തിരയുക

Vatican News
2019.06.14 Dicastero per il Servizio dello Sviluppo Umano Integrale con i vertici delle Compagnie Petrolifere mondiali 2019.06.14 Dicastero per il Servizio dello Sviluppo Umano Integrale con i vertici delle Compagnie Petrolifere mondiali  (Vatican Media)

ലോകത്തെ അസമത്വത്തിനെതിരെ കര്‍മ്മനിരതരാകാം!

സാമ്പത്തിക ശാസ്ത്രജ്ഞരും വിദഗ്ദ്ധരുമായി നടന്ന വത്തിക്കാനിലെ സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തിലെ ചിന്തകള്‍ :

1. ഐക്യദാര്‍ഢ്യത്തിന്‍റെ പുതിയ രൂപങ്ങള്‍
“ഐക്യദാര്‍ഢ്യത്തിന്‍റെ പുതിയ രൂപങ്ങള്‍” (New Forms of Solidarity) എന്ന പേരില്‍ ആഗോള ദാരിദ്ര്യാവസ്ഥയെക്കുറിച്ചു പഠിക്കാന്‍ ഫെബ്രുവരി 5- Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ സംഗമിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെയും വിദഗ്ദ്ധരടെയും ഏകദിന സമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. പാപ്പായുടെ ക്ഷണപ്രകാരമാണ് ആഗോള സാമ്പത്തിക ശാസ്ത്രജ്ഞര്‍ വത്തിക്കാനില്‍ സംഗമിച്ചത്. വത്തിക്കാന്‍റെ സാമൂഹ്യശാസ്ത്ര അക്കാഡമിയാണ് സംഗമത്തിന്‍റെ സംഘാടകര്‍.

വിശ്വസാഹോദര്യത്തിന്‍റെ പാതയില്‍ നവമായൊരു ഐക്യദാര്‍ഢ്യത്തിനായി പരിശ്രമിക്കാനുള്ള ലക്ഷ്യത്തോടെയാണ് ലോകത്തെ സാമ്പത്തിക നേതാക്കളും, സാമ്പത്തിക ശാസ്ത്രജ്ഞരും, അവരുടെ സഹപ്രവര്‍ത്തകരും വത്തിക്കാനില്‍ ഒത്തുകൂടിയത്. സാമ്പത്തിക മേഖലയില്‍ ഇന്ന് ലോകത്ത് എവിടെയും നടമാടുന്ന അനീതിയെക്കുറിച്ച് നേരിട്ടും ആദ്യവും അറിയുന്നവരാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ക്ഷണപ്രകാരം വത്തിക്കാനില്‍ ഒത്തുചേര്‍ന്നത്.

2. സമ്പന്നരായ കുറിച്ചുപേരും അധികം പാവങ്ങളും
ലോകം ഇന്ന് സമ്പന്നമാണെങ്കിലും പാവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം ആളൊന്നിനുള്ള വരുമാനം 7 ലക്ഷത്തില്‍ അധികമാണ്. അങ്ങനെ ലോകത്തുള്ള സമ്പത്ത് ഒരു ചെറിയ ശതമാനത്തിന്‍റെ കൈകളില്‍ ഒതുങ്ങി ഇരിക്കുകയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഭക്ഷണം, പാര്‍പ്പിടം, മരുന്ന്, വിദ്യാഭ്യാസം, വൈദ്യുതി, കുടിവെള്ളം, അടിസ്ഥാനശുചീകരണ സൗകര്യങ്ങള്‍ എന്നിവയില്ലാതെ വിഷമിക്കുന്നവര്‍ ആയിരങ്ങളാണ്. ദാരിദ്ര്യത്തില്‍നിന്നും നാമ്പെടുക്കുന്നതാണ് ലോകത്തിന്ന് നാം കാണുന്ന നിരവധിയായ സാമൂഹിക തിന്മകളെന്നു പാപ്പാ ചൂണ്ടിക്കാട്ടി.

