തിരയുക

ഫ്രാന്‍സീസ് പാപ്പാ സുവിശേഷ സന്ദേശം നല്കുന്നു, തെക്കുകിഴക്കെ ഇറ്റലിയിലെ ബാരിയില്‍, ഞായറാഴ്‍ച, 23/02/2020 ഫ്രാന്‍സീസ് പാപ്പാ സുവിശേഷ സന്ദേശം നല്കുന്നു, തെക്കുകിഴക്കെ ഇറ്റലിയിലെ ബാരിയില്‍, ഞായറാഴ്‍ച, 23/02/2020 

വില ഏറെ നല്കേണ്ടതും ഒഴുക്കിനെതിരുമായ സ്നേഹം തിരഞ്ഞെടുക്കുക, പാപ്പാ

”ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുവിന്‍”. ക്രൈസ്തവികതയുടെ പുതുമയാണിത്. ഇത് ക്രൈസ്തവികമായ വ്യതിരിക്തതയാണ്. പ്രാര്‍ത്ഥിക്കുകയും സ്നേഹിക്കുകയും ചെയ്യുക. ഫ്രാ‍ന്‍സീസ് പാപ്പായുടെ സുവിശേഷ ചിന്തകള്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ തെക്കു കിഴക്കെ ഇറ്റലിയിലെ ബാരി പട്ടണത്തില്‍ ഫെബ്രുവരി 23-ന്, ഞായറാഴ്ച ദിവ്യ ബലി അര്‍പ്പിച്ചു. വത്തിക്കാനില്‍ നിന്ന് 450 കിലോമീറ്റര്‍ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന തുറമുഖപട്ടണമാണ് ബാരി. പ്രസ്തുത പട്ടണത്തിലെ  ഒരു വീഥിയായ “കോര്‍സൊ വിത്തോറിയൊ എമാനുവേലെ സെക്കോന്തൊ”യില്‍ (Corso Vittorio Emanuele II) ഒരറ്റത്ത് ഒരുക്കിയിരുന്ന ബലിവേദിയിലായിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ  മുഖ്യകാര്‍മ്മകത്വത്തില്‍ സാഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പിക്കപ്പെട്ടത്. ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്, “കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്” എന്നതിനു പകരം “വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക” എന്ന യേശുവിന്‍റെ ഉദ്ബോധന മടങ്ങുന്ന, മത്തായിയുടെ സുവിശേഷം അദ്ധ്യായം 5, 38-48 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

ഫ്രാന്‍സീസ് പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ  വചനവിശകലനത്തിന്‍റെ  സംഗ്രഹം:

“കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്” 

യേശു പുരാതനമായ ഒരു നിയമം ഉദ്ധരിക്കുന്നു: “കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്” (മത്തായി 5,38; പുറപ്പാട് 21,24). ഇതിന്‍റെ അര്‍ത്ഥം എന്താണെന്ന് നമുക്കറിയാം: ആരെങ്കിലും നിന്നില്‍ നിന്ന് എന്തെങ്കിലും എടുത്താല്‍ അതുതന്നെ അവനില്‍ നിന്ന് നീയും എടുക്കും. വാസ്തവത്തില്‍ അത് ഒരു വലിയൊരു പുരോഗതിയായി കണ്ടിരുന്നു. കാരണം അതിനെ ഉല്ലംഘിക്കുന്ന പ്രതികാരനടപടികളെ അത് തടഞ്ഞിരുന്നു. ആരെങ്കിലും നിനക്കെതിരെ തിന്മ ചെയ്താല്‍ അതേ അളവില്‍ തന്നെ നീ തിരിച്ചുകൊടുക്കും, അതിനെക്കാള്‍ കൂടുതല്‍ ദ്രോഹം നിനക്കു ചെയ്യാനാകില്ല. കലഹത്തിന് സമനിലയില്‍ അറുതിവരുത്തുക എന്നത് ഒരു പുരോഗതിയായി കണ്ടിരുന്നു. എന്നാല്‍ യേശുവാകട്ടെ അതില്‍നിന്നൊക്കെ മുന്നോട്ടു പോകുന്നു, ഏറെ മുന്നോട്ടു പോകുന്നു: “ഞാന്‍ നിങ്ങളോടു പറയുന്നു, ദുഷ്ടനെ എതിര്‍ക്കരുത്” (മത്തായി 5,39). എന്നാല്‍ അതെങ്ങനെയാണ് കര്‍ത്താവേ? ഒരുവന്‍ എന്നെക്കുറിച്ച് തിന്മ വിചാരിച്ചാല്‍, ഒരുവന്‍ എന്നെ ദ്രോഹിച്ചാല്‍, എനിക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചു കൊടുക്കാന്‍ പാടില്ലേ? പാടില്ല, യേശു പറയുന്നു: അഹിംസ, ഒരുതരത്തിലുള്ള അക്രമവും പാടില്ല.

