തിരയുക

Vatican News
യേശുവും ശിഷ്യന്മാരും തിബേരിയസ് തീരത്തിരിക്കുന്നു. യേശുവും ശിഷ്യന്മാരും തിബേരിയസ് തീരത്തിരിക്കുന്നു. 

പാപ്പാ: ദൈവവിളിയുടെ ആദ്യ പദമാണ് 'നന്ദി'

പാപ്പാ നൽകിയ ദൈവവിളിക്കായുള്ള ആഗോള പ്രാർത്ഥനാദിന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

ദൈവവിളിയുടെ വാക്കുകൾ

2020 മേയ് മൂന്നിന് ആചരിക്കപ്പെടുന്ന ദൈവവിളിക്കായുള്ള ആഗോള പ്രാർത്ഥന ദിനാചരണത്തിനായി പാപ്പാ നൽകിയ സന്ദേശത്തിൽ കഴിഞ്ഞ ആഗസ്റ്റ് നാലിന് വിശുദ്ധ ജോൺ മരിയ വിയാന്നിയുടെ 160 ആം വാർഷികത്തിൽ വൈദീകർക്ക് നൽകിയ സന്ദേശത്തിൽ ഉപയോഗിച്ച യാതന, നന്ദി, പ്രോൽസാഹനം, സ്തുതി എന്ന സംജ്ഞകൾ യേശുവും പത്രോസും രാത്രി കടൽക്ഷോഭത്തിൽ ഗലീലിയാ കടൽ കടക്കുന്ന സുവിശേഷ ഭാഗത്തിന്‍റെ വെളിച്ചത്തിൽ (മത്താ.14:22-33) എല്ലാ ജനങ്ങൾക്കുമായി നൽകുകയാണ് ചെയ്യുന്നത്. 

ശിഷ്യരുടെ ഈ കടൽ കടക്കൽ നമ്മുടെ ജീവിതയാത്രയുടെ സൂചനയാണെന്നും നമ്മുടെ ജീവിത യാനം സുരക്ഷയുടെ തീരം തിരക്കി പതുക്കെ മുന്നേറുമ്പോൾ, അമരക്കാരനിലെ വിശ്വാസമാണ് കടലിലെ അപകടങ്ങളെയും വാഗ്ദാനങ്ങളെയും തരണം ചെയ്ത് നമ്മെ ശരിയായ വഴിയെ നയിക്കന്നതെന്നും പാപ്പാ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. നസ്രത്തിലെ ഗുരുവിനെ അനുകരിക്കാൻ വിളിക്കപ്പെട്ടവർക്ക് സ്വന്തം സുരക്ഷ വെടിഞ്ഞ് വേണം കർത്താവിന്‍റെ ശിഷ്യരാവാൻ. കലുഷിതാന്തരീക്ഷങ്ങളും വിളിക്ക് അനുയോജ്യമായ തലത്തിൽ എത്താൻ പറ്റാത്തതും അവരെ വിഷമിപ്പിക്കാമെന്നും ഓര്‍മ്മിപ്പിച്ച പാപ്പാ സുവിശേഷത്തിലെ സംഭവത്തെ പോലെ ഇവിടെയൊന്നും നാം തനിച്ചല്ല എന്നും കലുഷിതസമുദ്രത്തിൽ ശിഷ്യർക്ക് നേരെ നടന്നടുത്ത് മുങ്ങുന്ന പത്രോസിന്‍റെ കരം പിടിച്ചു, വള്ളത്തിൽ കയറ്റി കാറ്റിനെ ശാന്തമാക്കുന്ന കർത്താവിന്‍റെ സാന്നിദ്ധ്യത്തെയും ഓർമ്മിപ്പിക്കുന്നു.

