വിദ്യാദാനത്തിന് മസ്തിഷ്ക്ക-ഹൃദയ-ഹസ്ത ഭാഷകളുടെ സംയോജനം അനിവാര്യം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
സമഗ്രവിദ്യാഭ്യാസവും അദ്ധ്യാപന ഗുണനിലവാരവും ആഗോള വെല്ലുവിളികളായി തുടരുന്നുവെന്ന് മാര്‍പ്പാപ്പാ.
സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമി, വത്തിക്കാനില്‍ വ്യാഴം-വെള്ളി ദിനങ്ങളില്‍ (06-07/02/2020) “വിദ്യഭ്യാസം:ആഗോള ഉടമ്പടി” എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചായോഗത്തില്‍ സംബന്ധിച്ചവരടങ്ങിയ നാല്പതോളം പേരുടെ സംഘത്തെ അതിന്‍റെ സമാപനദിനത്തില്‍, അതായത്, വെള്ളിയാഴ്ച, സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
പരസ്പരബന്ധത്തിന്‍റെ ഇഴകോര്‍ക്കാനും ഉപരിസാഹോദര്യം വാഴുന്ന നരകുലത്തിന്‍റെ ശില്പികളാകാനും കഴിവുറ്റ പക്വതയാര്‍ന്ന വ്യക്തികളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടുകൂടിയ വിശാലമായ വിദ്യഭ്യാസ ഉടമ്പടിയുണ്ടാക്കുന്നതിനു വേണ്ടി സകല ഉദ്യമങ്ങളെയും ഏകോപിപ്പിക്കേണ്ടത് ആവശ്യമാണെന്ന്, തദ്ദവസരത്തില്‍, മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിച്ചു.
ഐക്യരാഷ്ട്രസംഘടനകയും ഇതര സംഘടനകളും മുന്നോട്ടുവച്ചിട്ടുള്ള ലക്ഷ്യങ്ങളും ചിലനാടുകള്‍ എടുത്തിട്ടുള്ള സുപ്രധാന നടപടികളും കണക്കിലെടുത്താലും ലോകജനതയ്ക്കിടയില്‍ വിദ്യാഭ്യാസതലത്തിലുള്ള അസമത്വം പ്രകടമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടുന്നു.
ദാരിദ്ര്യം, വിവേചനം, കാലാവസ്ഥവ്യതിയാനം, മനുഷ്യവ്യക്തിയെ വെറും വസ്തുവായി കണക്കാക്കല്‍ എന്നിവ വളര്‍ച്ചയെ മുരടിപ്പിക്കുന്നുവെന്നും ഇത് അനേകരെ സംബന്ധിച്ചിടത്തോളം സ്ഥായിയായവികസന ലക്ഷ്യത്തിലെത്തിച്ചേരുന്നതിന് മറികടക്കാനാവത്തതരത്തിലുള്ള മതിലാണെന്നും പാപ്പാ പറയുന്നു.
വിദ്യ അഭ്യസിപ്പിക്കുകയെന്നത് ആശയങ്ങള്‍ സംവേദനം ചെയ്യല്‍ മാത്രമല്ല, മറിച്ച്, കുടുംബവും വിദ്യാലയവും സാമൂഹ്യ-സാസ്കാരിക-മത സ്ഥാപനങ്ങളുള്‍പ്പടെ, വിദ്യയേകാന്‍ ഉത്തരവാദിത്വമുള്ള എല്ലാ വിഭാഗങ്ങളും ഒരുമയോടെ പങ്കുചേരേണ്ട ഒരു ദൗത്യമാണെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.
വിദ്യ അഭ്യസിപ്പിക്കുന്നതിന് ശിരസ്സിന്‍റെയും ഹൃദയത്തിന്‍റെയും കരങ്ങളുടെയും ഭാഷയെ സംയോജിപ്പിക്കേണ്ടതുണ്ടെന്നും സാംസ്കാരികാന്തര-മതാന്തര വീക്ഷണത്തില്‍ യഥാര്‍ത്ഥ മാനവമൂല്യങ്ങളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യാന്‍ കഴിയുന്ന ഒരു വിദ്യഭ്യാസം ആവശ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
അമ്മയുടെ ഉദരത്തില്‍ ശിശു ഉരുവാകുന്ന നമിഷം മുതല്‍ ശിക്ഷണമേകുകയെന്ന ഉത്തരവാദിത്വം തുടക്കം കുറിക്കുന്നതിനാല്‍ നവമായ വിദ്യഭ്യാസ ഉടമ്പടിയില്‍ കുടുംബത്തിന്‍റെ മൂല്യം തെളിഞ്ഞു നില്ക്കണമെന്നും പാപ്പാ പറയുന്നു.
ഫ്രാന്‍സീസ് പാപ്പായുടെ ആഹ്വാനമനുസരിച്ച് വിവിധമതങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും, ജീവകാരുണ്യപ്രവര്‍ത്തനസംഘടനകളുടെയും വിദ്യഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക, സാസ്കാരിക ലോകങ്ങളുടെയും പ്രതിനിധികള്‍ വത്തിക്കാനില്‍ ഇക്കൊല്ലം മെയ് 14-ന് (14/05/2020) “ആഗോള വിദ്യഭ്യാസ ഉടമ്പടി” ഒപ്പുവയ്ക്കുന്ന മഹാ സംരംഭത്തിനൊരുക്കമായിട്ടാണ് വത്തിക്കാനില്‍ ദ്വിദിന ചര്‍ച്ചായോഗം സംഘടിപ്പിക്കപ്പെട്ടത്.