തിരയുക

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിലെ തൻറെ സ്വകാര്യ പഠനമുറിയിലിരുന്നു പൊതുദർശനസന്ദേശം നല്കുന്നു, 15/04/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിലെ തൻറെ സ്വകാര്യ പഠനമുറിയിലിരുന്നു പൊതുദർശനസന്ദേശം നല്കുന്നു, 15/04/2020 

സമാധാന ശില്പികളും ക്രിസ്തു പ്രദാനം ചെയ്യുന്ന ശാന്തിയും!

ക്രിസ്തുവിൻറെ സമാധാനം സകലത്തെയും ഒന്നാക്കിത്തീർക്കുന്നു. എന്നാൽ സാമ്പത്തികമോ ധനപരമോ ആയ താല്പര്യങ്ങൾ മുൻനിറുത്തിയുള്ള ഒരു ആഗോളവത്ക്കരണത്തിൻറെ ചട്ടക്കൂട്ടിൽ, ചിലരുടെ “സമാധനം” മറ്റുള്ളവരുടെ യുദ്ധമാണെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.- ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊറോണവൈറസും കോവിദ് 19 രോഗവും ലോകത്തിൽ യാതനകൾ വിതച്ചുകൊണ്ട് ജനജീവിതം സ്തംഭനാവസ്ഥയിലാക്കിയിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ  പാപ്പായുടെ പരിപാടികളിലെല്ലാം ജനങ്ങളുടെ പങ്കാളിത്തം ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. തന്മൂലം ഈ ബുധനാഴ്ചത്തെയും (15/04/20) പ്രതിവാരപൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ ജനങ്ങളുടെ ഭാഗഭാഗിത്വം വിനിമയ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു. പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ ഘടനയ്ക്ക് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന് പാപ്പാ  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു.  അതിനുശേഷം പാപ്പാ, തന്നെ മാദ്ധ്യമങ്ങളിലുടെ കാണുകയും ശ്രവിക്കുകയും ചെയ്യുന്നവരെ സംബോധന ചെയ്തു. സുവിശേഷസൗഭാഗ്യങ്ങളെക്കുറിച്ച് താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ നടത്തിപ്പോരുന്ന പ്രബോധനപരമ്പര ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച പാപ്പാ ഇറ്റാലിയ൯ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

പാപ്പായുടെ പ്രഭാഷണം: സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

ഇന്നത്തെ പ്രബോധനം ഏഴാമത്തെ, അതായത്, ദൈവമക്കൾ എന്ന് വിളിക്കപ്പെടാൻ പോകുന്ന സമാധാനപ്രവർത്തകരെക്കുറിച്ചു പരാമർശിക്കുന്ന, സുവിശേഷ സൗഭാഗ്യത്തെ അധികരിച്ചാണ്. ഈ സൗഭാഗ്യത്തെ കുറിച്ചുള്ള വിചിന്തനം ഉയിർപ്പുതിരുന്നാളനന്തരം ഉടനെ ആയതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം പൗലോസപ്പസ്തോലൻറെ ലേഖനത്തിൽ നാം വായിച്ചു കേട്ടതു പോലെ ക്രിസ്തുവിൻറെ ശാന്തിയാണ് അവിടത്തെ മരണോത്ഥാനങ്ങളുടെ ഫലം. ഈ സൗഭാഗ്യം എന്താണെന്നു ഗ്രഹിക്കണമെങ്കിൽ തെറ്റിദ്ധരിക്കപ്പെടാവുന്നതും ചിലപ്പോഴൊക്കെ നിസ്സാരവല്ക്കരിക്കപ്പെടാവുന്നതുമായ “സമാധാനം” എന്ന വാക്കിൻറെ പൊരുൾ എന്തെന്ന് വിശദീകരിക്കേണ്ടത് ആവശ്യമാണ്.

