തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ തെക്കു കിഴക്കെ ഇറ്റലിയിലെ  ബാരി പട്ടണത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നു, 23/02/2020 ഫ്രാന്‍സീസ് പാപ്പാ തെക്കു കിഴക്കെ ഇറ്റലിയിലെ ബാരി പട്ടണത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നു, 23/02/2020 

ആയുധങ്ങളുടെ ഹുങ്കാര ശബ്ദങ്ങള്‍ നിലയ്ക്കട്ടെ!

ആയുധങ്ങളുടെ അലര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിനും കുഞ്ഞുങ്ങളുടെയും നിസ്സഹായരുടെയും രോദനം ശ്രവിക്കുന്നതിനും മദ്ധ്യധരണ്യാഴി പ്രദേശങ്ങളില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോടും അന്താരാഷ്ട്രസമൂഹത്തോടും ഫ്രാന്‍സീസ് പാപ്പായും ആ പ്രദേശങ്ങളിലെ ക്രൈസ്തവ സഭാനേതാക്കളും അഭ്യര്‍ത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ഞായറാഴ്ച (23/02/20), ഫ്രാന്‍സീസ് പാപ്പാ തെക്കു കിഴക്കെ ഇറ്റലിയിലെ തീരപ്രദേശമായ ബാരിയില്‍ ആയിരുന്നു. ഇറ്റലിയിലെ പൂല്യ പ്രദേശത്തിന്‍റെ തലസ്ഥാനവും തുറമുഖപട്ടണവുമായ ബാരി വത്തിക്കാനില്‍ നിന്ന് തെക്കുമാറി ഏതാണ്ട് 450 കിലോമീറ്റര്‍ കരദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘം, മദ്ധ്യധരണ്യാഴി പ്രദേശത്തെ സമാധാനത്തിനു വേണ്ടി ആ പ്രദേശത്തെ സഭാപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ഈ മാസം 19-23 വരെ (19-23/02/2020) സംഘടിപ്പിച്ച പ്രാര്‍ത്ഥനാ പരിചിന്തന പരിപാടിയില്‍ പങ്കുചേരാനാണ് പാപ്പാ അതിന്‍റെ സമാപന ദിനത്തില്‍ അവിടെ എത്തിയത്.  ആകയാല്‍, പാപ്പാ അന്ന് ഉച്ചയ്ക്ക് ത്രികാലജപം നയിച്ചത് ബാരിയിലെ ഒരു വീഥിയായ “കോര്‍സൊ വിത്തോറിയൊ എമാനുവേലെ സെക്കോന്തൊ”യില്‍ (Corso Vittorio Emanuele II) ഒരറ്റത്ത് ഒരുക്കിയിരുന്ന ബലിവേദിയില്‍ താന്‍ മുഖ്യകാര്‍മ്മകനായി അര്‍പ്പിച്ച സാഘോഷമായ സമൂഹ ദിവ്യബലിയുടെ സമാപനാശീര്‍വ്വാദത്തിന് മുമ്പായിരുന്നു. ഇറ്റലിയുടെ പ്രസിഡന്‍റ് സേര്‍ജൊ മത്തരെല്ലയും (Sergio Mattarella) പ്രാദേശികാധികാരികളും ഇതരവിശ്വാസികളുമുള്‍പ്പടെ  നാല്‍പതിനായിരത്തോളം പേര്‍ ദിവ്യബലിയില്‍ പങ്കുകൊണ്ടു.

വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പ് പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ ത്രികാലജപ സന്ദേശം നല്കി. പ്രസ്തുത സന്ദേശത്തിന്‍റെ മലയാള പരിഭാഷ:

