"ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍" എന്ന വൈരുദ്ധ്യം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ചയും (05/02/20). വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി, ഇക്കഴിഞ്ഞ ആഴ്ചകളിലെന്നപോലെ തന്നെ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ഏഴായിരത്തിലേറെപ്പേര്‍ ശാലയില്‍ സന്നിഹിതരായിരുന്നു. പാപ്പാ നടന്ന് ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു. ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങള്‍ക്കിടയിലൂടെ സാവധാനം നീങ്ങി. നടന്ന് വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
സുവിശേഷ വചനങ്ങള്‍:
“യേശു അരുളിച്ചെയ്തു:(28) അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍;(29) ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.(30) എന്തെന്നാല്‍, എന്‍റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.” (മത്തായി 11,28-30)
ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, സുവിശേഷസൗഭാഗ്യങ്ങളെ അധികരിച്ച് താന്‍ കഴിഞ്ഞയാഴ്ച ആരംഭിച്ച പുതിയ പ്രബോധന പരമ്പര തുടര്‍ന്നു. ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ നടത്തിയ പ്രഭാഷണത്തിന്‍റെ സംഗ്രഹം:
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
“ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവരുടെതാണ്”
മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങളില്‍ ആദ്യത്തെതാണ് ഇന്ന് നമ്മള്‍ വിശകലനം ചെയ്യുക. സന്തോഷത്തിലേക്കുള്ള തന്‍റെ സരണി യേശു വിളംബരംചെയ്യാന്‍ ആരംഭിക്കുന്നത് വൈരുദ്ധ്യാത്മകമായ ഒരു പ്രഖ്യാപനത്തോടുകൂടിയാണ്. അത് ഇങ്ങനെയാണ്: “ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവരുടെതാണ്”(മത്തായി 5,3). ആശ്ചര്യമുളവാക്കുന്ന ഒരു പാതയാണിത്, സുവിശേഷസൗഭാഗ്യത്തിലെ വിചിത്രമായ ഒരു വിഷയമാണിത്.
"ദരിദ്രര്‍" എന്നതിന്‍റെ പൊരുള്‍
“ദരിദ്രര്‍” എന്ന പദത്തിന്‍റെ വിവക്ഷ എന്താണ് എന്ന് നമ്മള്‍ ചിന്തിക്കണം. മത്തായി ഈ പദം മാത്രമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ അത് സാമ്പത്തിക മാനം മാത്രമായേനെ, അതായത്, ജീവിക്കാനാവശ്യമായവ കുറച്ചുമാത്രം ഉള്ളവരെയൊ ഒട്ടും ഇല്ലാത്തവരെയൊ സൂചിപ്പിക്കുന്നതായേനെ. അതുകൊണ്ട് മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളവരെ ദ്യോതിപ്പിക്കുന്നതാകുമായിരുന്നു ആ വാക്ക്.
എന്നാല്‍ ലൂക്കായുടേതില്‍ നിന്ന് വ്യത്യസ്തമായി, മത്തായിയുടെ സുവിശേഷം “ആത്മാവില്‍ ദരിദ്രര്‍” ആയവരെക്കുറിച്ചു പറയുന്നു. എന്താണ് ഇതിന്‍റെ പൊരുള്‍? ഈ ആത്മാവ്, വേദപുസ്തക ഭാഷ്യത്തില്‍, ആദത്തിന് ദൈവം പകര്‍ന്നു നല്കിയ ജീവന്‍റെ നിശ്വാസമാണ്; അത് നമ്മെ മനുഷ്യവ്യക്തിയാക്കിത്തീര്‍ക്കുന്ന നമ്മുടെ അഗാധതമ മാനമാണ്, നമ്മുടെ അസ്തിത്വത്തിന്‍റെ ഹൃദയമാണ്. അത് നമ്മുടെ ആദ്ധ്യാത്മിക മാനമാണ് എന്നു പറയാം. യേശു ദരിദ്രരെ ഭാഗ്യവാന്മാരായി പ്രഖ്യാപിക്കുന്നു, എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാണ്.
വൈരുദ്ധ്യാത്മകത
എന്നാല്‍ ഇതിനു വിപരീതമായിട്ടുള്ള കാര്യങ്ങള്‍ എത്ര തവണ നമ്മോട് പറയപ്പെട്ടിട്ടുണ്ട്? നാം എന്തെങ്കിലുമായിരിക്കണം, നാം ആരെങ്കിലുമാകണം... പേരുണ്ടാക്കണം.... എന്നിങ്ങനെ. എന്നാല്‍ ഏകാന്തതയും അസന്തോഷവും ഇവിടെ തുടങ്ങുന്നു: ഞാന്‍ ആരെങ്കിലുമായി ത്തീരണമെങ്കില്‍ ഞാന്‍ മറ്റുള്ളവരുമായി മത്സരത്തിലാകണം, അങ്ങനെ ഞാന്‍ എന്‍റെ “അഹംബോധത്താല്‍” വിട്ടുമാറാത്തതായ ഒരു ഉത്കണ്ഠയില്‍ ജീവിക്കുന്നു. എന്‍റെ ദാരിദ്ര്യം ഞാന്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഞാന്‍, എന്‍റെ ബലഹീനതയെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിക്കുന്ന സകലത്തെയും വെറുക്കും. കാരണം പ്രമാണിയാകുന്നതിനും ധനത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, പ്രശസ്തിയുള്‍പ്പടെയുള്ള സകലത്തിലും സമ്പന്നനാകുന്നതിനും ഈ പോരായ്മ വിഘാതം സൃഷ്ടിക്കുന്നു.