സമാധാനത്തിൻറെ പൊരുൾ : ഷാലോം

സമാധാനമെന്ന വാക്കിൻറെ രണ്ടു മാനങ്ങൾ വിശകലനം ചെയ്യേണ്ടിരിക്കുന്നു. ഇവയിൽ ആദ്യത്തേത് ബൈബിളിലെ വീക്ഷണമാണ്, സമൃദ്ധി, ഐശ്വര്യം, സുസ്ഥിതി എന്നിവയെ ആവിഷ്ക്കരിക്കുന്ന “ഷാലോം” എന്ന മനോഹരമായ വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഹീബ്രു ഭാഷയിൽ “ഷാലോം” ആശംസിക്കുമ്പോൾ സുന്ദരവും സമ്പൂർണ്ണവും സമൃദ്ധിയുമുള്ളതും ഒപ്പം സമാധാനരാജനായ മിശിഹായിൽ പൂർത്തീകരിക്കപ്പെടുന്ന സത്യത്തിലും നീതിയിലും അധിഷ്ഠിതമായതുമായ ഒരു ജീവിതമാണ് നേരുന്നത്. (ഏശയ്യാ 9,6; മിക്കാ 5,4-5).

ആന്തരിക സ്വസ്ഥത

ഇനി സമാധാനം എന്ന വാക്കിൻറെ കൂടുതൽ വ്യാപകമായ മാനം. ഇവിടെ “ശാന്തി” എന്ന പദം ഉപയോഗിക്കുന്നത് ഒരുതരം ആന്തരിക സ്വസ്ഥതയെ സൂചിപ്പിക്കാനാണ്. എനിക്ക് സ്വസ്ഥതയുണ്ട്, എനിക്കു സമാധാനമുണ്ട് എന്നൊക്കെ പറയാം. ഇത് ആധുനികവും മനശാസ്ത്രതലത്തിലുള്ളതും കർതൃനിഷ്ഠവുമായ ഒരാശയമാണ്. സമാധാനമെന്നത് ആന്തരികമായ ശാന്തതയും ഏകതാനതയും സന്തുലിതാവസ്ഥയുമാണ് എന്ന പൊതുവായ ഒരു ധാരണയുണ്ട്. സമാധാനം എന്ന വാക്കിൻറെ ഈ രണ്ടാമത്തെ ആശയം അപൂർണ്ണമാണ്, അതിന് അഖണ്ഡത കല്പിക്കാനാകില്ല. കാരണം ജീവിതത്തിൽ അസ്വസ്ഥത സുപ്രധാനമായ വളർച്ചയുടെ ഒരു നമിഷമാകാം. കർത്താവുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാം അണയേണ്ടതിന്, ചിലപ്പോൾ, അവിടന്നു തന്നെ അസ്വസ്ഥതയുടെ വിത്ത്  നമ്മിൽ വിതയ്ക്കുന്നു. ഈ അർത്ഥത്തിൽ അത് വളർച്ചയുടെ സുപ്രധാന വേളയാണ്. അതേ സമയം, ആന്തരിക ശാന്തതയാകട്ടെ മെരുക്കിയെടുത്തതും യഥാർത്ഥ ആദ്ധ്യാത്മിക വീണ്ടെടുപ്പോന്മുഖമല്ലാത്തുമായ ഒരു മനസ്സാക്ഷിയുടേതാകാം. കർത്താവിന്, പലപ്പോഴും, നമ്മുടെ വ്യാജ സുരക്ഷിതത്വത്തെ പിടിച്ചുലച്ചുകൊണ്ട് നമ്മെ രക്ഷയിലേക്കാനയിക്കുന്ന “വൈരുദ്ധ്യത്തിൻറെ അടയാളം” (ലൂക്കാ 2,34-35) ആകേണ്ടി വരുന്നു. ആ സമയത്ത് സമാധാനത്തിൻറെ അഭാവം അനുഭവപ്പെടുന്ന ഒരു പ്രതീതിയുണ്ടാകാം. എന്നാൽ കർത്താവു പ്രദാനം ചെയ്യുന്ന സമാധാനത്തിലെത്തിച്ചേരാൻ അവിടന്നു തന്നെ നമ്മെ ആ പാതയിലാക്കുകയാണ്. 

