തിരയുക

ഫ്രാന്‍സീസ് പാപ്പാ ആശീര്‍വ്വാദം നല്കുന്നു, വത്തിക്കാനില്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനാ വേളയില്‍ 02/02/2020 ഫ്രാന്‍സീസ് പാപ്പാ ആശീര്‍വ്വാദം നല്കുന്നു, വത്തിക്കാനില്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനാ വേളയില്‍ 02/02/2020 

അനിവാര്യ ക്രൈസ്തവ ഭാവങ്ങള്‍:ചലനാത്മകതയും വിസ്മയവും!

മറിയവും യൗസേപ്പും ശിമയോനും അന്നയും വ്യത്യസ്തരായ നാലു വ്യക്തികള്‍, എന്നാല്‍ ദൈവന്വേഷകരും കര്‍ത്താവിനാല്‍ നയിക്കപ്പെടാന്‍ സ്വയം അനുവദിച്ചവരും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുന്നാള്‍ ദിനമായിരുന്ന ഈ ഞായാറാഴ്ച (02/02/20), മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ വിവിധരാജ്യാക്കാരായ നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന്, പതിവുപോലെ, പേപ്പല്‍ അരമനയിലെ പതിവു ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (02/02/20) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുന്നാള്‍  ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം 2,22-40 വരെയുള്ള വാക്യങ്ങള്‍, മോശയുടെ നിയമമനുസരിച്ച് സമര്‍പ്പണത്തിനുള്ള ദിവസം ആയപ്പോള്‍ യേശുവിന്‍റെ മാതാപിതാക്കള്‍ ശിശുവിനെ സമര്‍പ്പിക്കുന്നതിന് ജറുസേലം ദേവലായത്തിലേക്കു കൊണ്ടുപോയ സംഭവം വിവരിക്കുന്ന സുവിശേഷ ഭാഗം.  ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

ഇറ്റാലിയന്‍ ഭാഷയില്‍  പാപ്പാ  നത്തിയ പരിചിന്തനത്തിന്‍റെ പരിഭാഷ:

സമര്‍പ്പണത്തിരുന്നാള്‍

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഇന്നു നാം കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുന്നാള്‍, അതായത്, നവജാത ശിശുവായ യേശുവിനെ മറിയവും യൗസേപ്പും ദേവാലയത്തില്‍ സമര്‍പ്പിച്ചതിന്‍റെ ഓര്‍മ്മ, ആഘോഷിക്കയാണ്. ഈ ദിനത്തില്‍ സമര്‍പ്പിത ജീവിത ദിനവും ആചരിക്കപ്പെടുന്നു. സഭയിലെ നിധിയെ, അതായത്, സുവിശേഷോപദേശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് കര്‍ത്താവിനെ ഏറ്റവും അടുത്ത് പിന്‍ചെല്ലുന്നവരെ, ഓര്‍ക്കുന്ന ദിനം.

മോശയുടെ നിയമമനുസരിച്ചുള്ള ആചാരാനുഷ്ടാനം

ജനനത്തിനു ശേഷം 40 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉണ്ണിയേശുവിനെ അവിടത്തെ മാതാപിതാക്കള്‍, യഹൂദ നിയമമനുസരിച്ച്, ദൈവത്തിനു സമര്‍പ്പിക്കുന്നതിനായി ജെറുസലേമിലേക്കു കൊണ്ടുപോകുന്നു. ആചാരമനുസരിച്ചുള്ള അനുഷ്ഠാനങ്ങളെക്കുറിച്ച് വിവരിക്കുമ്പോള്‍ ഈ സംഭവം ചില വ്യക്തികളുടെ മാതൃക നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു. ദൈവം സന്നിഹിതനാകുകയും മനുഷ്യനോട് അടുത്തായിരിക്കുകയും ചെയ്യുന്നിടത്ത്, അവിടന്നുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവനിമിഷത്തിലാണ് അവര്‍ അവിടെ സമ്മേളിച്ചിരിക്കുന്നത്. മറിയവും യൗസേപ്പും ശിമയോനും അന്നയും ആണ് ആതിഥ്യത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മാതൃകകളായി വിളങ്ങുന്ന ആ വ്യക്തികള്‍. ഒരേപോലുള്ളവരല്ല, പ്രത്യുത, വ്യത്യസ്തരാണ് ഈ നാലു പേര്‍. എന്നാല്‍ അവരെല്ലാവരും ദൈവാന്വേഷകരായിരുന്നു, കര്‍ത്താവിനാല്‍ നയിക്കപ്പെടാന്‍ സ്വയം അനുവദിച്ചവരായിരുന്നു.