3. ദാരിദ്യം അകറ്റാന്‍ സമ്പന്നര്‍ക്കു സാധിക്കും
യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെ നിരാശയില്‍ ആഴ്ത്തുകയല്ല, മറിച്ച് കര്‍മ്മനിരതരാകാന്‍ പ്രചോദനം നല്കുകയാണുവേണ്ടത്. അസമത്വവും അനീതിയും ലോകത്ത് പ്രകടമായി കാണാം. നിര്‍ദ്ദോഷികളായവരുടെ അകാരണമായ യാതനകള്‍ നമ്മെ കൂടുതല്‍ കര്‍മ്മനിരതരാക്കുകയാണു വേണ്ടതെന്ന് പാപ്പാ പ്രസ്താവിച്ചു. സമ്പന്നമായ ഇന്നിന്‍റെ ലോകത്തിന് അതിന്‍റെ ദാരിദ്ര്യം അകറ്റാന്‍ കെല്പുണ്ട്. ലോകത്തെ ദാരിദ്യത്തിന് എല്ലാവരും ഉത്തരവാദികളാകയാല്‍, ദാരിദ്ര്യം അവസാനിപ്പിക്കാന്‍ സമ്പന്ന ലോകം അതിന്‍റെ കമ്പനമുള്ള സാമ്പത്തിക കരുത്ത് ഉപയോഗിക്കുകയാണു വേണ്ടതെന്ന് പാപ്പാ ഫ്രാന്‍സിസ് സാമ്പത്തിക വിദഗ്ദ്ധരോട് അഭിപ്രായപ്പെട്ടു.

4. തലപ്പത്തുള്ളവരുടെ തട്ടിപ്പ്
ഭരണപക്ഷത്തോടു കൈകോര്‍ത്ത് ഓരോ രാജ്യത്തെയും വന്‍ കമ്പനികള്‍ നിക്ഷേപത്തിന്‍റെയും വികസനത്തിന്‍റെയും പേരില്‍ നികുതി ഒഴുവുനേടുകയും, നികുതി വെട്ടിപ്പുകള്‍ നടത്തുകയും, പൊതുക്ഷേമ സ്ഥാപനങ്ങള്‍ സ്വകാര്യമായി സ്വന്തമാക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഇത് ലോകത്ത് ഇന്നു നിലവിലുള്ള അധാര്‍മ്മിക ഘടകങ്ങളില്‍ ഒന്നാണ്. എന്നാല്‍ അന്യായമായും താങ്ങാനാവാത്ത വിധത്തിലും നികുതി അടയ്ക്കേണ്ടിവരുന്നത് സമൂഹത്തിലെ സാധാരണക്കാരും ഇടത്തരക്കാരും പാവങ്ങളുമാണ്.

5. സമ്പത്ത് വാരിക്കൂട്ടുന്നവര്‍
മനുഷ്യന്‍ സാമൂഹിക ജീവിയാണെങ്കിലും വ്യക്തികളാണ് സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യുന്നതും, സമ്പത്ത് അമിതമായി സ്വരൂപിക്കുക എന്നതും  സാമാന്യ സാമ്പത്തിക യുക്തിയാണ്. അതിനാല്‍ ഉപജീവനത്തിനും നിലനില്പിനുമായി ക്ലേശിക്കുന്ന വന്‍സമൂഹത്തിന്‍റെ അവസ്ഥ കണക്കിലെടുത്ത് അവരുടെ കടബാദ്ധ്യതകള്‍ കുറയ്ക്കുവാനും, നീട്ടിക്കൊടുക്കുവാനും, ഇളവുചെയ്യുവാനും സര്‍ക്കാരുകള്‍ക്ക് ഒരു ധാര്‍മ്മിക ഉത്തരവാദിത്ത്വമുണ്ടെന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പ്രബോധനത്തെ (Centessimus Annus 35) പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു.