പ്രിയ സഹോദരീസഹോദരന്മാരേ,

മദ്ധ്യധരണ്യാഴിക്ക് അഭിമുഖമായി, സ്ഥിതിചെയ്യുന്ന നാടുകളിലെ, പ്രത്യേകിച്ച് വടക്കുകിഴക്കെ സിറിയയിലെ, ജനങ്ങളുടെ സമാധാനത്തെയും ഭാഗധേയത്തെയും കുറിച്ച് ചിന്തിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും വേണ്ടി നാം ഇവിടെ സമ്മേളിച്ചിരിക്കുമ്പോള്‍, മറുകരയില്‍ മഹാ ദുരന്തം അരങ്ങേറുകയാണ്. ആയുധങ്ങളുടെ ഹുങ്കാരശബ്ദങ്ങള്‍ നിലയ്ക്കുന്നതിനും കുഞ്ഞുങ്ങളുടെയും നിസ്സഹായരുടെയും രോദനം ശ്രവിക്കുന്നതിനും സംഘര്‍ഷങ്ങളില്‍  ഏര്‍പ്പെട്ടിരിക്കുന്നവരോടും അന്താരാഷ്ട്രസമൂഹത്തോടുമുള്ള ശക്തമായ അഭ്യര്‍ത്ഥന ഇടയന്മാരായ ഞങ്ങളുടെ ഹൃദയങ്ങളില്‍ നിന്നുയരുന്നു. സംഘര്‍ഷങ്ങളുടെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന പൗരന്മാരുടെയും നിരവധിയായ നഷ്ക്കളങ്കരായ കുഞ്ഞുങ്ങളുടെയും ജീവന്‍ സംരക്ഷിക്കുന്നതിന് അവര്‍ കണക്കുകൂട്ടലുകളും സ്വാര്‍ത്ഥ താല്പര്യങ്ങളും മാറ്റി വയ്ക്കണം.

ദൈവം ഹൃദയങ്ങളെ സ്പര്‍ശിക്കട്ടെ!

കര്‍ത്താവ് ഹൃദയങ്ങളെ ചലിപ്പിക്കുന്നതിനും ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുന്ന ഏക പിതാവിന്‍റെ മക്കളായ സഹോദരങ്ങളാണ് എല്ലാവരും എന്നു തിരിച്ചറിയുന്നതിന് സംഘര്‍ഷത്തിന്‍റെയും വിദ്വേഷത്തിന്‍റെയും പ്രതികാരത്തിന്‍റെയും യുക്തികളെ ജയിക്കാന്‍ എല്ലാവര്‍ക്കും കഴിയുന്നതിനും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. അപരനെ മനസ്സിലാക്കുന്നതിനും സ്വീകരിക്കുന്നതിനും ക്ഷമിക്കുന്നതിനും പ്രചോദനമേകുന്ന നൂതന ബന്ധങ്ങള്‍ സൃഷ്ടിക്കുകയും അങ്ങനെ, സുവിശേഷത്തിന്‍റെ ആനന്ദം അനുഭവിച്ചറിയുന്നതിനും ആ ആനന്ദം ജീവിതത്തിന്‍റെ  എല്ലാ മേഖലകളിലും വ്യാപിക്കുന്നതിനും ആവശ്യമായ സ്ഥിതിവിശേഷങ്ങള്‍ സംജാതമാക്കുന്നതിനും അനുദിന സ്നേഹ പ്രവൃത്തികള്‍വഴി നമുക്കോരോരുത്തര്‍ക്കും സാധിക്കുന്നതിന് നമുക്ക് പരിശുദ്ധാരൂപിയെ വിളിച്ചപേക്ഷിക്കാം. യേശുവിനോടും അവിടത്തെ വചനത്തോടുമുള്ള വിശ്വസ്തതയുടെ പരമോന്നത മാതൃകയായി നാം കാണുന്ന സമുദ്രതാരമായ, ദൈവമാതാവായ, കന്യകാമറിയം ഈ സരണിയിലൂടെ ചരിക്കാന്‍ നമ്മെ സഹായിക്കട്ടെ.

സമാഗമസംസ്കൃതി

സമാധാനത്തിന്‍റെ സീമയായി മദ്ധ്യധരണ്യപ്രദേശത്തെ കണ്ടുകൊണ്ടു നടത്തിയ സംഗമത്തില്‍ സംബന്ധിച്ച മെത്രാന്മാര്‍ക്കും മറ്റെല്ലാവര്‍ക്കും, അതുപോലെ തന്നെ, ഈ സമ്മേളനത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ നിരവധിയാണ്, അവര്‍ക്കെല്ലാവര്‍ക്കും, ത്രികാലജപം ചൊല്ലുന്നതിനു മുമ്പ് ഞാന്‍ ഹൃദയപൂര്‍വ്വം  നന്ദി പറയുന്നു. എല്ലാവര്‍ക്കും എന്‍റെ നന്ദി. വിശ്വശാന്തിയെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായ ഈ പ്രദേശത്ത് സമാഗമ-സംവാദസംസ്കൃതി ഊട്ടിവളര്‍ത്താന്‍ നിങ്ങള്‍ സംഭാവന ചെയ്തു.      

ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ  മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു. 

 

24 February 2020, 08:56