രണ്ടു ഭാവങ്ങള്‍- ചലനാത്മകതയും വിസ്മയവും

ദ്വിവിധ മനോഭാവങ്ങള്‍ സുവിശേഷകന്‍ ലൂക്കാ ഈ നാലുപേരിലും കാണിച്ചുതരുന്നുണ്ട്, അതായത് ചലന ഭാവവും വിസ്മയഭാവവും.

ചലനാത്മകത

ആദ്യത്തേത് ചലനാത്മക ഭാവമാണ്. മറിയവും യൗസേപ്പും ജറുസലേമിലേക്കു പോകുന്നു; ശിമയോനാകട്ടെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ദേവാലയത്തിലേക്കു പോകുകയും അന്നയാകട്ടെ നിരന്തരം, രാവും പകലും, ദൈവത്തെ ശുശ്രൂഷിക്കുകയുമായിരുന്നു. അപ്രകാരം, ക്രസ്തീയജീവിതത്തിന് ബലതന്ത്രവും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ അനുവദിച്ചുകൊണ്ട് സഞ്ചരിക്കാനുള്ള സന്നദ്ധതയും ആവശ്യമാണെന്ന് ഈ സുവിശേഷഭാഗത്തിലെ നാലു കഥാപാത്രങ്ങളും കാണിച്ചുതരുന്നു. നിശ്ചലാവസ്ഥ ക്രിസ്തീയ സാക്ഷ്യത്തിനും സഭയുടെ ദൗത്യത്തിനും നിരക്കുന്നതല്ല. ചലനാത്മകതയുള്ള ക്രൈസ്തവരെ ലോകത്തിനാവശ്യമുണ്ട്. ജീവിതയാത്രയില്‍ തളരാതെ യേശുവിന്‍റെ സാന്ത്വന വചസ്സുകള്‍ എല്ലാവരിലേക്കും എത്തിക്കുന്നവരാണവര്‍. മാമ്മോദീസ സ്വീകരിച്ച എല്ലാവര്‍ക്കും പ്രഘോഷിക്കാനുള്ള, യേശുവിനെ വിളംബരം ചെയ്യാനുള്ള വിളി, സുവിശേഷപ്രഘോഷണ ദൗത്യത്തിനുള്ള വിളി ലഭിച്ചിരിക്കുന്നു. സഭയുടെ ജീവിതവും ദൗത്യവും സാക്ഷാത്ക്കരിക്കുന്നതില്‍ നായകരായിത്തീര്‍ന്നുകൊണ്ട് സകലര്‍ക്കും ക്രിസ്തീയാനുഭവം ഉണ്ടാകുന്നതിന് യുവജനത്തിന്‍റെയും കുടുംബങ്ങളുടെയും വൃദ്ധജനത്തിന്‍റെയുമെല്ലാം കാര്യത്തിലുള്ള സ്വന്തം ഉത്തരവാദിത്വം ഊട്ടിവളര്‍ത്താന്‍ ഇടവകകളും സഭാസമൂഹങ്ങളും വിളിക്കപ്പെട്ടിരിക്കുന്നു.

ആശ്ചര്യം

വിശുദ്ധ ലൂക്കാ അവതരിപ്പിക്കുന്ന നാലു വ്യക്തികളിലുള്ള രണ്ടാമത്തെ ഭാവം വിസ്മയം ആണ്. “യേശുവിനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് മറിയവും യൗസേപ്പും അത്ഭുതപ്പെട്ടു”  (ലൂക്കാ 2,33). തന്‍റെ ജനത്തിനുവേണ്ടി ദൈവം പ്രവര്‍ത്തിച്ച രക്ഷ ഉണ്ണിയേശുവില്‍ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ട വൃദ്ധനായ ശിമയോന്‍റെ അസന്ദിഗ്ദമായ പ്രതികരണവും ആശ്ചര്യമാണ്. ശിമയോന്‍ ഈ രക്ഷ വര്‍ഷങ്ങളായി പാര്‍ത്തിരിക്കുകയായിരുന്നു. “ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്ന” (ലൂക്കാ 2,38) അന്നയെ സംബന്ധിച്ചും അപ്രകാരം തന്നെയായിരുന്നു. അവള്‍ ജനങ്ങള്‍ക്ക് യേശുവിനെ കാണിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നു. ഈ വൃദ്ധ വാചലായായി. മോശമായ കാര്യങ്ങളല്ല, മറിച്ച് നല്ലകാര്യങ്ങള്‍ അവള്‍ സംസാരിച്ചുകൊണ്ടിരുന്നു. അവള്‍ സംസാരിക്കുകയായിരുന്നു, പ്രഘോഷിക്കുകയായിരുന്നു. യേശുവിനെ കാണിച്ചുകൊടുത്തുകൊണ്ട് ഒരാളുടെ പക്കല്‍ നിന്ന് മറ്റൊരാളുടെ അടുത്തേക്ക് പോയിക്കൊണ്ടിരുന്ന ഒരു വിശുദ്ധയായിരുന്നു ആ വൃദ്ധ. വിശ്വാസികളായ ഈ വ്യക്തികളെല്ലാം വിസ്മയത്താല്‍ വലയിതരായി. കാരണം, തങ്ങളുടെ നയനങ്ങള്‍ക്കു  മുന്നില്‍ സംഭവിച്ചുകൊണ്ടിരുന്നവയാല്‍ ഗ്രസിതരാകാനും അവയില്‍ നിമഗ്നരാകാനും അവര്‍ സ്വയം വിട്ടുകൊടുത്തു. ചുറ്റുമുള്ള കാര്യങ്ങള്‍ കണ്ട് അത്ഭുതപ്പെടാനുള്ള കഴിവ് മതാത്മകാനുഭവത്തിന് അനുകൂല സാഹചര്യമൊരുക്കുകയും കര്‍ത്താവുമായുള്ള കൂടിക്കാഴ്ച ഫലദായകമാക്കിത്തീര്‍ക്കുകയും ചെയ്യും. മറിച്ച് വിസ്മയിക്കാനുള്ള അപ്രാപ്തി ഒരുവനെ നിസ്സംഗനാക്കുകയും വിശ്വാസയാത്രയും അനുദിന ജീവിതവും തമ്മിലുള്ള അകലം വര്‍ദ്ധമാനമാക്കുകയും ചെയ്യുന്നു. സഹോദരീ സഹോദരന്മാരേ, വിസ്മയത്തിന് സ്വയം തുറന്നിട്ടുകൊണ്ട് സദാ ചലനാത്മകതയുള്ളവരായിരിക്കുക.

