തിരയുക

 പൊതു കൂടികാഴ്ച്ചയില്‍  പകര്‍ത്തപ്പെട്ട ചിത്രം. പൊതു കൂടികാഴ്ച്ചയില്‍ പകര്‍ത്തപ്പെട്ട ചിത്രം.  

പാപ്പാ :ആത്മീയമായ അഴിമതി ഒരു പാപിയുടെ പതനത്തെക്കാൾ മോശമാണ്

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ അഞ്ചാം അദ്ധ്യായത്തിലെ 164-165 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

അഞ്ചാം  അദ്ധ്യായം:

ജാഗരൂകരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഈ അവസാനത്തെ അദ്ധ്യായത്തിൽ സംസാരിക്കുന്നു. ആത്മീയ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് വിവേചനാബുദ്ധിയും ജാഗരൂകതയും എത്ര അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

164.ആത്മീയ അധഃപതനം

വിശുദ്ധിയുടെ പാത പരിശുദ്ധാത്മാവ് നമുക്ക് നൽകുന്ന സമാധാനത്തിന്‍റെയും ആനന്ദത്തിന്‍റെയും ഒരു സ്രോതസ്സാണ്. അതേസമയം “നാം വിളക്ക് കത്തിച്ചും” (ലൂക്കാ.12:35) ശ്രദ്ധാലുക്കളായും ഇരിക്കണമെന്ന് ആവശ്യപ്പെടുന്നു. “എല്ലാത്തരം തിന്മയിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യുവിന്‍”(1തെസ.5:22). “നിങ്ങൾ ജാഗരൂകരായിരിക്കുവിൻ”(മത്താ.24:42, മർക്കോ.13:35). “ഉറങ്ങി കഴിയാതെ നമുക്ക് ഉണർന്നു സുബോധമുള്ളവരായിരിക്കാം”(1തെസ.5:6). ദൈവത്തിന്‍റെ നിയമത്തിനെതിരെ ഗുരുതരമായ ഒരു പാപവും തങ്ങൾ ചെയ്യുന്നില്ല എന്ന് ചിന്തിക്കുന്നവർ മന്ദമായ ഒരു ആലസ്യസത്തിന്‍റെ അവസ്ഥയിലേക്ക് വീണേക്കാം. തങ്ങളെത്തന്നെ കുറ്റപ്പെടുത്തത്തക്കവിധം ഗുരുതരമായ ഒന്നും അവർ കാണുന്നില്ല. അതുകൊണ്ട്, ആത്മീയജീവിതം ക്രമേണ അലസമായി തീരുന്നു എന്ന് മനസ്സിലാക്കുന്നതിൽ അവർ പരാജയപ്പെടുന്നു. അവർ ദുർബ്ബലരും ദുഷിച്ചവരുമായി അവസാനിക്കുന്നു.

ജാഗ്രതയില്ലായ്മയാണ് ആത്മീയ അധഃപതനത്തിനു കാരണം. ആത്മീയ ജീവിതത്തിൽ നാം നിദ്രാവശരായിരുന്നാൽ നാം സുബോധമില്ലാത്തവരായി പൈശാചിക കെണികളിൽ ചെന്ന് വീഴുമെന്ന മുന്നറിയിപ്പും അങ്ങനെ വീഴാതിരിക്കാനുള്ള ഉപദേശവും വചനങ്ങളുടെ പ്രകാശത്തിൽ പാപ്പാ നമുക്ക് പറഞ്ഞു തരുന്നു. മരുഭൂമിയിലെ പിതാക്കന്മാർ എപ്പോഴും തങ്ങളെ കുറിച്ച് വിലപിച്ചിരുന്നു. ദൈവസ്നേഹത്തിനെതിരായി ജീവിതത്തിൽ ചെയ്തു പോയ അരുതായ്മകളെ കുറിച്ചും, വന്നു പോയ പിഴവുകളെ കുറിച്ചും, പാപത്തെ കുറിച്ചും ഓർത്തു അവർ നിരന്തരം കരയുവായിരുന്നുവെന്നും അതിനു വേണ്ടി തപക്രിയകൾ അനുഷ്ടിക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. അവർ സ്വയം നീതിമാന്മാരെന്നു കരുതാതെ പാപികളാണെന്നു ഏറ്റുപറഞ്ഞു. സുവിശേഷത്തിൽ നാം വായിക്കുന്ന  ഫരിസേയന്‍റെയും ചുങ്കക്കാരെന്‍റെയും പ്രാർത്ഥനയിൽ നീതികരിക്കപ്പെട്ടവനായി ദേവാലയത്തിൽ നിന്നും മടങ്ങി പോയത്  ദൈവസന്നിധിയിൽ തെറ്റുകൾ  ഏറ്റ്പറഞ്ഞ ചുങ്കക്കാരനായിരുന്നു. ഫരിസേയന് തന്‍റെ കുറവുകളെ എല്ലാം അറിയുന്ന ദൈവത്തിന്‍റെ മുന്നിൽ പോലും തുറന്നു പിടിക്കാൻ കഴിഞ്ഞില്ല. ഈ മനോഭാവത്തെ കുറിച്ച് പാപ്പാ തന്‍റെ പ്രബോധനത്തിൽ വ്യക്തമായി പറയുന്നത് ആത്മീയ അധഃപതനം എന്നാണ്.

