തിരയുക

ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, കോടതി വത്സരോദ്ഘാടന വേളയില്‍ 15/02/20 ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, കോടതി വത്സരോദ്ഘാടന വേളയില്‍ 15/02/20  

നീതിയുടെ മേഖലയില്‍ മൗലികപുണ്യങ്ങളുടെ പ്രസക്തി!

സാങ്കേതികമായി പ്രയോഗത്തില്‍ വരുത്തേണ്ട നിയമസംഹിതയല്ല, പ്രത്യുത, ഹൃദയഭാവമാണ് യേശു മുന്നോട്ടു വയ്ക്കുന്ന നീതിയെന്ന് ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നീതിയുടെ മാര്‍ഗ്ഗം, അധികൃത സഹോദര്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള വഴിയാണെന്നും അത് സകലര്‍ക്കും വിശിഷ്യ, ഏറ്റം വേധ്യരും ബലഹീനരുമായവര്‍ക്ക്  സംരക്ഷണം ഉറപ്പേകുന്നുവെന്നും മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ തൊണ്ണൂറ്റിയൊന്നാം കോടതിവര്‍ഷത്തിന്‍റെ ഉദ്ഘാടന വേളയില്‍ ശനിയാഴ്ച (15/02/2020) നടത്തിയ പ്രഭാഷണത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

നീതിയെക്കുറച്ചുള്ള ഈ ബോധ്യത്തില്‍ മുന്നേറാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്  പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

നീതിയെക്കുറിച്ചുള്ള സുവിശേഷ ഭാഷ്യം എന്തെന്നു വിശദീകരിച്ച പാപ്പാ യേശു മുന്നോട്ടു വയ്ക്കുന്ന നീതി സാങ്കേതികമായി പ്രയോഗിക്കുന്ന നിയമങ്ങളുടെ ഒരു സംഹിതയല്ലെന്നും മറിച്ച് നീതി നിര്‍വ്വാഹക ഉത്തരവാദിത്വമുള്ളവരെ നയിക്കുന്ന ഹൃദയഭാവമാണെന്നും ഉദ്ബോധിപ്പിച്ചു.

സര്‍വ്വോപരി, നമ്മുടെ ഉള്ളില്‍ നീതി സ്ഥാപിക്കാനാണ്, അതായത്, അതിശക്തമായ പോരാട്ടത്താല്‍ നമ്മുടെ ആന്തരിക ഭിന്നിപ്പുകളെ ഇല്ലാതാക്കാനാണ്, സുവിശേഷം ആഹ്വാനം ചെയ്യുന്നതെന്നും ജാഗരൂഗരായിരിക്കുകയും ആന്തരികമായി പോരാടുകയും ചെയ്താല്‍ നന്മയുടെമേല്‍ പ്രബലപ്പെടാന്‍ തിന്മയെ അനുവദിക്കാതിരിക്കാന്‍ അതു നമ്മെ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.

ആകയാല്‍ മറ്റുള്ളവരെ സംബന്ധിക്കുന്ന ബാഹ്യമാത്രമായ ഒരു പ്രവര്‍ത്തനമല്ല  അവനവന്‍റെ ആന്തരികതയെ സംബന്ധിക്കുന്ന വൈക്തികമായ പ്രവര്‍ത്തനം, അതായത് ഹൃദയ പരിവര്‍ത്തനം ഇവിടെ ആവശ്യമാണെന്നും ഈ നീതിക്കു മാത്രമെ നീതിക്ക് ജന്മമേകാന്‍ കഴിയുകയുള്ളുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

നീതിയുടെ മേഖലയില്‍ വിവേകം, ആത്മധൈര്യം, ആത്മസംയമനം എന്നീ മൗലിക പുണ്യങ്ങളുടെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.

വിവേകം എന്ന പുണ്യം തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാനുള്ള പ്രാപ്തി നല്കുകയും ഓരോ വ്യക്തിക്കും അര്‍ഹമായത് എന്താണൊ അത് അവന്‍റെ മേല്‍ ആരോപിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു.

ആത്മനിയന്ത്രണം കാര്യങ്ങളെയും അവസ്ഥകളെയും വിലയിരുത്തുന്ന പ്രക്രിയയില്‍ മിതത്വത്തിന്‍റെയും സന്തുലനത്തിന്‍റെയും ഒരു ഘടകമാണെന്നും, അത് മനഃസാക്ഷിക്കനുസൃതം തീരുമാനമെടുക്കാന്‍ നമുക്കു സ്വാതന്ത്ര്യം നല്കുന്നുവെന്നും ആത്മധൈര്യമാകട്ടെ നമ്മുടെ മുന്നിലുള്ള പ്രതിബന്ധങ്ങളെ സമ്മര്‍ദ്ദങ്ങള്‍ക്കും    വികാരങ്ങള്‍ക്കും വിധേയരാകാതെ നേരിടാന്‍ നമ്മെ പ്രാപ്തരാക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വിധി പ്രസ്താവിക്കുക എന്ന ദൗത്യത്തിന് ഒരുക്കവും സമചിത്തതയും മാത്രമല്ല നീതിയോടും നീതിയുമായി ബന്ധപ്പെട്ട വലുതും കര്‍ത്തവ്യപരവുമായ ഉത്തരവാദിതത്തോടുമുള്ള അഭിനിവേശവും അത്യന്താപേക്ഷിതമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

അതുപോലെ തന്നെ തെറ്റിന്‍റെ കാരണം കണ്ടെത്താനും നിയമലംഘകന്‍റെ ബലഹീനത മനസ്സിലാക്കാനുമുള്ള നിരന്തരമായ യത്നത്തെ ഈ ദൗത്യം അവഗണിക്കരുതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.           

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2020, 12:56