തിരയുക

ഫ്രാൻസീസ് പാപ്പാ "മാലാഖയുടെ തിങ്കളാഴ്ച "  മദ്ധ്യാഹ്നത്തിൽ ത്രികാലജപം നയിക്കുന്നു, വത്തിക്കാൻ 13/04/2020 ഫ്രാൻസീസ് പാപ്പാ "മാലാഖയുടെ തിങ്കളാഴ്ച " മദ്ധ്യാഹ്നത്തിൽ ത്രികാലജപം നയിക്കുന്നു, വത്തിക്കാൻ 13/04/2020 

മഹിളകളിൽ നിക്ഷിപ്തമായ പ്രേഷിത ദൗത്യം!

ഫ്രാൻസീസ് പാപ്പാ "മാലാഖയുടെ തിങ്കളാഴ്ച " മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ ത്രികാലജപം നയിക്കുന്നതിനു മുമ്പു നടത്തിയ വിചിന്തനം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉയിർപ്പുതിരുന്നാൾ കാലത്തിലെ ആദ്യ തിങ്കളാഴ്ച “മാലഖയുടെ തിങ്കൾ” എന്ന് അറിയപ്പെടുന്നു. സുഗന്ധദ്രവ്യങ്ങളുമായി യേശുവിൻറെ കല്ലറയിങ്കലെത്തുന്ന മഗ്ദലനമറിയവും യോക്കോബിൻറെ അമ്മയായ മറിയവും സലോമിയും ശൂന്യമായ കല്ലറയുടെ അടുത്തു വച്ച് ദൈവദൂതനെ കണ്ടുമുട്ടുന്ന സംഭവം ( (മത്തായി 28,1-10/ മർക്കോസ് 16,1-7) അനുസ്മരിക്കുന്ന ദിനമാണ് “മാലാഖയുടെ തിങ്കൾ”. വത്തിക്കാനിലും മറ്റു പല നാടുകളിലും അന്ന് പൊതു അവധിയാണ്. അനുവർഷം പതിവുള്ളതു പോലെ ഈ ദിനത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു. “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥനയ്ക്കു പകരം ഉയിർപ്പുകാലത്തിൽ ചൊല്ലുന്ന “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന ത്രികാല ജപത്തിന് ആമുഖമായി പാപ്പാ ഒരു സന്ദേശം നല്കി. 

കൊറോണ വൈറസും കോവിദ് 19 രോഗവും ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ, വിശ്വാസികളുടെ അസാന്നിധ്യത്തിൽ തൻറെ പഠനമുറിയിൽ നിന്നായിരുന്നു പാപ്പാ ത്രികാലജപം നയിച്ചത്. ഇക്കാലയളവിൽ പാപ്പാ നയിക്കുന്ന തിരുക്കർമ്മങ്ങളിൽ ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുചേരാനുള്ള സംവിധാനങ്ങൾ വത്തിക്കാൻ ഒരുക്കിയിട്ടുണ്ട്.   

ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ വിചിന്തനത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

ഉത്ഥാന വിളംബരത്തിരത്തിൻറെ മാറ്റൊലി

ഇന്ന്, “മാലാഖയുടെ തിങ്കളാഴ്ച” ക്രിസ്തുവിൻറെ ഉത്ഥാനത്തിൻറെ സന്തോഷദായക പ്രഘോഷണം പ്രതിധ്വനിക്കുന്നു.  യേശുവിൻറെ ശൂന്യമായ കല്ലറ കണ്ട സ്ത്രീകൾ ആ കല്ലറവിട്ട് ഭയത്തോടെ ഓടിപ്പോകുന്നത് സുവിശേഷം, (മത്തായി 28,8-15) വിവരിക്കുന്നുണ്ട്. എന്നാൽ യേശു തന്നെ, വഴിമദ്ധ്യേ, അവർക്ക് പ്രത്യക്ഷനായിക്കൊണ്ട് അവരോടു പറയുന്നു: “ഭയപ്പെടേണ്ട, നിങ്ങൾ ചെന്ന് എൻറെ സഹോദരന്മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവർ എന്നെ കാണുമെന്നും പറയുക” (മത്തായി 28,10) ഈ വാക്കുകളിലൂടെ ഉത്ഥിതൻ അപ്പസ്തോലന്മാരോടു പറയാനുള്ള ഒരു പ്രേഷിതദൗത്യം സ്ത്രീകളെ ഭരമേല്പിക്കയാണ്. വാസ്തവത്തിൽ ആ സ്ത്രീകൾ ക്രിസ്തുവിൻറെ പരസ്യജീവിത കാലത്തും അവിടത്തെ പീഢാസഹന വേളയിലും അവിടത്തോടുള്ള വിശ്വസ്തതയുടെയും അർപ്പണത്തിൻറെയും ആദരണീയമായ ഒരു മാതൃകയേകി. ഇപ്പോൾ ഉത്ഥിതൻ സവിശേഷമായ ഒരു കരുതലിനാലും വാത്സല്യത്താലും അവർക്ക് പ്രതിഫലം നല്കുന്നു. സ്ത്രീകളാണ് എന്നും മുന്നിൽ. തുടക്കത്തിൽ മറിയം ഉണ്ട്, ആദ്യം സ്ത്രീകളുണ്ട്.