6. ആയുധവിപണത്തിലെ  അധാര്‍മ്മികത
ആയുധനിര്‍മ്മാണവും വില്പനയുമാണ് ഇന്നു ലോകത്തെ അധാര്‍മ്മിക ഘടനയുടെ ഭീമമായ മറ്റൊരുവശമെന്ന് പാപ്പാ സംഗമത്തെ ചൂണ്ടിക്കാണിച്ചു. അക്രമങ്ങള്‍ക്കും ആയുധനിര്‍മ്മാണത്തിനും ലോകരാഷ്ട്രങ്ങള്‍ ചെലവാക്കുന്നത് ഭീമമായ തുകകളാണ്. ക്രിസ്തുവിനു മുന്‍പു മാനവകുലത്തോട് ഏശയ പ്രവചിച്ചത്, “നിങ്ങളുടെ വാളും പരിചയും കുന്തവും തല്ലിച്ചതച്ച് മനുഷ്യന് ഉപകാരപ്രദമായ കലപ്പകള്‍ നിര്‍മ്മിക്കുവിന്‍!” (ഏശയ 2, 4). ഈ പ്രവാചക ശബ്ദത്തിന് കാതോര്‍ക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

7. സാമൂഹിക സംരക്ഷണവും ന്യായമായ അവകാശങ്ങളും
യുഎന്‍ പ്രഖ്യാപിച്ചിട്ടുള്ള മനുഷ്യാവകാശ നയത്തിന്‍റെ 75-Ɔο വാര്‍ഷികമാണിത്. സാമൂഹ്യ സംരക്ഷണം, അടിസ്ഥാന വരുമാനം, ചികിത്സാസൗകര്യങ്ങള്‍, സാര്‍വ്വജനീനമായ വിദ്യാഭ്യാസം എന്നിവ അടിസ്ഥാന മനുഷ്യാവകാശത്തിന്‍റെ ഭാഗമാണ്. മേല്പറഞ്ഞ സാമ്പത്തിക അവകാശങ്ങളും സുരക്ഷമായൊരു പരിസ്ഥിതിയും മനുഷന്‍റെ അടിസ്ഥാന ഐക്യദാര്‍ഢ്യത്തിനുള്ള മാനദണ്ഡമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

8. സാമ്പത്തിക വെട്ടിപ്പുകള്‍ക്കെതിരെ കൈകോര്‍ക്കാം!
സാമ്പത്തിക നേതാക്കള്‍ക്കും വിദഗ്ദ്ധര്‍ക്കും അവരുടെ സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ഇന്നു ലോകത്തു നാം കാണുന്ന അനീതിക്കും അസമത്വത്തിനും എതിരെ നമുക്കും കൈകോര്‍ക്കാം. വെട്ടിപ്പുകളും, അഴിമതിയും അനീതിയുമില്ലാത്തതും, ജനക്ഷേമം ലക്ഷ്യംവയ്ക്കുന്നതുമായ സാമ്പത്തിക നയങ്ങള്‍ക്കായി സര്‍ക്കാരുകള്‍ സ്വാര്‍ത്ഥത വെടിഞ്ഞ് ഐക്യദാര്‍ഢ്യത്തിന്‍റെ നവമായ രൂപങ്ങള്‍ക്ക് വഴിതുറക്കേണ്ടതാണ്. സമ്പന്നര്‍ അവരുടേതായതൊന്നും പാവങ്ങള്‍ക്കു കൊടുക്കേണ്ട, മറിച്ച് അവരുടെ അവകാശവും ന്യായവുമായ വിഹിതം അവര്‍ക്കു നല്കേണ്ടതാണ്. അത് നീതിയാണ്!

ആത്മനാദാരിദ്യമുള്ളവര്‍ അനുഗൃഹീതരും സന്തുഷ്ടരുമാണെന്ന ക്രിസ്തുവിന്‍റെ അഷ്ടഭാഗ്യചിന്തകള്‍ അനുസ്മരിപ്പിച്ചുകൊണ്ടും ദൈവരാജ്യത്തിന്‍റെ നീതിയെക്കുറിച്ച് പ്രബോധിപ്പിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത് (മത്തായി 5, 3).

 

07 February 2020, 09:57