലാം ശരിയാകും എന്ന് ആവേശപൂർവ്വം പറയുന്ന നമ്മൾ ദിവസങ്ങൾ കഴിയുംതോറും പ്രതീക്ഷ ഉപേക്ഷിക്കുന്നവരാകാം എന്നാൽ ക്രിസ്തു നൽകുന്ന പ്രത്യാശ ദൈവത്തിന് എല്ലാം നന്മയ്ക്കായി മാറ്റാൻ കഴിയുമെന്ന ഉറപ്പ് ഹൃദയത്തിൽ നിറയ്ക്കുന്നതാണ്. കാരണം അത് കല്ലറയിൽ നിന്ന് പോലും ജീവൻ പുറപ്പെടുവിക്കുന്നു. വിശ്വസ്ഥനായ ദൈവം നമ്മെ തനിച്ചാക്കിയിട്ടില്ലെന്നും നമ്മുടെ എല്ലാ സാഹചര്യങ്ങളിലും വേദനയിലും ആകുലതയിലും മരണത്തിലും യേശു പങ്കുചേർന്നെന്നും നമ്മുടെ പ്രത്യാശയുടെ മേല്‍ വച്ച കല്ലുകൾ നീക്കാൻ യേശുവിന് കഴിയുമെന്നും പാപ്പാ പറഞ്ഞു. ഇരുളും മരണവുമല്ല അവസാന വാക്കെന്നും അതിനാൽ ധൈര്യമായിരിക്കുക എന്നതാണ് ഉയിർപ്പിന്‍റെ പ്രത്യാശയുടെ പ്രലോഷണമെന്നും പാപ്പാ പ്രഘോഷിച്ചു.

പ്രത്യാശയുടെ പ്രഖ്യാപനത്തിൽ അടങ്ങിയുള്ള അയക്കപ്പെടലിനെ വിശദീകരിച്ച പാപ്പാ ഗലീലിയയിലേക്ക് പോകാനുള്ള ആജ്ഞയെ തങ്ങളുടെ ആദ്യ വിളിയിടത്തിലേക്കുള്ള ഒരു തിരിച്ചു പോക്കായിട്ടാണ് കാണിച്ചത്. ദൈവം തങ്ങളെ സ്നേഹിച്ചതും വിളിച്ചതും ഓർമ്മിച്ച്, തങ്ങളുടെ അനുദിന ജീവിതത്തിൽ പ്രത്യാശ കൊണ്ടുവരാനുള്ള തിരിച്ചു പോക്കാണത്. എന്നാൽ ഗലീലി അവർ അപ്പോൾ നിന്നിരുന്ന വിശുദ്ധ നഗരമായ ജെറൂസലേമിൽ നിന്ന് അകലെയായിരുന്നു. ഭൂമി ശാസ്ത്രപരമായി  മാത്രമല്ല വിശുദ്ധിയുടെ കാര്യത്തിലും. അങ്ങനെ പാപ്പാ ഇവിടെ നമ്മെ രണ്ടു കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. ഒന്ന് സുവിശേഷ പ്രഘോഷണത്തിന്‍റെ യാത്രയിൽ ദൈവത്തിന്‍റെ സ്നേഹം അനുഭവിച്ച  വിളിയുടെ ആരംഭത്തിന്‍റെ ഓർമ്മ വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് പ്രത്യാശയുടെ പ്രഘോഷണം നമ്മുടെ വിശുദ്ധിയുടെ വേലിക്കെട്ടിൽ തളച്ചിടാനുള്ളതല്ല അത് സകലരിലും എല്ലാത്തരം ജനതതികളിലും എത്തിക്കേണ്ടതാണ്.

മരണത്തിനു മുന്നിൽ ജീവന്‍റെ പ്രത്യാശ പ്രഖ്യാപിക്കുന്ന ക്രിസ്ത്യാനികളാകാനും അത് എല്ലാ ഗലീലിയകളിലും എത്തിക്കാനും ആഹ്വാനം ചെയ്ത പാപ്പാ മരണത്തിന്‍റെ അട്ടഹാസങ്ങളെ നിശബ്ദമാക്കാനും യുദ്ധങ്ങൾ മതിയാക്കാനും, ആയുധങ്ങളുടെ ഉൽപ്പാദനവും വ്യാപാരവും അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. കാരണം നമുക്ക് അപ്പമാണ് തോക്കുകളല്ല ആവശ്യം എന്നും നിഷ്കളങ്ക ജീവനെ കൊന്നൊടുക്കുന്ന ഗർഭഛിദ്രങ്ങൾ നിറുത്താനും ആവശ്യപ്പെട്ട പാപ്പാ, ഉള്ളവൻ ഹൃദയം തുറന്ന് അത്യാവശ്യത്തിനു പോലും ഇല്ലാത്തവന്‍റെ കൈ നിറയ്ക്കാൻ ആഹ്വാനം ചെയ്തു. മരണത്തെ ചവിട്ടി പ്രത്യാശയുടെ വഴിതെളിച്ച പാദങ്ങളെ പുണരുന്ന സ്ത്രീകളെപ്പോലെ പ്രത്യാശ തേടുന്ന തീർത്ഥാടകരായ നമുക്ക് ഉത്ഥിതനായ യേശുവോടു ചേർന്നു നിന്ന്, മരണത്തിന് പുറം തിരിഞ്ഞ് ജീവനാകുന്ന അവനിലേക്ക് ഹൃദയം തുറക്കാനും ആഹ്വാനം ചെയ്തു.

 

13 April 2020, 15:38