പാരിസ്ഥിതിക പരിവര്‍ത്തനവും സമാധാനവഴികളും
- ഫാദര്‍ വില്യം നെല്ലിക്കല്‍
ആമുഖം
“സംവാദം, അനുരഞ്ജനം, പാരിസ്ഥിതിക പരിവര്‍ത്തനം എന്നീ മൂന്നു കാര്യങ്ങളിലൂടെയുള്ള
ഒരു പ്രത്യാശയുടെ യാത്രയാണ് സമാധാനം,” എന്ന ശീര്‍ഷകത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഈ വര്‍ഷത്തെ സന്ദേശം പ്രബോധിപ്പിച്ചത്. സംവാദത്തിന്‍റെ വഴികളിലൂടെ സമാധാനം വളര്‍ത്താം എന്ന ആദ്യഭാഗം നാം രണ്ടാഴ്ചകള്‍ക്കു മുന്‍പ് പഠിച്ചതാണ്. ഈ ഭാഗത്ത് അനുരഞ്ജനത്തിനും, പാരിസ്ഥിതിക പരിവര്‍ത്തനത്തിനും സാമാധാനവഴികള്‍ തുറക്കുവാന്‍ കരുത്തുണ്ടെന്ന് ഉദ്ബോധിപ്പിക്കുന്ന പാപ്പായുടെ സന്ദേശത്തിന്‍റെ തുടര്‍ഭാഗത്തിന് കാതോര്‍ക്കാം. എല്ലാവരും ദൈവമക്കളാണ് എന്ന ഒരു പൊതുവായ സംഞ്ജയില്‍ സംവാദത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും പാതയില്‍ സമൂഹത്തില്‍ സമാധാനം വളര്‍ത്തുവാനാകും
എന്ന ബോധ്യത്തോടെ വളരെ പ്രായോഗികമായും, സകലര്‍ക്കും സ്വീകാര്യമായ വിധത്തിലും ഈവര്‍ഷത്തെ ലോക സമാധാനദിന സന്ദേശം പാപ്പാ ഫ്രാന്‍സിസ് പങ്കുവയ്ക്കുന്നു.
3.0 ആദ്യഭാഗം - സമാധാനം - സാഹോദര്യക്കൂട്ടായ്മയുടെ
അനുരഞ്ജന യാത്ര
വ്യക്തികളും ജനതകളുമായി ദൈവം ഉണ്ടാക്കിയ ഉടമ്പടികളെക്കുറിച്ച് ബൈബിള്‍ പ്രതിപാദിക്കുന്നുണ്ട്, പ്രത്യേകിച്ച് പ്രവാചക ഗ്രന്ഥങ്ങള്‍! അതിന്‍പ്രകാരം മറ്റുള്ളവരുടെ മേല്‍ ആധിപത്യം ചെലുത്തുവാനുള്ള ആഗ്രഹം ത്യജിക്കുവാനും, ഓരോരുത്തരെ വ്യക്തിയായും, ദൈവമകനും മകളുമായും, സഹോദരനും സഹോദരിയുമായും കാണുവാന്‍ പഠിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നു. മറ്റുള്ളവര്‍ പറഞ്ഞതോ ചെയ്തതോ ആയ പ്രവൃത്തികളുടെ കുറവുകള്‍കൊണ്ട് അവരെ ഒരിക്കലും തള്ളിക്കളയരുത്, മറിച്ച് അവരില്‍ അടങ്ങിയിരിക്കുന്ന നന്മയുടെ സാദ്ധ്യതകളെ അതെത്ര ചെറുതായാലും വിലമതിക്കണം. അങ്ങനെ അനുദിന ജീവിതത്തില്‍ പരസ്പരാദരവിന്‍റെ പാത തിരഞ്ഞെടുത്തെങ്കിലേ പ്രതികാരത്തിന്‍റെ സര്‍പ്പിളവലയത്തെ തകര്‍ത്ത്, പ്രത്യാശയുടെ സമാധാന യാത്ര ഈ ലോകത്ത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കൂ!
3.1 പരസ്പരം ക്ഷമിക്കാനുള്ള കരുത്തും സമാധാനവഴിയും
യേശുവും പത്രോസും തമ്മിലുള്ള സംഭാഷണത്തിന്‍റെ വചനഭാഗം ഏറെ പ്രചോദനാത്മകമാണ്. “ഗൂരോ...! എന്‍റെ സഹോദരന്‍ എനിക്കെതിരെ പാപം ചെയ്താല്‍ എത്ര പ്രാവശ്യമാണ് ഞാന്‍ അയാളോടു ക്ഷമിക്കേണ്ടത്. ഏഴു പ്രാവശ്യം മതിയാകുമോ?”