"ദൈവത്തിന്‍റെ നിയമത്തിനെതിരെ ഗുരുതരമായ ഒരു പാപവും തങ്ങൾ ചെയ്യുന്നില്ല എന്ന് ചിന്തിക്കുന്നവർ മന്ദമായ ഒരു ആലസ്യസത്തിന്‍റെ അവസ്ഥയിലേക്ക് വീണേക്കാം. തങ്ങളെത്തന്നെ കുറ്റപ്പെടുത്തത്തക്കവിധം ഗുരുതരമായ ഒന്നും അവർ കാണുന്നില്ല. അതുകൊണ്ട്, ആത്മീയജീവിതം ക്രമേണ അലസമായി തീരുന്നു എന്ന് മനസ്സിലാക്കുന്നതിൽ അവർ പരാജയപ്പെടുന്നു."

സ്വയം നീതിമാന്മാരും, വിശുദ്ധരും, പാണ്ഡിത്യമുള്ളവരും, മറ്റുള്ളവരെ പോലെ അല്ല താൻ എന്ന് ചിന്തിച്ചു കൂടെ ജീവിക്കുന്നവരുടെ പോരായ്മകളെ വലിപ്പിച്ചു അവരെ ഉപദേശിക്കാനും തന്നെ പോലെ ജീവിക്കണം എന്ന നിർദേശങ്ങളുടെ പട്ടിക നിരന്തരം നിരത്തി വയ്ക്കുന്ന ചില വ്യക്തികളെ നമ്മുടെ കുടുംബങ്ങളിലും, സന്യാസ ഭവനങ്ങളിലും, സമൂഹത്തിലും നാം കണ്ടിട്ടുണ്ടാകാം. അവരുടെ ഭാവങ്ങളിൽ നിന്നും, പ്രവർത്തികളിൽ നിന്നും അവരെ കുറിച്ച് അവർ ചിന്തിക്കുന്ന വ്യവസ്ഥയിൽ നിന്നും എത്ര അകന്നു നിൽക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയും. ആരുടേയും ആത്മീയ ജീവിതത്തെ അപഗ്രഥിക്കാൻ ആർക്കും കഴിയുകയില്ല. എന്നാൽ ഇങ്ങനെയുള്ള വ്യക്തികളുടെ ആത്മീയജീവിതം ഇരുട്ട് നിറഞ്ഞതായിരിക്കും. കാരണം ദൈവത്തിന്‍റെ മുന്നിൽ പോലും തങ്ങളെ തന്നെ ന്യായികരിക്കാൻ ധൈര്യപ്പെടുന്നവർക്ക്‌ ദൈവ കല്‍പ്പനയെ അത്ര സുലഭമായി സ്വീകരിക്കാനോ അതനുസരിച്ചു ജീവിക്കാനോ കഴിയാതെ പോകുന്നു. ഇങ്ങനെയുള്ള മനോഭാവമുള്ളവർ ജോബിനെ സന്ദർശിക്കാൻ വന്ന അവന്‍റെ സുഹൃത്തുക്കൾ അവരുടെ കണ്ണിലൂടെ ദൈവത്തെ നിര്‍വ്വചിച്ചത് പോലെ ദൈവത്തെ അവരുടെ കാഴ്ചപ്പാടിൽ കണ്ട് ദൈവത്തിനും അവിടുത്തെ പദ്ധതികൾക്കും നിർവ്വചനം നൽകുന്നു. ഇങ്ങനെയുള്ള മനോഭാവമാണ് നമുക്കുള്ളതെങ്കിൽ നമ്മെ എളുപ്പത്തിൽ തന്‍റെ അടിമയാക്കാൻ പിശാചിന് കഴിയും. കാരണം നമ്മിൽ ഒരു കുറ്റവും കണ്ടെത്താൻ നമുക്ക് കഴിയാത്തതു കൊണ്ട് പാപ്പാ പറയുന്നത് പോലെ നാം അലസരായി തീരുകയും  ആത്മീയ അധഃപതനത്തിൽ വീഴുകയും ചെയ്യുന്നു.  

