തിരയുക

VATICAN SOVEREIGN ORDER OF MALTA DIPLOMACY VATICAN SOVEREIGN ORDER OF MALTA DIPLOMACY 

അല്‍മായ നേതാവിന്‍റെ നിര്യാണത്തില്‍ പാപ്പായുടെ അനുശോചനം

മാള്‍ട്ടയുടെ സമുന്നത മിലിട്ടറി സഖ്യത്തിന്‍റെ മഹാഗുരു അന്തരിച്ചു

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ആത്മീയ അല്‍മായ സഖ്യത്തിന്‍റെ തലവന്‍
മാ‌ള്‍ട്ടയുടെ സമുന്നത മിലിട്ടറി സഖ്യത്തിന്‍റെ (Sovereign Military Order of Malta) മഹാഗുരു ജക്കോമോ ദലാ തോറ കാലംചെയ്തു. പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ ദുഃഖം രേഖപ്പെടുത്തി. വിശ്വാസ സംരക്ഷണത്തിനായി സഭയോടു കൂറുപുലര്‍ത്തിയും ഉപവിപ്രവൃത്തികളില്‍ വ്യാപൃതരായും ജീവിക്കുന്ന ഏറെ പുരാതനമായ അല്‍മായ പ്രസ്ഥാനത്തിന്‍റെ ആത്മീയാചാര്യന്‍
ഏപ്രില്‍ 29-Ɔο ബുധനാഴ്ച വെളുപ്പിനാണ് 80-Ɔമത്തെ വയസ്സില്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ റോമിലെ വസതിയില്‍ അന്തരിച്ചത്.

2. അനുശോചന സന്ദേശം
സമര്‍പ്പിതനായ ഈ മഹാനിപുണന്‍റെ നിര്യാണത്തില്‍ മാട്ടയുടെ സമുന്ന സഖ്യത്തിലെ എല്ലാ സഹോദരങ്ങള്‍ക്കും അവരുടെ സഹകാരികള്‍ക്കും പാപ്പാ ഫ്രാന്‍സിസ് അനുശോചനം അറിയിച്ചു. വിശ്വാസവും സംസ്കാരവും കോര്‍ത്തിണക്കി ക്രിസ്തുവിനോടും അവിടുത്തെ സുവിശേഷത്തോടുമുള്ള സമഗ്രമായ വിശ്വസ്തതയില്‍ സഭയുടെ നന്മ ഉന്നംവച്ചു പ്രവര്‍ത്തിച്ച ആത്മീയനായകനായിരുന്നു കാലംചെയ്ത സഹോദരന്‍ ജക്കോമോ എന്ന് വിശേഷിപ്പിച്ചു. വേദനിക്കുന്ന സഹോദരങ്ങള്‍ക്കായി ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും എത്തിച്ചുകൊടുക്കാന്‍ പ്രസ്ഥാനത്തില്‍ തന്നെതന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ച ഈ സഹോദരന്‍റെ ആത്മാവിനെ ദൈവം നിത്യസൗഭാഗ്യത്തില്‍ സ്വീകരിക്കാന്‍ ഇടയാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും വത്തിക്കാനില്‍നിന്നും പ്രസ്ഥാനത്തിന്‍റെ കമാണ്ടര്‍ റൂയി ഗൊങ്കാലോയ്ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെ പാപ്പാ അറിയിച്ചു.

