തിരയുക

Vatican News
2020.04.01 Udienza Generale 2020.04.01 Udienza Generale  (Vatican Media)

വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ ഓര്‍മ്മയില്‍ ഒരു സല്‍പ്രവൃത്തി

ഏപ്രില്‍ 23 - പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍റെ (Saint George) തിരുനാളില്‍ കൊറോണ രോഗികള്‍ക്കായി സമ്മാനം അയച്ചു.

- പാപ്പാ ഫ്രാന്‍സിസ്

കൊറോണ രോഗികളെ ഓര്‍ത്ത്
വൈറസ് ബാധയുടെ തീവ്രതയുള്ള റൊമേനിയ, സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലേയ്ക്കാണ് ഏപ്രില്‍ 23-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് തന്‍റെ നാമഹേതുക തിരുനാളില്‍ വെന്‍റിലേറ്ററുകള്‍ സമ്മാനിച്ചത്. പാപ്പായുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന കര്‍ദ്ദിനാള്‍ അന്ത്രയ ക്രജേസ്ക്കിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. നവസാങ്കേതികതയില്‍ നിര്‍മ്മിച്ച 5 വെന്‍റിലേറ്ററുകള്‍ റൊമേനിയയിലേയ്ക്കും, മൂന്നു വീതം സ്പെയിനിലേയ്ക്കും, വടക്കെ ഇറ്റലിയിലെ ലേച്ചെ (Lecce) നഗരത്തിലേയ്ക്കുമാണ് പാപ്പാ സമ്മാനിച്ചതെന്ന് കര്‍ദ്ദിനാള്‍ ക്രജേസ്കി അറിയിച്ചു.

നല്കുന്നതിലുള്ള ആനന്ദം
തന്‍റെ തിരുനാളില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ധാരാളം ആശംസകളും പ്രാര്‍ത്ഥനകളും വത്തിക്കാനിലേയ്ക്ക് പറന്നെത്തുന്നുണ്ടെങ്കിലും ആരില്‍നിന്നും സമ്മാനങ്ങള്‍ സ്വീകരിക്കാതെ, സഹനത്തിന്‍റെ തീച്ചൂളയില്‍ കഴിയുന്ന രോഗികള്‍ക്കായി സമ്മാനങ്ങള്‍ അയച്ചുകൊടുക്കുന്ന ഏറെ സ്നേഹാര്‍ദ്രമായ പ്രവൃത്തിയാണിതെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.

വിശുദ്ധ ഗീവര്‍ഗ്ഗീസ് ധീരനായ
മനുഷ്യസ്നേഹിയും രക്തസാക്ഷിയും
റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്‍റെ മതപീഡനകാലത്ത്, ക്രിസ്താബ്ദം 303-ല്‍ വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച ധീരയോദ്ധാവായിരുന്നു വിശുദ്ധ ഗീവര്‍ഗ്ഗീസ്. മനുഷ്യരെ കൊന്നുതിന്നിരുന്ന ഒരു വന്‍വ്യാളിയെ കുരിശിന്‍റെ സംരക്ഷണയില്‍ വിശുദ്ധന്‍ വകവരുത്തിയതായി പാരമ്പര്യം പഠിപ്പിക്കുന്നുണ്ട്. തിന്മയ്ക്കെതിരെ ദൈവത്തിലുള്ള വിശ്വാസം വിജയിക്കുമെന്നതിന്‍റെ പ്രതീകം കൂടിയാണ് ജനങ്ങളെ വ്യാളിയില്‍നിന്ന് വിശുദ്ധ ഗീവര്‍ഗ്ഗിസ് സംരക്ഷിച്ച ഈ പാരമ്പര്യകഥ.
 

24 April 2020, 08:01