തിരയുക

ഫ്രാ൯സീസ് പാപ്പാ പൊതുദർശന സന്ദേശം നല്കുന്നു, വത്തിക്കാ൯ 25/03/2020 ഫ്രാ൯സീസ് പാപ്പാ പൊതുദർശന സന്ദേശം നല്കുന്നു, വത്തിക്കാ൯ 25/03/2020 

ജീവ൯ സംരക്ഷിക്കുകയെന്നത് സകലരുടെയും കടമ!

“ജീവനെ, ഓരോ മനുഷ്യ ജീവനെയും ആദരിക്കുകയും സംരക്ഷിക്കുകയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക! ഈ മാർഗ്ഗത്തിലൂടെ മാത്രമെ നിനക്ക് നീതിയും വികസനവും സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും കണ്ടെത്താ൯ സാധിക്കുകയുള്ളു, ഫ്രാ൯സീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാ൯ സിറ്റി

ലോകമെങ്ങും പടരുന്ന കൊറോണവൈറസും കോവിദ് 19 രോഗവും വിതച്ചിരിക്കുന്ന ഭീതിയും സംജാതമാക്കിയിരിക്കുന്ന പ്രത്യേക സാഹചര്യവും  അവയുടെ സംക്രമണ രീതിയും കണക്കിലെടുത്ത് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി രാഷ്ട്രങ്ങൾ വ്യക്തികൾക്കിടയിൽ സാമൂഹ്യ സുരക്ഷാ അകലം സൃഷ്ടിക്കുന്നതിനു വേണ്ടി ജനപങ്കാളിത്തമുള്ള പൊതുപരിപാടികളും അനാവശ്യ യാത്രകളും മറ്റും ഒഴിവാക്കാ൯ നിർദ്ദേശിക്കുകയൊ നിയമം മൂലം നരോധിക്കുകയൊ ചെയ്തിരിക്കുന്നു. വത്തിക്കാനും കൊറോണ വൈറസിനും കോവിദ് 19 രോഗത്തിനുമെതിരായ പോരാട്ടത്തിൽ സജീവമാണ്. ആകയാൽ, പാപ്പായുടെ ജനപങ്കാളിത്തമുള്ള പരിപാടികളിലെല്ലാം അവരുടെ ഭാഗഭാഗിത്തം ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാക്കി പരിമിതപ്പെടുത്തിയിരിക്കയാണ്. തന്മൂലം കഴിഞ്ഞ ആഴ്ചയിലെന്നപോലെ തന്നെ ഈ ബുധനാഴ്ചത്തെയും (25/03/20) പ്രതിവാരപൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ ജനങ്ങളുടെ ഭാഗഭാഗിത്വം വിനിമയ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു. പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ ഘടനയ്ക്ക് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. പതിവുപോലെ പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു. 

“ദൂത൯ അവളോടു പറഞ്ഞു:മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു.31 നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം....... 34 മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാ൯ പുരുഷനെ അറിയുന്നില്ലല്ലോ.35 ദൂത൯ മറുപടി പറഞ്ഞു:പരിശുദ്ധാത്മാവ് നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും. ആകയാൽ ജനിക്കാ൯ പോകുന്ന ശിശു പരിശുദ്ധ൯ എന്നു വിളിക്കപ്പെടും.... 38 മറിയം പറഞ്ഞു: ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നറവേറട്ടെ! അപ്പോൾ ദൂത൯ അവളുടെ മുമ്പിൽ നിന്നു മറഞ്ഞു.” (ലൂക്കാ:1,30-31.34-35.38)

ഈ സുവിശേഷഭാഗം വായിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ, തന്നെ മാദ്ധ്യമങ്ങളിലുടെ കാണുകയും ശ്രവിക്കുകയും ചെയ്യുന്നവരെ വത്തിക്കാനില്‍ പേപ്പല്‍ ഭവനത്തിലെ ഗ്രന്ഥശാലയിലിരുന്നുകൊണ്ട് സംബോധന ചെയ്തു. വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ “എവഞ്ചേലിയും വീത്തെ” (EVANGELIUM VITAE) അഥവാ, “ജീവ൯റെ സുവിശേഷം” എന്ന ചാക്രിക ലേഖനം പുറപ്പെടുവിച്ചിട്ട് മാർച്ച് 25-ന് 25 വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ ഫ്രാ൯സീസ് പാപ്പാ ഈ ചാക്രിക ലേഖനവും മാർച്ച് 25-ന് തിരുസഭ ആചരിക്കുന്ന മംഗളവാർത്താ തിരുന്നാളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്തു.