3. മഹാനിപുണനും സമര്‍പ്പിതനും
പുരാവസ്തു ശാസ്ത്രത്തിലും കലാചരിത്രത്തിലും റോമിലെ സപിയെന്‍സാ യൂണിവേഴ്സിറ്റിയില്‍നിന്നും ഡോക്ടര്‍ ബിരുദം കരസ്ഥമാക്കിയിട്ടുള്ള ആത്മീയനിപുണന്‍ ജക്കോമോ ദലാ തോറെ 1985-മുതല്‍ മാ‌ള്‍ട്ടയുടെ സമുന്നത മിലിട്ടറി സഖ്യത്തിന്‍റെ സജീവ പ്രവര്‍ത്തകനാണ്. 1993-ല്‍ സഖ്യത്തിന്‍റെ വ്രതാനുഷ്ഠാന ജീവിതത്തിലേയ്ക്കു പ്രവേശിച്ചശേഷം അദ്ദേഹം ലൊമ്പാര്‍ദിയ, വെനീസ്, റോം എന്നിവിടങ്ങളിലെ പ്രസ്ഥാനത്തിന്‍റെ കൗണ്‍സിലുകളുടെ കമാണ്ടര്‍ സ്ഥാനത്ത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2018-ലാണ് ബ്രദര്‍ ജക്കോമോ സഖ്യത്തിന്‍റെ സമുന്നതസ്ഥാനത്തേയ്ക്ക് 80-Ɔമത്തെ മഹാചാര്യനായി തിരിഞ്ഞെടുക്കപ്പെട്ടത്.

4. സഖ്യത്തിന്‍റെ ഉപവിപ്രവര്‍ത്തനവും
രോഗീപരിചരണവും

മാനവികതയുടെ നന്മയ്ക്കായി, പ്രത്യേകിച്ച് പാവങ്ങളായ രോഗികളുടെ ശുശ്രൂഷയിലും ഉപവിപ്രവര്‍ത്തനങ്ങളിലും ആഴമായ സമര്‍പ്പണം പ്രകടമാക്കിയ ശ്രേഷ്ഠാചാര്യനായിരുന്നു ബ്രദര്‍ ജക്കോമോ ദലാ തോറെയെന്ന് സഖ്യത്തിന്‍റെ ഇപ്പോഴത്തെ കമാണ്ടര്‍ റൂയി ഗൊങ്കാലോ ഏപ്രില്‍ 29-ന് റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. വിശ്വാസ സംരക്ഷണത്തിലും പാവങ്ങളെ സഹായിക്കുന്നതിലും ‘മാള്‍ട്ടയുടെ സമുന്നത സൈന്ന്യം’ പ്രകടമാക്കുന്ന പ്രതിപത്തി ശ്രദ്ധേയമെന്ന് ബ്രദര്‍ ജക്കോമോയുടെ നിയമനം അംഗീകരിച്ച പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചിട്ടുള്ളത് കമാണ്ടര്‍ ഗൊങ്കാലോ അനുസ്മരിച്ചു.

5. വിശ്വാസ സംരക്ഷണവും മാനവിക സേവനവും
വിശ്വാസ സംരക്ഷണത്തിനും വിശുദ്ധനാട്ടില്‍ പുണ്യസ്ഥലങ്ങളുടെ പരിരക്ഷണത്തിനുമായി കുരിശുയുദ്ധകാലത്ത് വാഴ്ത്തപ്പെട്ട ജെരാര്‍ഡ് ജരൂസലേമില്‍ സ്ഥാപിച്ച അല്‍മായര്‍ക്കായുള്ള ആത്മീയ സമൂഹമാണ് 1048-മുതല്‍ മാ‌ള്‍ട്ടയുടെ സമുന്നത സഖ്യം (Sovereign Military Order of Malta) എന്ന പേരില്‍ അറിയപ്പെട്ടത്. സ്ത്രീകളും പുരുഷന്മാരുമായി ഇപ്പോഴും ഇതില്‍ 13,500 അംഗങ്ങളുണ്ട്. അംഗങ്ങളെ പിന്‍തുണയ്ക്കുന്ന എണ്‍പതിനായിരം സന്നദ്ധസേവകരും, ഇരുപത്തയ്യായിരത്തോളം രോഗീപരിചാരകരും പ്രസ്ഥാനത്തിന്‍റെ ഭാഗമാണ്. ആശുപത്രികള്‍, ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, വയോജനങ്ങള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കുമായി ആതുരാലയങ്ങള്‍ എന്നിവയും സഖ്യത്തിന്‍റെ പ്രവര്‍ത്തനമേഖലകളാണ്. റോമിലാണ് ആസ്ഥാനകേന്ദ്രം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 April 2020, 14:31