ഈ ലോകത്തിന്‍റെ ബിംബങ്ങള്‍ക്ക് അടിയറവു പറയാതിരിക്കുക!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
പ്രലോഭനങ്ങള്‍ക്കെതിരെ ജാഗരൂഗരായിക്കാന്‍ യേശുനാഥന്‍റെ അനുഭവം നമ്മെ സഹായിക്കട്ടെയെന്ന് മാര്‍പ്പാപ്പാ.
ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ച് നോമ്പുകാലത്തിലെ ആദ്യ ഞായറാഴ്ച (01/03/20) അതായത്, മാര്‍ച്ച് ഒന്നിന്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്, മത്തായിയുടെ സുവിശേഷം 4,1-11 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന, സാത്താന്‍ യേശുവിനെ പ്രലോഭിപ്പിക്കുന്നതും അവിടന്ന് പ്രലോഭകനെ ജയിക്കുന്നതുമായ സംഭവം, ആധാരമാക്കി അന്ന്, “ഇന്നത്തെസുവിശേഷം” (#GospelOfTheDay) “നോമ്പ്” (#Lent) എന്നീ ഹാഷ്ടാഗുകളോടു കൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആശംസയുള്ളത്.
“തന്നെ മൂന്നു പ്രാവശ്യം കെണിയില്‍ വീഴ്ത്താന്‍ ശ്രമിച്ച പ്രലോഭകനോടു യേശു പ്രതികരിക്കുന്നതെങ്ങിനെ എന്നു ഇന്നത്തെ സുവിശേഷം നമുക്കു കാണിച്ചുതരുന്നു. പ്രലോഭനങ്ങള്‍ക്കു മുന്നില്‍ ജാഗരൂഗരായിരിക്കാനും ഈ ലോകത്തിന്‍റെ ബിംബങ്ങള്‍ക്കൊന്നിനും അടിയറവു പറയാതിരിക്കാനും അവിടത്തെ അനുഭവം നമ്മെ സഹായിക്കട്ടെ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
ഞായറാഴ്ച (01/03/2020) പാപ്പാ കുറിച്ച മറ്റൊരു ട്വിറ്റര്‍ സന്ദേശം ഇപ്രകാരമായിരുന്നു:
“ഇന്നു വൈകുന്നേരം ഒരാഴ്ചത്തെ ആദ്ധ്യാത്മിക ധ്യാനം ആരംഭിക്കുന്ന എന്നെയും റോമന്‍ കൂരിയായിലെ സഹകാരികളെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.”
ശനിയാഴ്ച (29/02/20) പാപ്പാ രണ്ടു സന്ദേശങ്ങള്‍ ട്വിറ്ററില്‍ ചേര്‍ത്തിരുന്നു.
അതില്‍ ആദ്യത്തേത് അസാധാരണ രോഗങ്ങളെ അധികരിച്ച് അന്നാചരിക്കപ്പെട്ട ദിനത്തെ സംബന്ധിച്ചതായിരുന്നു.
രണ്ടാമത്തെ സന്ദേശം ഇപ്രകാരമായിരുന്നു:
“വത്സലമക്കളും പാപപ്പൊറുതി ലഭിച്ചവരും, രോഗസൗഖ്യം നേടിയവരും, തുണയുള്ള യാത്രികരും എന്ന പോലെ ജീവിക്കാന്‍ കഴിയുന്നതിന് അനുരഞ്ജിതരാകാന്‍ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.