യേശു പറഞ്ഞു, “ഏഴു പ്രാവശ്യമെന്ന് ഞാന്‍ പറയുകയില്ല, പക്ഷെ ഏഴ് എഴുപതു പ്രാവശ്യമായാലും അധികമല്ല” 6
ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നാം അന്വോന്യം സഹോദരീ സഹോദരന്മാരാണെന്ന് അംഗീകരിക്കാനുള്ള കഴിവും, മാപ്പു നല്കുന്നതിന്‍റെ ശക്തിയും കണ്ടെത്താനുള്ള വിളിയാണ് അനുരഞ്ജനം. അങ്ങനെ അനുരഞ്ജനത്തില്‍ ജീവിക്കുവാന്‍ പഠിക്കുമ്പോള്‍ നാം സമാധാനമുള്ളവരായി മാറും.
3.2 സമാധാന പാതയിലെ സാമൂഹിക സുരക്ഷ
ലോക സമാധാനത്തെക്കുറിച്ചുള്ള സത്യങ്ങള്‍ സാമൂഹിക തലങ്ങളില്‍, പ്രത്യേകിച്ച് രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ മാനിക്കേണ്ടതാണ്. നീതിയുക്തമായ ഒരു സമ്പദ്-വ്യവസ്ഥ സമൂഹത്തില്‍ വികസിപ്പിച്ചെടുക്കാനുള്ള പ്രാപ്തി നാം സ്വയം കാണിച്ചില്ലെങ്കില്‍, യഥാര്‍ത്ഥമായ സമാധാനം സമൂഹത്തില്‍ വളരുകയില്ല. “ഇന്നിന്‍റെ ശുഷ്കിച്ച വികസനത്തെ അതിജീവിക്കണമെങ്കില്‍ പൊതുക്ഷേമ പരിപാടികള്‍ നടപ്പാക്കുകയും, പങ്കുവയ്ക്കുന്നതില്‍ അധിഷ്ഠിതമായ കൈമാറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന രീതികള്‍ പ്രോത്സാഹിപ്പിക്കുകയും വേണം. മാത്രമല്ല എവിടെയും ജനങ്ങളുടെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ തുടങ്ങുകയും അവ നടപ്പാക്കുകയും ഉറപ്പുവരുത്തുകയുംവേണം. കൂടാതെ ആഗോളതലത്തില്‍ സാമ്പത്തിക ഇടപാടുകളില്‍ ഉദാരതയുടെയും കൂട്ടായ്മയുടെയും ആനുപാതികമായ പരസ്പര കൈമാറ്റത്തിന്‍റെയും നയങ്ങള്‍ ആവശ്യമാണ്. ബെനഡിക്ട് 16-Ɔമാന്‍ പാപ്പാ പത്തുവര്‍ഷം മുന്‍പ് “സത്യത്തില്‍ സ്നേഹം” (Caritas in Veritate) എന്ന ചാക്രിക ലേഖനത്തില്‍ പ്രസ്താവിച്ചിട്ടുള്ളതും നാം പ്രാവര്‍ത്തികമാക്കേണ്ടതാണ് (39).
4. 00 രണ്ടാം ഭാഗം - സമാധാനം പാരിസ്ഥിതിക പരിവര്‍ത്തനത്തിന്‍റെ യാത്ര
“പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നത് ന്യായീകരിക്കുന്ന അവസ്ഥയിലേയ്ക്ക് പലപ്പോഴും നമ്മെ നയിച്ചത് അടിസ്ഥാന നിയമങ്ങളെക്കുറിച്ചുള്ള നമ്മുടെ തെറ്റായ ധാരണയാണ്. സൃഷ്ടികള്‍ക്കുമേല്‍ ആധിപത്യം പ്രയോഗിക്കുവാനും, യുദ്ധത്തില്‍ ഏര്‍പ്പെടുവാനും, പരസ്പര ഭിന്നിപ്പില്‍ ജീവിക്കുവാനും, അനീതിയിലും ഹിംസാ പ്രവര്‍ത്തനങ്ങളിലും മുഴുകുവാനും മനുഷ്യര്‍ ഇന്നു മുതിരുകയാണ്. അതിനു കാരണം, സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന വിജ്ഞാനത്തിന്‍റെ വിളിയോട് നീതി പുലര്‍ത്തുന്നില്ലെന്ന വസ്തുത നാം അംഗീകരിക്കാത്തതുതന്നെയാണ്” 8.