നമ്മുടെ വേധ്യാവസ്ഥ
നാം എത്രയേറെ പരിശ്രമിച്ചാലും, എന്നും മൗലികമായി അപൂര്‍ണ്ണരും വേധ്യരുമായിരിക്കുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇതിനെ മറച്ചുവയ്ക്കാന്‍ കഴിയുന്ന ചായക്കൂട്ടുകളും ചമയങ്ങളുമില്ല. സ്വന്തം പരിമിതികളെ അംഗീകരിക്കാത്ത പക്ഷം ഒരുവന്‍റെ ജീവിതം എത്രമാത്രം ദുഷ്കരമായിരിക്കും! കുറവുകളെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. അഹംഭാവികളായ ആളുകള്‍ സഹായം തേടില്ല, കാരണം അവര്‍ക്ക് തങ്ങള്‍ സ്വയംപര്യാപ്തരാണെന്ന് കാണിക്കണം. എത്രമാത്രം ക്ലേശകരമാണ് തെറ്റു സമ്മതിക്കാനും മാപ്പു ചോദിക്കാനും! വിവാഹജീവിതം നല്ലവണ്ണം മുന്നോട്ടുകൊണ്ടുപോകാന്‍ എന്തു ചെയ്യണം എന്ന് എന്നോടു ഉപദേശം ചോദിക്കുന്ന നവദമ്പതികള്‍ക്ക്‍ ഞാന്‍ നല്കുന്നത് മൂന്നു മാന്ത്രിക വാക്കുകളാണ്: അനുവാദം, നന്ദി, ക്ഷമിക്കുക. ഒരോരുത്തരുടെയും ദാരിദ്ര്യത്തില്‍ നിന്നുള്ള വാക്കുകളാണവ. കടന്നുകയറാതെ അനുവാദം ചോദിക്കുക.... നീ ഇത് എനിക്കു ചെയ്തു തന്നു ... നന്ദിയുണ്ട്.... തെറ്റു ചെയ്യാറുണ്ട്, തെറ്റില്‍ വീഴാറുണ്ട്... അപ്പോള്‍ മാപ്പു ചോദിക്കുക. എന്നോടു പൊറുക്കണം എന്നു പറയുക. എന്നാല്‍ മാപ്പു ചോദിക്കുക എന്നത് ഏറെ ദുഷ്ക്കരമാണുതാനും. കര്‍ത്താവ് മാപ്പു നല്കുന്നതില്‍ തളരുന്നില്ല. എന്നാല്‍ ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ മാപ്പു ചോദിക്കാന്‍ നാം വിമുഖതകാട്ടുന്നു. മാപ്പുചോദിക്കുന്നതിലുള്ള ഈ വിമുഖത വളരെ മോശമായ ഒരു വ്യാധിയാണ്.
മാപ്പു ചോദിക്കുകയെന്നത് ബുദ്ധിമുട്ടാകുന്നത് എന്തുകൊണ്ടാണ്? കാരണം അതു നമ്മുടെ കപട രൂപത്തിന് നാണക്കേടാണ്. സ്വന്തം പോരായ്മകള്‍ മറച്ചുവച്ചു ജീവിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിമുട്ടും അസ്വസ്ഥതയും നിറഞ്ഞാതാണുതാനും. യേശുക്രിസ്തു നമ്മോടു പറയുന്നു: ദരിദ്രരായിരിക്കുക എന്നത് കൃപയുടെ ഒരവസരമാണ്; ഈ ബുദ്ധിമുട്ടില്‍ നിന്നു പുറത്തുകടക്കാനുള്ള വഴി അതു കാണിച്ചു തരുന്നു. ആത്മാവില്‍ ദരിദ്രരായിരിക്കാനുള്ള അവകാശം നമുക്കു ലഭിച്ചിരിക്കുന്നു, കാരണം, ഇതാണ് ദൈവരാജ്യത്തിന്‍റെ മാര്‍ഗ്ഗം.
