ഒരേസമയത്ത് ഒരേസ്വരത്തില്‍ ഒരു പ്രാര്‍ത്ഥന
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. മാനവകുലത്തെ രക്ഷിക്കണേയെന്ന പ്രാര്‍ത്ഥന
മഹാമാരിയില്‍നിന്നും മാനവകുലത്തെ മോചിപ്പിക്കുന്നതിന് ക്രൈസ്തവലോകം ദൈവത്തെ പിതാവേ, എന്നു വിളിച്ചു പ്രാര്‍ത്ഥിച്ചു. പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്ത പ്രാര്‍ത്ഥന ചരിത്രത്തില്‍ ക്രൈസ്തവ സഭകളെ കൂട്ടിയിണക്കയ ദൈവസന്നിധിയില്‍ മനുഷ്യന്‍റെ മഹാപ്രാര്‍ത്ഥനയായി. മാധ്യമശൃംഖലകളുടെ സഹായത്തോടെയാണ് വിവിധ ക്രൈസ്തവസഭകളും സമൂഹങ്ങളും രാജ്യങ്ങളും ഭവനങ്ങളും വ്യക്തികളും സംഘടനകളും പ്രാര്‍ത്ഥനയില്‍ കണ്ണിചേര്‍ന്നത്. മാനവകുലം മഹാമാരിക്കു മുന്നില്‍ പതറിനില്ക്കുന്നതിന്‍റെ മനോവ്യഥയിലാണ് പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനാഹ്വാനം നടത്തിയത്. മാര്‍ച്ച് 25, ബുധനാഴ്ച പ്രാദേശിയസമയം മദ്ധ്യാഹ്നം 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന് സ്വര്‍ഗ്ഗസ്ഥനായ പിതാവേ... എന്ന പ്രാര്‍ത്ഥന ക്രൈസ്തവമക്കള്‍ ലോകത്ത് എവിടെയും ഒത്തുചേര്‍ന്നു ചൊല്ലണമെന്നാണ് പാപ്പാ അഭ്യര്‍ത്ഥിച്ചത്.
2. പിതാവില്‍ ആത്മവിശ്വാസമുള്ള മക്കളുടെ കൂട്ടായ്മ
സ്വര്‍ഗ്ഗസ്ഥനായ പിതാവേ... എന്ന പ്രാര്‍ത്ഥന ഉരുവിടുന്നതിനു മുന്‍പ് പാപ്പാ ഫ്രാന്‍സിസ് നല്കിയ ഹ്രസ്വമായ ആമുഖസന്ദേശത്തില്‍ വിവിധസഭകള്‍ കൈകോര്‍ത്ത ഈ പ്രാര്‍ത്ഥനയുടെ സാര്‍വ്വത്രികതയെക്കുറിച്ച് പാപ്പാ പരാമര്‍ശിച്ചു. പിതാവില്‍ ആത്മവിശ്വാസമുള്ള മക്കളെപ്പോലെയാണ് ക്രൈസ്തവര്‍ ഇന്നേദിവസം പ്രാര്‍ത്ഥിക്കുന്നത്. ദിവസത്തില്‍ പലതവണ ഉരുവിടുന്ന പ്രാര്‍ത്ഥനയാണെങ്കിലും, കൊറോണ വൈറസ് മഹാമാരി മാനവകുലത്തെ കഠിനമായി പരീക്ഷിക്കുന്ന ഈ ഘട്ടത്തില്‍ ദൈവത്തിന്‍റെ കാരുണ്യത്തിനായി സഭകള്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയാണെന്ന് പാപ്പാ വ്യക്തമാക്കി. ഏതു സഭയിലും സമൂഹത്തിലും, ഭാഷയിലും സംസ്കാരത്തിലും പ്രായത്തിലുമുള്ളവരായാലും ഈ രോഗബാധയില്‍നിന്നും മാനവകുലത്തെ രക്ഷിക്കണമേയെന്നു ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥിക്കണെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും, രോഗീപരിചാരകര്‍ക്കും അവരുടെ സഹായികള്‍ക്കും, അധികാരികള്‍ക്കും നിയമപാലകര്‍ക്കും സന്നദ്ധസേവകര്‍ക്കും, ഭരണകര്‍ത്താക്കള്‍ക്കും വിവിധ സമൂഹങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.
3. യേശുവിന്‍റെ മംഗലവാര്‍ത്ത തിരുനാളില്‍ ഉയര്‍ന്ന പ്രാര്‍ത്ഥന
യേശുവിന്‍റെ മംഗലവാര്‍ത്ത തിരുനാളില്‍ സഭ പ്രത്യേകമായി അനുസ്മരിക്കുന്നത് ദൈവഹിതത്തിനു കീഴ്വഴങ്ങിക്കൊണ്ട് ദൈവത്തിന്‍റെ മനുഷ്യാവതാരത്തിനു പരിശുദ്ധ മറിയം മൂളിയ വിനയാന്വിതമായ സമ്മതത്തെയാണ്. നസ്രത്തിലെ എളിയ കന്യകയുടെ എളിമയുള്ള ദൈവഹിതത്തോടുള്ള സമ്മതമാണ് ദൈവപുത്രനിലൂടെ ലോകത്തിനു രക്ഷ ഫലപ്രാപ്തമാകാന്‍ കാരണമായതെന്ന് പാപ്പാ വിശദീകരിച്ചു. അതിനാല്‍ മറിയത്തെപ്പോലെ വിനയാന്വിതരായി ദൈവകരങ്ങളില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ആത്മാവും മനസ്സുമുണര്‍ത്തി പിതാവിനോടു പ്രാര്‍ത്ഥിക്കാമെന്ന് ആഹ്വാനംചേയ്തുകൊണ്ടാണ് “സര്‍ഗ്ഗസ്ഥനായ പിതാവേ...” എന്ന പ്രാര്‍ത്ഥന പാപ്പാ ഉരുവിട്ടത്.