യേശുവിൻറെ ശാന്തി

ഇവിടെ നാം ഒരു കാര്യം ഓർക്കണം, കർത്താവ് ഉദ്ദേശിക്കുന്ന സമാധാനം മാനുഷികമല്ല, ലോകത്തിൻറെതല്ല എന്ന്. അവിടന്ന് അരുളിച്ചെയുന്നു: “ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു, എൻറെ സമാധാനം ഞാൻ നിങ്ങൾക്കു നല്കുന്നു. ലോകം നല്കുന്നതു പോലെയല്ല ഞാൻ നല്കുന്നത്” (യോഹന്നാൻ 14,27). ഈ ശാന്തി വ്യതിരിക്തമാണ്. ലോകത്തിൻറേതിൽ നിന്ന് വിഭിന്നമായ ഒരു ശാന്തിയാണ് യേശുവിൻറേത്.

നമുക്കു ചിന്തിക്കാം: ലോകം ശാന്തി പ്രദാനം ചെയ്യുന്നത് എങ്ങിനെയാണ്? സായുധ സംഘർഷങ്ങളെക്കുറിച്ച്, യുദ്ധങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അവ അവസാനിക്കുന്നത് സാധാരണഗതിയിൽ രണ്ടു തരത്തിലാണെന്നു കാണാം: ഒന്നുകിൽ ഒരു വിഭാഗത്തിൻറെ തോൽവിയിൽ, അല്ലെങ്കിൽ, സമാധാന ഉടമ്പടിയിൽ. എന്നും അന്ത്യം ഈ രണ്ടാമത്തെ പാതയിലായിരിക്കട്ടെ എന്ന് നമ്മൾ ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണം. എന്നാൽ, പൊട്ടിപ്പുറപ്പെടുന്ന തുടർ യുദ്ധങ്ങളാലോ അല്ലെങ്കിൽ ഭിന്ന രൂപമെടുക്കുന്ന അതേ യുദ്ധത്താലോ അല്ലെങ്കിൽ മറ്റിടങ്ങളിൽ ആരംഭിക്കുന്ന പോരാട്ടങ്ങളാലോ ഖണ്ഡിക്കപ്പെടുന്ന സമാധാന ഉടമ്പടികളുടെ അനന്തമായി നീളുന്ന ഒരു പരമ്പര തന്നെയുണ്ട് എന്നത് നാം പരിഗണിക്കണം. നമ്മുടെ ഈ കാലഘട്ടത്തിലും പല രൂപങ്ങളിൽ, പലയിടങ്ങളിൽ “നുറുങ്ങു യുദ്ധങ്ങൾ” അരങ്ങേറുന്നുണ്ട്. സർവ്വോപരി, സാമ്പത്തികമോ ധനപരമോ ആയ താല്പര്യങ്ങൾ മുൻനിറുത്തിയുള്ള ഒരു ആഗോളവത്ക്കരണത്തിൻറെ ചട്ടക്കൂട്ടിൽ, ചിലരുടെ “സമാധനം” മറ്റുള്ളവരുടെ യുദ്ധമാണെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഇതല്ല ക്രിസ്തുവിൻറെ സമാധാനം.

സകലത്തെയും ഒന്നാക്കിത്തീർക്കുന്ന സമാധാനം

എന്നാൽ കർത്താവായ യേശു അവിടത്തെ സമാധാനം പ്രദാനം ചെയ്യുന്നതെങ്ങനെയാണ്? രണ്ടെണ്ണത്തെ ഒന്നാക്കിത്തീർക്കുന്നതാണ് ക്രിസ്തുവിൻറെ സമാധാനം എന്ന് വിശുദ്ധ പൗലോസപ്പസ്തോലൻ പറയുന്നത് നാം ശ്രവിച്ചു (എഫേസോസ് 2,14) അത് ശത്രുതയ്ക്ക് അറുതി വരുത്തുകയും അനുരഞ്ജനം സാധ്യമാക്കുകയും ചെയ്യുന്നു സമാധാനത്തിൻറെ ഈ കർമ്മം ചെയ്യുന്നതിനുള്ള വഴി അവിടത്തെ ശരീരമാണ്. വാസ്തവത്തിൽ അവിടന്ന് സകലത്തെയും ഒന്നിപ്പിക്കുകയും കുരിശിൽ ചിന്തിയ നിണത്താൽ സമാധാനം സ്ഥാപിക്കുകയും ചെയ്യുന്നു എന്ന് പൗലോസപ്പസ്തോലൻ മറ്റൊരിടത്ത് വ്യക്തമാക്കുന്നുണ്ട്. (കൊളോസോസ് 1,20).