ശത്രുസ്നേഹത്തിന്‍റെ പിന്നില്‍?

അവസാനം ദുഷ്ടന്‍ പിന്തിരിയുന്ന തന്ത്രപരമായ ഒരു പ്രബോധനമാണ് യേശുവിന്‍റേതെന്ന് നാം ചിന്തിച്ചേക്കാം. എന്നാല്‍, നമ്മെ ദ്രോഹിക്കുന്നവനെയും സ്നേഹിക്കാന്‍ യേശു ആവശ്യപ്പെടുന്നതിന്‍റെ കാരണം ഇതല്ല. വാസ്തവത്തില്‍ അതിന്‍റെ  കാരണം എന്താണ്? അതായത്, നാം പിതാവിനെ സ്നേഹിച്ചില്ലെങ്കിലും അവിടന്നു എല്ലായ്പ്പോഴും നമ്മെ സ്നേഹിക്കുന്നു. അവിടന്ന് “ദുഷ്ടരുടെയും ശിഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുമേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു” (മത്തായി 5,45). ഇന്നത്തെ ഒന്നാം വായന നമ്മോടു പറയുന്നു: “നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍, എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്” (ലേവ്യര്‍ 19,2). അതിനര്‍ത്ഥം എന്നെപ്പോലെ നിങ്ങള്‍ ജിവിക്കണം, ഞാന്‍ അന്വേഷിക്കുന്ന നിങ്ങള്‍ അന്വേഷിക്കണം” എന്നാണ്. യേശു ചെയ്തത് അതാണ്. തനിക്ക് അന്യായമായി ശിക്ഷ വിധിച്ചവര്‍ക്കും തന്നെ നിഷ്ഠൂരമായി വധിച്ചവര്‍ക്കുമെതിരെ അവിടന്ന് വിരല്‍ ചൂണ്ടിയില്ല, മറിച്ച്, അവര്‍ക്കായി കുരിശില്‍ കൈകള്‍ വിരിച്ചു പിടിക്കുകയാണ് ചെയ്തത്. തന്‍റെ  കൈകളില്‍ ആണി തറച്ചവരോട് അവിടന്ന് ക്ഷമിച്ചു.

ക്രൈസ്തവനുള്ള ഏക മാര്‍ഗ്ഗം

ആകയാല്‍, നാം ക്രിസ്തുവിന്‍റെ ശിഷ്യരാകാന്‍ ആഗ്രഹിക്കുന്നുണ്ടോ, ക്രിസ്ത്യനികള്‍ എന്ന് പറയാന്‍ നാം ആഗ്രഹിക്കുന്നുണ്ടോ, എങ്കില്‍, ഇതാണ് മാര്‍ഗ്ഗം, ഇതല്ലാതെ മറ്റൊരു വഴിയില്ല. ദൈവത്താല്‍ സ്നേഹിക്കപ്പെട്ടവരായ നാം സ്നേഹിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു; മാപ്പുലഭിച്ച നമ്മള്‍ മാപ്പു നല്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. സ്നേഹത്താല്‍ സ്പര്‍ശിതരായ നമ്മള്‍ മറ്റുള്ളവര്‍ തുടങ്ങുന്നത് കാത്തിരിക്കാതെ. സ്നേഹം നല്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. സൗജന്യമായി രക്ഷിക്കപ്പെട്ട നാം നമ്മുടെ സല്‍ക്കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം തേടരുത്. ഒരു പക്ഷേ നീ പറയുമായിരിക്കും യേശുവിന്‍റേത് അതിശയോക്തി കലര്‍ന്ന വാദമാണെന്ന്. കാരണം അവിടന്ന് പറയുന്നു ”ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുവിന്‍” (മത്തായി 5,44). എന്നാല്‍ യേശുവിന്‍റെ വാക്കുകള്‍ നേരായതും സുവ്യക്തവുമാണ്.....

