പാപ്പാ: റോമായുടെ സന്തോഷത്തിലും ദു:ഖത്തിലും സഭയും പങ്കുചേരുന്നു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
റോമിലെ ഓപ്പരാ അരങ്ങിൽ ഫെബ്രുവരി മൂന്നാം തിയതി വൈകുന്നേരം നടന്ന ചടങ്ങിൽ ഇറ്റലിയുടെ പ്രസിഡണ്ടായ സെർജ്ജോ മത്തരെല്ലയുടെ സാന്നിധ്യത്തിൽ മാർപ്പാപ്പയ്ക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിൻ സന്ദേശം വായിച്ചു.
റോമാ തലസ്ഥാനത്തിന്‍റെ 150 ആം വാർഷീകാഘോഷങ്ങളുടെ തുടക്കം റോമായുടെ മേയറായ ശ്രീമതി വെർജീനിയാ റാജിയുടെ നേത്രത്വത്തിൽ ആരംഭം കുറിക്കുമ്പോൾ അതില്‍ പങ്കുചേരാൻ തനിക്ക് സന്തോഷമുണ്ടന്നും, റോമിന്‍റെ മെത്രാൻ എന്ന നിലയിൽ ആശംസകളർപ്പിക്കുകയും റോമാ തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനം ദൈവപരിപാലനയുടെ ഭാഗമായിരുന്നുവെന്നും തന്‍റെ സന്ദേശത്തിൽ പാപ്പാ അഭിപ്രായപ്പെട്ടു. റോമാ തലസ്ഥാനമാക്കി കൊണ്ടുള്ള തീരുമാനം വഴി റോമ നഗരവും, ഇറ്റലിയും, സഭ തന്നെയും മാറിയ ഒരു പുതിയ ചരിത്രത്തിന്‍റെ ആരംഭമായിരുന്നു. 150 വര്‍ഷങ്ങളില്‍ റോമാനഗരം വളരുകയും മാറുകയും ചെയ്തു. ഏകജാതീയതയിൽ നിന്ന് വിവിധ വിഭാഗങ്ങളെ സംയോജിപ്പിക്കുന്ന സമൂഹമായി കത്തോലിക്കരെ കൂടാതെ വിവിധ മത വിശ്വാസങ്ങളെയും, അവിശ്വാസികളേയും സഹവസിപ്പിക്കുന്ന ഇടമായി. റോമായുടെ സന്തോഷത്തിലും ദു:ഖത്തിലും സഭയും പങ്കു ചേരുന്നു എന്നു എഴുതിയ പാപ്പാ റോമാനഗര ചരിത്രത്തിലെ 3 സംഭവങ്ങൾ ഓർമ്മിപ്പിക്കുകയും ചെയ്തു.
1943 മുതൽ 1944 വരെ നാസികൾ റോമാനഗരം കൈയടക്കിയ കാലത്തില്‍ യഹൂദ പീഡനത്തിൽ യഹൂദർക്ക് സംരക്ഷണമേകാൻ സഭയ്ക്ക് കഴിഞ്ഞതും 1962 മുതൽ 1965 വരെ നടന്ന രണ്ടാം വത്തിക്കാൻ കൗൺസില്‍ വഴി റോമാ നഗരം തന്‍റെ സാർവ്വലൗകീക, കത്തോലിക എക്യുമെനിക്കൽ സ്വഭാവം പ്രകടിപ്പിച്ച് സമാധാനത്തിന്‍റെ നഗരമായി മാറിയതും, റോമിന്‍റെ ദോഷങ്ങളെ കുറിച്ച് 1974ൽ റോമാ രൂപത സംഘടിപ്പിച്ച സമ്മേളനത്തെയും പാപ്പാ അനുസ്മരിച്ചു. ഈ സമ്മേളനത്തിലെ ജനപങ്കാളിത്തം റോമിലെ ദരിദ്രരുടേയും പ്രാന്തപ്രദേശികളുടേയും ആഗ്രഹങ്ങൾക്ക് ചെവികൊടുത്തു. ഇക്കാര്യങ്ങൾ ഓര്‍മ്മിപ്പിച്ച പാപ്പാ തന്‍റെ സന്ദേശത്തിൽ റോമ നഗരത്തിന് അതിന്‍റെ ക്രോമസോമുകളിൽ എഴുതപ്പെട്ടിട്ടുള്ള സാഹോദര്യത്തിന്‍റെയും സാർവ്വലൗകീകതയുടേയും ഒരു ദർശനം യുവതലമുറയ്ക്ക് നൽകാൻ കഴിയണമെന്നും, ആഗോളത്തലത്തില്‍ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രചാരകയായി മാറണമെന്നും ആശംസിച്ചു.
റോമാ നഗരത്തിന്‍റെ 150 വർഷത്തെ നീണ്ട, വളരെ അർത്ഥവത്തായ ചരിത്രം മറക്കുന്നത് നല്ല നാളെയെ കെട്ടിപ്പടുക്കാനുള്ള പ്രത്യാശ നശിപ്പിക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. റോമാ നഗരം ലോകത്തോടു സാഹോദര്യവും, ഐക്യവും, സമാധാനവുമാണ് പ്രഖ്യാപിക്കുന്നത് എന്ന വിശുദ്ധ പോളാറമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.