4.1 സമൂഹങ്ങളും പരിസ്ഥിതിയും തമ്മില്‍ അനിവാര്യമായ
സഹവര്‍ത്തിത്വം
മറ്റുള്ളവരോടുള്ള ശത്രുത, അതില്‍നിന്നും നാം അഭിമുഖീകരിക്കേണ്ടിവരുന്ന പരിണിതഫലങ്ങള്‍, പൊതുഭവനമായ ഭൂമിയോടു കാണിക്കുന്ന നശീകരണ പ്രവണത, പ്രകൃതി വിഭവങ്ങളുടെ വികലമായ ചൂഷണം, തദ്ദേശീയ സമൂഹങ്ങളോടുള്ള അവഗണന, പൊതുനന്മയും ദൈവം തന്ന ദാനമായ പ്രകൃതിയെ ക്ഷണിക ലാഭത്തിനുള്ള ഉറവിടമായി ഉപയോഗിക്കുന്ന അവസ്ഥ, എന്നിങ്ങനെ നിലവിലുള്ള തെറ്റായ രീതികളാണ് നമ്മില്‍നിന്നും പാരിസ്ഥിതിക പരിവര്‍ത്തനം ആവശ്യപ്പെടുന്നത്.
4.2 ഭൂമി ദൈവംതന്ന വരദാനവും പൊതുഭവനവും
ദൈവം വരദാനമായി നല്കിയ പൊതുഭവനമായ ഭൂമിയുടെ ഇന്നത്തെ അവസ്ഥയും ആവശ്യങ്ങളും ശ്രവിക്കുവാനും, അതു മനസ്സിലാക്കി പെരുമാറുവാനുമുള്ള ആഹ്വാനംകൂടിയാണ് പാരിസ്ഥിതിക മാനസാന്തരത്തിന്‍റെ അല്ലെങ്കില്‍ അനുരഞ്ജനത്തിന്‍റെ ഈ യാത്ര. ജീവന്‍റെ വിവിധ രൂപങ്ങളായ പ്രകൃതിയിലെ വിഭവങ്ങളും ഭൂമിതന്നെയും നമ്മളെ ഭരമേല്പിച്ചിരിക്കുന്നത് കളമൊരുക്കി കൃഷിചെയ്യുവാനും, അതിനെ ക്രിയാത്മകമായി സൂക്ഷിച്ച് ഭാവി തലമുറയ്ക്ക് കൈമാറുവാനുമാണ് (ഉല്പത്തി 2, 15).
ഓരോരുത്തരുടെയും സജീവമായ പങ്കാളിത്തത്തിലൂടെയും ഉത്തരവാദിത്വത്തിലൂടെയുമാണ് ഇത് സാദ്ധ്യമാകുന്നത്. നാം ഇന്നു കാണുന്നതും ചിന്തിക്കുന്നതുമായ പ്രകൃതിയോടുള്ള സമീപന രീതിക്ക് മാറ്റംവരുത്തേണ്ട ആവശ്യമുണ്ട്. സ്രഷ്ടാവിന്‍റെ വിജ്ഞാനവും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന സൃഷ്ടിയാകുന്ന വരദാനം സ്വീകരിക്കുവാനും, ഇതുമായി ബന്ധപ്പെട്ട് മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ തുറവുള്ളവരായി മാറുവാനും സഹവര്‍ത്തിത്വത്തിന്‍റെയും സഹോദര്യത്തിന്‍റെയും അന്തരീക്ഷം സമൂഹത്തില്‍ വിരിയിക്കുവാനുമാണ് പരിശ്രമിക്കേണ്ടത്.
4.3 പാരിസ്ഥിതിക പരിവര്‍ത്തനം മാനവരാശിയുടെ വികസനം
പൊതുഭവനമായ ഭൂമിയില്‍ വസിക്കുവാനുള്ള ഒരു നവമായ ശൈലിയും പ്രചോദനവും
ഈ കാഴ്ചപ്പാട് നമുക്കു തരുന്നു. വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ അംഗീകരിക്കുവാനും, നാം സ്വീകരിച്ച ജീവനെ ആദരിക്കുവാനും പരിലാളിക്കുവാനും പങ്കുവയ്ക്കുവാനും, ജീവനെ സമ്പന്നമാക്കുവാനും, അത് നിലനിര്‍ത്തുവാനും ആവശ്യമായ സാഹചര്യങ്ങളും സാമൂഹ്യമാതൃകകളും കണ്ടെത്തുവാന്‍ പാരിസ്ഥിതിക പരിവര്‍ത്തനത്തിന്‍റെ രീതിയും കാഴ്ചപ്പാടും നമ്മോട് ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ മുഴുവന്‍ മാനവരാശിയുടെയും പൊതുനന്മ ലക്ഷ്യമാക്കിയുള്ള വികസനമാണ് പാരിസ്ഥിതിക പരിവര്‍ത്തനം ലക്ഷ്യംവയ്ക്കുന്നത്.
