പാപ്പായുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍: പങ്കാളിത്തം മാദ്ധ്യമങ്ങളിലൂടെ!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
പാപ്പായുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസികളുടെ നേരിട്ടുള്ള ഭാഗഭാഗിത്വം ഉണ്ടായിരിക്കില്ലെന്ന് പേപ്പല്‍ ഭവനം വെളിപ്പെടുത്തി.
കൊറോണ രോഗാണു സംക്രമണവും ഈ വൈറസ് മൂലമുള്ള കോവിദ് 19 രോഗ ബാധയും സംജാതമാക്കിയിരിക്കുന്ന പ്രത്യേകസാഹചര്യം കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും തിരുക്കര്‍മ്മങ്ങളില്‍ ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുചേരാന്‍ കഴിയുമെന്നും അറിയിപ്പില്‍ കാണുന്നു.
കോവിദ് 19 രോഗസംക്രമണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി പല മുന്‍കരുതലുകളും വത്തിക്കാന്‍ സ്വീകരിച്ചിട്ടുണ്ട്.
പാപ്പാ നയിക്കുന്ന ത്രികാലജപം, പാപ്പാ അനുവദിക്കുന്ന പ്രതിവാരപൊതുകൂടിക്കാഴ്ച, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ അര്‍പ്പിക്കുന്ന ദിവ്യബലി തുടങ്ങിയ ജനപങ്കാളിത്തമുള്ള പാപ്പായുടെ പരിപാടികളിലുള്ള ഭാഗഭാഗിത്തം താല്ക്കാലത്തേക്ക് മാദ്ധ്യമങ്ങളിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഇതിനു പുറമെ വത്തിക്കാന്‍ മ്യൂസിയം, വത്തിക്കാനിലുള്ള ഭൂഗര്‍ഭസ്ഥാന സന്ദര്‍ശന കാര്യാലയം, ബസിലിക്കകളിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇക്കൊല്ലം എപ്രില്‍ 3 വരെ താല്ക്കാലികമായി അടച്ചിരിക്കയാണ്.
കൊറോണ വൈറസ് ആശങ്കാജനകമാംവിധം അതിവേഗം പടര്‍ന്നിരിക്കുന്ന ഇറ്റലിയില്‍ അവസ്ഥ നിയന്ത്രണവിധേയമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന കരുതല്‍ നടപടികളോടു സഹകരിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ ആരോഗ്യവകുപ്പ് (Health and Hygiene Directorate of the Vatican City State) ഈ നിര്‍ദ്ദേശങ്ങള്‍ നല്കിയിരിക്കുന്നത്.
ചൊവ്വാഴ്ച (17/03/20) ഉച്ചവരെ ലഭിച്ച കണക്കനുസരിച്ച് ലോകത്തിലെ 162 നാടുകളിലായി കൊറോണ വൈറസ് ബാധിതരുടെ സംഖ്യ 185000-ത്തോടടുത്തു. ഈ രോഗാണു കാരണമായ കോവിദ് 19 രോഗം മൂലം മരണമടഞ്ഞവര്‍ 7000 കവിഞ്ഞു. 80000-ഓളം പേര്‍ സൗഖ്യം നേടിയിട്ടുണ്ട്.
ചൈന കഴിഞ്ഞാല്‍ മരണസഖ്യം ഏറ്റവും കൂടുതല്‍ ഇറ്റലിയിലാണ്. ചൊവ്വാഴ്ച (17/03/20) രാവിലെ വരെയുള്ള കണക്കനുസരിച്ച് ചൈനയില്‍ 3226-ഉം, ഇറ്റലിയില്‍ 2158-ഉം ആണ് മരിച്ചവര്‍. കൊറോണ വൈറസ് ബാധിച്ചിട്ടുള്ളവരുടെ സംഖ്യയും ഏറ്റവും കൂടുതല്‍ ചൈനയിലാണ്- 80881. രണ്ടാം സ്ഥാനത്തു വരുന്നത് ഇറ്റലിയാണ്, 28000 ത്തോളം.
ഇന്ത്യയിലും കൊറോണ വൈറസ് ബാധിതരുടെ സംഖ്യയില്‍ വര്‍ദ്ധനവ് കാണുന്നു. ആഗോളതലത്തില്‍ അനുദിനം കോവിദ് 19 രോഗബാധിതരുടെയും മരണമടഞ്ഞവരുടെയും സംഖ്യ ആശങ്കജനകമാം വിധം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നു.