"ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവും"
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഈ ഞായറാഴ്ച (09/02/20), പതിവുപോലെ, മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ വിവിധരാജ്യാക്കാരായ നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന് പേപ്പല്‍ അരമനയിലെ പതിവു ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (09/02/20) ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, മത്തായിയുടെ സുവിശേഷം 5,13-16 വരെയുള്ള വാക്യങ്ങള്‍, അതായത്, ശിഷ്യന്മാരെ പഠിപ്പിക്കുന്ന യേശു, അവര്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവും ആയിത്തീരണം എന്ന് ഉദ്ബോധിപ്പിക്കുന്ന വാക്കുകള്‍, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.
പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നല്കിയ സന്ദേശത്തിന്‍റെ പരിഭാഷ:
ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ വെളിച്ചവും
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
ഇന്നത്തെ സുവിശേഷത്തില്‍ യേശു ശിഷ്യരോടു പറയുന്നു:“നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്... നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്” (മത്തായി 5,11.14) എന്ന്. തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലോകത്തില്‍ അവരുടെ സാന്നിധ്യം അറിയിക്കാനും സാക്ഷ്യം ജീവിക്കാനും ആവശ്യമായ മാനദണ്ഡങ്ങള്‍ ഏവയാണെന്ന് സൂചിപ്പിക്കുന്നതിന് യേശു പ്രതീകാത്മകമായ ഒരു ശൈലി ഉപയോഗിക്കുന്നു.
"ലവണം"
ഇവയില്‍ ആദ്യത്തെ പ്രതീകം ഉപ്പാണ്. രുചി പകരുന്നതും ഭക്ഷണപദാര്‍ത്ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതുമായ ഒരു ഘടകമാണ് ഉപ്പ്. ആകയാല്‍, വ്യക്തികളുടെ ജീവിതത്തെ ദുഷിപ്പിക്കുന്നതായ അണുക്കളിലും അപകടങ്ങളിലും നിന്ന് സമൂഹത്തെ അകറ്റി നിറുത്താന്‍ ക്രിസ്തുശിഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അതിനര്‍ത്ഥം, സ്ഥാനമാനങ്ങള്‍ക്കും ആധികാരത്തിനും സമ്പത്തിനുമായുള്ള ലൗകികതൃഷ്ണയുടെ പ്രലോഭനത്തില്‍ വീഴാതെ സത്യസന്ധതയുടെയും സാഹോദര്യത്തിന്‍റെയും മൂല്യങ്ങള്‍ക്ക് സാക്ഷ്യമേകിക്കൊണ്ട് ധാര്‍മ്മികച്ഛ്യുതിയെയും പാപത്തെയും ചെറുത്തു നില്ക്കുകയാണ്. പരാജയങ്ങള്‍ നമുക്കെല്ലാവര്‍ക്കുമുണ്ട്. ആകയാല്‍ അനുദിന ജീവിതത്തില്‍ വീഴ്ചകള്‍ ഉണ്ടെങ്കിലും, സ്വന്തം തെറ്റുകളുടെ പൊടിയില്‍ നിന്നെഴുന്നേല്ക്കുകയും, മറ്റുള്ളവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിനും കൂടിക്കാഴ്ച നടത്തുന്നതിനും ധൈര്യത്തോടും ക്ഷമയോടും കൂടി വീണ്ടും തുടക്കം കുറിക്കുകയും ചെയ്യുന്ന ശിഷ്യന്‍ “ഉപ്പ്” ആകുന്നു. പൊതുസമ്മതിയും കൈയ്യടിയും നേടാന്‍ ശ്രമിക്കാതിരിക്കുകയും ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാന്‍ ലോകത്തിലേക്കു വന്ന യേശുവിന്‍റെ പ്രബോധനങ്ങളോടുള്ള വിശ്വസ്തതയില്‍ എളിയതും രചനാത്മകവുമായ സാന്നിധ്യമായിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശിഷ്യന്‍ ഉപ്പാകുന്നു. ഈ മനോഭാവം ഏറെ ആവശ്യമായിരിക്കുന്നു.
