തിരയുക

2020.04.29 Messa Santa Marta 2020.04.29 Messa Santa Marta 

ദൈവത്തോടു ഐക്യപ്പെട്ടു ജീവിക്കുന്നവര്‍ സഹോദരങ്ങളോടും...

ഏപ്രില്‍ 29-Ɔο തിയതി ബുധനാഴ്ച സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചന ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ദൈവസന്നിധിയില്‍ വിനീതരായിരിക്കാം
ക്രിസ്തുവിന്‍റെ രക്തമാണ് നമ്മെ പാപക്കറകളില്‍നിന്ന് മോചിപ്പിക്കുന്നത്. കാരണം അവിടുന്ന് പിതൃസന്നിധിയില്‍ നമുക്കുവേണ്ടിയുള്ള നീതിമാനായ മദ്ധ്യസ്ഥനാണെന്ന് ആദ്യവായനയെ ആധാരമാക്കി പാപ്പാ ആഹ്വാനംചെയ്തു (1യോഹ 1, 5-2, 2). ആരെങ്കിലും പാപരഹിതനാണെന്നു സ്വയം കരുതുന്നുവെങ്കില്‍, അത് സ്വയം വഞ്ചിക്കുന്ന അവസ്ഥയായിരിക്കും. എന്നാല്‍ തന്‍റെ തെറ്റുകള്‍ ഓര്‍ത്ത് അനുതപിക്കുകയും ദൈവത്തോട് അവ ഏറ്റുപറയുകയും ചെയ്യുന്നവനോട് ദൈവം ക്ഷമിക്കുകയും, അയാളെ സകല പാപങ്ങളില്‍നിന്നും മോചിച്ച് അവിടുന്നു നവീകരിക്കുമെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.

2. ഇരുട്ടത്തോ വെളിച്ചത്തോ?
വ്യക്തിക്ക് ഒരേ സമയത്ത് വെളിച്ചത്തും ഇരുട്ടത്തും ആയിരിക്കുക സാദ്ധ്യമല്ലെന്ന് പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലന്‍ യോഹന്നാന്‍റെ ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചു. ഇതിനു രണ്ടിനും ഇടയ്ക്ക് ഒരു ഭാഗികമായ പ്രകാശത്തില്‍ ആയിരുന്നുകൊണ്ട്, താന്‍ ഇരുട്ടില്‍ അല്ലെന്നും പ്രകാശത്തിലാണെന്നും ധരിച്ചു ജീവിതത്തില്‍ മുന്നോട്ടു പോകുന്നവരുണ്ടെന്നും, അവരുടെ ജീവിതം തിന്മയുടെ വിനാശത്തിലും അപകടത്തിലുമാണ്. ഇത് ആത്മവഞ്ചനയുടെ ജീവിതമാണെന്ന് സമര്‍ത്ഥിച്ചു. തന്‍റെതന്നെ പാപങ്ങളെക്കുറിച്ചും പാപാവസ്ഥയെക്കുറിച്ചും യാഥാര്‍ത്ഥ്യ ബോധമുണ്ടായിരിക്കുന്നത് സത്യസന്ധതയാണ്. കാരണം യാഥാര്‍ത്ഥ്യം സത്യമാണെന്ന് പാപ്പാ വ്യക്തമാക്കി. അതിനാല്‍ പാപങ്ങളെക്കുറിച്ച് ഒരു മിഥ്യാബോധം എന്നതിനെക്കാള്‍ യാഥാര്‍ത്ഥ്യബോധമാണ് വ്യക്തിജീവിതത്തില്‍ ആവശ്യമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

3. ലാളിത്യം ഹൃദയ വിശുദ്ധി
ക്രിസ്തു പിതാവിനെ മഹത്വപ്പെടുത്തുന്ന ഭാഗം ഇന്നത്തെ സുവിശേഷഭാഗത്തെ ആധാരമാക്കി പാപ്പാ വിചിന്തനംചെയ്തു. മഹത്തുക്കളില്‍നിന്നും വലിയവരില്‍നിന്നും ദൈവികരഹസ്യങ്ങള്‍ മറച്ചുവച്ച്, അവ ശിശുക്കള്‍ക്കും എളിയവര്‍ക്കുമാണ് പിതാവ് വെളിപ്പെടുത്തിക്കൊടുത്തതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി (മത്തായി 11, 25-30). എളിയവരും കുഞ്ഞുങ്ങളും അവരുടെ തെറ്റുകള്‍ ലാളിത്യത്തോടെ ഏറ്റുപറയും. കുഞ്ഞുങ്ങളുടെ വിനയവും ഓമനത്തവും സുതാര്യതയും അനുകരണീയമാണെന്ന് പാപ്പാ പ്രസ്താവിച്ചു. കുറ്റബോധത്തോടെ, എന്നാല്‍ എളിമയോടെ ദൈവസന്നിധിയില്‍ സത്യസന്ധമായി നമ്മുടെ പാപങ്ങളും കുറവുകളും ഏറ്റുപറയണമെന്ന് പാപ്പാ വ്യക്തമാക്കി. യാഥാര്‍ത്ഥ്യബോധമാണ് നമ്മെ എളിമയുള്ളവരാക്കുന്നത്. അങ്ങനെയായാല്‍ നാം അവ്യക്തമായോ അമൂര്‍ത്തമായിട്ടോ ആയിരിക്കില്ല പാപങ്ങള്‍ ഏറ്റുപറയുന്നത്, മറിച്ച് കൃത്യമായി എണ്ണിയെണ്ണിപ്പറയും.

4. ദൈവകൃപയാണ് സത്യസന്ധമായ അനുതാപം
അനുതാപത്തോടും, സത്യസന്ധമായും പാപങ്ങള്‍ എളിമയോടെ ഏറ്റുപറയുമ്പോള്‍ ദൈവം നമ്മോടു ക്ഷമിക്കും. ആത്മീയ ജീവിതത്തില്‍ ഒരു മന്ദത ദൈവം ആഗ്രഹിക്കുന്നില്ല. ആത്മീയതയ്ക്ക് ഒരു ലാളിത്യമുണ്ട്, ഒപ്പം സുതാര്യതയുമെന്ന് പാപ്പാ ആവര്‍ത്തിച്ചു. കാര്യങ്ങള്‍ സത്യസന്ധമായും സുതാര്യമായും ഏറ്റുപറയുവാനുള്ള സ്വാതന്ത്ര്യം ദൈവകൃപയാണ്. അത് ദൈവസന്നിധിയില്‍ നാം ആരാണെന്നു മനസ്സിലാക്കുവാനുള്ള അവബോധം നല്കുമെന്നും,   ദൈവത്തോടെന്നപോലെ സഹോദരങ്ങളോടും ഐക്യപ്പെട്ടു ജീവിക്കണമെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2020, 13:39