തിരയുക

ഫ്രാൻസീസ് പാപ്പാ ലോക ഭൗമ ദിനത്തിൽ പൊതുകൂടിക്കാഴ്ചാ സന്ദേശം  നൽകുന്നു, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ സ്വകാര്യ പഠനമുറിയിൽ 22/04/2020 ഫ്രാൻസീസ് പാപ്പാ ലോക ഭൗമ ദിനത്തിൽ പൊതുകൂടിക്കാഴ്ചാ സന്ദേശം നൽകുന്നു, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ സ്വകാര്യ പഠനമുറിയിൽ 22/04/2020 

"ഭൂമി നമ്മോട് ഒരിക്കലും പൊറുക്കില്ല"!

ഭൂമിക്കെതിരെ നാം പാപം ചെയ്തു.... ഭൂമിയോടുണ്ടായിരിക്കേണ്ട പവിത്രമായ ആദരവിൻറെ പൊരുൾ വീണ്ടും കണ്ടെത്താൻ നാം ഭൗമ ദിനാചരണ വേളയിൽ വിളിക്കപ്പെടുന്നു, ഫ്രാൻസീസ് പാപ്പായുടെ പൊതുർശന പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകജനതയെ ഭീതിയിലാഴ്ത്തി മരണ നൃത്തം ചവിട്ടുന്ന കൊറോണവൈറസും കോവിദ് 19 രോഗവും ലോകത്തിൽ യാതനകൾ വിതച്ചുകൊണ്ട്, ജനജീവിതത്തെ സ്തംഭനാവസ്ഥയിൽ ആക്കിയിരിക്കുന്ന ഒരു സാഹചര്യത്തിൽ, പ്രതിരോധ നടപടികളുടെ ഭാഗമായി,  പാപ്പായുടെ പരിപാടികളിലെല്ലാം ജനങ്ങളുടെ പങ്കാളിത്തം ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. തന്മൂലം ഈ ബുധനാഴ്ചത്തെയും (22/04/20) പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ ജനങ്ങളുടെ ഭാഗഭാഗിത്വം വിനിമയ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു. പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ ഘടനയ്ക്ക് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന് പാപ്പാ  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു.

വചനം

"അവിടന്ന് കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. കാഴ്ചയ്ക്ക് കൗതുകവും ഭക്ഷിക്കാൻ സ്വാദുമുള്ള പഴങ്ങൾ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടന്ന് മണ്ണിൽ നിന്നു പുറപ്പെടുവിച്ചു. ജീവൻറെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷവും തോട്ടത്തിൻറെ നടുവിൽ അവൻ വളർത്തി....... ഏദൻ തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി”. ഉൽപ്പത്തി, 2,8-9,15   

ഈ വായനയ്ക്കു ശേഷം പാപ്പാ, തന്നെ മാദ്ധ്യമങ്ങളിലുടെ കാണുകയും ശ്രവിക്കുകയും ചെയ്യുന്നവരെ സംബോധന ചെയ്തു. അനുവർഷം ഏപ്രിൽ 22-ന് ലോക ഭൗമ ദിനം ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അമ്പതാം ലോക ഭൗമ ദിനം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പാപ്പാ ഇറ്റാലിയ൯ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

പ്രതിബദ്ധതാ നവീകരണ വേള!