 പാപ്പാ  ഇറ്റാലിയ൯ ഭാഷയിൽ നടത്തിയ പ്രഭാഷണത്തി൯റെ സംഗ്രഹം :

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

“ജീവ൯റെ സുവിശേഷം” എന്ന ചാക്രിക ലേഖനം

25 വർഷം മുമ്പ്, ഇതേ തീയതിയിൽ, അതായത്, മാർച്ച് 25-ന്, സഭ മംഗളവാർത്താ തിരുന്നാൾ ആചരിച്ച ദിനത്തിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ മനുഷ്യജീവ൯റെ മൂല്യത്തെയും അലംഘനീയതയേയും അധികരിച്ച് “എവഞ്ചേലിയും വീത്തെ” (EVANGELIUM VITAE) അഥവാ, “ജീവ൯റെ സുവിശേഷം” എന്ന ചാക്രിക ലേഖനം പുറപ്പെടുവിച്ചു.

മംഗളവാർത്താ തിരുന്നാളും ജീവ൯റെ സുവിശേഷവും തമ്മിലുള്ള ബന്ധം അഭേദ്യവും അഗാധവുമാണെന്ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ത൯റെ ചാക്രികലേഖനത്തിൽ അടിവരയിട്ടു കാട്ടുന്നുണ്ട്. മനുഷ്യജീവനും ആഗോള സമ്പദ്ഘടനയ്ക്കും ഭീഷണി ഉയർത്തുന്ന ഒരു മാഹാമാരിയുടെ ഈ പശ്ചാത്തലത്തിൽ ഈ പ്രബോധനം നാം ആവർത്തിച്ചുദ്ഘോഷിക്കേണ്ടിയിരിക്കുന്നു. ഈ ചാക്രിക ലേഖനത്തി൯റെ ആരംഭ വചസ്സുകൾ ഈ അവസ്ഥയിൽ നമ്മെ കൂടുതൽ പ്രതിജ്ഞാബദ്ധരാക്കുന്നു. പ്രസ്തുത വചനങ്ങൾ ഇതാ: “ജീവ൯റെ സുവിശേഷം യേശുവി൯റെ സന്ദേശത്തി൯റെ കാതലാണ്. സഭ സ്നേഹത്തോടു കൂടി സ്വീകരിച്ച  ആ സന്ദേശം എക്കാലത്തെയും സകല സംസ്കാരങ്ങളിലെയും മനുഷ്യർക്കുള്ള സദ്വാർത്തയായി ധീരതയാർന്ന വിശ്വാസത്തോടുകൂടി പ്രഘോഷിക്കപ്പെടണം” (1). 

 അനിവാര്യ സാക്ഷ്യം

ഏതൊരു സുവിശേഷ വിളംബരത്തെയും പോലെ സർവ്വോപരി ഇതിനും സാക്ഷ്യം അനിവാര്യമാണ്. രോഗികൾക്കും വൃദ്ധജനത്തിനും ഏകാന്തത അനുഭവിക്കുന്നവർക്കും കൂടുതൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്കും നാനാവിധത്തിൽ സേവനം ചെയ്തുകൊണ്ട് നിശബ്ദ സാക്ഷ്യമേകുന്ന അനേകരെ ഞാ൯ നന്ദിയോടെ ഓർക്കുന്നു. ആവശ്യത്തിലിരിക്കുകയായിരുന്ന ത൯റെ ബന്ധുവായ എലിസബത്തിനെ സഹായിക്കുന്നതിന്, ദൈവദൂത൯ നല്കിയ മംഗളവാർത്ത ഉൾക്കൊണ്ടതിനു ശേഷം പോയ മറിയത്തെപ്പോലെ അവർ ജീവ൯റെ സുവിശേഷം പ്രാവർത്തികമാക്കുന്നു. 