4.4 സ്രഷ്ടാവായ ദൈവത്തെ അംഗീകരിക്കുന്ന രൂപാന്തരീകരണം
നാം ആഹ്വാനംചെയ്യുന്ന ഈ പരിസ്ഥിതി പരിവര്‍ത്തനം ജീവിതത്തിന്‍റെ നവമായ കാഴ്ചപ്പാടിലേയ്ക്ക് സകലരെയും നയിക്കും. വിനയത്തോടെയും ആനന്ദത്തോടെയും പങ്കുവച്ചു ജീവിക്കുവാനായി ഭൂമി മനുഷ്യനെ ഭരമേല്പിച്ച സ്രഷ്ടാവിന്‍റെ മഹാമനസ്കതയെയാണ് പാരിസ്ഥിതിക പരിവര്‍ത്തനംവഴി നാം പരിഗണിക്കുന്നതും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും. ഈ പരിവര്‍ത്തനത്തെയും നവമായ കാഴ്ചപ്പാടിനെയും പരിശ്രമത്തെയും സമഗ്രമായി മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ സഹോദരങ്ങളുമായും മറ്റു ജീവജാലങ്ങളുമായും ബന്ധപ്പെടുത്തിയും, ജീവന്‍റെ ഉറവിടവും ഉത്ഭവവുമായ സ്രഷ്ടാവായ ദൈവത്തെ സൃഷ്ടിയുടെ എല്ലാ സമ്പന്നമായ വൈവിധ്യങ്ങളിലും ഉള്‍ക്കൊള്ളുന്ന രൂപാന്തരീകരണമാണ് പാരിസ്ഥിതിക പരിവര്‍ത്തനം. “ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിത പരിസരങ്ങളുമായുള്ള ബന്ധത്തില്‍ ക്രിസ്തുവുമായുള്ള സമ്പര്‍ക്കത്തിന്‍റെ ഫലങ്ങള്‍ പ്രകടമാക്കേണ്ട ഒരു കാഴ്ചപ്പാടുകൂടിയാണ്” – ഈ പാരിസ്ഥിതിക പരിവര്‍ത്തനം.9
5.0 മൂന്നാം ഭാഗം - “പ്രത്യാശിക്കുന്നതെല്ലാം നാം സ്വന്തമാക്കുന്നു” 10
പരിപാടിയുടെ മൂന്നാം ഭാഗത്ത് പ്രത്യാശ പുലര്‍ത്താതെ ഒരിക്കലും സമാധാനം നേടിയെടുക്കാനാവില്ലെന്ന പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്യുന്നു.
5.1 സമാധാന സാദ്ധ്യതയില്‍ വിശ്വസിക്കാം!
ആദ്യമായി സമാധാനത്തിന്‍റെ സാദ്ധ്യതയില്‍ വിശ്വസിക്കുക! അതായത് നമുക്ക് ആവശ്യമുള്ളതുപോലെതന്നെ സമാധാനം മറ്റുള്ളവരുടെയും ആവശ്യമാണെന്ന വിശ്വാസം
പരമ പ്രധാനമാണ്. ഇവിടെ ദൈവത്തിന് നമ്മോട് ഓരോരുത്തരോടുമുള്ള സ്നേഹത്തില്‍ നാം പ്രചോദനം ഉള്‍ക്കൊള്ളണം. കാരണം ദൈവസ്നേഹം മുക്തിദായകവും, ഉദാരവും, ദയാപൂര്‍ണ്ണുവും, സീമാതീതവുമാണ്.
5.2 ഒരു പിതാവിന്‍റെ മക്കളെപ്പോലെ...
ഈ ഭൂമിയില്‍ തുടര്‍ച്ചയായ സംഘര്‍ഷത്തിന്‍റെ ഉറവിടം ഭീതിയാണ്. മനുഷ്യര്‍ തമ്മിലുള്ള ഭീതിയാണിത്. അതിനാല്‍ മാനുഷികമായ ഭീതി മറികടക്കേണ്ടതും, “മുടിയനായ പുത്രനോട് എന്നപോലെ” നമ്മെ സ്നേഹിക്കുകയും നമുക്കായി കാത്തിരിക്കുകയും ചെയ്യുന്ന പിതാവിന്‍റെ കണ്‍മുന്‍പിലെ ശരണാര്‍ത്ഥരായ മക്കളാണ് നാം എന്ന ബോധ്യത്തോടെ വിനയാന്വിതരായി നാം ഈ ഭൂമിയില്‍ ജീവിക്കേണ്ടതാണ് (ലൂക്കാ 15, 11-24).
