തിരയുക

HEALTH-CORONAVIRUS/POPE HEALTH-CORONAVIRUS/POPE 

പ്രാര്‍ത്ഥനയ്ക്ക് പുരാതന കുരിശും കന്യകാനാഥയുടെ ചിത്രവും

പാപ്പാ ഫ്രാന്‍സിസ് നയിക്കുന്ന അത്യപൂര്‍വ്വമായ പ്രാര്‍ത്ഥനായാമത്തില്‍ പുരാതന കുരിശും കന്യകാനാഥയുടെ വര്‍ണ്ണനാചിത്രവും സ്ഥാനംപിടിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. വത്തിക്കാന്‍റെ തിരുമുറ്റത്ത്
മഹാമാരിയില്‍നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനായാമം വെള്ളിയാഴ്ച മാര്‍ച്ച് 27-ന് പ്രാദേശിക സമയം 6 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 10.30-ന് ആരംഭിക്കും.  പ്രത്യാശയുടെ ഈ പ്രാര്‍ത്ഥനയ്ക്ക് വേദിയാകുന്നത് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ തിരുമുറ്റമാണ്. ജനസമ്പര്‍ക്കം ഒഴിവാക്കുന്നതിനാല്‍ തിരുമുറ്റം ശൂന്യമായിരിക്കും. മാധ്യമങ്ങളിലൂടെ മാത്രമായിരിക്കും ജനങ്ങള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത്.

2. അത്യപൂര്‍വ്വ കുരിശും കന്യകാനാഥയുടെ വര്‍ണ്ണനാചിത്രവും
ബസിലിക്കയുടെ പ്രധാന കവാടത്തിന്‍റെ പാര്‍ശ്വങ്ങളില്‍ റോമിലെ വിശുദ്ധ മര്‍ചേലോയുടെ ദേവാലയത്തില്‍നിന്നും (St. Marcello’s Church, Dia del Corso, Rome) കൊണ്ടുവന്നിട്ടുള്ള പുരാതനമായ വലിയ കുരിശുരൂപവും, റോമിലെ മേരി മേജര്‍ ബസിലിക്കയില്‍നിന്നും എത്തിച്ചിട്ടുള്ള റോമിന്‍റെ രക്ഷിക (Icon of Madonna called Salus Populi Romani) എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കന്യകാനാഥയുടെ പുരാതനമായ വര്‍ണ്ണനാചിത്രവും താല്ക്കാലികമായി സ്ഥാപിക്കുമെന്നത് പ്രാര്‍ത്ഥനാശുശ്രൂഷയുടെ സവിശേഷതയാണെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തെയോ ബ്രൂണി മാര്‍ച്ച് 26, വ്യാഴാഴ്ച വൈകുന്നേരം റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

3. പ്രാര്‍ത്ഥനയുടെ ക്രമം
ആമുഖപ്രാര്‍ത്ഥനയെ തുടര്‍ന്ന് വചനപാരായണത്തോടെ ആരംഭിക്കുന്ന ഒരുമണിക്കൂര്‍ നീളുന്ന പ്രാര്‍ത്ഥനായാമത്തിന്‍റെ ആരംഭത്തില്‍ പാപ്പാ ധ്യാനപ്രഭാഷണം നടത്തും. തുടര്‍ന്ന് ബസിലിക്കിയുടെ ഉമ്മറത്തുള്ള നടുത്തളത്തിലെ  താല്ക്കാലിക പീഠത്തില്‍ പരിശുദ്ധ കുര്‍ബ്ബാന എഴുന്നള്ളിച്ചുവച്ചുകൊണ്ടുള്ള ആരാധനയാണ്. ദിവ്യകാരുണ്യ ആരാധനയെ തുടര്‍ന്നുള്ള യാചനാപ്രാര്‍ത്ഥനയുടെ അന്ത്യത്തിലായിരിക്കും “ലോകത്തിനും നഗരത്തിനും” Urbi et Orbi എന്ന പൂര്‍ണ്ണദണ്ഡവിമോചന ലബ്ധിയുള്ള ആശീര്‍വ്വാദം.

ആശീര്‍വ്വാദത്തിന് ആമുഖമായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ശ്രേഷ്ഠപുരോഹിതന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ കൊമാസ്ട്രി പൂര്‍ണ്ണദണ്ഡവിമോചന ലബ്ധിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2020, 13:38