165.ആത്മീയമായ അഴിമതി 

ആത്മീയദൂഷ്യം ഒരു പാപിയുടെ പതനത്തെക്കാൾ മോശമാണ്. എന്തെന്നാൽ അത് സുഖകരവും സ്വയം സംതൃപ്തിജനകമായ ഒരു അന്ധതയാണ്. എല്ലാം അപ്പോൾ സ്വീകാര്യമായി കാണപ്പെടുന്നു. വഞ്ചന, അപവാദം, അഹന്തയും, സ്വയം കേന്ദ്രീകൃതത്വത്തിന്‍റെ  ഇതരരൂപങ്ങളും തുടങ്ങിയവ. എന്തെന്നാൽ പിശാച് പോലും പ്രഭാപൂർണ്ണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ടല്ലോ (2കൊറി.11:14). സോളമൻ അദ്ദേഹത്തിന്‍റെ ദിവസങ്ങൾ അങ്ങനെ അവസാനിപ്പിച്ചു; അതേസമയം ഗുരുതരമായ പാപം ചെയ്ത ദാവീദിന് അദ്ദേഹത്തിന് അധഃപതനം പരിഹരിക്കാൻ കഴിഞ്ഞു. എളുപ്പം ദൂഷണത്തിലേക്ക് നയിക്കുന്ന ഈ ആത്മ വഞ്ചനയ്ക്കെതിരെ യേശു നമുക്ക് മുന്നറിയിപ്പു നൽകി. മറ്റു ഏഴ് ദുരാത്മാക്കൾ ബാധിച്ച് നാശത്തിലേക്ക് നീങ്ങിയ തന്‍റെ ജീവിതം ഇപ്പോൾ ക്രമത്തിലാണെന്ന് ബോധ്യമായ ഒരു വ്യക്തിയെക്കുറിച്ച് അവിടുന്ന് സംസാരിച്ചു(ലൂക്കാ.11:24 26). മറ്റൊരു ബൈബിൾ ഭാഗം അത് തുറന്നടിച്ചു പറയുന്നു; “നായ് ചർദ്ദിച്ചത് തന്നെ വീണ്ടും ഭക്ഷിക്കുന്നു”( 2 പത്രോ.2:22, സുഭാ.26:11).

ആത്മീയമായ അഴിമതി ഒരു പാപിയുടെ പതനത്തെക്കാൾ മോശമാണ്. എന്തെന്നാൽ അത് സുഖകരവും സ്വയം സംതൃപ്തിജനകമായ ഒരു അന്ധതയാണ്. വഞ്ചന, അപവാദം, അഹന്തയും, സ്വയം കേന്ദ്രീകൃതത്വത്തിന്‍റെ ഇതരരൂപങ്ങളും തുടങ്ങിയവ ആത്മീയ ദൂഷ്യത്തിന്‍റെ രൂപങ്ങളായി കാണാൻ കഴിയും. ഇന്ന് എല്ലാ മേഖലകളിലും അഴിമതി നിറഞ്ഞു നില്‍ക്കുന്നു എന്ന സത്യം നമുക്ക് നിഷേധിക്കാനാവാത്തതാണ്. ഇവിടെ പാപ്പാ ആത്മീയ അഴിമതിയെ കുറിച്ച് സൂചിപ്പിക്കുന്നു. ലൗകീക നേട്ടങ്ങൾക്കായി മനുഷ്യര്‍ ചെയ്യുന്ന അഴിമതി ആത്മീയ അഴിമതിക്കും കാരണമാകുന്നു. ലോകം, പിശാച്, ശരീരം ഇവയുമായി യുദ്ധം ചെയ്തു വിജയിച്ചാൽ മാത്രമേ നമ്മുടെ ആത്മാവിനെ അതിന്‍റെ ദാതാവായ ദൈവത്തിലെത്തിക്കാൻ സാധിക്കുകയുള്ളു.  ദൈവത്തോടു ചേർന്ന് നില്‍ക്കാൻ നമ്മെ തടസ്സപ്പെടുത്തുന്ന തിന്മകളാണ് വഞ്ചന, അപവാദം തുടങ്ങി മനുഷ്യാത്മാവിന്‍റെ വിനാശത്തിനു കാരണമാകുന്ന സർവ്വ തിന്മകളും. ആത്‌മീയ അഴിമതി പാപിയുടെ വീഴ്ചയേക്കാൾ ഭയാനകമാണ്. ആത്മീയ  അഴിമതി എന്ന് പറയുന്നത് നാമായിരിക്കുന്ന അവസ്ഥയെയും, നാം ചെയ്യുന്ന തിന്മകളെയും മറച്ചു വെച്ച് കൊണ്ട് അവയെ നന്മയായി പറഞ്ഞു കൊടുക്കന്ന തിന്മയുടെ രൂപമാണ്. ഇത് ഒരുതരം കൺകെട്ട് വിദ്യായി നമുക്കു പറയാം. അത് കൊണ്ട് വഞ്ചനയും, അസൂയയും, അഹന്തയും നമ്മുടെ മുന്നിൽ നന്മമായി മാറും. പിശാച് പറയുന്നതും  പ്രേരിപ്പിക്കുന്നതെല്ലാം നമുക്ക് നന്മയായി തോന്നും. ഇത് ഒരു തരം വഞ്ചനയാണ്. തിന്മയുടെ യാഥാർത്ഥ്യങ്ങളെ മറച്ചു വെച്ച് മധുരം ചേർത്ത് തിന്മയുടെ കയ്പ്പ് രസത്തെ നന്മയായി അവതരിപ്പിച്ചു വിഷം നൽകുന്ന പ്രവർത്തിയാണ്. ഇത് പിശാചിന്‍റെ പ്രവർത്തിയാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉൽപ്പത്തി പുസ്തകത്തിൽ ആദിമാതാവായ ഹവ്വയോടുള്ള പിശാചിന്‍റെവഞ്ചന. നുണയും വഞ്ചനയും പറഞ്ഞുകൊടുത്ത ചെകുത്താന്‍റെ  വ്യക്തമായ ചിത്രം.

