തിരയുക

ക്രൂശിതനായ യേശു... ക്രൂശിതനായ യേശു... 

വിശുദ്ധിയിലേക്കുളള വിളി: ദാനത്തിന്‍റെയും കുരിശിന്‍റെയും യുക്തി

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ അഞ്ചാം അദ്ധ്യായത്തിലെ 174-175 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

അഞ്ചാം  അദ്ധ്യായം:

ജാഗരൂകരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഈ അവസാനത്തെ അദ്ധ്യായത്തിൽ സംസാരിക്കുന്നു. ആത്മീയ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് വിവേചനാബുദ്ധിയും ജാഗരൂകതയും എത്ര അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

174. ദാനത്തിന്‍റെയും കുരിശിന്‍റെയും യുക്തി

ഒരിക്കലും നമ്മുടെ സ്വന്തമല്ലാത്ത, ദൈവത്തിന്‍റെ  ക്ഷമയെയും അവിടുത്തെ സമയക്രമങ്ങളെയും കുറിച്ചുള്ള വ്യക്തമായ ധാരണ, വിവേചിച്ചറിയലിലുള്ള  വളർച്ചയിൽ ഒരു അത്യാവശ്യ വ്യവസ്ഥയാണ്. അവിശ്വസ്ഥരുടെ മേൽ ദൈവം അഗ്നി വർഷിക്കുന്നുമില്ല (cf. ലൂക്കാ9:54) അഥവാ ഗോതമ്പു ചെടികളുടെ ഇടയിൽ വളരുന്ന കളകളെ പറിച്ചെടുക്കാൻ തീക്ഷ്ണമതികളെ അവിടുന്ന് അനുവദിക്കുന്നില്ല (cf .മത്താ.13:29); ഔദാര്യവും ആവശ്യപ്പെടുന്നുണ്ട്; എന്തെന്നാൽ, " സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതാണ് ശ്രേയസ്‌ക്കരം" (അപ്പ. 20:35).വിവേചിച്ചറിയൽ എന്നത് ഈ ജീവിതത്തിൽ നിന്ന് കൂടുതലായി നമുക്ക് എന്ത് ലഭിക്കാൻ കഴിയും എന്നത് കണ്ടെത്തുന്നതിനെ കുറിച്ചുള്ളതല്ല; പ്രത്യുതാ, നമ്മുടെ ജ്ഞാനസ്നാന സമയത്തു നമ്മെ ഭരമേല്‍പ്പിക്കപ്പെട്ട ദൗത്യം എത്ര നന്നായി നമുക്ക് പൂർത്തിയാക്കാൻ സാധിക്കുമെന്ന തിരിച്ചറിവിനെ കുറിച്ചുള്ളതാണ്. ഇത് ത്യാഗങ്ങൾ അനുഷ്ഠിക്കാനുള്ള, സർവ്വവും ത്യജിക്കാൻ പോലുമുള്ള, ഒരു സന്നദ്ധത അനിവാര്യമാക്കുന്നു. എന്തെന്നാല്‍, സുഖം ഒരു വൈരുധ്യമാണ്. അത് ഈ ലോകത്തിന്‍റെതല്ല എന്ന നിഗൂഢ യുക്തി നാം അംഗീകരിക്കുമ്പോഴാണ് അത് നമുക്ക് ഏറ്റവും അധികം അനുഭവപ്പെടുന്നത്. കുരിശിലേക്കു ചൂണ്ടിക്കൊണ്ട്," ഇതാണ് നമ്മുടെ യുക്തി" എന്ന് വിശുദ്ധ ബൊനവന്തൂർ പറയുന്നു. ഒരിക്കൽ ഈ ഊർജ്ജസ്വലതയിലേക്കു നാം പ്രവേശിച്ചു കഴിഞ്ഞാൽ നമ്മുടെ മനസ്സാക്ഷിയെ മരവിപ്പിക്കാൻ നാം അനുവദിക്കുകയില്ല. വിവേച്ചറിയലിലേക്കു ഉദാരമായി നാം നമ്മെ തന്നെ തുറക്കും.

