തിരയുക

ഫ്രാന്‍സീസ് പാപ്പാ, സഭാനിയമങ്ങളുടെ വ്യാഖ്യാനത്തിനും ആ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സഹായം നല്കുന്നതിനുമായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ (Pontificium consilium de legum textibus) സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്തവരുമൊത്ത്, വത്തിക്കാന്‍ 21/02/2020 ഫ്രാന്‍സീസ് പാപ്പാ, സഭാനിയമങ്ങളുടെ വ്യാഖ്യാനത്തിനും ആ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സഹായം നല്കുന്നതിനുമായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ (Pontificium consilium de legum textibus) സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്തവരുമൊത്ത്, വത്തിക്കാന്‍ 21/02/2020 

നിയമരാഹിത്യം സ്വേച്ഛാധിപത്യത്തിനു ജന്മമേകുന്നു!

സഭാനിയമങ്ങള്‍, ഏറ്റം താഴെക്കിടയിലുള്ളവരുടെയും പാവപ്പെട്ടവരുടെയും രക്ഷാദുര്‍ഗ്ഗവും ശക്തരുടെ ഇരകളായിത്തീരുന്ന അപകടത്തിനെതിരെ പരിചയുമായി ഭവിക്കും- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സഭാനിയമങ്ങളുടെ യഥാര്‍ത്ഥ പൊരുള്‍ വീണ്ടും കണ്ടെത്തുകയും ആഴപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

സഭാനിയമങ്ങളുടെ വ്യാഖ്യാനത്തിനും ആ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സഹായം നല്കുന്നതിനുമായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അതായത്, പൊന്തെഫീച്ചും കൊണ്‍സീലിയും ദെ ലേഗും തെക്സ്തിബൂസിന്‍റ (Pontificium consilium de legum textibus) സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്തവരടങ്ങിയ മുപ്പതോളം പേരെ വെള്ളിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ക്രിസ്തുവിന്‍റെ മൗതിക ഗാത്രമായ സഭയില്‍ പരമപ്രധാനം ദൈവവചനവും കൂദാശകളുമാണെങ്കിലും നിയമത്തിന് അനിവാര്യമായ ഒരു പങ്കുണ്ടെന്നും അത് കൂട്ടായ്മയുടെ സേവനത്തിനുള്ളതാണെന്നും പാപ്പാ വിശദീകരിച്ചു.

കാനന്‍ നിയമങ്ങളുടെ അജപാലനപരമായ സ്വഭാവം മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള പരിശീലനം സഭയില്‍ നല്കുന്നതില്‍ ശ്രദ്ധ പതിക്കേണ്ടതിന്‍റെ   ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

നിയമരഹിതമായ ഒരു സമൂഹം അവകാശങ്ങളില്ലാത്ത ഒരു സമൂഹമായി ഭവിക്കുമെന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ അനുസ്മരിച്ച ഫ്രാന്‍സീസ് പാപ്പാ സഭയിലെ നിയമങ്ങള്‍ കാര്യക്ഷമമായ അജപാലനത്തിന് ഒരു പ്രതിബന്ധമല്ലെന്നും, പ്രത്യുത, നിരങ്കുശ പരിഹാരങ്ങളല്ല, സത്യത്തില്‍ നീതിപൂര്‍വ്വകവും യഥാര്‍ത്ഥത്തില്‍ അജപാലനപരവുമായ പരിഹാരങ്ങള്‍ ഉറപ്പുവരുത്തുന്നുവെന്ന് പ്രസ്താവിച്ചു.

അങ്ങനെ സഭാനിയമങ്ങള്‍ ഏറ്റം താഴെക്കിടയിലുള്ളവരുടെയും പാവപ്പെട്ടവരുടെയും രക്ഷാദുര്‍ഗ്ഗവും ശക്തരുടെ ഇരകളായിത്തീരുന്ന അപകടത്തിനെതിരെ പരിചയുമായി ഭവിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഈ ഒരു പശ്ചാത്തലത്തിലാണ് ആഗോള ശകലിതയുദ്ധങ്ങളും നിയമത്തിന്‍റെ  അഭാവവും നാം കാണുന്നതെന്നും സമഗ്രാധിപത്യം ജന്മംകൊള്ളുന്നതും വളരുന്നതും നിയമരാഹ്യത്യത്തോടുകൂടിയാണെന്നും ഇത് സംഭയില്‍ സംഭവിക്കാന്‍ പാടില്ലെന്നും പാപ്പാ പറഞ്ഞു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2020, 12:47