തിരയുക

PANAMA-POPE-WYD-VIGIL PANAMA-POPE-WYD-VIGIL 

യുവജനങ്ങള്‍ ക്രിസ്തുവിന്‍റെ ഉണര്‍ത്തുവിളി കേള്‍ക്കട്ടെ

മാര്‍ച്ച് 5-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ പ്രകാശനംചെയ്ത ആഗോള യുവജനദിന സന്ദേശത്തിലെ ചില ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ഇന്നും മുഴങ്ങുന്ന ക്രിസ്തുവിന്‍റെ ഉണര്‍ത്തുവിളി
ഗലീലിയയിലെ നായീം പട്ടണത്തിലെ വിധവയുടെ പുത്രനെ മരണത്തില്‍നിന്നും ക്രിസ്തു വിളിച്ചുണര്‍ത്തിയ വാക്കുകളാണ് പാപ്പാ ഫ്രാന്‍സിസ് 2020-ലെ ആഗോള യുവജനദിന സന്ദേശത്തിന്‍റെ ശീര്‍ഷകമായി നല്കിയിരിക്കുന്നത്. യൂറോപ്പില്‍ പൊതുവെ ഓശാനഞായര്‍ ദിനമാണ് സഭയുടെ യുവജന ദിനമായി ആചരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ അജപാലന കാരണങ്ങളാല്‍ വേറെ ദിവസങ്ങളിലും ആഗോള യുവജനദിനം ആചരിക്കുന്ന പതിവുണ്ട്. ഭാരതത്തില്‍ പൊതുവെയും, കേരളത്തിലും ആഗസ്റ്റ് മാസം ആചരിക്കുകയാണ് പതിവ്.

യുവജനങ്ങള്‍ക്ക് അവരുടെ ജീവിതത്തിന്‍റെ ഉണര്‍വ്വും ഊഷ്മളതയും, സ്വപ്നങ്ങളും, ഉദാരതയും വിവിധ കാരണങ്ങളാല്‍ നഷ്ടമാകുമ്പോഴും, ജീവിതചുറ്റുപാടുകള്‍ മന്ദീഭവിക്കുമ്പോഴും ക്രിസ്തു അവരെ വീണ്ടും വിളിക്കുന്നു. "യുവാവേ, ഉണരൂ, ഉയിര്‍ത്തെഴുന്നേല്ക്കൂ...!"  നായീം പട്ടണത്തിലെ വിധവയുടെ മകനെ ഈശോ അത്ഭുതകരമായി മരണത്തില്‍നിന്നും ജീവനിലേയ്ക്ക് വിളിച്ചുണര്‍ത്തിയ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിക്കുന്നത് (ലൂക്കാ 7, 14).

2. സഭയുടെ പ്രയാണത്തില്‍ കൂടെ ചരിക്കുന്നവര്‍
സഭയുടെ പ്രയാണത്തില്‍ ലോകത്ത് പ്രകാശം പരത്തുവാനും, ഉണര്‍ന്നു പ്രകാശിക്കുവാനും കരുത്തുള്ളവരാണ് യുവജനങ്ങളെന്ന് പാപ്പാ  ആമുഖമായി  പ്രസ്താവിച്ചു. അതിനാല്‍ സഭാജീവിതത്തില്‍ യുവജനങ്ങളുടെ സാന്നിദ്ധ്യം പ്രധാനപ്പെട്ടതാണെന്നും, അവര്‍ എന്നും സഭയോടു ചേര്‍ന്നു ചരിക്കേണ്ടവരാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു (Called to walk together). സഭയുടെ ആഗോള യുവജന സംഗമങ്ങളില്‍ ലക്ഷോപലക്ഷം യുവജനങ്ങളാണ് ഒത്തുചേരുന്നത്. യുവജനങ്ങള്‍ ഇന്നും ക്രിസ്തുവില്‍ സഭയോടു ചേര്‍ന്നു നടക്കുന്നതിന്‍റെ പ്രതീകമാണ് അതെന്നു പാപ്പാ ചൂണ്ടിക്കാട്ടി.