ഇന്നു നമ്മൾ അമ്പതാം ലോക ഭൗമദിനം ആചരിക്കുകയാണ്. നമ്മുടെ പൊതുഭവനത്തെ സ്നേഹിക്കാനും അതിനെയും നമ്മുടെ കുടുംബത്തിലെ ഏറ്റം ദുർബലരായ അംഗങ്ങളെയും പരിചരിക്കാനുമുള്ള നമ്മുടെ പ്രതിബദ്ധത നവീകരിക്കാനുമുള്ള അവസരമാണിത്. മഹാമാരിയയായി മാറിയിരിക്കുന്ന കൊറോണവൈറസ് ദുരന്തം കാണിച്ചുതരുന്നതു പോലെ, ആഗോള വെല്ലുവിളികളെ ജയിക്കാൻ നമുക്കു സാധിക്കണമെങ്കിൽ കൂട്ടായ പരിശ്രമവും ഏറ്റം ബലഹീനരായവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും അനിവാര്യമാണ്. “ലൗദാത്തൊ സി” (Laudato si) എന്ന ചാക്രികലേഖനത്തിൻറെ ഉപശീർഷകം തന്നെ “പൊതുഭവനത്തിൻറെ പരിപാലനത്തെ അധികരിച്ച്” എന്നാണ്. “ഈ ലോകത്തിലെ നമ്മുടെ യാത്രയുടെ” സവിശേഷതയായ ഈ ഉത്തരവാദിത്വത്തെക്കുറിച്ച് നമുക്കൊരൽപം ഇന്ന് ചിന്തിക്കാം. പൊതുഭവനത്തെ പരിചരിക്കണമെന്ന അവബോധത്തിൽ നമ്മൾ വളരേണ്ടതുണ്ട്.

നാം ഭൗമികർ മാത്രമല്ല

നമ്മൾ ഭൗമിക ദ്രവ്യങ്ങളാൽ നിർമ്മിതരാണ്. ഭൂമിയുടെ ഫലങ്ങളാണ് നമ്മുടെ ജീവിതത്തെ താങ്ങി നിറുത്തുന്നത്. എന്നാൽ നമ്മൾ, ഉൽപത്തിപ്പുസ്തകം ഓർമ്മപ്പെടുത്തുന്നതു പോലെ, വെറും ഭൗമികരല്ല. ദൈവത്തിൽ നിന്നുള്ള ജീവൻറെ ശാസം നമ്മിലുണ്ട്. (ഉൽപത്തി 2,4-7). ആകയാൽ ഏക മാനവ കുടുംബം പോലെയും ദൈവത്തിൻറെ ഇതര സൃഷ്ടികളുമായുള്ള ജൈവവൈവിധ്യത്തോടുകൂടിയും നാം പൊതുഭവനത്തിൽ ജീവിക്കുന്നു. സകല സൃഷ്ടികളെയും പരിപാലിക്കാനും ആദരിക്കാനും നമ്മുടെ സഹോദരീസഹോദരങ്ങളെ, പ്രത്യേകിച്ച്, ഏറ്റം ബലഹീനരെ സ്നേഹിക്കാനും അവരോടു അനുകമ്പ കാട്ടാനും നമ്മൾ, ദൈവത്തിൻറെ ഛായ (imago Dei) എന്ന നിലയിൽ, വിളിക്കപ്പെട്ടിരിക്കുന്നു. തൻറെ പുത്രനായ യേശുവിൽ ദൈവം വെളിപ്പെടുത്തിയ, അവിടത്തേക്കു നമ്മോടുള്ള സ്നേഹം അനുകരിച്ചുവേണം നാം ഇതൊക്കെ ചെയ്യേണ്ടത്. ഈ അവസ്ഥ നമ്മളുമായി പങ്കുവയ്ക്കുന്നതിനും നമ്മെ രക്ഷിക്കുന്നതിനുമായി അവിടന്ന് മനുഷ്യനായിത്തീർന്നു.