നമ്മുടെ ബുദ്ധിക്കും ധാരണയ്ക്കും അപ്പുറത്ത് നിലനിൽക്കുന്ന ദൈവത്തിന്‍റെ ക്ഷമ, സമയം ഇവയെ കുറിച്ചുള്ള ധാരണ ലഭിക്കുവാൻ നാം വളരണം. ആ വളർച്ചയ്ക്ക് വിവേചനം ആവശ്യമാണ്. ദൈവത്തിന്‍റെ ക്ഷമയെ കുറിച്ച് പറയുന്നത് സുവിശേഷത്തെ അടിസ്ഥാനമാക്കിയാണ്. സമരിയാക്കാരുടെ തിരസ്കരണത്തെ പ്രതി സ്വർഗ്ഗത്തിൽ നിന്ന് അഗ്നി ഇറങ്ങി അവരെ നശിപ്പിക്കുവാന്‍ പറയട്ടെ എന്ന് യാക്കോബും യോഹന്നാനും പറഞ്ഞപ്പോൾ യേശു അവരെ ശാസിക്കുകയാണ് ചെയ്തത്. അതുപോലെതന്നെ വിളയോടൊപ്പം കളയെ പറിച്ചു മാറ്റാൻ അനുവദിക്കാതെ ഔദാര്യം കാണിക്കാൻ ആവശ്യപ്പെടുന്നു. മാർച്ച് പതിനേഴാം തിയതി നൽകിയ വചന സന്ദേശത്തിൽ ദൈവം നമ്മുടെ കുറവുകളെ മറന്നുപോകുന്നുവെന്നും മറവി ദൈവത്തിന്‍റെ ബലഹീനതയാണ് എന്നും പാപ്പാ സൂചിപ്പിച്ചു. ഇവിടെ ദൈവം നമ്മോടു കാണിക്കുന്ന ഔദാര്യവും, കരുണയും മനസ്സിലാക്കാൻ കഴിയും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് കാണാതെപോയ ആടിന്‍റെ ഉപമയും, ധൂർത്തപുത്രന്‍റെ ഉപമയും. അങ്ങനെ ദൈവത്തിന്‍റെ കരുണയെ മനസ്സിലാക്കുന്നതിന് വിവേചനം ആവശ്യമാണ്. ഈ ജീവിതത്തിൽ നിന്ന് നമുക്ക് എന്ത് ലഭിക്കും എന്ന് ചിന്തിക്കുന്നതിനേക്കാൾ മാമ്മോദീസാ എന്ന കൂദാശയിലൂടെ സഭയ്ക്കും സമൂഹത്തിനും നമുക്ക് എന്തു ചെയ്യുവാൻ കഴിയും എന്ന വിവേചനമാണ് നമുക്ക് വേണ്ടത് എന്ന് പറയുന്നു. ഇങ്ങനെ നാം ചിന്തിക്കുമ്പോൾ നമുക്ക് ത്യാഗം ചെയ്യേണ്ടിവരും. നമ്മുടേതായ പലതിനെയും വിട്ട്കൊടുക്കേണ്ടിവരും. അങ്ങനെ സ്വയം ത്യജി ചതിന്‍റെ  അടയാളമാണ്‌ കുരിശു. കുരിശിനെ നമ്മുടെ ശക്തിയായി സ്വീകരിച്ച് കഴിഞ്ഞാൽ നാം നമ്മെ തന്നെ വിവേചിച്ചറിയാൻ ഉദാരമായി തുറന്നു കൊടുക്കുമെന്ന് പാപ്പാ ഈ പ്രബോധനത്തിൽ ഉദ്ബോധിപ്പിക്കുന്നു.

ഇന്ന് നമുക്ക് കുരിശു ഏറ്റെടുക്കാൻ ഭയമാണ്. കാരണം ലോകം നൽകുന്ന സുഖത്തിൽ നാം അത്രമാത്രം നമ്മെ അടിമപ്പെട്ടിരിക്കുന്നു. തപസ്സുകാലം നമ്മെ രക്ഷയുടെ ചിഹ്നമായ കുരിശിലേക്ക് ആണ് നയിക്കുന്നത്. കുരിശിന്‍റെ വഴിയിൽ നാം ധ്യാനിക്കുന്ന ഓരോ സ്ഥലങ്ങളും കുരിശ് ഏറ്റെടുത്ത് വിജയിച്ചവന്‍റെ  ജീവിതത്തിന്‍റെ പച്ചയായ യാഥാർത്ഥ്യങ്ങളെയാണ് നമ്മോടു പങ്കുവയ്ക്കുന്നത്. കുരിശില്ലെങ്കില്‍ കിരീടമില്ലാ എന്ന് നാം പറയുന്നതുപോലെ കിരീടത്തിന് വേണ്ടി ജീവിതത്തിലുണ്ടാകുന്ന കുരിശുകളെ ക്രിസ്തുവിനെ പോലെ മൗനമായും ആത്മസംയമനത്തോടെ ഉത്തരവാദിത്വ പൂർണ്ണത യോടും സ്വീകരിക്കാനും വഹിക്കാനും നമുക്ക് കഴിയണം. നമ്മുടെ ജീവിതത്തിലെ കുരിശുകൾ എന്തൊക്കെയാണ്? ക്രിസ്തു സഹിച്ചത് പോലെയുള്ള മാരകമായ ശാരീരിക പീഡനങ്ങളും, അവഹേളനങ്ങളും കുരിശു മരണവും അല്ല നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. അനുദിന ജീവിത വഴികളിൽ നാം കണ്ടുമുട്ടുന്ന വ്യക്തികളിൽ നിന്നും നമുക്ക് ലഭിക്കുന്ന അനുഭവങ്ങളിൽ നിന്നും നമുക്കും മറ്റുള്ളവർക്കും കുരിശു പണിയാറുണ്ടാകാം. അവയെ തിരിച്ചറിഞ്ഞ് മറ്റുള്ളവരെ ഭാരപ്പെടുത്തുന്ന ഒരു ഓർമ്മയും, അനുഭവവും സമ്മാനിക്കാതിരിക്കാൻ പരിശുദ്ധാത്മാവിൽ നിന്നും ജീവിത വഴികളെ നിയന്ത്രിക്കാനും വിശുദ്ധീകരിക്കാനുള്ള വിവേചന വരത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പായുടെ ഈ പ്രബോധനം നമ്മോടു ആവശ്യപ്പെടുന്നു.

175. ദൈവം നമുക്ക് എല്ലാം നൽകുന്നു

ദൈവസാന്നിധ്യത്തിൽ നമ്മുടെ ജീവിത യാത്ര പരിശോധിക്കുമ്പോൾ, ഒരു മേഖലയ്ക്കും പരിധികൾക്കപ്പുറത്താകാൻ കഴിയുകയില്ല. ജീവിതത്തിന്‍റെ എല്ലാ വശങ്ങളിലും ഏറ്റവും വിഷമകരമായി നാം കാണുന്ന മേഖലകളിൽ പോലും തുടർന്ന് വളരാനും കൂടുതൽ മഹത്തായ ചിലതു ദൈവത്തിനു സമര്‍പ്പിക്കാനും കഴിയും. എങ്കിലും, നമ്മെ വിമോചിപ്പിക്കാനും ജീവിതത്തിൽ ദൈവസാന്നിധ്യത്തെ അകറ്റി നിറുത്തുന്ന ഭയത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി നാം പരിശുദ്ധാത്മാവിനോടു അപേക്ഷിക്കേണ്ടതാവശ്യമാണ്. ദൈവം എല്ലാം നമുക്ക് നൽകുകയും ചെയ്യുന്നു."  നമ്മുടെ ജീവിതങ്ങളെ വികലമാക്കാനോ, അവയെ ചെറുതാക്കാനോ, വേണ്ടി അവയില്‍ പ്രവേശിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല. പ്രത്യുത, അവയെ പൂർത്തീകരണത്തിലേക്കു ആനയിക്കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അപ്പോൾ, വിവേചിച്ചറിയൽ എന്നത് ആത്മപ്രശംസാപരമായ ഒരു സ്വയം-അപഗ്രഥനമോ അഹങ്കാരത്തോടു കൂടിയ ഒരു ആത്മപരിശോധനയോ അല്ല. ദൈവത്തിന്‍റെ രഹസ്യത്തെ സമീപിക്കാൻ വേണ്ടി നമ്മെ തന്നെ പിന്നിൽ ഉപേക്ഷിക്കുന്ന ഒരു ആധികാരിക പ്രക്രിയയാണത്. നമ്മുടെ സഹോദരീ സഹോരന്മാരുടെ നന്മയ്ക്കു വേണ്ടി ദൈവം നമ്മെ വിളിച്ചിട്ടുള്ള ദൗത്യം നിർവ്വഹിക്കാൻ അവിടുന്ന് നമ്മെ സഹയിക്കുന്നു.

