തിരയുക

ചരിത്രത്തിലാദ്യമായി പത്രോസിൻറെ പിൻഗാമി ആൾശൂന്യമായ വത്തിക്കാൻ ചത്വരത്തിൽ പ്രാർത്ഥന നയിക്കുന്നു. ഫ്രാൻസീസ് പാപ്പാ വെള്ളിയാഴ്ച വൈകുന്നേരം വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ  27/03/2020 ചരിത്രത്തിലാദ്യമായി പത്രോസിൻറെ പിൻഗാമി ആൾശൂന്യമായ വത്തിക്കാൻ ചത്വരത്തിൽ പ്രാർത്ഥന നയിക്കുന്നു. ഫ്രാൻസീസ് പാപ്പാ വെള്ളിയാഴ്ച വൈകുന്നേരം വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ 27/03/2020 

വസന്തയിൽ നിന്നുള്ള രക്ഷയ്ക്കായി വിജനതയിൽ നിന്നുയർന്ന പ്രാർത്ഥന!

ലോകത്തെ പിടിച്ചുലച്ചിരിക്കുന്ന കോവിദ് 19 രോഗത്തിൽ നിന്ന് മാനവരാശിയെ രക്ഷിക്കുന്നതിന് ഫ്രാൻസീസ് പാപ്പായുടെ പ്രത്യേക യാചനയും “ഊർബി ഏത്ത് ഓർബി” ആശീർവ്വാദംവും

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരിയിൽ നിന്ന് ലോകത്തെയും നരകുലത്തെയും രക്ഷിക്കുന്നതിന് പാപ്പാ പ്രത്യേക പ്രാർത്ഥന നടത്തി.

ഈ രോഗ നിവാരണത്തിനായി ഇറ്റലിയുടെ സർക്കാർ സ്വീകരിച്ചിരിക്കുന്ന യാത്രാവിലക്കുകളുൾപ്പടെയുള്ള കടുത്ത നടപടികളുടെ പശ്ചാത്തലത്തിൽ വിജനമായിരുന്ന, വത്തിക്കാനിലെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ, മഴയിൽ കുതിർന്ന അങ്കണത്തിൽ, വെള്ളിയാഴ്ച (27/03/20) പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 10.30-ന് ആയിരുന്നു ഫ്രാൻസീസ് പാപ്പാ ദിവ്യകാരുണ്യാരാധനയോടു കൂടിയ ഈ അത്യപൂർപൂവ്വ പ്രാർത്ഥനാ ശുശ്രൂഷ നയിക്കുകയും റോമാ നഗരത്തിനും ലോകത്തിനും എന്നർത്ഥം വരുന്ന “ഊർബി ഏത്ത് ഓർബി” (URBI ET ORBI) ആശീർവ്വാദം നല്കുകയും ചെയ്തത്.

ഈ പ്രാർത്ഥനയിലും ദിവ്യകാരുണ്യാരാധനയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ സമ്പർക്ക മാദ്ധ്യമങ്ങളിലൂടെ പങ്കുചേരുകയും സഭ നിഷ്ക്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്കനുസൃതം സ്വീകരിച്ചാൽ, പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതുമായ, “ഊർബി ഏത്ത് ഓർബി” ആശീർവ്വാദം സ്വീകരിക്കുകയും ചെയ്തു. 

റോമിലെ വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍ “റോമന്‍ ജനതയുടെ രക്ഷ” (സാളൂസ് പോപുളി റൊമാനി-SALUS POPULI ROMANI) എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമാതാവിന്‍റെ തിരുച്ചിത്രവും റോമിലെ “വിയ ദെല്‍ കോര്‍സൊ” (VIA DEL CORSO) എന്ന വീഥിയിൽ സ്ഥിതി ചെയ്യുന്ന, വിശുദ്ധ മര്‍സെല്ലൂസിന്‍റെ  ദേവാലയത്തിൽ നിന്നുകൊണ്ടുവന്ന അത്ഭുത കുരിശും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ പ്രധാന പ്രവേശന കവാടത്തിൻറെ ഇടത്തും വലത്തുമായി പ്രതിഷ്ഠിച്ചിരുന്നു. 

റോമില്‍ പടര്‍ന്നുപിടിച്ച ഒരു വസന്തയില്‍ നിന്ന് രക്ഷ നേടുന്നതിന് 1522-ല്‍ വിശ്വാസികള്‍ ഈ കുരിശുമേന്തി റോമിലെ വീഥിയിലൂടെ പ്രദക്ഷിണം നടത്തുകയും അക്കൊല്ലം ആഗസ്റ്റ് 4 മുതല്‍ 20 വരെ നീണ്ട ആ പ്രദക്ഷിണ ദിനങ്ങളില്‍ ഓരോ ദിവസവും രോഗ ബാധിതരുടെ എണ്ണത്തില്‍ ക്രമേണ കുറവു സംഭവിക്കുകയും ഇതു മനസ്സിലാക്കിയ വിശ്വാസികള്‍ ഒരോ സ്ഥലത്തും ഈ കുരിശ് പറ്റാവുന്നത്രയും കൂടുതല്‍ സമയം വണങ്ങാന്‍ ശ്രമിക്കുകയും പ്രദക്ഷിണം കൂടുതല്‍ ദിവസങ്ങള്‍ ദീര്‍ഘിപ്പിക്കുകയും അങ്ങനെ, ആഗസ്റ്റ് 20 ആയപ്പോള്‍ രോഗം റോമില്‍ നിന്ന് പൂര്‍ണ്ണമായി അപ്രത്യക്ഷമാകുകയും ചെയ്തതായാണ്  വിശ്വസിച്ചു പോരുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2020, 14:57