യഥാർത്ഥ സമാധാന ശില്പികൾ

ഇവിടെ ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്, നമുക്കെല്ലാവർക്കും സ്വയം ചോദിക്കാം: ആകയാൽ, ആരാണ് സമാധാന പ്രവർത്തകർ?. ഏഴാമത്തെ സുവിശേഷസൗഭാഗ്യം ഏറ്റം ക്രിയാത്മകമാണ്, പ്രകടമായി പ്രവർത്തനനിരതമാണ്. സൃഷ്ടികർമ്മത്തിൽ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ആദ്യവാക്യത്തോടു സാമ്യമുള്ളതാണ് ഈ വാക്പ്രയോഗം. അത് പ്രാരംഭകത്വത്തെയും കഠിനാദ്ധാനത്തെയും സൂചിപ്പിക്കുന്നതാണ്. സ്നേഹം പ്രകൃത്യാ സൃഷ്ടിപരമാണ്, സ്നേഹം സദാ ക്രിയാത്മകമാണ്. അത് എന്തു വിലകൊടുത്തും അനുരഞ്ജനം തേടുന്നു. സമാധാനകല പഠിക്കുകയും അഭ്യസിക്കുകയും ചെയ്യുന്നവർ ദൈവമക്കളെന്ന് വിളിക്കപ്പെടുന്നു. സ്വജീവൻ നല്കാതെ അനുരഞ്ജനം സാധ്യമല്ലെന്നും എല്ലായ്പ്പോഴും ഏതുവിധേനെയും സമാധാനം അന്വേഷിക്കണമെന്നും അവർക്കറിയാം. സദാ സർവ്വവിധേനെയും.... ഇത് മറക്കരുത്. സമാധാനം അപ്രകാരം തേടണം. സ്വന്തം കഴിവുകൊണ്ട് സ്വയം ചെയ്യാവുന്ന ഒരു കർമ്മമല്ല ഇത്. മറിച്ച്, നമ്മുടെ സമാധാനവും നമ്മെ ദൈവമക്കളാക്കിയവനുമായ ക്രിസ്തുവിൽ നിന്നു ലഭിച്ച കൃപയുടെ ആവിഷ്ക്കാരമാണ്.

വിശുദ്ധർ സമാധാന സംസ്ഥാപകർ

യഥാർത്ഥ “ഷാലോമും” യഥാർത്ഥ ആന്തരിക സന്തുലിതാവസ്ഥയും ക്രിസ്തുവിൻറെ സമാധാനത്തിൽ നിന്ന് പുറപ്പെടുന്നതും അവിടത്തെ കുരിശിൽ നിന്നു വരുന്നതും പുതിയൊരു നരകുലത്തിന് ജന്മമേകുന്നതുമാണ്. അവ,കല്പനാശക്തിയും സർഗ്ഗാത്മകതയുമുള്ളവരും, സ്നേഹിക്കുന്നതിന് എന്നും നൂതന സരണികൾ തേടിയവരുമായ വിശുദ്ധരുടെയും വിശുദ്ധകളുടെയും അനന്ത വൃന്ദത്തിൽ ആവിഷ്കൃതവുമാണ്. വിശുദ്ധരും വിശുദ്ധകളും സമാധാനശിൽപികളാണ്. ദൈവമക്കൾക്കടുത്ത ജീവിതം നയിക്കുന്നവർ, ക്രിസ്തുവിൻറെ നിണത്തെ പ്രതി,  സ്വന്തം സഹോദരങ്ങളെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. അതാണ് യഥാർത്ഥ സന്തോഷം. ഈ സരണയിൽ മുന്നേറുന്നവർ അനുഗ്രഹീതർ.

എല്ലാവർക്കും ഒരിക്കൽകൂടി ക്രിസ്തുവിൻറെ സമാധാനത്തിൽ ഉയിർപ്പുതിരുന്നാൾ ആശംസകൾ. നന്ദി.   

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

 

15 April 2020, 14:59