ക്രിസ്തുമതത്തിന്‍റെ നവീനത

”ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുവിന്‍”. ക്രൈസ്തവികതയുടെ പുതുമയാണിത്. ഇത് ക്രൈസ്തവികമായ വ്യതിരിക്തതയാണ്. പ്രാര്‍ത്ഥിക്കുകയും സ്നേഹിക്കുകയും ചെയ്യുക. ഇതാണ് നാം ചെയ്യേണ്ടത്.  നമ്മുടെ നന്മകാക്ഷിക്കുന്നവര്‍ക്കും നമ്മുടെ സുഹൃത്തുക്കള്‍ക്കും നമ്മുടെ ജനങ്ങള്‍ക്കും വേണ്ടി മാത്രമല്ല ഇതൊക്കെ ചെയ്യേണ്ടത്. കാരണം, യേശുവിന്‍റെ സ്നേഹത്തിന് അതിരുകളില്ല, വേലികളില്ല. കണക്കുകള്‍ കൂട്ടാതെ സ്നേഹിക്കാനുള്ള ധൈര്യം കര്‍ത്താവ് നമ്മോടാവശ്യപ്പെടുന്നു. എന്തെന്നാല്‍ യേശുവിന്‍റെ അളവ് അളവില്ലാത്ത സ്നേഹമാണ്....

സ്നേഹത്തിന് ആനുപാതികമായ വിധി

സ്നേഹിക്കാനുള്ള ശക്തി നാം ദൈവത്തോട് യാചിക്കണം. “കര്‍ത്താവേ സ്നേഹിക്കാന്‍ എന്നെ സഹായിക്കേണമെ, ക്ഷമിക്കാന്‍ എന്നെ പഠിപ്പിക്കേണമെ. എനിക്ക് തനിച്ച് ഒന്നും സാധിക്കില്ല. എനിക്ക് നിന്നെ ആവശ്യമുണ്ട്” എന്ന് നാം അവിടത്തോടു പറയണം. പലപ്പോഴും നാം ചോദിക്കുന്നത് നമുക്കായുള്ള സഹായങ്ങളും കൃപകളുമാണ്. സ്നേഹിക്കാന്‍ കഴിയുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വളരെ വിരളമാണ്. സുവിശേഷത്തിന്‍റെ സത്ത ജീവിക്കുന്നതിന്, യഥാര്‍ത്ഥ   ക്രൈസ്തവരായരിക്കുന്നതിന് വേണ്ടി നാം വേണ്ടത്ര പ്രാര്‍ത്ഥിക്കാറില്ല. കുരിശിന്‍റെ  വിശുദ്ധ യോഹന്നാന്‍ പറയുന്നതു പോലെ “നമ്മുടെ ജീവിത സായാഹ്നത്തില്‍ നാം വിധിക്കപ്പെടുക നമ്മുടെ സ്നേഹത്തിന്‍റെ അളവനുസരിച്ചായിരിക്കും”. വിലയധികമാണെങ്കിലും, ഒഴുക്കിനെതിരാണെങ്കിലും സ്നേഹം ഇന്നു നമുക്കു തിരഞ്ഞെടുക്കാം. സാമാന്യചിന്തകളാല്‍ സ്വാധീനിക്കപ്പെടാന്‍ നാം നമ്മെത്തന്നെ അനുവദിക്കരുത്. മന്ദോഷ്ണരാകരുത്. യേശുവിന്‍റെ ആഹ്വാനം, ഉപവിയുടെ വെല്ലുവിളി നമുക്കു സ്വീകരിക്കാം. അപ്പോള്‍ നാം യഥാര്‍ത്ഥ ക്രൈസ്തവരാകുകയും ലോകം ഉപരി മാനവികമായിത്തീരുകയും ചെയ്യും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 February 2020, 10:01