 കൃതജ്ഞത 

ദൈവിളിയുടെ ആദ്യ പദം നന്ദിയാണെന്ന് പറയുന്ന പാപ്പാ ശരിയായ വഴിയുടെ തിരഞ്ഞെടുപ്പെന്നത് മുകളിൽ നിന്നുള്ള വിളിക്ക് കൊടുക്കുന്ന പ്രത്യുത്തരമാണെന്നും, ലക്ഷ്യം, കർത്താവ് കാണിക്കുന്ന എതിർ തീരമാണെന്നും, അവനാണ് വള്ളത്തിൽ കയറാൻ ധൈര്യമേകുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. നമ്മെ വിളിച്ചു കൊണ്ട് അവൻ നമ്മുടെ അമരക്കാരനും, സഹയാത്രികനും നായകനുമാകുന്നു. എല്ലാ ദൈവവിളിയും ജനിക്കുക നമ്മെ കാണാൻ വരുന്ന കർത്താവിന്‍റെ സ്നേഹാദ്രമായ നോട്ടത്തിൽ നിന്നാണെന്നും നമ്മുടെ വിളി തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്യുന്നത് നന്ദിയോടെ നമ്മുടെ ഹൃദയം തുറക്കുമ്പോഴും നമ്മുടെ ജീവിതത്തിൽ ദൈവത്തിന്‍റെ കടന്നുവരവ് തിരിച്ചറിയുമ്പോഴുമാണെന്ന്  പാപ്പാ സൂചിപ്പിക്കുന്നു.

 പ്രോൽസാഹനം

ഭൂതമെന്ന് കരുതി ഭയന്ന ശിഷ്യരെ ധൈര്യപ്പെടുത്തി പ്രോൽസാഹിപ്പിക്കുന്ന യേശുവിനെ ചൂണ്ടിക്കാണിച്ച് നമ്മുടെ ദൈവവിളിയുടെ യാത്രയിൽ നാം ശ്രദ്ധിക്കേണ്ട രണ്ടാമത്തെ വാക്കായി പ്രോൽസാഹനത്തെ പാപ്പാ എടുത്തു വയ്ക്കുന്നു.  വിവാഹം, വൈദീക സേവനം, സമർപ്പിത ജീവിതം തുടങ്ങിയ ഏതു ദൈവവിളിക്കു മുന്നിലും ഭൂതത്തെ കണ്ട പോലെ ഭയന്ന്  നിൽക്കുമ്പോൾ ജീവിതത്തിന്‍റെ അടിസ്ഥാന തിരഞ്ഞെടുപ്പിന് ധൈര്യം ആവശ്യമാണെന്നും, നമ്മുടെ ഉള്ളിലെ ചോദ്യങ്ങളെയും  സംശയങ്ങളെയും, ബുദ്ധിമുട്ടുകളെയും കർത്താവിനറിയാമെന്നും അവിടെ ധൈര്യം പകർന്ന കർത്താവ് നമ്മുടെ കൂടെയുണ്ടെന്ന് വിശ്വാസത്തിൽ നമുക്കുറപ്പുണ്ടെന്ന് പാപ്പാ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.