3. അപരന്‍റെ വേദനയാറ്റിയ അത്ഭുതകൃത്യം
 തന്‍റെ മകന്‍റെ മരണത്തില്‍ വിധവയുടെ മനസ്സില്‍ കുമിഞ്ഞുകൂടിയ  വേദനയുടെ ആഴം ക്രിസ്തു മനസ്സിലാക്കിയെന്നു വിവരിക്കുന്നതാണ്, സുവിശേഷം  രേഖപ്പെടുത്തിയിട്ടുള്ള ഗലീലിയയിലെ നായീം പട്ടണത്തിലെ സംഭവമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അപരന്‍റെ വേദന മനസ്സിലാക്കിയതാണ് നായീമിലെ കൂടിക്കാഴ്ചയ്ക്കും ജീവന്‍ നല്കിയ അത്ഭുത സംഭവത്തിനും വഴിയൊരുക്കിയതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ശാരീരികവും ആത്മീയവും, വൈകാരികവും, സാമൂഹികവുമായ മരണം ഇന്നു സമൂഹത്തില്‍ ചുറ്റുംനടക്കുന്നുണ്ട്. എന്നാല്‍ അവ കാണുവാനും  തിരിച്ചറിയുവാനും, അവിടങ്ങളില്‍ ജീവന്‍ പുനരാവിഷ്ക്കരിക്കുവാനും, ജീവന്‍റെ വെളിച്ചം പകരുവാനും യേശുവിനെപ്പോലെ ക്രൈസ്തവരായ നമുക്കു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമോ എന്നു ചിന്തിക്കണമെന്ന് പാപ്പാ യുവജനങ്ങളോട് ആഹ്വാനംചെയ്യുന്നു.

4. ഇന്നിന്‍റെ മരണസംസ്കാരം
ഇക്കാലഘട്ടത്തിന്‍റെ നിഷേധാത്മകമായ അനുഭവങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തുന്നത്  ഇന്നിന്‍റെ മരണസംസ്കാരവും ജീര്‍ണ്ണതയുടെ അനുഭവങ്ങളുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതുപോലെ ഇന്നു  ജീവിതചുറ്റുപാടുകളില്‍ വന്നുകൂടുന്ന വീഴ്ചയുടെയും കൈപ്പിഴവുകളുടെയും പ്രത്യാഘാതങ്ങളിലും അവയുടെ തിക്തഫലങ്ങളിലും ഉഴലുന്നവര്‍ നിരവധിയാണെന്ന് പാപ്പാ അനുസ്മരിച്ചു. പ്രത്യാശയറ്റ് മരിച്ച അനുഭവത്തിലാണ് അങ്ങനെയുള്ള നിരവധിപേര്‍ ജീവിതത്തില്‍ മുന്നോട്ടുപോകുന്നതെന്ന് പാപ്പാ വിശദീകരിച്ചു.  “കൂട്ടുകാരില്‍ പലരും ആരുടെയും കാര്യത്തില്‍ ഇടപഴകാന്‍ താല്പര്യമില്ലാത്തവരാണ്, സ്വയം എഴുന്നേല്‍ക്കാന്‍പോലും കെല്പില്ലാത്തവരാണവര്‍,” എന്ന് ഒരു യുവാവു പങ്കുവച്ചത് പാപ്പാ സന്ദേശത്തില്‍ ഉദ്ധരിച്ചു.

5. വര്‍ദ്ധിച്ചുവരുന്ന വിഷാദലോകം
വിഷാദം യുവജനങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് പാപ്പാ സന്ദേശത്തില്‍ താക്കീതുനില്കുന്നുണ്ട്.  ചിലര്‍ ജീവിതനൈരാശ്യത്താല്‍ ജീവന്‍ ഒടുക്കുന്നത്  പാപ്പാ ഖേദപൂര്‍വ്വം  സൂചിപ്പിച്ചു. ഉദാസീനത വളര്‍ന്ന് ആകാംക്ഷയുടെയും കുറ്റബോധത്തിന്‍റെയും അടിത്തട്ടിലെത്തുന്നവര്‍ ഇന്ന്  കുറച്ചൊന്നുമല്ല! നിരാലംബരായ യുവജനങ്ങളും നിരവധിയാണ്!! എന്നിട്ടും ഇതിനോടെല്ലാം നിസംഗത ഭാവിക്കുകയും,  തങ്ങളുടെ സുഘലോലുപതയുടെ നിമിഷങ്ങള്‍ നുകരാന്‍ വെമ്പിനില്ക്കുകയും ചെയ്യുന്നവരാണ് സമൂഹത്തില്‍ അധികം പേരുമെന്നത് ഖേദകരമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഇവിടെല്ലാം മരണസംസ്കാരത്തിന്‍റെയും നൈരാശ്യത്തിന്‍റെയും പിടിയില്‍ അമര്‍ന്നു പോകാതെ, യുവാവേ.. യുവതീ... ഉണരൂ! ഉണര്‍ന്നെഴുന്നേല്ക്കൂ...! എന്ന യേശുവിന്‍റെ വിളി ആവര്‍ത്തിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം തുടരുന്നത്.

 

06 March 2020, 10:33