തിരയുക

രോഗികള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് മാതൃസന്നിധിയില്‍ (വീഡിയോ)

പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രാ‍ര്‍ത്ഥനയുടെ ‘വീഡിയോ’ പതിപ്പ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. പരിചാരകര്‍ക്കായ് പ്രത്യേക നന്ദിയും
രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയും

രോഗികളായ സഹോദരങ്ങള്‍ക്കുള്ളതാണ് എന്‍റെ ഈ സന്ദേശം
വൈറസ് ബാധമൂലം യാതനകള്‍ അനുഭവിക്കുന്നവര്‍ക്കും
വേദനിക്കുന്ന സകലര്‍ക്കുമുള്ളതാണ്.

രോഗംമൂലം അനിശ്ചിതത്ത്വത്തില്‍ കഴിയുന്നവരെ
ഞാന്‍ അഭിസംബോധനചെയ്യുന്നു.
ആശുപത്രികളുടെ ഉത്തരവാദിത്ത്വം വഹിക്കുന്നവര്‍ക്കും
രോഗികളെ തുണയ്ക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും
സന്നദ്ധസേവകര്‍ ആദിയായവര്‍ക്കും
ഈ പ്രതിസന്ധിയില്‍ വേദനിക്കുന്നവരെ പരിചരിക്കുന്നവര്‍ക്കും
ഹൃദയപൂര്‍വ്വം ഞാന്‍ നന്ദിപറയട്ടെ!
യാതനകള്‍ അനുഭവിക്കുന്ന എല്ലാജനതകള്‍ക്കുംവേണ്ടി
ഓ, പരിശുദ്ധ അമ്മേ,  ഞാന്‍ പ്രാര്‍ത്ഥിക്കുന്നു!
 

2. രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥന

ഓ, പരിശുദ്ധ കന്യകാനാഥേ,
ഞങ്ങളുടെ ജീവിതവഴികളില്‍ രക്ഷയുടെയും
പ്രത്യാശയുടെയും അടയാളമായി അങ്ങു തിളങ്ങുന്നുവല്ലോ.
ഞങ്ങള്‍ അങ്ങില്‍ അഭയംതേടുന്നു
രോഗികള്‍ക്ക് ആരോഗ്യമായ അമ്മേ,
കുരിശിന്‍ ചുവട്ടില്‍ വിശ്വാസത്തോടെ ഉറച്ചുനിന്നുകൊണ്ട്
അങ്ങു യേശുവിന്‍റെ പീഡകളില്‍
പതറാതെ പങ്കുചേര്‍ന്നുവല്ലോ!

സകലര്‍ക്കും രക്ഷയായ അമ്മേ,
ഞങ്ങളുടെ ആവശ്യങ്ങള്‍ അങ്ങ് അറിയുന്നുവല്ലോ.
കാനായിലെ കല്യാണ വിരുന്നിലെന്നപോലെ
പ്രതിസന്ധിയുടെ ഈ ഘട്ടം തരണംചെയ്യാന്‍
ഞങ്ങളെ സഹായിക്കുകയും
അങ്ങു ഞങ്ങളുടെ ആനന്ദകാരണമാവുകയും ചെയ്യണമേ!
ദൈവസ്നേഹത്തിന്‍റെ അമ്മേ,
‍ഞങ്ങളുടെ വേദനകള്‍ സ്വയം ഏറ്റെടുത്ത്
കുരിശിലൂടെ ഞങ്ങളെ പുനരുത്ഥാനത്തിലേയ്ക്കു നയിച്ച
അങ്ങേ ദിവ്യസുതനായ യേശു
ആജ്ഞാപിക്കുന്നതുപോലെ പ്രവര്‍ത്തിക്കുവാനും,
അവിടുത്തെപ്പോലെ പിതൃഹിതത്തോടു സാരൂപ്യപ്പെടുവാനും
അങ്ങു ഞങ്ങളെ സഹായിക്കണമേ! ആമേന്‍.

ഓ, പരിശുദ്ധ ദൈവമാതാവേ,
അങ്ങേ സംരക്ഷണയില്‍ ഞങ്ങള്‍ അഭയം തേടുന്നു.
ജീവിതപ്രതിസന്ധിയില്‍ ഉഴലുന്ന ഞങ്ങളെ കൈവെടിയരുതേ!
ഓ മഹത്വപൂര്‍ണ്ണയായ കന്യകാമറിയമേ,
എല്ലാ അപകടങ്ങളില്‍നിന്നു ഞങ്ങളെ കാത്തുകൊള്ളേണമേ!!
ആമ്മേന്‍!

 

14 March 2020, 10:40