തിരയുക

Vatican News
പൗരന്മാര്‍ പലായനത്തില്‍, സംഘര്‍ഷവേദിയായ സിറിയയില്‍ നിന്നുള്ള ഒരു ദൃശ്യം പൗരന്മാര്‍ പലായനത്തില്‍, സംഘര്‍ഷവേദിയായ സിറിയയില്‍ നിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

സിറിയയ്ക്കുവേണ്ടി പാപ്പായുടെ നവീകൃത അഭ്യര്‍ത്ഥന!

നിരവധിയായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന ജനതയുടെ അവസ്ഥയെക്കുറിച്ച്, ദു:ഖകരമായ വാര്‍ത്തകളാണ് സിറിയയുടെ വടക്കു പടിഞ്ഞാറെ ഭാഗത്തു നന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സംഘര്‍ഷവേദിയായ സിറിയയിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് നയതന്ത്രതയു‌ടെയും സംഭാഷണത്തിന്‍റയും പാത പിന്‍ചെല്ലാന്‍ മാര്‍പ്പാപ്പാ ആവര്‍ത്തിച്ചഭ്യര്‍ത്ഥിക്കുന്നു.

ഞായറാഴ്ച (09/02/2020) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയുടെ സമാപനഭാഗത്താണ് ഫ്രാന്‍സീസ് പാപ്പാ സിറിയയുടെ വടക്കുപടിഞ്ഞാറെ ഭാഗത്ത് നിന്നെത്തിക്കൊണ്ടിരിക്കുന്ന വേദനാജനകങ്ങളായ വാര്‍ത്തകള്‍ അനുസ്മരിച്ചുകൊണ്ട് ഈ അഭ്യര്‍ത്ഥന നടത്തിയത്.

സിറിയയുടെ വടക്കുപടിഞ്ഞാറെ ഭാഗത്ത് പ്രത്യേകിച്ച്, സര്‍ക്കാര്‍വിമത പോരാളികള്‍ക്കെതിരെ സര്‍ക്കാര്‍സൈന്യത്തിന്‍റെ നടപടികള്‍ ശക്തിപ്രാപിച്ചിരിക്കുന്നതിനാല്‍,  അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന  നിരവധിയായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന ജനതയുടെ അവസ്ഥയെക്കുറിച്ച്, ദു:ഖകരമായ വാര്‍ത്തകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

ജീവനും പൗരന്മാരുടെ ഭാഗധേയവും സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര ജീവകാരുണ്യാവകാശങ്ങളുടെ ആദരവില്‍, നയതന്ത്രജ്ഞതയുടെയും സംഭാഷണത്തിന്‍റെയും കൂടിയാലോചനകളുടെയും ഉപാധികള്‍ ഉപയോഗപ്പെടുത്താന്‍ രാജ്യാന്തര സമൂഹത്തോടും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങളോടുമുള്ള തന്‍റെ ഹൃദയംഗമമായ അഭ്യര്‍ത്ഥന പാപ്പാ നവീകരിച്ചു. 

ദുരിതമനുഭവിക്കുന്ന പ്രിയ നാടായ സിറിയയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും നന്മനിറഞ്ഞ മറിയമെ എന്ന മരിയന്‍ പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു.

ഒരാഴ്ചയായി ശ്ക്തിപ്രാപിച്ചിരിക്കുന്ന സര്‍ക്കാര്‍ സൈനിക മുന്നേറ്റം വടക്കു പടിഞ്ഞാറെ സിറിയയില്‍ വലിയ മാനവിക പ്രതിസന്ധിക്കു കാരണമായിരിക്കയാണ്. വിമതരുടെ കോട്ടയായിരുന്ന ആ പ്രദേശത്തുനിന്ന് 6 ലക്ഷത്തോളം സിറിയക്കാര്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ കാണിക്കുന്നു.

സിറിയയുടെ അധികാരത്തിനു വേണ്ടി പൊരുതുന്ന വിവിധ സംഘങ്ങള്‍ക്കെതിരെ അന്നാട്ടില്‍ 8 വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സൈന്യം പോരാട്ടം തുടരുകയാണ്.

 

10 February 2020, 09:56