 കഷ്ടപ്പാടുകൾ

വൈദികർക്കെഴുതിയ കത്തില്‍ വേദന എന്ന വാക്കിനെ കഷ്ടപ്പാട് എന്ന് മാറ്റി എഴുതി എല്ലാ ദൈവവിളക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു. കർത്താവ് നമ്മെ വിളിക്കുന്നത് പത്രോസിനെപ്പോലെ "കടലിന്‍റെ മീതെ നടക്കാനാണ് നമ്മുടെ ജീവിതം കൈയ്യിലെടുത്ത് സുവിശേഷത്തിന്‍റെ സേവനത്തിനായി അവൻ തെളിക്കുന്ന വിവിധ വഴികളിലൂടെ അനുദിനം നടക്കാനാണ്. എങ്കിലും പത്രോസിനെപ്പോലെ നമ്മുടെ ഉൽസാഹവും ആഗ്രഹവും നമ്മുടെ വീഴ്ച്ചകളും ഭയങ്ങൾക്കും ഒപ്പമുണ്ട്. ഈ നേരത്ത് പത്രോസിനെപ്പോലെ നോട്ടം കർത്താവിൽ നിന്ന് മാറ്റിയാൽ നാം മുങ്ങിപ്പോകുമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. എന്നാൽ നമ്മുടെ ബലഹീനതകളിലും, ദാരിദ്ര്യത്തിലും, കൊടുങ്കാറ്റിലും ഉയിർത്തെഴുന്നേറ്റ കർത്താവിലേക്ക് നടക്കുവാൻ വിശ്വാസം ശക്തിപകരുന്നു. നമ്മുടെ വിളി സന്തോഷത്തോടും, ആവേശത്തോടും കൂടി ജീവിക്കാൻ വേണ്ട ഉൽസാഹം അവൻ നമുക്ക് തരുന്നുവെന്നും പാപ്പാ അറിയിച്ചു. യേശു വഞ്ചിയിലെത്തുമ്പോൾ കാറ്റും കടലും അടങ്ങുന്നു. ഇവിടെ കർത്താവിന് ചെയ്യാൻ കഴിയുന്നതെന്തെന്നതിനുള്ള ഒരു നല്ല ചിത്രം നമുക്കു കിട്ടുന്നു എന്ന് എഴുതുന്ന പാപ്പാ നമ്മിലെ ഭയവും കീഴടങ്ങാനുള്ള തോന്നലുകളേയും നശിപ്പിക്കകയും ചെയ്യുന്നുവെന്നും വ്യക്തമാക്കുന്നു.  നമ്മുടെ പ്രത്യേകവിളിയില്‍ നാം ജീവിക്കുമ്പോൾ സാമൂഹ്യ ഉത്തരവാദിത്വങ്ങളും, കഠിന ജോലികളും, ഒറ്റപ്പെടുത്തലുകളും എതിർക്കാറ്റുകളായി നമ്മെ ദുർബ്ബലരാക്കി, തീർച്ചയില്ലായ്മയും, ഭാവിയെക്കുറിച്ചുള്ള അരക്ഷിതാവസ്ഥയും നമ്മിലെ വിളിയുടെ കനൽ കെടുത്താറുണ്ട്. യേശു നമ്മോടൊപ്പമുണ്ട്, നമ്മുടെ കർത്താവായി അവനെ നാം അംഗീകരിച്ചാൽ ഭയപ്പെടാതെ ധൈര്യമായിരിക്കാമെന്നും അവൻ നമ്മുടെ കൈ പിടിച്ച് രക്ഷിക്കുമെന്നും പാപ്പാ ഉറപ്പുതരുന്നു.

 സ്തുതിപ്പ്

അപ്പോൾ കലുഷിതമായ തിരമാലകൾക്കിടയിലും നമ്മുടെ ജീവിതം ഒരു തുറന്ന സ്തുതിപ്പായി മാറും. സ്തുതിപ്പെന്ന ദൈവിളിയുടെ അവസാന വാക്ക്  പരിശുദ്ധ കന്യകാമറിയത്തെപ്പോലെ, ദൈവം അവളെ കടാക്ഷിച്ചതിന് നന്ദിയോടെയും, ഭയത്തിലും സംക്ഷോഭങ്ങളിൽ വിശ്വസ്തതയോടും, അവളുടെ വിളിയെ ധൈര്യപൂർവ്വം പുണർന്ന് അവളുടെ ജീവിതം കർത്താവിന് ഒരു അനശ്വര ഗീതമാക്കിയ  മേരിയുടെ ആന്തരീകതയെ വളർത്തിയെടുക്കാനുള്ള ഒരു ക്ഷണമാണെന്ന്  പാപ്പാ ആഹ്വാനം ചെയ്യുന്നു. ഈ ദിവസം മാത്രമല്ല നമ്മുടെ സമൂഹങ്ങളിലെ സാധാരണ അജപാലന ജീവിതത്തിലും ദൈവവിളി പ്രോൽസാഹിപ്പിക്കാൻ സഭയോടു ആവശ്യപ്പെട്ടുകൊണ്ടും വിശ്വാസികളുടെ ഹൃദയം തൊട്ട് അവർ അവരുടെ വിളി തിരിച്ചറിഞ്ഞ്, ദൈവത്തോടു നന്ദിയോടെ സമ്മതം പറയാനും, ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ എല്ലാ പ്രയാസങ്ങളെയും മറികടന്ന്  അവരുടെ ജീവിതം ദൈവത്തിനും സഹോദരർക്കും, ലോകം മുഴുവനും ഒരു സ്തുതിഗീതുമാക്കട്ടെയെന്നും അതിന് കന്യാമറിയം നമ്മോടു കൂടെ നമുക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കട്ടെയെന്ന പ്രാർത്ഥനയോടും കൂടെയാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിക്കുന്നത്.

 

 

24 March 2020, 21:04