ഉത്ഥാന യാഥാർത്ഥ്യം

ആദ്യം സ്ത്രീകളും, പിന്നീട്, ശിഷ്യന്മാരും, പ്രത്യേകിച്ച്, പത്രോസ്, ഉത്ഥാനമെന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നു. പീഢാസഹനകുരിശുമരണാനന്തരം താൻ ഉയിർത്തെഴുന്നേല്ക്കുമെന്ന് യേശു അവരോടു പലവുരു മുൻകൂട്ടി പറഞ്ഞിരുന്നു. എന്നാൽ ശിഷ്യന്മാർക്ക് അത് മനസ്സിലായിരുന്നില്ല. കാരണം അവർ അപ്പോൾ ഒരുക്കമുള്ളവരായിരുന്നില്ല. അവരുടെ വിശ്വാസം കരുത്തുറ്റതാകേണ്ടിയിരുന്നു. ഉത്ഥിതൻറെ ദാനമായ പരിശുദ്ധാരൂപിക്കു മാത്രമെ അതു പ്രദാനം ചെയ്യാൻ കഴിയുമായിരുന്നുള്ളു.

പത്രോസിൻറെ അവ്യാജ പ്രഖ്യാപനം

അപ്പസ്തോലപ്രവർത്തനങ്ങളുടെ ആരംഭത്തിൽ പത്രോസിൻറെ അവ്യാജമായ പ്രഖ്യാപനം നാം കേൾക്കുന്നു: “ആ യേശുവിനെ ദൈവം ഉയിർപ്പിച്ചു, ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്”. (അപ്പസ്തോലപ്രവർത്തനങ്ങൾ 2,32) ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന വിളംബരം, ആ നിമിഷം മുതൽ,  സകലർക്കുമുള്ള പ്രത്യാശയുടെ സന്ദേശമായി എങ്ങും വ്യാപിച്ചു, ലോകത്തിൻറെ എല്ലാ കോണുകളിലും എത്തി. മരണത്തിനല്ല, പ്രത്യുത, ജീവനാണ് അവസാന വാക്കെന്ന് യേശുവിൻറെ ഉത്ഥാനം നമ്മോടു പറയുന്നു. തൻറെ ഏകജാതനെ ഉയിർപ്പിച്ചുകൊണ്ട് ദൈവ പിതാവ് എക്കാലത്തെയും നരകുലത്തോടുള്ള തൻറെ സ്നേഹവും കാരുണ്യവും പൂർണ്ണതയിൽ വെളിപ്പെടുത്തി.

നമ്മുടെ ജീവതത്തെ പരിവർത്ഥനം ചെയ്യുന്ന ക്രിസ്തുവിൻറെ ഉയിർപ്പ്

ക്രിസ്തു ഉത്ഥാനം ചെയ്തെങ്കിൽ നമ്മുടെ ജീവിതത്തിലെ സകല സംഭവങ്ങളെയും, ഏറ്റം ക്ലേശകരവും ആശങ്കകളാലും അനിശ്ചിതത്വങ്ങളാലും നിറഞ്ഞവയാണെങ്കിൽ പോലും അവയെ ആത്മവിശ്വാസത്തോടുകൂടി നോക്കാൻ സാധിക്കും. ഇതാണ് നാം പ്രഘോഷിക്കാൻ, വിശിഷ്യ, ജീവിതസാക്ഷ്യം കൊണ്ട് വിളംബരം ചെയ്യാൻ, വിളിക്കപ്പെട്ടിരിക്കുന്ന പെസഹാ സന്ദേശം. ഈ ആനന്ദസംദായക വാർത്ത നമ്മുടെ ഭവനങ്ങളിലും ഹൃദയങ്ങളിലും മുഴങ്ങട്ടെ: “എൻറെ പ്രത്യാശയായ ക്രിസ്തു ഉയിർത്തെഴുന്നേറ്റു!” ഈ ഉറപ്പ് മാമ്മോദീസാ സ്വീകരിച്ച ഒരോ വ്യക്തിയുടെയും വിശ്വാസത്തെ ശക്തിപ്പെടുത്തുകയും, സർവ്വോപരി വേദനകളും യാതനകളും കൂടുതലായി അനുഭവിക്കേണ്ടിവരുന്നവർക്ക് പ്രചോദനം പകരുകയും ചെയ്യട്ടെ.

പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ

പുത്രനായ യേശുവിൻറെ മരണത്തിൻറെയും ഉത്ഥാനത്തിൻറെയും നിശബ്ദ സാക്ഷിയായ മറിയം ഈ പരിത്രാണ രഹസ്യത്തിൽ അചഞ്ചല വിശ്വാസം പുലർത്താൻ നമ്മെ സഹായിക്കട്ടെ. വിശ്വാസത്തോടെ സീകരിച്ചാൽ ഈ പരിത്രാണ രഹസ്യം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. ഇതാണ് ഞാൻ എല്ലാവർക്കും വീണ്ടുമേകുന്ന ഉയിർപ്പുതിരുന്നാൾ ആശംസം. നാം ഇപ്പോൾ “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന പ്രാർത്ഥനയാൽ വിളിച്ചപേക്ഷിക്കുന്ന നമ്മുടെ അമ്മയായ മറിയത്തിന് ഇതു ഞാൻ സമർപ്പിക്കുന്നു. 

ഈ വാക്കുകളിൽ തൻറെ വിചിന്തനം ഉപസംഹരിച്ച പാപ്പാ  തുടർന്ന്“സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന പ്രാർത്ഥന ചൊല്ലുകയും  എല്ലാവർക്കും അപ്പസ്തോലികാശീർവ്വാദം നല്കുകയും ചെയ്തു.

മഹിളകളുടെ മഹാത്തായ സേവനം

ആശീർവ്വാദാനന്തരം പാപ്പാ ഇന്നത്തെ അടിയന്ത സാഹചര്യത്തിൽ സ്ത്രീകൾ മഹത്തായ സേവനം കാഴ്ചവയ്ക്കുന്നതിനെക്കുറിച്ച് യേശുവിൻറെ ശിഷ്യരോട് അവിടത്തെ ഉത്ഥാനം അറിയിക്കുന്ന സ്ത്രീകളുമായി ബന്ധപ്പെടുത്തി പരാമർശിച്ചു.

അപരനെ സേവിക്കുന്നതിനായി അനേകം സ്ത്രീകൾ ചെയ്യുന്ന കാര്യങ്ങൾ, ഇന്ന്, ആരോഗ്യപരമായ ഒരു അടിയന്തരാവസ്ഥ സംജാതമായിരിക്കുന്ന വേളയിൽ, പരസേവനനിരതരായിരിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ക്രമസമാധനപാലനത്തിലേർപ്പെട്ടിരിക്കുന്നവരും കാരാഗൃഹങ്ങളിൽ സേവനം ചെയ്യുന്നവരും അടിസ്ഥാനാവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ ജോലിചെയ്യുന്നവരും കുഞ്ഞുങ്ങളും പ്രായാധിക്യത്തിലെത്തിയവരും അംഗവൈകല്യമുള്ളവരുമടങ്ങിയ കുടുംബാംഗളുമൊത്തു വീടുകളിൽ അടച്ചുപൂട്ടി കഴിയുന്ന നിരവധിയായ അമ്മമാരും സഹോദരികളുമായ മുത്തശ്ശിമാരുമായ സ്ത്രീകൾ ചെയ്യുന്ന സേവനങ്ങൾ, താൻ സ്മരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. 

ചിലപ്പോഴൊക്കെ അവർ പീഢനം അനുഭവിക്കുകയും സഹജീവനത്തിനുവേണ്ടി വലിയ ഭാരം വഹിക്കുകയും ചെയ്യുന്നുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.

കർത്താവ് അവർക്ക് കരുത്തേകുന്നതിനും അവർക്കും അവരുടെ കുടുംബങ്ങൾക്കും നമ്മുടെ സമൂഹങ്ങൾ താങ്ങായിത്തീരുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. മുന്നോട്ടു പോകാൻ സ്ത്രീകൾക്ക് കർത്താവ് ധൈര്യം പ്രദാനം ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു.

കൊറോണവൈറസിൻറെ ആഘാതം

കൊറോണവൈറസ് ദുരന്തത്തെക്കുറിച്ച് അനുസ്മരിച്ച പാപ്പാ, ചില നാടുകളിൽ, പ്രത്യേകിച്ച് ഇറ്റലി, അമേരിക്കൻ ഐക്യനാടുകൾ, സ്പെയിൻ ഫ്രാൻസ് തുടങ്ങിയ  നാടുകളിൽ അണുബാധിതരുടെയും മരണമടഞ്ഞവരുടെയും സംഖ്യ വളരെ വലുതാണെന്ന്  പാപ്പാ പറഞ്ഞു. 

കൊറോണവൈറസിൻറെ കനത്ത പ്രഹരം ഏറ്റിരിക്കുന്ന എല്ലാ രാജ്യങ്ങളുടെയും ചാരെ ആയിരുന്നുകൊണ്ട് ഈ പെസഹാവാരത്തിൽ താൻ അന്നാടുകളെ സ്നേഹത്തോടെ  ഓർക്കുന്നുവെന്നു പാപ്പാ വെളിപ്പെടുത്തി.

എല്ലാവർക്കും ഒരിക്കൽക്കൂടി ഉത്ഥാനത്തിരുന്നാളിൻറെ ആശംസകൾ നേർന്ന പാപ്പാ പ്രാർത്ഥനയിലും സഹോദരങ്ങളെപ്പോലെ പരസ്പരം സഹായിക്കുന്നതിലും നാം ഐക്യത്തിലായിരിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2020, 12:50