മാറ്റത്തിന്‍റെ ആവശ്യമില്ലാത്ത നമ്മുടെ യാഥാര്‍ത്ഥ്യം
ഇവിടെ ഒരു കാര്യം അടിവരയിട്ടു പറയേണ്ടതുണ്ട്: ആത്മാവില്‍ ദരിദ്രരാകുന്നതിന് നാം മാറേണ്ടതില്ല. കാരണം നാം ഇപ്പോള്‍ത്തന്നെ ദരിദ്രരാണ്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ നാം അഗതികളാണ്, യാചകരാണ്. അത് മനുഷ്യന്‍റെ അവസ്ഥയാണ്.
സ്വര്‍ഗ്ഗരാജ്യം ആത്മാവില്‍ ദരിദ്രരുടേതാണ്. ഈ ലോകത്തിന്‍റെ ഭരണം കൈവശമാക്കിയവരുണ്ട്. അവര്‍ക്ക് വസ്തുവകകളുണ്ട്, സുഖസൗകര്യങ്ങളുണ്ട്. എന്നാല്‍ അവ നശ്വരങ്ങളാണ്. മനുഷ്യരുടെ അധികാരങ്ങളും മഹാസാമ്രാജ്യങ്ങള്‍ പോലും കടന്നുപോകുന്നു, അപ്രത്യക്ഷമാകുന്നു. വാര്‍ത്താമാദ്ധ്യമങ്ങളില്‍ പലപ്പോഴും നാം കാണാറുണ്ട് ശക്തനും പ്രതാപവാനുമായ ആ അധികാരി അല്ലെങ്കില്‍ ആ ഭരണകൂടം തറപറ്റിയെന്ന്.
യഥാര്‍ത്ഥ ശക്തിയെന്ത്?
യഥാര്‍ത്ഥ നന്മയെ സ്നേഹിക്കാന്‍ അറിയുന്നവനാണ് സത്യത്തില്‍ ഭരണം നടത്തുക. ഇതിന് ആദ്ധ്യത്മിക ശക്തിയുണ്ട്. ഇതാണ് ദൈവത്തിന്‍റെ ശക്തി.
ക്രിസ്തു പ്രതാപവാനായി പ്രത്യക്ഷനായത് എന്തിലാണ്? മന്നിലെ മന്നന് ചെയ്യാന്‍ കഴിയാത്തത് ചെയ്യാന്‍ അവിടത്തേക്കറിയാമായിരുന്നു, അതായത്, മനുഷ്യര്‍ക്ക് ജീവനേകാന്‍. ഇതാണ് യഥാര്‍ത്ഥ ശക്തി. സാഹോദര്യത്തിന്‍റെ ശക്തി, ഉപവിയുടെ ശക്തി, സ്നേഹത്തിന്‍റെ ശക്തി, വിനയത്തിന്‍റെ ശക്തി. ഇതാണ് ക്രിസ്തു ചെയ്തത്.
യഥാര്‍ത്ഥ സ്വാതന്ത്ര്യം ഇതിലടങ്ങിയിരിക്കുന്നു. എളിമയുടെയും സേവനത്തിന്‍റെയും സാഹോദര്യത്തിന്‍റെയുമായ ഈ ശക്തിയുള്ളവന്‍ സ്വതന്ത്രനാണ്. സുവിശേഷസൗഭാഗ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദാരിദ്ര്യം ഈ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നു.
എന്തെന്നാല്‍ നാം സ്വീകരിക്കേണ്ട ഒരു ദാരിദ്ര്യമുണ്ട്, അത്, നമ്മുടെ അസ്തിത്വത്തിന്‍റെതാണ്. സ്വതന്ത്രരായിരിക്കാനും സ്നേഹിക്കാന്‍ കഴിയുന്നതിനും വേണ്ടി നാം അന്വേഷിക്കേണ്ടതായ സമൂര്‍ത്തവും ഈ ലോകത്തിന്‍റെതായ വസ്തുക്കളില്‍ നിന്ന് വിമുക്തവുമായ ദാരിദ്ര്യവുമുണ്ട്. നമ്മുടെ തന്നെ ദാരിദ്ര്യത്തില്‍ വേരൂന്നിയിട്ടുള്ള ഹൃദയ സ്വാതന്ത്ര്യം നാം സദാ അന്വേഷിക്കണം. നന്ദി
സമാപനാഭിവാദ്യങ്ങള്‍
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് പാപ്പാ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്തു.
നമ്മുടെ സ്വാര്‍ത്ഥതയെ അതിജീവിച്ചും സുവിശേഷത്തിന്‍റെ സേവനത്തിനായി സ്വയം സമര്‍പ്പിച്ചുകൊണ്ടും ത്യാഗപ്രവൃത്തികളിലൂടെ സഭയെ പടുത്തുയര്‍ത്താനുള്ള നമ്മുടെ പരിശ്രമങ്ങള്‍ക്ക് കര്‍ത്താവിന്‍റെ സഹായം ഉണ്ടാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്, എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.