ഇവിടെ കുരിശിനെ സ്വീകരിക്കുന്നതോടൊപ്പം നമ്മുടെ ജീവിതത്തിൽ നിന്ന് ദൈവസാന്നിധ്യത്തെ അകറ്റിനിറുത്തുന്ന ഭയത്തെ ഇല്ലാതാക്കാന്‍ പരിശുദ്ധാത്മാവിനോടു അപേക്ഷിക്കണം എന്ന് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ദൈവം നമ്മുടെ ജീവിതത്തിൽ വികലമാക്കാനും അവയെ ചെറുതാക്കാനും ആഗ്രഹിക്കുന്നില്ല. മറിച്ച് അവയെ പൂർണ്ണതയിലേക്ക് നയിക്കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്ന് പാപ്പാ നമ്മെ പഠിപ്പിക്കുന്നു. അത് തിരിച്ചറിയാൻ വിവേചനവരം ആവശ്യമാണ്. അതുകൊണ്ടാണ് ദൈവരഹസ്യത്തെ സമീപിക്കാൻ വേണ്ടി നമ്മെ തന്നെ പിന്നിൽ ഉപേക്ഷിക്കുന്ന ഒരു ആധികാരിക പ്രക്രിയയാണ് വിവേചന വരം എന്ന് പാപ്പാ പറയുന്നു. നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും, അത് ദൈവമറിയാതെ സംഭവിക്കുന്നില്ല നാം തളർന്നു പോകുമ്പോൾ, മറ്റുള്ളവർ നമ്മെ ഒറ്റപ്പെടുത്തുമ്പോൾ ദൈവം നമ്മോടു കൂടെയുണ്ടെന്ന് നാം മറന്നു പോകാറുണ്ട്.

നാം ദൈവത്തോടു കലഹിക്കുകയും കോപിക്കുകയും ചെയ്യുന്നു എന്നാൽ അപ്പോഴും ക്ഷമയോടെ നമ്മോടൊപ്പം ഇരുന്ന് നമ്മെ നയിക്കുന്ന ദൈവത്തിന്‍റെ പദ്ധതിയെ ഒരുപക്ഷേ നാം തിരിച്ചറിയുന്നത് നമ്മുടെ ആകുലതകളെക്കാൾ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളുടെ അളവിനെ തിരിച്ചറിയുമ്പോഴാണ്. അതുകൊണ്ട് ദൈവത്തെപ്പോലെ പ്രതികൂല സാഹചര്യങ്ങളിൽ ക്ഷമയോടെ അവിടുത്തെ തിരുഹിതത്തിന് നമ്മെത്തന്നെ സമര്‍പ്പിക്കുന്നത് ഉചിതമായിരിക്കും. ജീവിതത്തിന്‍റെ ദുരന്തമുഖത്തായിരിക്കുമ്പോൾ ദൈവത്തെ പഴിക്കാതെ അവിടുത്തെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട് ദൈവത്തിന്‍റെ സമയത്തിന് വേണ്ടി കാത്തിരിക്കണം. ഈ കാത്തിരിപ്പ് നമ്മെ നയിക്കുന്നത് നിത്യജീവൻ പ്രദാനം ചെയ്യുന്ന ഉത്ഥാനത്തിന്‍റെ സന്തോഷത്തിലേക്കാണ്.

ഇന്ന് ലോകം കൊറോണാ വൈറസിന്‍റെ പിടിയിലാണ്, മഹാമാരിയായി മാറിയിരിക്കുന്ന ഈ അണുബാധ മനുഷ്യ ജീവിതത്തെ തന്നെ മാറ്റിയിരിക്കുന്നു. മുന്നിലുള്ള ജീവിതത്തിന് ചോദ്യമായി നിൽക്കുന്ന ഈ മാറാരോഗത്തിന് മുന്നിൽ മനുഷ്യന്‍റെ എല്ലാ ശാസ്ത്രങ്ങളും നേട്ടങ്ങളും നിസ്സഹായമായി നിലനിൽക്കുമ്പോൾ മഹാമാരിയിൽ നിന്നും അത് വിതയ്ക്കുന്ന മരണത്തിൽ നിന്നും നമ്മെ രക്ഷപ്പെടുത്തുന്ന ഒരു ശക്തിയാണ് ദൈവം. ദൈവത്തിൽ മാത്രം ആശ്രയിച്ചുകൊണ്ട് ദൈവത്തിനു മാത്രമേ  ഈ മഹാമാരിയിൽ നിന്നും ഭൂമിയെ രക്ഷിക്കാനാകുമെന്ന് വിശ്വസിക്കുകയും, ആശ്രയിക്കുകയും, അപേക്ഷിക്കുകയും ചെയ്യാം. കരുണാമയനായ ദൈവം ഈ ലോകത്തിൽ നിന്നും ഉയർന്ന ഇസ്രായേൽക്കാരുടെ നിലവിളിക്ക് ഉത്തരം നൽകിയത് പോലെ കൊറോണ വൈറസ് എന്ന മഹാമാരിയുടെ അടിമത്തത്തിൽ നിന്ന് മാനവവംശത്തെ രക്ഷിക്കാനുള്ള നിലവിളി ദൈവം ശ്രവിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 March 2020, 11:05