തിരയുക

ഫ്രാൻസീസ് പാപ്പാ "ദോമൂസ് സാംക്തെ മാർത്തെ" കപ്പേളയിൽ ദിവ്യ ബലി അർപ്പിക്കുന്നു, 28/03/2020 ഫ്രാൻസീസ് പാപ്പാ "ദോമൂസ് സാംക്തെ മാർത്തെ" കപ്പേളയിൽ ദിവ്യ ബലി അർപ്പിക്കുന്നു, 28/03/2020 

കൊറോണയുടെ ക്ലേശങ്ങള്‍ അനുസ്മരിച്ചുകൊണ്ടൊരു ബലിയര്‍പ്പണം

കോവിദ് 19 വസന്തമൂലം യാതനകളനുഭവിക്കുന്ന കുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയുടെ ദുരന്തഫലങ്ങളിൽ ഒന്ന് പട്ടിണിയാണെന്ന് മാർപ്പാപ്പാ.

കോവിദ് 19 ദുരന്തത്തിൽ നിന്ന് മാനവരാശിയെ രക്ഷിക്കണമേയെന്ന്, അനുദിനം വത്തിക്കാനിൽ. “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലെ കപ്പേളയിൽ അർപ്പിക്കുന്ന ദിവ്യബലി മദ്ധ്യേ പ്രാർത്ഥിക്കുന്ന ഫ്രാൻസീസ് പാപ്പാ ശനിയാഴ്ചത്തെ (28/03/20) ദിവ്യപൂജാർപ്പണ വേളയിലാണ് ഇതനുസ്മരിച്ചത്.

പാപ്പാ അർപ്പിക്കുന്ന ദിവ്യബലിയിലും പാപ്പായുടെ ഇതര പരിപാടികളിലും ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ലോകത്തിൽ സംജാതമായിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഒഴിവാക്കിയിരിക്കയാണ്. സമ്പർക്കമാദ്ധ്യമങ്ങളിലൂടെയുള്ള ഭാഗഭഗിത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ വത്തിക്കാൻ ഒരുക്കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനവും കോവിദ് 19 രോഗവും ലോകത്തിൽ സംജാതമാക്കിയിരിക്കുന്ന അവസ്ഥയുടെ ഫലമായി ജനങ്ങൾക്ക് ജോലിക്കു പോകാൻ സാധിക്കാത്തതും, സ്ഥിരമായ തൊഴിലില്ലാത്തും, മറ്റു പല സാഹര്യങ്ങളും ഈ പട്ടിണിക്കു കാരണമാണെന്ന് പാപ്പാ പറയുന്നു.

ഈ മഹാമാരിയനന്തര ഫലങ്ങൾ ഇപ്പോൾതന്നെ കണ്ടു തുടങ്ങിയിരിക്കയാണെന്ന് അനുസ്മരിക്കുന്ന പാപ്പാ ഈ വസന്തമൂലം യാതനകളനുഭവിക്കുന്ന കുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.

ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, യേശുവിനെ അവിശ്വസിക്കുന്ന അധികാരികളെക്കുറിച്ചു പരാമർശിക്കുന്ന യോഹന്നാൻറെ സുവിശേഷം 7,40-53 വരെയുള്ള വാക്യങ്ങൾ വിശകലനം ചെയ്ത പാപ്പാ  പുരോഹിത ഗണം വരേണ്യവർഗ്ഗമായി മാറരുതെന്ന് ആവർത്തിച്ചുദ്ബോധിപ്പിച്ചു.

പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കാൻ വൈദികരും സന്ന്യാസിനികളും ഇന്നത്തെ പ്രത്യേക സാഹചര്യത്തിലും ഇറങ്ങിത്തിരിക്കുന്നത് നല്ലകാര്യമാണെന്ന് പാപ്പാ ശ്ലാഘിച്ചു.

വൈദികരും സന്ന്യാസിനികളും കൊറോണവൈറസ് ബാധിതരെ സഹായിക്കാൻ ഇറങ്ങിയാൽ അവരും രോഗബാധിതരാകും ആകയാൽ അതിനു തുനിയരുത് എന്ന് പറയുന്നവരും കൈകൾ അഴുക്കു പറ്റിക്കാൻ, ദരിദ്രരെ സേവിക്കാൻ ധൈര്യമില്ലത്താ വൈദികരും സന്ന്യാസിനികളുമുണ്ടാകാമെന്നും തങ്ങൾ ദൈവജനത്തിലെ അംഗങ്ങളാണെന്ന ഓർമ്മ അവർക്കു നഷ്ടമായിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

എന്നാൽ ദൈവശുശ്രൂഷയിൽ മുഴുകി ജനസേവനം ചെയ്യുന്ന അനേകം സ്ത്രീപുരുഷന്മാർ ഇന്നുമുണ്ടെന്ന് പാപ്പാ സംതൃപ്തി പ്രകടിപ്പിച്ചു.

 

28 March 2020, 16:06