വ്യക്തിയിൽ ആവിഷ്കൃതമാകുന്ന ജീവ൯

വാസ്തവത്തിൽ നാം ഊട്ടിവളർത്തുകയും കാത്തുപരിപാലിക്കുകയും ചെയ്യാ൯ വിളിക്കപ്പെട്ടിരിക്കുന്ന ജീവ൯ അമൂർത്തമായ ഒരു ആശയമല്ല. അത് അസ്ഥിയും മാംസവുമുള്ള വ്യക്തിയിൽ ആവിഷ്കൃതമാകുന്നു: ഗർഭസ്ഥ ശിശുവിൽ, പാർശ്വവത്കൃതനായ പാവപ്പെട്ടവനിൽ, ഏകാന്തനായ, ആശയറ്റവനായ രോഗിയിൽ, മരണാസന്നനായ രോഗിയിൽ, തൊഴിൽ നഷ്ടപ്പെട്ടവനിൽ, ജോലി കണ്ടെത്താ൯ കഴിയാത്തവനിൽ, തിരസ്കൃതനോ ഒരു വിഭാഗത്തിലേക്കു തള്ളപ്പെട്ടവനൊ ആയ കുടിയേറ്റക്കാരനിൽ ആവിഷ്കൃതമാണ് ജീവ൯. ജീവ൯ വ്യക്തികളിൽ സമൂർത്തമായി ആവിഷ്കൃതമാകുന്നു.

ജീവ൯റെ സംരക്ഷണം  വെറും ഒരാശയമല്ല  

ജീവതം അതി൯റെ പൂർണ്ണതയിൽ ആസ്വദിക്കാ൯ ദൈവം ഓരോ മനുഷ്യവ്യക്തിയെയും വിളിച്ചിരിക്കുന്നു. സഭയുടെ മാതൃസന്നിഭ സംരക്ഷണത്തിന് ഭരമേല്പിക്കപ്പെട്ടിരിക്കുന്നതാകയാൽ മാനവ ഔന്നത്യത്തിനും മനുഷ്യ ജീവനും എതിരായ ഓരോ ഭീഷണിയും സഭയുടെ ഹൃദയത്തിലും അവളുടെ മാതൃഉദരത്തിലും ആഘാതമുളവാക്കും. ജീവ൯റെ സംരക്ഷണം സഭയ്ക്ക് വെറും ഒരാശയമല്ല മറിച്ച് ഒരു യാഥാർത്ഥ്യമാണ്, അത് മാനവയാഥാർത്ഥ്യമാണ്. അത് സകല ക്രൈസ്തവരെയും ഉൾച്ചേർക്കുന്ന ഒരു യാഥാർത്ഥ്യമാണ്.

ജീവനെതിരെ ഉയരുന്ന വാളുകൾ

മാനവ ഔന്നത്യത്തിനും മനുഷ്യ ജീവനും എതിരായ ആക്രമണങ്ങൾ, സാർവ്വത്രിക മനുഷ്യാവകാശങ്ങളുടേതായ നമ്മുടെ ഈ കാലഘട്ടത്തിലും, ദൗർഭാഗ്യവശാൽ,,  തുടരുന്നു. അതിലുപരിയായി, പുത്ത൯ ഭീഷണിയ്ക്കും പുതിയ അടിമത്തത്തിനും മുന്നിലാണ് നാം. കൂടുതൽ ബലഹീനവും വേധ്യവുമായ ജീവന് പലപ്പോഴും നൈയമിക സംരക്ഷണവും ലഭിക്കുന്നില്ല.

വ്യക്തിയുടെ മൂല്യം തിരിച്ചറിയുക

ആകയാൽ,  “ജീവ൯റെ സുവിശേഷം” എന്ന ചാക്രിക ലേഖനത്തി൯റെ സന്ദേശം എക്കാലത്തും പ്രസക്തമാണ്. ഇന്നു നാം ജീവിക്കുന്ന അടിയന്തരാവസ്ഥയ്ക്കപ്പുറം കടന്ന് സാസ്കാരിക വിദ്യഭ്യാസ മേഖലകളിൽ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ജീവ൯റെ സംസ്കൃതി ക്രൈസ്തവരുടെ മാത്രം പൈതൃകസമ്പത്തല്ല, മറിച്ച്, സകലർക്കും അവകാശപ്പെട്ടതാണ് എന്ന ഉറച്ച ബോധ്യത്തോടു കൂടി ഐക്യദാർഡ്യത്തി൯റെയും പരിചരണത്തി൯റെയും സ്വീകരണത്തി൯റെയും മനോഭാനവം ഭാവി തലമുറകൾക്ക് പകർന്നു നല്കാ൯ പരിശ്രമിക്കേണ്ടിയിരിക്കുന്നു. സാഹോദര്യബന്ധങ്ങൾ കെട്ടിപ്പടുക്കാനും, ബലഹീനനും വേദനയിയനുഭവിക്കുന്നവനുമാണെങ്കിൽ പോലും ഓരോ വ്യക്തിയുടെയും മൂല്യം തിരിച്ചറിയാനും ശ്രമിച്ചുകൊണ്ടുള്ളതാകണം ഈ യത്നം.