സ്വാർത്ഥത നമിത്തമാകുന്ന നമ്മുടെ നിരുത്തരവാദിത്തം

എന്നാൽ, ഭൂമിയെ കാത്തുപരിപാലിക്കുകയും അതിൻറെ കാര്യസ്ഥരായിരിക്കുകയും ചെയ്യുകയെന്ന ദൗത്യനിർവ്വഹണത്തിൽ നമ്മുടെ സ്വാർത്ഥതയുടെ ഫലമായി നാം വീഴ്ച വരുത്തിയിരിക്കുന്നു. നമ്മുടെ പൊതുഭവനത്തിന് വലിയ ക്ഷയം സംഭവിച്ചിരിക്കുന്നത് മനസ്സിലാക്കുന്നതിന് യാഥാർത്ഥ്യത്തെ ആത്മാർത്ഥമായി ഒന്നു നോക്കിയാൽ മാത്രം മതി. നാം നമ്മുടെ പൊതുഭവനത്തെ മലിനമാക്കിയിരിക്കുന്നു, കൊള്ളയടിച്ചിരിക്കുന്നു. അങ്ങനെ നമ്മുടെ തന്നെ ജീവിതത്തെ അപകടത്തിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് മനസ്സാക്ഷികളെ ഉണർത്തുന്നതിന് അന്തർദ്ദേശിയവും പ്രാദേശികവുമായ നിരവധി പ്രസ്ഥാനങ്ങൾ രൂപം കൊണ്ടത്. ഈ സംരംഭങ്ങളെ ഞാൻ ആത്മാർത്ഥമായി വിലമതിക്കുന്നു. നമ്മെ താങ്ങി നിറുത്തുന്ന പരിസ്ഥിതിയെ നശിപ്പിച്ചാൽ നമുക്ക് ഭാവിയില്ല എന്ന സുവ്യക്തമായ വസ്തുത നമ്മെ പഠിപ്പിക്കാൻ നമ്മുടെ മക്കൾ തെരുവിലേക്കിറങ്ങേണ്ടത് ഇനിയും ആവശ്യമായിരിക്കുന്നു.

ഭൂമിക്കെതിരായ പാപം

ഭൂമിയെ, നമ്മുടെ ഉദ്യാനത്തെ, നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കുന്നതിൽ നമുക്കു വീഴ്ച പറ്റിയിരിക്കുന്നു. ഭൂമിക്കെതിരായി, നമ്മുടെ അയൽക്കാരനെതിരായി, ആത്യന്തികമായി, സ്രഷ്ടാവിനെതിരായി, നമ്മെ ഓരോരുത്തരെയും പരിപാലിക്കുകയും കൂട്ടായ്മയിലും സമ്പല്‍സമൃദ്ധിയിലും നാം സഹജീവിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്ന നല്ലവനായ പിതാവിനെതിരായി നമ്മൾ പാപം ചെയ്തു. ഭൂമി പ്രതികരിക്കുന്നതെങ്ങിനെയാണ്? സ്പാനിഷ് ഭാഷയിൽ ഒരു ചൊല്ലുണ്ട്: “ദൈവം സദാ പൊറുക്കുന്നു; നമ്മൾ മനുഷ്യർ ചിലപ്പോഴൊക്കെ ക്ഷമിക്കുന്നു; എന്നാൽ ഭൂമി ഒരിക്കലും പൊറുക്കില്ല”. നാം ഭൂമിയെ മലിനമാക്കിയെങ്കിൽ പ്രതികരണം വളരെ മോശമായിരിക്കും.