യേശുവെന്ന ദാനം

ദൈവം നമുക്കായി നല്കിയ ദാനമാകുന്ന യേശുവിനെ അനുദിനം ധ്യാനിക്കാനും നമ്മുടെ ജീവിതം മുഴുവനും  സഹോദരങ്ങള്‍ക്കുള്ള സേവനത്തില്‍ ദൈവത്തിനുള്ള സ്തുതിയായി പരിണമിക്കുന്നതിന്, സന്തോഷഭരിതമായ വിസ്മയത്തോടുകൂടി ആ ദാനം സംവേദനം ചെയ്യുന്നതില്‍ നമ്മെ പങ്കുചേര്‍ക്കാനും കന്യകാമറിയം നമ്മെ സഹായിക്കട്ടെ.       

ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ  മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു. 

സമാപനാഭിവാദ്യങ്ങള്‍

ജീവനുവേണ്ടി

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയില്‍ ഞായറാഴ്ച (02/02/2020) ജീവനുവേണ്ടിയുള്ള ദിനം ആചരിക്കപ്പെട്ടതും “ജീവന് വാതില്‍ തുറന്നിടുക” എന്ന പ്രമേയം ഈ ദിനാചരണം സ്വീകരിച്ചിരുന്നതും പാപ്പാ അനുസ്മരിച്ചു.  

മനുഷ്യജീവനെ അതിന്‍റെ ആരംഭം മുതല്‍ സ്വാഭാവികാന്ത്യംവരെ കാത്തുപരിപാലിക്കാനും സംരക്ഷിക്കാനുമുള്ള പരിശ്രമം നവികരിക്കാനുള്ള ഒരു അവസരമായിരിക്കട്ടെ ഈ ദിനാചരണം എന്ന് പാപ്പാ ആശംസിച്ചു.

സാങ്കേതികവിദ്യയോ സമ്പദ്ഘടനയോ അപകടാവസ്ഥയിലാകുന്ന ഒരു വേളയിലാണെങ്കില്‍ പോലും, ഐക്യദാര്‍ഢ്യ സാഹോദര്യത്തിന്‍റെ നൂതനരൂപങ്ങള്‍ക്ക്  വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ട്, മാനവ ഔന്നത്യ ധ്വംസനത്തിന്‍റെ  എല്ലാ രൂപങ്ങളെയും ചെറുക്കേണ്ടതും ആവശ്യമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സമര്‍പ്പിതര്‍ക്കായി പ്രാര്‍ത്ഥന

തുടര്‍ന്നു പാപ്പാ, സഭയില്‍ വളരെയേറെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പലപ്പോഴും അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരുമായ സമര്‍പ്പിതര്‍ക്കായി, സമര്‍പ്പിതജീവിത ദിനാചരണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന നയിക്കുകയും ചെയ്തു.  

തദ്ദനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ട എല്ലാവിഭാഗക്കാരെയും അഭിവാദ്യം ചെയ്തു. എല്ലാവര്‍ക്കും  ശുഭ ഞായര്‍ ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി

 

03 February 2020, 12:48