വസന്തയ്ക്കെതിരെ പ്രാര്‍ത്ഥനാ പരിചയുമായി പാപ്പാ
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കോവിദ് 19 വസന്തയില്‍ നിന്ന് ലോകത്തെ രക്ഷിക്കുന്നതിന് ദൈവിക ഇടപെടല്‍ യാചിച്ചുകൊണ്ട് തീര്‍ത്ഥടകനായി പാപ്പാ റോമിലെ ദേവാലയങ്ങളില്‍.
ഞായറാഴ്ച (16/03/2020) വൈകുന്നേരമാണ് ഫ്രാന്‍സീസ് പാപ്പാ ആദ്യം പരിശുദ്ധമറിയത്തിന്‍റെ നാമത്തിലുള്ള വിശുദ്ധ മേരി മേജര്‍ ബസിലിക്കയിലും അവിടെ നിന്ന് വിശുദ്ധ മര്‍സെല്ലൂസിന്‍റെ നാമധേയത്തിലുള്ള ദേവാലയത്തിലും എത്തി പ്രാര്‍ത്ഥിച്ചത്.
വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍ പാപ്പ “റോമന്‍ ജനതയുടെ രക്ഷ” (സാളൂസ് പോപുളി റൊമാനി-SALUS POPULI ROMANI) എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമാതാവിന്‍റെ പവിത്രസന്നിധിയില്‍ എത്തി പുഷ്പമഞ്ജരി സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.
തദ്ദനന്തരം പാപ്പാ റോമിലെ “വിയ ദെല്‍ കോര്‍സൊ” (VIA DEL CORSO) എന്ന വീഥിയിലൂടെ നടന്ന് പ്രസ്തുത വഴിയില്‍ സ്ഥിതി ചെയ്യുന്ന, വിശുദ്ധ മര്‍സെല്ലൂസിന്‍റെ ദേവാലയത്തിലെത്തുകയും ആ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന അത്ഭുത കുരിശിനെ വണങ്ങുകയും കോവിദ് മഹാമാരിയില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
റോമില്‍ പടര്‍ന്നുപിടിച്ച ഒരു വസന്തയില്‍ നിന്ന് രക്ഷ നേടുന്നതിന് 1522-ല്‍ വിശ്വാസികള്‍ ഈ കുരിശുമേന്തി റോമിലെ വീഥിയിലൂടെ പ്രദക്ഷിണം നടത്തുകയും അക്കൊല്ലം ആഗസ്റ്റ് 4 മുതല്‍ 20 വരെ നീണ്ട ആ പ്രദക്ഷിണ ദിനങ്ങളില്‍ ഓരോ ദിവസവും രോഗ ബാധിതരുടെ എണ്ണത്തില്‍ ക്രമേണ കുറവു സംഭവിക്കുകയും ഇതു മനസ്സിലാക്കിയ വിശ്വാസികള്‍ ഒരോ സ്ഥലത്തും ഈ കുരിശ് പറ്റാവുന്നത്രയും കൂടുതല്‍ സമയം വണങ്ങാന്‍ ശ്രമിക്കുകയും പ്രദക്ഷിണം കൂടുതല്‍ ദിവസങ്ങള്‍ ദീര്‍ഘിപ്പിക്കുകയും അങ്ങനെ, ആഗസ്റ്റ് 20 ആയപ്പോള്‍ രോഗം റോമില്‍ നിന്ന് പൂര്‍ണ്ണമായി അപ്രത്യക്ഷമാകുകയും ചെയ്തതായാണ് വിശ്വസിച്ചു പോരുന്നത്.
കൊറോണ രോഗാണു ബാധിതര്‍ക്കും “കോവിദ് 19” രോഗം പിടിപെട്ടവര്‍ക്കും അവരെ പരിചരിക്കുന്ന ആതുരസേവകര്‍ക്കും വേണ്ടിയും ഈ രോഗം മൂലം മരണമടഞ്ഞവര്‍ക്കു വേണ്ടിയും പാപ്പാ മാതൃസന്നിധിയിലും അത്ഭുത കുരിശിനു മുന്നിലും പ്രാര്‍ത്ഥിച്ചു.