ഏകതാനത വീണ്ടെടുക്കുക

ഭൂമിയും ശേഷിച്ച നരകുലവുമായുള്ള ലയമാർന്ന ബന്ധം വീണ്ടെടുക്കാൻ നമുക്കെങ്ങനെ സാധിക്കും? നമ്മുടെ പൊതുഭവനത്തെ നോക്കികാണുന്നതിന് നവമായൊരു ശൈലി നമുക്കാവശ്യമായിരിക്കുന്നു. ഭൂമി, ചൂഷണം ചെയ്യേണ്ട വിഭവങ്ങളുടെ ഒരു ശേഖരമല്ല. വിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം, പ്രകൃത്യാ ഉള്ള ലോകം, മനുഷ്യ ജീവനെ രൂപപ്പെടുത്തുന്നതിലും നരകുലത്തിന് അനുഭവിക്കുന്നതിനായുള്ള സകലവും അടങ്ങിയ ഒരു ലോകത്തിന് അസ്തിത്വം ഏകുന്നതിലും പ്രകടമായ ദൈവത്തിൻറെ സർഗ്ഗശക്തിയെ ആവിഷ്ക്കരിക്കുന്ന “സൃഷ്ടിയുടെ സുവിശേഷമാണ്. സൃഷ്ടികർമ്മത്തെക്കുറിച്ചുള്ള ബൈബിൾ വിവരണം അവസാനിക്കുന്നത് ഇങ്ങനെയാണ്: “താൻ സൃഷ്ടിച്ചവയെല്ലാംയ നല്ലതായിരിക്കുന്നുവെന്ന് ദൈവം കണ്ടു” ( ഉൽപത്തി 1,31). കർത്താവിൻറെ കരവേലയെ നശിപ്പിച്ചത് നമ്മളാണ്. 

ഭൂമിയോടുള്ള ആദരവ്

ഇന്ന് നാം ലോക ഭൗമ ദിനം ആചരിക്കുന്ന വേളയിൽ നാം വിളിക്കപ്പെടുന്നത് ഭൂമിയോടുണ്ടായിരിക്കേണ്ട പവിത്രമായ ആദരവിൻറെ പൊരുൾ വീണ്ടും കണ്ടെത്താനാണ്. കാരണം ഭൂമി നമ്മുടെ മാത്രമല്ല ദൈവത്തിൻറെയും ഭവനമാണ്. വിശുദ്ധമായ മണ്ണിലാണ് നാം നില്ക്കുന്നതെന്ന അവബോധം നമുക്കുണ്ടാകുന്നത് അതിൽ നിന്നാണ്.   

പ്രിയ സഹോദരീ സഹോദരന്മാരേ, “ദൈവം നമ്മുടെ ഉള്ളിൽ നിക്ഷേപിച്ചിരിക്കുന്ന സൗന്ദര്യാത്മകവും ധ്യാനാത്മകവുമായ അവബോധത്തെ തട്ടിയുണർത്താം” (സിനഡാനന്തര അപ്പസ്തോലികോപദേശം “ക്വെരീദ ആമസോണ”യ" 56 - Querida Amazonia). പ്രവചനപരമായ മനനാത്മക ദാനം, പ്രത്യേകിച്ച്, തദ്ദേശീയ ജനതകളിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയുന്ന ഒന്നാണ്. ഭൂമിയെ നാം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തില്ലെങ്കിൽ അതിനെ പരിപാലിക്കാൻ നമുക്കാകില്ലയെന്ന് അവർ നമ്മെ പഠിപ്പിക്കുന്നു.

രചനാത്മകമായ പാരിസ്ഥിതിക പ്രവർത്തനങ്ങൾ

അതോടൊപ്പം തന്നെ, നമുക്ക് സമൂർത്ത കർമ്മങ്ങളിൽ ആവിഷ്കൃതമാകുന്ന പാരിസ്ഥിതിക പരിവർത്തനവും ആവശ്യമാണ്. ഏകവും പരസ്പരാശ്രയമുള്ളതുമായ കുടുംബം എന്ന നിലയിൽ നമുക്ക്, നമ്മുടെ പൊതുഭവനത്തിനെതിരായ ഭീഷണിയകറ്റുന്നതിന് പൊതുവായ ഒരു പദ്ധതിയും ആവശ്യമാണ്. “ഏക ലോകത്തെക്കുറിച്ചും പൊതുവായ ഒരു പദ്ധതിയെക്കുറിച്ചും ചിന്തിക്കാൻ പരസ്പരാശ്രയത്വം നമ്മെ നിർബന്ധിക്കുന്നു” (ലൗദാത്തൊ സി 164). നമ്മുടെ പൊതുഭവനം സംരക്ഷിക്കുന്നതിനു വേണ്ടി അന്താരാഷ്ട്ര സമൂഹം എന്ന നിലയിൽ സഹകരിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് അവബോധമുണ്ട്. ചൈനയിലെ കുൻമിങിൽ ജൈവവൈവിധ്യത്തെ അധികരിച്ചു സംഘടിപ്പിക്കപ്പെടാൻ പോകുന്ന “കോപ് 15” (COP15), ബ്രിട്ടനിലെ ഗ്ലാസ്ഗോയിൽ കാലാവസ്ഥ മാറ്റത്തെ അധികരിച്ചു നടക്കാൻ പോകുന്ന “കോപ് 26” (COP26) എന്നീ സുപ്രധാനങ്ങളായ രണ്ടു സമ്മേളനങ്ങളുടെ ഒരുക്കങ്ങൾക്ക് നേതൃത്വമേകാൻ, ഞാൻ  ഉത്തരവാദിത്വമുള്ളവരെ ആഹ്വാനം ചെയ്യുകയാണ്.