“കലാപ സംസ്കാര”ത്തെ തച്ചുടയ്ക്കാന്‍ കെല്പുള്ളതാണ് “സഹോദര്യത്തിന്‍റെ സംസ്ക്കാരം”. മനുഷ്യര്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ സാധിതമാക്കുന്ന ദൈവത്തിന്‍റെ സ്നേഹ സമ്മാനമാണ് സാഹോദര്യത്തിന്‍റെ സംസ്കാരം. ഇത് നമ്മുടെ പരിമിതമായ കാഴ്ചപ്പാടിന്‍റെ ചക്രവാളങ്ങളെ മറികടന്ന് വിശ്വസാഹോദര്യത്തിന്‍റെ വിസ്തൃതമായ അരൂപിയില്‍ ഒരു പിതാവിന്‍റെ മക്കളെപ്പോലെ എന്നും ജീവിക്കാന്‍ നമ്മെ സഹായിക്കും.
5.3 അനുരഞ്ജനത്തിന്‍റെ കൗദാശിക ശക്തി
ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ളവര്‍ക്കും ക്രിസ്തുവിനെ അനുകരിക്കുന്നവര്‍ക്കും പാപമോചനത്തിനായി ദൈവം നല്കിയ അനുരഞ്ജനത്തിന്‍റെ കൂദാശയ്ക്കു സമാനമാണ് ഈ സമാധാനയാത്ര. കുരിശില്‍ ചിന്തിയ തന്‍റെ രക്തത്തിലൂടെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിനെയും ക്രിസ്തു അനുരഞ്ജനപ്പെടുത്തിയ പോലെ, സഭയുടെ ഈ കൂദാശ സമൂഹങ്ങളെയും വ്യക്തികളെയും നവീകരിക്കുകയും ക്രിസ്തുവില്‍ ദൃഷ്ടിപതിച്ചു മുന്നേറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു (കൊളോസിയര്‍ 1, 20). അതുപോലെ ദൈവത്തിന്‍റെ സൃഷ്ടിക്കും അയല്‍ക്കാര്‍ക്കും എതിരായ ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമുള്ള എല്ലാ ഹിംസകളെയും ഉപേക്ഷിക്കാനാണ് അനുരഞ്ജനം നമ്മോട് ആവശ്യപ്പെടുന്നത്.
5.4 സമാധാനത്തിനുള്ള അനുഗ്രഹാശംസകള്‍
നിരുപാധികമായ സ്നേഹമായിട്ടാണ് പിതാവായ ദൈവത്തിന്‍റെ കൃപ നമ്മില്‍ ചൊരിയപ്പെടുന്നത്. അതിനാല്‍ ക്രിസ്തുവിലൂടെ പിതാവില്‍നിന്നും പാപമോചനം സ്വീകരിച്ചിട്ടുള്ള നാം സമകാലീന സമൂഹവുമായി സമാധാനം പങ്കുവയ്ക്കേണ്ടത് അനിവാര്യമാണ്. ഓരോ ദിവസവും മനസ്സാ വാചാ കര്‍മ്മണാ സമാധാനത്തിന്‍റെയും നീതിയുടെയും ശില്പികളായി നമ്മെ മാറ്റിത്തീര്‍ക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ! സമാധാന ദാതാവായ ദൈവം നമ്മെ സഹായിക്കുകയും, തുണയ്ക്കുകയും ചെയ്യട്ടെ!
സമാധാന രാജാവായ ക്രിസ്തുവിന്‍റെ അമ്മയും, നമ്മുടെ അമ്മയുമായ പരിശുദ്ധ കന്യകാമറിയം ഭൂമിയിലെ സകല ജനതകളുടെയും അനുരഞ്ജനത്തിന്‍റെ യാത്രയിലെ ഓരോ ചുവടുവയ്പിലും സന്തത സഹചാരിയും പിന്തുണയുമാവട്ടെ! ഭൂമുഖത്തുള്ള സകലരും സമാധാനത്തോടെ ജീവിക്കാന്‍ ഇടയാവട്ടെ! അവരുടെ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും വാഗ്ദാനം പൂവണിയട്ടെ!
ഗാനം ആലപിച്ചത് കെ. ജി. മര്‍ക്കോസും നെയ്ദീനുമാണ്, ഗാനരചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്, സംഗീതം എല്‍ഡ്രിഡ്ജ് ഐസക്സ്.