"വെളിച്ചം"
തന്‍റെ ശിഷ്യരുടെ മുന്നില്‍ യേശു അവതരിപ്പിക്കുന്ന രണ്ടാമത്തെ പ്രതീകം പ്രകാശമാണ്. “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു”. വെളിച്ചം അന്ധകാരത്തെ നീക്കുകയും കാഴ്ച സാധ്യമാക്കുകയും ചെയ്യുന്നു. ഇരുളിനെ ദൂരെയകറ്റിയ വെളിച്ചം യേശുവാണ്, ആ വെളിച്ചം ഇപ്പോഴും ലോകത്തിലും വ്യക്തികളിലുമുണ്ട്. ക്രിസ്തുവിന്‍റെ പ്രകാശം കാണുമാറാക്കിക്കൊണ്ടും അവിടത്തെ സുവിശേഷം പ്രഘോഷിച്ചുകൊണ്ടും ആ വെളിച്ചം പരത്തുക ക്രൈസ്തവന്‍റെ ധര്‍മ്മമാണ്. നമ്മുടെ വാക്കുകള്‍ വഴി ആ പ്രകാശം പരത്താന്‍ കഴിയും എന്നിരുന്നാലും നമ്മുടെ “സല്‍ക്കര്‍മ്മങ്ങാല്‍” (മത്തായി 5,16) ആയിരിക്കണം അതു പ്രസരിക്കേണ്ടത്. ദൈവത്തിന്‍റെ നന്മയും കാരുണ്യവും അനുഭവിക്കാന്‍ ഓരോ വ്യക്തിയെയും സഹായിച്ചുകൊണ്ട് അവരെ ദൈവത്തിലേക്കു നയിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ശിഷ്യനും ക്രൈസ്തവ സമൂഹവും ലോകത്തിന്‍റെ പ്രകാശമായി ഭവിക്കുന്നു. യേശുവിന്‍റെ ശിഷ്യന്‍ വെളിച്ചമാകുന്നത് അവന്‍ ഇടുങ്ങിയ ഇടങ്ങള്‍ക്കു വെളിയില്‍ സ്വന്തം വിശ്വാസം ജീവിക്കുമ്പോഴും തെറ്റിദ്ധാരണകളും അപവാദങ്ങളും ഇല്ലാതാക്കാന്‍ സംഭാവന ചെയ്യുമ്പോഴും കാപട്യത്താലും നുണകളാലും മലിനമായ അവസ്ഥകളിലേക്ക് സത്യത്തിന്‍റെ വെളിച്ചം കടത്തിവിടുമ്പോഴുമാണ്. വെളിച്ചം പരത്തുക. അത് എന്‍റെ വെളിച്ചമല്ല, മറിച്ച്, യേശുവിന്‍റെ പ്രകാശമാണ്. യേശുവിന്‍റെ വെളിച്ചം എല്ലാവരിലും എത്തുന്നതിനുള്ള ഉപകരണങ്ങളാണ് നമ്മള്‍.
ലോകത്തില്‍ ജീവിക്കാന്‍ ഭയമരുത്
സംഘര്‍ഷങ്ങളുടെയും പാപത്തിന്‍റെയും അവസ്ഥകള്‍ ചിലപ്പോള്‍ ലോകത്തില്‍ പ്രകടമാണെങ്കിലും അവിടെ ജീവിക്കുന്നതിന് ഭയമരുതെന്ന് യേശു പറയുന്നു. അതിക്രമങ്ങള്‍ക്കും അനീതിക്കും അടിച്ചമര്‍ത്തിലിനും മുന്നില്‍ ക്രൈസ്തവന് അവനവനില്‍ തന്നെ സ്വയം അടച്ചിടാനൊ, സ്വന്തം വേലിക്കുള്ളില്‍ തീര്‍ത്ത സുരക്ഷിതത്വത്തില്‍ മറഞ്ഞിരിക്കാനൊ സാധിക്കില്ല. സഭയ്ക്കും അവളില്‍ത്തന്നെ സ്വയം അടച്ചിടാനാകില്ല. സുവിശേഷവത്ക്കരണം ശുശ്രൂഷ എന്നീ ദൗത്യങ്ങള്‍ വര്‍ജ്ജിക്കാനും സഭയ്ക്കാകില്ല. ശിഷ്യരെ ലോകത്തില്‍ നിന്ന് എടുക്കരുതെന്നും അവരെ അവിടെ നിലനിര്‍ത്തുകയും എന്നാല്‍ ലോകത്തിന്‍റെ അരൂപിയില്‍ നിന്ന് കാത്തുകൊള്ളുകയും ചെയ്യണമെന്നും യേശു അന്ത്യ അത്താഴവേളയില്‍ പിതാവിനോടു പ്രാര്‍ത്ഥിക്കുന്നു. സഭ ഉദാരതയോടും ആര്‍ദ്രതയോടും കൂടി എളിയവര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇത് ലോകത്തിന്‍റെ അരൂപിയല്ല. ഇത് യേശുവിന്‍റെ വെളിച്ചമാണ്, ഉപ്പാണ്. എളിയവരുടെയുടെ പുറന്തള്ളപ്പെട്ടവരുടെയും രോദനം സഭ കേള്‍ക്കുന്നു, എന്തെന്നാല്‍, യേശുക്രിസ്തുവിന്‍റെ രക്ഷാകരസാന്നിധ്യം ചരിത്രത്തില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന തീര്‍ത്ഥാടക സമൂഹമായിരിക്കണമെന്ന അവബോധം സഭയ്ക്കുണ്ട്.