സമൂഹത്തിൽ നന്മ പരത്തുന്ന  കർമ്മങ്ങൾ

ദേശീയ പ്രാദേശിക തലങ്ങളിൽ അനുയോജ്യങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് പ്രചോദനമേകാൻ ഞാൻ അഭിലഷിക്കുന്നു. സമൂഹത്തിൻറെ എല്ലാ തട്ടുകളിലുള്ളവരെയും ഒരുമിച്ചു കൊണ്ടുവരുകയും  “അടിത്തട്ടിൽ” നിന്നുള്ളവരുൾപ്പെട്ട ജനകീയ പ്രസ്ഥാനത്തിന് രൂപം നല്കുകയും ചെയ്യുക ഉചിതമാണ്. ഇന്ന് നാം ആചരിക്കുന്ന ആഗോള ഭൗമ ദിനംതന്നെ ജന്മംകൊണ്ടത് അപ്രകാരമാണ്. തനതായ ചെറു സംഭാവനകളേകാൻ നമുക്കോരോരുത്തർക്കും സാധിക്കും. “ഈ പരിശ്രമങ്ങൾക്ക് ലോകത്തെ മാറ്റാൻ കഴിയില്ല എന്ന് ചിന്തിക്കരുത്. ഈ കർമ്മങ്ങൾ സമൂഹത്തിൽ നന്മപരത്തും. തിട്ടപ്പെടുത്താനാവത്ത ഫലങ്ങൾ പുറപ്പെടുവിക്കും. കാരണം ചിലപ്പോഴൊക്കെ അദൃശ്യമായിട്ടാണെങ്കിലും, പരക്കുന്ന പ്രവണതയുള്ള നന്മയെ ഈ ഭൂമിയുടെ മടിത്തട്ടിൽ അത് തട്ടിയുണർത്തുന്നു”(ലൗദാത്തൊ സി 212).

സമാപനം

നവീകരണത്തിൻറെതായ ഈ ഉയിർപ്പുകാലത്തിൽ നമുക്ക് നമ്മുടെ പൊതുഭവനമായ ഭൂമിയെന്ന മഹത്തായ ദാനത്തെ സ്നേഹിക്കാനും വിലമതിക്കാനും മാനവകുടുംബത്തിലെ എല്ലാ അംഗങ്ങളെയും പരിചരിക്കാനും പരിശ്രമിക്കാം. സഹോദരീ സഹോദരന്മാരെപ്പോലെ നമുക്ക് നമ്മുടെ സ്വർഗ്ഗീയ പിതാവിനെ വിളിച്ചപേക്ഷിക്കാം: “അങ്ങയുടെ ആത്മാവിനെ അയക്കുകയും ഭൂമുഖത്തെ നവീകരിക്കുകയും ചെയ്യണമേ” (സങ്കീർത്തനം 104,30).നന്ദി.   

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 April 2020, 12:17