അവിടുന്ന്‌ അവനോടു കല്‍പിച്ചു: തോട്ടത്തിലെ എല്ലാ വൃക്‌ഷങ്ങളുടെയും ഫലം ഭക്‌ഷിച്ചുകൊള്ളുക.എന്നാല്‍, നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്‌; തിന്നുന്ന ദിവസം നീ മരിക്കും (ഉല്‍പ്പ2 :16-17). ദൈവമായ കര്‍ത്താവു സൃഷ്‌ടിച്ച എല്ലാ വന്യജീവികളിലുംവച്ച്‌ കൗശലമേറിയതായിരുന്നു സര്‍പ്പം. അതു സ്‌ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്‍റെയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ? സ്‌ത്രീ സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം. എന്നാല്‍, തോട്ടത്തിന്‍റെ നടുവിലുള്ള മരത്തിന്‍റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്‌;  ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്‌. “സര്‍പ്പം സ്‌ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞ്‌ നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ആ വൃക്ഷത്തിന്‍റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട്‌ അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനും കൊടുത്തു; അവനും തിന്നു. അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്‌? അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്‌ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ടു ഭയന്ന്‌ ഒളിച്ചതാണ്‌. അവിടുന്നു ചോദിച്ചു: നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന്‌ ഞാന്‍ കല്‍പ്പിച്ച വൃക്ഷത്തിന്‍റെ പഴം നീ തിന്നോ? അവന്‍ പറഞ്ഞു: അങ്ങ്‌ എനിക്കു കൂട്ടിനു തന്ന സ്‌ത്രീ ആ മരത്തിന്‍റെ  പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. ദൈവമായ കര്‍ത്താവ്‌ സ്‌ത്രീയോടു ചോദിച്ചു: നീ എന്താണ്‌ ഈ ചെയ്‌തത്‌? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു.” (ഉല്‍പ്പ.3:1-13)

ദൈവത്തെ പോലെയാകാൻ കഴിയും എന്ന് നുണ പറഞ്ഞ് ഹവ്വയെ വഞ്ചിച്ച പിശാച് ഹവ്വാ വഴി ആദത്തെയും, ആദം വഴി മനുഷ്യകുലം മുഴുവനെയും വഞ്ചനയിൽ  ഉൾപ്പെടുത്തുന്നു. ദൈവം ചോദിച്ചപ്പോള്‍ ആദം ഹവ്വാ തന്നെ വഞ്ചിച്ചതിനെ കുറിച്ചും, ഹവ്വ ചെകുത്താൻ അവളെ വഞ്ചിച്ചതിനെകുറിച്ചുമാണ് പറയുന്നത്. അപ്പോൾ താൻ ചെയ്യുന്ന തെറ്റുകള്‍ക്ക് മറ്റുള്ളവരുടെ പ്രവർത്തികളാണ് കാരണം എന്ന് പറയുകയും തങ്ങളുടെ തെറ്റിനെ ന്യായീകരിക്കുകയുമാണ് ചെയ്യുന്നത്. ഈ വഞ്ചനയും നുണയും അഹന്തയുമാണ് ഇന്ന് ലോകത്തിൽ കാണുന്ന ആത്മീയ അഴിമതിക്ക് കാരണം.

19 February 2020, 16:31