ദൈവസ്നേഹത്തിന്‍റെ സദ്വാര്‍ത്ത ജീവിതവും വചനവും കൊണ്ട് സകലര്‍ക്കും എത്തിച്ചുകൊടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഉപ്പും വെളിച്ചവുമായിരിക്കാന്‍ പരിശുദ്ധ കന്യക നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു.
മനുഷ്യക്കടത്തിനെതിരെ
ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (08/02/2020) വിശുദ്ധ ജുസെപ്പീന ബക്കീത്തയുടെ തിരുന്നാള്‍ ദിനത്തില്‍, മനുഷ്യക്കടത്തിനെതിരായ പ്രാര്‍ത്ഥനയുടെയും പരിചിന്തനത്തിന്‍റെയും ആഗോള ദിനം ആചരിക്കപ്പെട്ടത് അനുസ്മരിച്ചു.
ഏറ്റം ബലിഹീനരെ ചൂഷണം ചെയ്യുന്ന ഒരു മഹാമാരിയായ മനുഷ്യക്കടത്തില്‍ നിന്ന് സൗഖ്യം നേടുന്നതിന് സകലരുടെയും, അതായത്, സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിദ്യഭ്യാസ വിഭാഗങ്ങളുടെയും എല്ലാം പരിശ്രമം ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.
ഇരകളെ ചതിച്ചു വശീകരിക്കാന്‍ കുറ്റകൃത്യ സംഘടനകള്‍ അത്യാധുനിക വിനിമയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിവിധങ്ങളായ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിനെക്കുറിച്ച് പാപ്പാ മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് ഓര്‍മ്മിപ്പിച്ചു.
ആകയാല്‍, ഒരു വശത്ത്, സാങ്കേതിക വിദ്യകള്‍ ശരിയായി ഉപയോഗിക്കാന്‍ പഠിപ്പിക്കേണ്ടത് ആവശ്യമാണെന്നും, മറുവശത്ത്, ജാഗ്രത പാലിക്കുകയും ഈ സാങ്കേതിക വിദ്യാദാതാക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ചു അവരെ ഓര്‍മ്മിപ്പിക്കുകയും വേണമെന്നും പാപ്പാ പറഞ്ഞു.
രക്തരൂഷിത സംഘര്‍ഷവേദിയായ സിറിയിലെ ജനങ്ങളുടെ രോദനം
പാപ്പാ സംഘര്‍വേദിയായ സിറിയയ്ക്കു വേണ്ടി പ്രത്യേക അഭ്യര്‍ത്ഥന നടത്തി.
സിറിയയുടെ വടക്കുപടിഞ്ഞാറെ ഭാഗത്തുനിന്ന്, പ്രത്യേകിച്ച്, ശക്തിപ്രാപിച്ചിരിക്കുന്ന സായുധാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നിരവധിയായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന ജനതയുടെ അവസ്ഥയെക്കുറിച്ച്, ദു:ഖകരമായ വാര്‍ത്തകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.
ജീവനും പൗരന്മാരുടെ ഭാഗധേയവും സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര ജീവകാരുണ്യാവകാശങ്ങളുടെ ആദരവില്‍, നയതന്ത്രജ്ഞതയുടെയും സംഭാഷണത്തിന്‍റെയും കൂടിയാലോചനകളുടെയും ഉപാധികള്‍ ഉപയോഗപ്പെടുത്താന്‍ രാജ്യാന്തര സമൂഹത്തോടും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങളോടുമുള്ള തന്‍റെ ഹൃദയംഗമമായ അഭ്യര്‍ത്ഥന പാപ്പാ നവീകരിച്ചു.
തുടര്‍ന്ന് പാപ്പാ പ്രിയപ്പെട്ടതും പിച്ചിച്ചീന്തപ്പെട്ടതുമായ സിറിയയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും നന്മനിറഞ്ഞ മറിയമെ എന്ന മരിയന്‍ പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു.
സമാപനാഭിവാദ്യം
തദ്ദനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ട എല്ലാവിഭാഗക്കാരെയും അഭിവാദ്യം ചെയ്തു. എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി