നീതിക്കായുള്ള ആന്തരിക ദാഹവും വിശപ്പും!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കൊറോണ വൈറസും ഈ രോഗാണു കാരണമാകുന്ന കോവിദ് 19 (COVID 19) രോഗവും ലോകമഖിലം ഭീതിയുടെ നിഴല്‍ പരത്തിയിരിക്കുന്ന ഒരു വേളയില്‍ ഈ അണുബാധയും രോഗവും പടരാനുള്ള സാധ്യതകളെല്ലാം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഓരോ രാജ്യവും സ്വീകരിച്ചുകൊണ്ടിരിക്കുന്നു. കൊറോണ വൈറസിനെതിരെ ഇതുവരെയും ഫലപ്രദമായ ഒരു മരുന്നു കണ്ടുപിടിക്കാത്താ പശ്ചാത്തലത്തില്‍ നമ്മുടെ അനുദിന ജീവിത രീതിയില്‍, നമ്മുടെ സാമൂഹ്യ ജീവിതത്തില്‍, സാമൂഹ്യ ബന്ധങ്ങളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയാണ് കരണീയം. ആകയാല്‍ വ്യക്തികളുടെ അടുത്ത ഇടപഴകലുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും സുരക്ഷാ അകലം പാലിക്കണമെന്ന ബോധ്യം സൃഷ്ടിക്കുകയുമൊക്കെ ചെയ്തുകൊണ്ടാണ് ഇപ്പോള്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായി ജനസമ്പര്‍ക്കമുള്ള എല്ലാ പരിപാടികളും വത്തിക്കാനിലും താല്ക്കാലികമായി ഒഴിവാക്കിയിരിക്കുന്നു. ആകയാല്‍ ഫ്രാന്‍സീസ് പാപ്പായുടെ അനുദിന പരിപാടികളിലും ഈ മാറ്റങ്ങള്‍ പ്രകടമാണ്. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പാപ്പാ നടത്തുന്ന എല്ലാ പരിപാടികളിലും നേരിട്ടല്ലാതെ, ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ സംബന്ധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വത്തിക്കാന്‍ ഒരുക്കിയിരിക്കുന്നു. തന്മൂലം ഈ ബുധനാഴ്ചത്തെ (11/03/20) പ്രതിവാരപൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ ജനങ്ങളുടെ ഭാഗഭാഗിത്വം വിനിമയ മാദ്ധ്യമങ്ങളിലൂടെ ആയിരുന്നു. പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ ഘടനയ്ക്ക് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. പതിവുപോലെ ത്രിത്വൈക സ്തുതിയോടുകൂടി
പാപ്പാ പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് 119-Ↄ○ സങ്കീര്‍ത്തനത്തില്‍ നിന്നുള്ള ഒരു ഭാഗം വിവിധ ഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. തദ്ദനന്തരം പാപ്പാ, തന്നെ ഈ മാദ്ധ്യമങ്ങളിലുടെ കാണുകയും ശ്രവിക്കുകയും ചെയ്യുന്നവരെ വത്തിക്കാനില്‍ പേപ്പല്‍ ഭവനത്തിലിരുന്നുകൊണ്ട് സംബോധന ചെയ്തു.
പ്രഭാഷണം:
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
കര്‍ത്താവ് സുവിശേഷഭാഗ്യങ്ങളിലൂടെ നമുക്ക് പ്രദാനം ചെയ്ത പ്രഭാപൂരിതമായ പാതയെക്കുറിച്ചുള്ള വിചിന്തനം ഇന്ന് നമുക്കു തുടരാം. നാമിപ്പോള്‍ നാലാമത്തെ സുവിശേഷഭാഗ്യത്തിലേക്കു പ്രവേശിക്കുന്നു: “നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ അനുഗ്രഹീതര്‍, അവര്‍ തൃപ്തരാക്കപ്പെടും” (മത്തായി 5,6)
നീതിക്കായുള്ള വിശപ്പും ദാഹവും
ആത്മാവിലുള്ള ദാരിദ്ര്യത്തെയും വിലാപത്തെയുംകുറിച്ച് നാം ധ്യാനിക്കുകയുണ്ടായി. ഇനി നമുക്ക് മറ്റൊരു ദൗര്‍ബല്യത്തെക്കുറിച്ച്, വിശപ്പും ദാഹവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ബലഹീനതയെക്കുറിച്ച് ചിന്തിക്കാം. നമ്മുടെ അതിജീവനവുമായി ബന്ധമുള്ള പ്രാഥമികമായ ആവശ്യങ്ങളാണ് വിശപ്പും ദാഹവും.
അടിവരയിട്ടു പറയേണ്ട ഒരുകാര്യം ഇത് പൊതുവായ ഒരു അഭിലാഷത്തെ സംബന്ധിച്ചതല്ല, മറിച്ച്, ആഹാരം എന്ന പോലെ ജീവല്‍പ്രധാനമായ അനുദിനാവശ്യമാണ് എന്നതാണ്.
നാലാമത്തെ സുവിശേഷഭാഗ്യത്തിന്‍റെ സാരം?
നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുക എന്നതിന്‍റെ പൊരുള്‍ എന്താണ്? തീര്‍ച്ചയായും നമ്മള്‍ പ്രതികാരദാഹികളെക്കുറിച്ചല്ല സംസാരിക്കുന്നത്. മറിച്ച്, നാം ശാന്തശീലത്തെക്കുറിച്ച് മുന്‍ സുവിശേഷഭാഗ്യത്തില്‍ പ്രതിപാദിക്കുകയുണ്ടായി. അനീതികള്‍ നരകുലത്തിനു മുറിവേല്പിക്കുന്നു എന്നതില്‍ സംശയമില്ല; മാനവ സമൂഹത്തിന് നീതിയും സത്യവും സാമൂഹ്യനീതിയും അടിയന്തരമായി ആവശ്യമായിരിക്കുന്നു. ലോകത്തില്‍ സ്ത്രീപുരുഷന്മാര്‍ അനുഭവിക്കുന്ന തിന്മ ദൈവ പിതാവിന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു എന്ന കാര്യം നാം ഓര്‍ക്കണം. സ്വന്തം മക്കളുടെ ദു:ഖത്തില്‍ വേദനിക്കാത്ത ഏതു പിതാവുണ്ട്?
നിലവിളി കേള്‍ക്കുന്ന ദൈവം
പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വേദന തിരിച്ചറിയുകയും അതില്‍ പങ്കുചേരുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ച് തിരുലിഖിതങ്ങള്‍ പറയുന്നുണ്ട്. പുറപ്പാടിന്‍റെ പുസ്തകം വിവരിക്കുന്നതു പോലെ, അടിച്ചമര്‍ത്തപ്പെട്ട ഇസ്രായേല്‍ മക്കളുടെ രോദനം ശ്രവിച്ച ദൈവം സ്വന്തം ജനത്തെ മോചിപ്പിക്കുന്നതിന് ഇറങ്ങിവരുന്നു (പുറപ്പാട് 3,7-10) എന്നാല്‍ കര്‍ത്താവ് വിവക്ഷിക്കുന്ന, നീതിക്കായുള്ള വിശപ്പും ദാഹവും ഓരോ മനുഷ്യനും സ്വന്തം ഹൃദയത്തില്‍ പേറുന്ന മാനവ നീതിക്കായുള്ള ന്യായമായ അവകാശത്തെക്കാള്‍ ഗഹനമാണ്.
അഭൗമിക നീതി
ഗിരിപ്രഭാഷണത്തില്‍ അല്പം മുന്നോട്ടു പോകുമ്പോള്‍ യേശു, മനുഷ്യന്‍റെ അവകാശത്തെയൊ, വൈക്തിക പരിപൂര്‍ണ്ണതയെയൊക്കാളക്കൊ മഹത്തായ ഒരു നീതിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അവിടന്ന് പറയുന്നു: “നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഇതാണ് സ്വര്‍ഗ്ഗത്തില്‍ നിന്നു വരുന്ന നീതി.
അതീന്ദ്രിയ ദാഹം
തിരുലിഖിതങ്ങളില്‍ ആവിഷ്കൃതമായിരിക്കുന്ന ദാഹം ശാരീകദാഹത്തെക്കാള്‍ തീവ്രമാണ്. അത് നമ്മുടെ അസ്തിത്വത്തിന്‍റെ അടിത്തറയാണ്. സങ്കീര്‍ത്തനം പറയുന്നു: “ദൈവമേ, അവിടുന്നാണ് എന്‍റെ ദൈവം, പ്രഭാതത്തില്‍ ഞാന്‍ അങ്ങയെ തേടുന്നു, എന്‍റെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു, ഉണങ്ങിവരണ്ട ഭൂമിയെന്നപോലെ എന്‍റെ ശരീരം അങ്ങയെ കാണാതെ തളരുന്നു” (സങ്കീര്‍ത്തനം 63,1) മാനവഹൃദയത്തില്‍ കുടികൊള്ളുന്ന ഈ അസ്വസ്ഥയെക്കുറിച്ചു സഭാപിതാക്കന്മാര്‍ പറയുന്നുണ്ട്. വിശുദ്ധ അഗസ്റ്റിന്‍ അതാവിഷ്ക്കരിക്കുന്നത് ഈ വാക്കുകളിലാണ്: “കര്‍ത്താവേ, അവിടന്ന് ഞങ്ങളെ അങ്ങേയ്ക്കായി മെനഞ്ഞു. അങ്ങില്‍ വിശ്രമിക്കുന്നതു വരെ ഞങ്ങളുടെ ഹൃദയം സ്വസ്ഥമാകില്ല”. അതെ, ഒരു ആന്തരിക ദാഹമുണ്ട്, ആന്തരിക വിശപ്പുണ്ട്, ഒരു അസ്വസ്ഥതയുണ്ട്.