അനർഘമായ ജീവ൯ ആദരിക്കപ്പെടണം, സംരക്ഷിക്കപ്പെടണം

പ്രിയ സഹോദരീസഹോദരന്മാരേ, ഓരോ മനുഷ്യ ജീവനും അദ്വീതീയവും അനാവർത്തിതവു അനർഘവുമാണ്. ഇതെന്നും ആവർത്തിച്ചുദ്ഘോഷിക്കപ്പടണം. സത്യസന്ധമായ വചനത്തോടും ധീരമായ പ്രവൃത്തികളോടും കൂടി പ്രഘോഷിക്കപ്പെടണം. ഇത് മഹാ മാനവകുടുംബത്തോടും ആ കുടുംബത്തിലെ ഓരോ അംഗത്തോടും ഐക്യദാർഡ്യവും സാഹോദര്യ സ്നേഹവും പ്രകടിപ്പിക്കാ൯ ആഹ്വാനം ചെയ്യുന്നു.

ആകയാൽ, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ 25 വർഷം മുമ്പ് സകലരോടു നടത്തിയ അഭ്യർത്ഥന പാപ്പായോടൊപ്പം, നവീകൃത ബോധ്യത്തോടുകൂടി ഞാ൯ ആവർത്തിക്കുകയാണ്:

“ജീവനെ, ഓരോ ജീവനെയും, ഓരോ മനുഷ്യ ജീവനെയും ആദരിക്കുകയും സംരക്ഷിക്കുകയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക! ഈ മാർഗ്ഗത്തിലൂടെ മാത്രമെ നിനക്ക് നീതിയും വികസനവും സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും കണ്ടെത്താ൯ സാധിക്കുകയുള്ളു.” (5) നന്ദി.   

സമാപനാഭിവാദ്യങ്ങൾ

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

കൊറോണ വൈറസും ഈ രോഗാണുമൂലമുള്ള കോവിദ് 19 രോഗവും ലോകത്തില്‍ സംജാതമാക്കിയിരിക്കുന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍, ഈ ബുധനാഴ്ച മദ്ധ്യാഹ്നത്തിൽ ലോകത്തിലെ സകലക്രൈസ്തവരുമായി ആദ്ധ്യാത്മികമായി ഒന്നു ചേർന്ന് സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ചപേക്ഷിക്കുമെന്നു വെളിപ്പെടുത്തിയ പാപ്പാ കാരുണ്യവാനും നല്ലവനുമായ  ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും വെള്ളിയാഴ്ച (27/03/20) വൈകുന്നേരം വത്തിക്കാനിൽ, വിശുദ്ധ പത്രോസി൯റെ ബസിലിക്കയുടെ അങ്കണത്തിൽ താ൯ നയിക്കുന്ന പ്രാർത്ഥനയിലും ദിവ്യകാരുണ്യാരാധനയിലും വിനിമയ മാദ്ധ്യമങ്ങളിലൂടെ പങ്കുചേരാനും പൂർണ്ണ ദണ്ഡവിമോചനത്തോടുകൂടിയ “ഊർബി ഏത്ത് ഓർബി” ആശീർവ്വാദം സ്വീകരിക്കാനും എല്ലാവരെയും ക്ഷണിച്ചു.

ദൈവിക കാരുണ്യത്തിൽ വിശ്വാസമുള്ളവരായിരിക്കാനും അനിശ്ചിതത്വത്തി൯റെതായ ഈ കാലയളവിൽ പ്രത്യേകിച്ച് അയൽക്കാരോടു ഉദാരതയുള്ളവരായിരിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 March 2020, 15:25