തിരയുക

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ദോമൂസ് സാംക്തെ മാർത്തെയിലെ കപ്പേളയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു 30/03/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ദോമൂസ് സാംക്തെ മാർത്തെയിലെ കപ്പേളയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു 30/03/2020 

നിസ്സഹായാവസ്ഥയിൽ കഴിയുന്നവർക്ക് പ്രാർത്ഥനാ സഹായം നല്കുക, പാപ്പാ

കൊറോണ വൈറസിൻറെ കരാളഹസ്തത്തിൽ അകപ്പെട്ടവർക്കായി ഫ്രാൻസീസ് പാപ്പായുടെ അനുദിന ദിവ്യയാഗം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊറോണവൈറസ് ഉളവാക്കിയ ഭീതിമൂലം നിസ്സഹായാവസ്ഥയിലായിരിക്കുന്നവർക്കു വേണ്ടി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.

വത്തിക്കാനിൽ തൻറെ വാസയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലുള്ള കപ്പേളയിൽ തിങ്കളാഴ്ച (30/03/20) രാവിലെ അർപ്പിച്ച ദിവ്യബലിയിലാണ് ഫ്രാൻസീസ് പാപ്പാ ഇവർക്കായി പ്രാർത്ഥിച്ചത്.

സമൂഹം മുഴുവൻറെയും നന്മയ്ക്കായി വീണ്ടുമെഴുന്നേറ്റു പ്രവർത്തിക്കാൻ  എല്ലാവർക്കും കഴിയുന്നതിനായി കർത്താവിൻറെ സഹായം പാപ്പാ യാചിച്ചു.

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ കല്ലെറിയാൻ കൊണ്ടുവന്ന് യേശുവിൻറെ മുന്നിൽ നിറുത്തുന്ന സുവിശേഷ സംഭവവും, യോഹന്നാൻ 8,1-11,  നിരപരാധിയായ സൂസന്ന എന്ന സ്ത്രീയെ വ്യാജാരോപണം ഉന്നയിച്ച് വധിക്കാൻ ശ്രമിക്കുന്ന സംഭവവും, ഡാനിയേൽ പ്രവാചകൻറെ പുസ്തകം 13,1-9, 15-17, 19-30, 33-62 എന്നീ വാക്യങ്ങൾ വിശകലനം ചെയ്ത പാപ്പാ കർത്താവിൻറെ നീതിയും കാരുണ്യവും ഈ സംഭവങ്ങളിൽ സുവ്യക്തമാകുന്നത് വിശദീകരിച്ചു.

വ്യാജാരോപിതയായ, നിരപരാധിയായ സ്ത്രീയെ കർത്താവ് രക്ഷിച്ചുകൊണ്ട് നീതി നടപ്പാക്കുകയും വ്യഭിചാരിണിയായ പിടിക്കപ്പെട്ട സ്ത്രീയോടു അവിടന്ന് പൊറുക്കുകയുമാണ് ചെയ്യുന്നതെന്ന് പാപ്പാ പറഞ്ഞു.

ഈ രണ്ടു സ്ത്രീകളിൽ ഒരാൾ അഴിമതിക്കാരുടെയും മറ്റൊരാൾ കപടനാട്യക്കാരുടെയും കൈകളിലാണ് അകപ്പെട്ടതെന്ന് അനുസ്മരിച്ച പാപ്പാ അഴിമതിക്കാരൻ നാശം വിതയ്ക്കുകയും ജനങ്ങളെ ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ട് മുന്നേറുന്നുവെന്നും, ലജ്ജിക്കാനുള്ള കഴിവ് എന്ന അനുഗ്രഹം  അഴിമതി ഒരുവനിൽ നിന്ന് എടുത്തുകളയുന്നുവെന്നും പറഞ്ഞു.

ദുഷിച്ചവരായ ന്യായാധിപന്മാരെ കർത്താവ് വിധിക്കുകയും കാപട്യമുള്ളവരെയാകട്ടെ അവിടന്ന് മാനപരിവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

കർത്താവ് എൻറെ ഇടയനാകുന്നു, എനിക്കൊന്നിനും കുറവുണ്ടാകില്ല എന്ന സങ്കീർത്തന വാക്യവും പാപ്പാ ആവർത്തിച്ചു.

പാപികളാണെന്ന ബോധ്യത്തോടുകൂടി കർത്താവിൻറെ കാരുണ്യം നാം യാചിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

 

30 March 2020, 16:08