ആവൃത ദാഹം
എല്ലാഹൃദയങ്ങളിലും, ഏറ്റം അഴിമതിക്കാരനായ വ്യക്തിയിലും നന്മയില്‍നിന്നേറെ അകലെയായവനിലും പോലും പ്രകാശോന്മുഖമായ ഒരു ദാഹം മറഞ്ഞുകിടപ്പുണ്ട്. ചതികളുടെയും തെറ്റുകളുടെയും കൂമ്പാരത്തിനടിയിലാണെങ്കില്‍പ്പോലും സത്യത്തിനും നന്മയ്ക്കും വേണ്ടിയുള്ള ഒരു ദാഹം എന്നുമുണ്ട്. അത് ദൈവത്തിനായുള്ള ദാഹമാണ്. പരിശുദ്ധാരൂപിയാണ് ഈ ദാഹം ഉളവാക്കുന്നത്.
മഹാ നീതി:യേശുവിന്‍റെ സുവിശേഷം
ആകയാല്‍ സഭ പരിശുദ്ധാത്മഭരിത വചനം സകലരോടും പ്രഘോഷിക്കാന്‍ അയക്കപ്പെട്ടിരിക്കുന്നു. കാരണം യേശുവിന്‍റെ സുവിശേഷമാണ് നരവംശത്തിന്‍റെ ഹൃദയത്തിനേകാന്‍ കഴിയുന്ന ഏറ്റവും വലിയ നീതി. ഇതെക്കുറിച്ച് അവബോധം പുലര്‍ത്തുന്നില്ലെങ്കില്‍ തന്നെയും അത് അത്യന്താപേക്ഷിതമായ ഒരു ആവശ്യമാണ്.
ഉദാഹരണമായി, വിവാഹിതരായ ദമ്പതികള്‍. അവര്‍ക്ക് മഹത്തായതും മനോഹരവുമായ എന്തെങ്കിലും ചെയ്യണമെന്ന ഒരു ലക്ഷ്യം ഉണ്ടായിരിക്കുകയും ഈ ദാഹം സജീവമായി നിലനിര്‍ത്തുകയും ചെയ്താല്‍ ഏതു പ്രതിസന്ധികളിലും മുന്നേറാനുള്ള വഴി ദൈവസഹായത്താല്‍ അവര്‍ കണ്ടെത്തും. യുവജനത്തിനും ഈ ദാഹമുണ്ട്. അത് അവര്‍ നഷ്ടപ്പെടുത്തരുത്.
വിവേചന ബുദ്ധിയുടെ അനിവാര്യത
സത്യത്തില്‍ പ്രാധാന്യമുള്ളത്, യഥാര്‍ത്ഥത്തില്‍ ആവശ്യമായിരിക്കുന്നത്, നല്ലവണ്ണം ജീവിക്കാന്‍ പ്രാപ്തമാക്കുന്നത് എന്താണെന്നും അതോടൊപ്പം തന്നെ, രണ്ടാം സ്ഥാനത്തു വരുന്നതെന്താണെന്നും അനിവാര്യമല്ലാത്തതെന്താണെന്നും കണ്ടെത്താന്‍ ഒരോ വ്യക്തിയും വിളിക്കപ്പെട്ടിരിക്കുന്നു.
നീതിക്കായുള്ള വിശപ്പും ദാഹവും യേശു വിളംബരം ചെയ്യുന്ന ഈ സുവിശേഷഭാഗ്യത്തില്‍ നമ്മെ നിരാശപ്പെടുത്താത്ത ഒരു ദാഹമുണ്ട്; മനസ്സുവച്ചാല്‍ അത് സഫലമാകും, എന്നും ശുഭപര്യവസായിയാകും. കാരണം അത് ദൈവഹിതത്തിന്, സ്നേഹമാകുന്ന അവിടത്തെ അരൂപിക്ക്, അനുസൃതമാണ്. നീതി കണ്ടെത്താനും, ദൈവത്തെ ദര്‍ശിക്കാനും അപരര്‍ക്ക് നന്മചെയ്യാനുമുള്ള അഭിവാഞ്ഛയാകുന്ന നീതിക്കായുള്ള ദാഹം ഉണ്ടാകുന്നതിനുള്ള അനുഗ്രഹം കര്‍ത്താവ് നമുക്കേകട്ടെ. നന്ദി
സമാപനാഭിവാദ്യങ്ങള്‍
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇറ്റാലിയന്‍ ഭാഷാക്കാരെ അഭിവാദ്യം ചെയ്യവെ പാപ്പാ കൊറോണവൈറസ് ബാധിച്ചവരെയും ഈ അണുബാധയെത്തുടര്‍ന്ന് കോവിദ് 19 രോഗം പിടിപെട്ടവരെയും അവരെ പരിചരിക്കുന്നവരെയും പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു.
ഗ്രീസിന്‍റെയും തുര്‍ക്കിയുടെയും അതിര്‍ത്തിയില്‍ യാതനകളനുഭവിക്കുന്ന സിറിയക്കാരായ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ചൊല്ലുകയും തുടര്‍ന്ന്, അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്തു.